ബിസിസിഐ വാർഷിക കരാർ; അയ്യർ മടങ്ങിയെത്തും,രോഹിതും കോഹ്‌ലിയും എ പ്ലസ് കാറ്റഗറിയിൽ തുടരും-റിപ്പോർട്ട്

ഏഴ് കോടിയാണ് എപ്ലസ് കാറ്റഗറിയിലുള്ള താരങ്ങൾക്ക് ലഭിക്കുക

Update: 2025-04-01 11:46 GMT
Editor : Sharafudheen TK | By : Sports Desk
Advertising

മുംബൈ: ബിസിസിഐയുടെ പുതിയ വാർഷിക കരാറിലേക്ക് ശ്രേയസ് അയ്യർ മടങ്ങിയെത്തുമെന്ന് റിപ്പോർട്ട്. ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും വിരാട് കോഹ്‌ലിയും ഏകദിന-ടെസ്റ്റ് നായകൻ രോഹിത് ശർമയും എപ്ലസ് കാറ്റഗറിയിൽ തുടരുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാർഷിക കരാർ സംബന്ധിച്ച് ബിസിസിഐ ധാരണയിലെത്തിയതായും റിപ്പോർട്ടുണ്ട്. 

 കഴിഞ്ഞ വാർഷിക കരാറിൽ നിന്ന് ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ ഉൾപ്പെടെയുള്ള താരങ്ങളെ ഒഴിവാക്കിയത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ വിമുഖത കാണിച്ചതാണ് ഇത്തരമൊരു നടപടിക്ക് കാരണമായത്. എന്നാൽ സമീപകാലത്തായി ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി മിന്നും പ്രകടനമാണ് ശ്രേയസ് അയ്യർ നടത്തിവരുന്നത്. ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി കിരീടനേട്ടത്തിലും സുപ്രധാന പങ്കുവഹിച്ചു. ടൂർണമെന്റിൽ അഞ്ച് മത്സരങ്ങളിൽ നിന്നായി 243 റൺസാണ് 30 കാരൻ നേടിയത്. ആഭ്യന്തര ക്രിക്കറ്റിലും  മികച്ച പ്രകടനം പുറത്തെടുത്തു. മുംബൈക്കായി കളത്തിലിറങ്ങിയ മധ്യനിര ബാറ്റർ 68.57 ശരാശരിയിൽ 480 റൺസാണ് കഴിഞ്ഞ സീസണിൽ അടിച്ചെടുത്തത്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20യിൽ നാലാമത്തെ ഏറ്റവും ഉയർന്ന റൺസ് സ്‌കോററുമായി.

ഏഴ് കോടി രൂപ വാർഷിക പ്രതിഫലമുള്ള എ പ്ലസ് കാറ്റഗറിയിൽ കോഹ്‌ലിയയേയും രോഹിതിനേയും നിലനിർത്താനും ധാരണയായി.  ടി20 വൈസ് ക്യാപ്റ്റൻ അക്‌സർ പട്ടേലിന് കരാറിൽ പ്രമോഷൻ ലഭിക്കുമ്പോൾ ഇതുവരെ കരാർ ലഭിക്കാത്ത വരുൺ ചക്രവർത്തിയേയും നിതീഷ് കുമാർ റെഡ്ഡിയേയും അഭിഷേക് ശർമയേയും പുതുതായി കരാറിലെടുക്കുമെന്നും റിപ്പോർട്ടുണ്ട്. അതേസമയം, ഇഷാൻ കിഷനെ ഇത്തവണയും പരിഗണിക്കാനിടയില്ല. 

 2024ലെ വാർഷിക കരാർ പ്രകാരം രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവരാണ് എപ്ലസ് ഗ്രേഡിലുള്ളത്. വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ എ പ്ലസ് ഗ്രേഡിലേക്ക് ഉയർത്തിയേക്കുമെന്നും യശസ്വി ജയ്‌സ്വാളിനെയും അക്‌സർ പട്ടേലിനെയും ബി കാറ്റഗറിയിൽ നിന്ന് എ കാറ്റഗറിയിലേക്ക് ഉയർത്തുമെന്നും സൂചനയുണ്ട്. മലയാളി താരം സഞ്ജു സാംസൺ നിലവിൽ സി കാറ്റഗറിയിലാണ്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News