ക്ലാസ് ഇന്നിങ്‌സുമായി ബട്‌ലർ; ബെംഗളൂരുവിനെതിരെ ഗുജറാത്തിന് എട്ട് വിക്കറ്റ് ജയം

മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുൻ ബെംഗളൂരു താരമായ മുഹമ്മദ് സിറാജാണ് കളിയിലെ താരം

Update: 2025-04-02 15:56 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ബെംഗളൂരു: ഐപിഎൽ പുതിയ സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയകുതിപ്പിന് തടയിട്ട് ഗുജറാത്ത് ടൈറ്റൻസ്. സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ എട്ട് വിക്കറ്റിനാണ് ആർസിബിയുടെ തോൽവി. ബെംഗളൂരു ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം 17.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ടൈറ്റൻസ് മറികടന്നു. അർധ സെഞ്ച്വറി നേടിയ (39 പന്തിൽ 73) ഇംഗ്ലീഷ് താരം ജോസ് ബട്‌ലറുടെ ബാറ്റിങ് കരുത്തിലാണ് സന്ദർശകർ അനായാസ ജയം സ്വന്തമാക്കിയത്. 49 റൺസെടുത്ത സായ് സുദർശൻ മികച്ച പിന്തുണ നൽകി. ആർസിബിക്കായി ഭുവനേശ്വർ കുമാറും ജോഷ് ഹേസൽവുഡും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മുൻ ബെംഗളൂരു താരമായിരുന്ന മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റുമായി ഗുജറാത്ത് നിരയിൽ തിളങ്ങി. സിറാജാണ് കളിയിലെ താരം

 170 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ടൈറ്റൻസിന്റെ തുടക്കം മികച്ചതായില്ല. സ്‌കോർബോർഡിൽ 32 റൺസ് ചേർക്കുന്നതിനിടെ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ(14) നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന സായ് കിഷോർ-ബട്‌ലർ സഖ്യം സന്ദർശകരെ വിജയതീരത്തേക്കടുപ്പിച്ചു. മോശം പന്തുകൾ മാത്രം അതിർത്തി കടത്തി കരുതലോടെയാണ് ഇരുവരും ബാറ്റുവീശിയത്. 49 റൺസിൽ സായ് കിശോർ വീണെങ്കിലും ബട്‌ലർ ഒരുവശത്ത് ഉറച്ചുനിന്നു. ഒടുവിൽ വിൻഡീസ് താരം റുഥർഫോർഡുമായി(30) ചേർന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു. ആറു സിക്‌സറും അഞ്ച് ഫോറും സഹിതം 73 റൺസെടുത്ത ഇംഗ്ലീഷ് താരം സീസണിലെ രണ്ടാം ഫിഫ്റ്റിയാണ് സ്വന്തമാക്കിയത്.

 നേരത്തെ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ആർസിബി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 169 റൺസെടുത്തത്. ലിയാം ലിവിങ്‌സ്റ്റണിന്റെ അർധസെഞ്ച്വറി (40 പന്തിൽ 54) പ്രകടനമാണ് ആതിഥേയരെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. അവസാന ഓവറുകളിൽ തകർത്തടിച്ച ടിം ഡേവിഡ് (18 പന്തിൽ 32) നിർണായക റൺസ് സ്‌കോർബോർഡിൽ ചേർത്തു. ജിതേഷ് ശർമയും (21 പന്തിൽ 33)മികച്ച പ്രകടനം നടത്തി. വിരാട് കോഹ്‌ലി ഏഴ് റൺസെടുത്ത് മടങ്ങി. ഈ സീസണിൽ ആർസിബി കൈവിട്ട ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് മൂന്ന് മുൻനിര വിക്കറ്റ് വീഴ്ത്തി ഗുജറാത്ത് നിരയിൽ തിളങ്ങി. പവർപ്ലെയിൽ ദേവ്ദത്ത് പടിക്കലിനേയും ഫിൽസാൾട്ടിനേയും മടക്കിയ ഇന്ത്യൻ പേസർ ഡെത്ത് ഓവറിൽ അപകടകാരിയായ ലിയാം ലിവിങ്സ്റ്റണേയും പറഞ്ഞയച്ചു. ഒരുവേള 104-6 എന്ന നിലയിലായിരുന്ന ആർസിബിയെ ടിം ഡേവിഡും ലിവിങ്സ്റ്റണും ചേർന്ന് 169ൽ എത്തിക്കുകയായിരുന്നു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News