മത്സരം കഴിഞ്ഞു മടങ്ങവെ കാറപകടം; കാമറൂൺ ഗോൾകീപ്പർ ഒനാനക്ക് പരിക്ക്
മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് തുർക്കിഷ് ക്ലബ് ട്രാബ്സോൺസ്പോറിനായി ലോണിലാണ് താരം കളിക്കുന്നത്.
ഇസ്താംബൂൾ: തുർക്കിയിലുണ്ടായ വാഹനാപകടത്തിൽ കാമറൂൺ-മാഞ്ചസ്റ്റർ യുനൈറ്റഡ് ഗോൾ കീപ്പർ ആന്ദ്രെ ഒനാനക്ക് ഗുരുതര പരിക്ക്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. മൾട്ടി-കാർ കൂട്ടിയിടലിനെ തുടർന്ന് പരിക്കേറ്റ ഒനാനയെ വൈദ്യപരിശോധനയ്ക്കായി പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് തുർക്കിഷ് സൂപ്പർ ലീഗിൽ ട്രാബ്‌സോൺസ്‌പോറിനായി ലോൺ അടിസ്ഥാനത്തിലാണ് 30 കാരൻ കളിക്കുന്നത്.
കോൺഫറൻസ് ലീഗിൽ സ്‌കോട്ടിഷ് ക്ലബ് ഹാർട്‌സിനെതിരെയുള്ള മത്സരശേഷം മടങ്ങുന്നതിനിടയിലാണ് കമറൂൺ താരം അപകടത്തിൽപ്പെട്ടത്. തീരപ്രദേശമായ ട്രാബ്സോണിന് സമീപമുള്ള യോംറ റോഡിലാണ് അപകടം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർന്ന് അടിയന്തര സേനാ വിഭാഗങ്ങൾ സംഭവസ്ഥലത്തെത്തി.
ഡെയ്ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, മൂന്ന് വാഹനങ്ങൾ ഉൾപ്പെട്ട വലിയൊരു അപകടമാണ് സംഭവിച്ചത്. ഒനാന സഞ്ചരിച്ച കാറിന്റെ പിന്നിലേക്ക് മറ്റൊരു വാഹനം അതിവേഗത്തിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒനാനയുടെ കാർ മുന്നിലുണ്ടായിരുന്ന വാഹനത്തിലേക്ക് ഇടിച്ചുകയറി. റോഡിൽ വലിയ രീതിയിൽ വാഹനാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു.
അപകടസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒനാനയുടെ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. പിന്നിലിടിച്ച വാഹനത്തിന്റെ മുൻഭാഗവും പൂർണ്ണമായി തകർന്നിട്ടുണ്ട്. അതേസമയം, താരത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ട്രാബ്സോൺസ്‌പോർട്‌സ് പ്രസിഡന്റ് എർതുഗ്രുൽ ഡോഗൻ പറഞ്ഞു.