അവസാന ഓവർ ത്രില്ലർ ജയിച്ച് രാജസ്ഥാൻ; ചെന്നൈയെ തോൽപിച്ചത് 6 റൺസിന്

രാജസ്ഥാനായി 81 റൺസെടുത്ത നിതീഷ് റാണയാണ് പ്ലെയർഓഫ്ദി മാച്ച്

Update: 2025-03-30 18:32 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ഗുവാഹത്തി: അവസാന ഓവർ ത്രില്ലർ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ ആറു റൺസിന് തോൽപിച്ച് രാജസ്ഥാൻ റോയൽസ് സീസണിലെ ആദ്യ ജയം സ്വന്തമാക്കി. രാജസ്ഥാൻ ഉയർത്തിയ 183 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ സിഎസ്‌കെയുടെ പോരാട്ടം 20 ഓവറിൽ 176ൽ അവസാനിച്ചു. സന്ദീപ് ശർമയെറിഞ്ഞ 20ാം ഓവറിൽ ചെന്നൈക്ക് വിജയത്തിലേക്ക് ആവശ്യമായിരുന്നത് 20 റൺസായിരുന്നു. എന്നാൽ ആദ്യ പന്തിൽ എംഎസ് ധോണി(11 പന്തിൽ 16) പുറത്തായതോടെ പ്രതീക്ഷകൾക്ക് തിരിച്ചടിയേറ്റു. എന്നാൽ നാലം പന്തിൽ സിക്‌സർ പായിച്ച് ജാമി ഓവർട്ടൻ പ്രതീക്ഷ നൽകിയെങ്കിലും അവസാന രണ്ട് പന്തുകൾ മികച്ചരീതിയിൽ എറിഞ്ഞ് വെറ്ററൻ പേസർ രാജസ്ഥാന് ജയമൊരുക്കി. 13 റൺസാണ് ഈ ഓവറിൽ സിഎസ്‌കെക്ക് നേടാനായത്. രാജസ്ഥാനായി ശ്രീലങ്കൻ സ്പിന്നർ വനിന്ദു ഹസരങ്ക നാല് വിക്കറ്റുമായി മികച്ച പ്രകടനം പുറത്തെടുത്തു. ജോഫ്രാ ആർച്ചറും സന്ദീപ് ശർമയും ഓരോ വിക്കറ്റ് വീഴ്ത്തി. ചെന്നൈ നിരയിൽ ക്യാപ്റ്റൻ ഋതുരാജ് ഗെയിക്‌വാദ്( 44 പന്തിൽ 63) അർധസെഞ്ച്വറിയുമായി പൊരുതി.

183 റൺസ് ലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ സന്ദർശകരുടെ തുടക്കം മികച്ചതായില്ല. സ്‌കോർബോർഡിൽ റൺസ് ചേരുംമുൻപെ മികച്ച ഫോമിലുള്ള രചിൻ രവീന്ദ്രയെ(0) ജോഫ്രാ ആർച്ചർ പൂജ്യത്തിന് മടക്കി. രാഹുൽ ത്രിപാഠി(23), ശിവം ദുബെ(18), വിജയ് ശങ്കർ(9) എന്നിവരും വേഗത്തിൽ മടങ്ങിയതോടെ മഞ്ഞപ്പട വലിയ തിരിച്ചടി നേരിട്ടു. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ഗെയിക്‌വാദ്-രവീന്ദ്ര ജഡേജ കൂട്ടുകെട്ട് പ്രതീക്ഷയിലേക്ക് ബാറ്റുവീശി. എന്നാൽ 16ാം ഓവറിൽ ഹസരങ്കയെ വലിയ ഷോട്ടിന് ശ്രമിച്ച് ഗെയിക് വാദ് യശസ്വി ജയ്‌സ്വാളിന് ക്യാച്ച് നൽകി മടങ്ങിയതോടെ ചെന്നൈ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. ഡെത്ത് ഓവറുകളിൽ പ്രതീക്ഷിച്ചപോലെ റൺസ് വരാതായതോടെ ചെന്നൈ സീസണിലെ രണ്ടാം തോൽവി രുചിച്ചു. കഴിഞ്ഞ രണ്ട് മാച്ചിൽ നിരാശപ്പെടുത്തിയ രാജസ്ഥാൻ പേസർ ജോഫ്രാ ആർച്ചർ ചെന്നൈക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തു. മൂന്ന് ഓവർ എറിഞ്ഞ ആർച്ചർ മെയ്ഡിൻ സഹിതം 13 റൺസ് വിട്ടുകൊടുത്ത് ഒരുവിക്കറ്റെടുത്തു.

  നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് 182 റൺസ് പടുത്തുയർത്തിയത്. നിതീഷ് റാണ നേടിയ അർധസെഞ്ചുറിയുടെ കരുത്തിലാണ് ആതിഥേയർ മികച്ച റൺസിലേക്കെത്തിയത്. റാണ 36 പന്തിൽ 81 റൺസ് അടിച്ചെടുത്തു. ക്യാപ്റ്റൻ റിയാൻ പരാഗ് 28 പന്തുകളിൽ 37 നേടി മികച്ച പിന്തുണ നൽകി. മലയാളി താരം സഞ്ജു സാംസൺ 16 പന്തിൽ 20 റൺസെടുത്തു. ധ്രുവ് ജൂരെൽ (7 പന്തിൽ 3), വനിന്ദു ഹസരങ്ക (5 പന്തിൽ 4), ഷിമ്രോൻ ഹെറ്റ്മെയർ (16 പന്തിൽ 19) എന്നിങ്ങനെയായിരുന്നു മറ്റ് പ്രധാന സ്‌കോറുകൾ.സൂപ്പർ കിങ്‌സിനായി പേസർമാരായ ഖലീൽ അഹമ്മദും മതീഷ പതിരാനയും സ്പിന്നർ നൂർ അഹമ്മദും രണ്ട് വീതം വീഴ്ത്തി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News