പ്രഭ്‌സിമ്രാനും ശ്രേയസ് അയ്യർക്കും അർധ സെഞ്ച്വറി; ലഖ്‌നൗവിനെതിരെ പഞ്ചാബിന് 8 വിക്കറ്റ് ജയം
തുടർച്ചയായ രണ്ടാം ജയത്തോടെ പഞ്ചാബ് കിങ്‌സ് പോയന്റ് ടേബിളിൽ രണ്ടാംസ്ഥാനത്ത് തുടരുന്നു
ലഖ്‌നൗ: ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി പഞ്ചാബ് കിങ്‌സ്. ഇന്ന് നടന്ന മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ എട്ട് വിക്കറ്റിന് തോൽപിച്ചു. എൽഎസ്ജി ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 16.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ അനായാസം മറികടന്നു. ക്യാപ്റ്റൻ ശ്രേയസ് അയ്യർ(30 പന്തിൽ 52), നേഹൽ വധേര(25 പന്തിൽ 43) പുറത്താകാതെ നിന്നു. പ്രഭ്സിമ്രാൻ സിങ് (34 പന്തിൽ 69) ടോപ് സ്‌കോററായി. ലഖ്‌നൗ നിരയിൽ ദിഗ്‌വേഷ് റാത്തി രണ്ടുവിക്കറ്റുമായി തിളങ്ങി. ലക്‌നൗവിന് വേണ്ടി ആയുഷ് ബധോനി (33 പന്തിൽ 41), നിക്കോളാസ് പുരാൻ (30 പന്തിൽ 44) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളിൽ അബ്ദുൾ സമദിന്റെ (12 പന്തിൽ 27) വെടിക്കെട്ട് ബാറ്റിങും നിർണായകമായി. പഞ്ചാബിനായി അർഷ്ദീപ് സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ലഖ്‌നൗ തട്ടകമായ എകാന സ്റ്റേഡിയത്തിൽ 172 റൺസ് തേടിയിറങ്ങിയ പഞ്ചാബിന്റെ തുടക്കം മികച്ചതായില്ല. മൂന്നാം ഓവറിൽ ഓപ്പണർ പ്രിയൻഷ് ആര്യയെ(8)നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ശ്രേയസ്-പ്രഭ്‌സിമ്രാൻ കൂട്ടുകെട്ട് ടീമിന്റെ പ്രതീക്ഷക്കൊത്തുയർന്നു. 34 പന്തിൽ ഒൻപത് ഫോറും മൂന്ന് സിക്‌സറും സഹിതം 69 റൺസെടുത്ത് പഞ്ചാബ് ഓപ്പണർ മടങ്ങുമ്പോൾ ടീം ലക്ഷ്യത്തോടടുത്തിരുന്നു. പതിയെ ഇന്നിങ്‌സ് ആരംഭിച്ച ക്യാപ്റ്റൻ ശ്രേയസ് പിന്നീട് കത്തികയറിയോടെ 22 പന്തുകൾ ബാക്കിനിൽക്കെ സന്ദർശകർ ലക്ഷ്യംമറിടകന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് പഞ്ചാബ് ക്യാപ്റ്റൻ അർധ സെഞ്ച്വറി നേടുന്നത്.
നേരത്തെ പഞ്ചാബിനെതിരെ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 171 റൺസെടുത്തത്. 30 പന്തിൽ 44 റൺസെടുത്ത നിക്കോളാസ് പുരാൻ ടോപ് സ്‌കോററായി. ലഖ്‌നൗവിന്റെ തുടക്കം മോശമായിരുന്നു. മികച്ച ഫോമിലുള്ള മിച്ചെൽ മാർഷിനെ(0) ആദ്യ ഓവറിൽതന്നെ മടക്കി അർഷ്ദീപ് പഞ്ചാബിന് മികച്ച തുടക്കം നൽകി. പിന്നാലെ ലോക്കി ഫെർഗൂസന്റെ ഓവറിൽ എയ്ഡൻ മാർക്രം (28) ക്ലീൻബൗൾഡായി. തൊട്ടടുത്ത ഓവറിൽ ഋഷഭ് പന്തിനെ(2)കൂടി നഷ്ടമായതോടെ പവർപ്ലെയിൽ ലഖ്‌നൗ പതറി. 39 റൺസ് മാത്രമാണ് ആദ്യ 6 ഓവറുകളിൽ സ്‌കോർബോർഡിൽ ചേർക്കാനായത്. എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന ആയുഷ് ബധോനി-നിക്കോളാസ് പുരാൻ സഖ്യം സ്‌കോറിംഗ് ഉയർത്തി. 12ാം ഓവറിൽ യുസ്വേന്ദ്ര ചഹലിനെ കൂറ്റനടിക്ക് ശ്രമിച്ച വിൻഡീസ് താരം(44) മടങ്ങി. ഡേവിഡ് മില്ലറും(18 പന്തിൽ 19) കാര്യമായ സംഭവാന നൽകാതെ കൂടാരം കയറിയതോടെ ആതിഥേയർ മധ്യഓവറുകളിൽ തിരിച്ചടിനേരിട്ടു. എന്നാൽ അവസാന നാല് ഓവറുകളിൽ സമദിന്റെ വെടിക്കെട്ട് ബാറ്റിങ് ടീമിനെ 171ലെത്തിച്ചു.