ബിഗ് സ്ക്രീനിൽ നിന്നും മിനി സ്ക്രീനിലേക്ക്
അഭിനയ വിദ്യാർത്ഥികൾക്ക് ക്ലാസ് എടുക്കാൻ ഒരാൾ ആവശ്യമായിരുന്നു. അപ്പോഴാണ് കേരളത്തിൽ നിന്ന് ആദ്യമായി പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച പെൺകുട്ടി ജമീല മാലിക്കിനെ കുറിച്ച് ഓർത്തത്. ദീർഘമായ അന്വേഷണത്തിന് ശേഷം അവരെ കണ്ടെത്തി
ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വെച്ച് കെ.കെ.ചന്ദ്രനുമായുള്ള കൂടിക്കാഴചയിൽ, അദ്ദേഹം തിരുവന്തപുരത്തെ ഒരു സ്വകാര്യ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകനാകാൻ എന്നെ ക്ഷണിച്ച വിവരം വായനക്കാരുമായി പങ്കു വെച്ചിരുന്നല്ലോ. പിന്നെ നമ്മൾ ബോംബയിലെ ഹിന്ദി സിനിമയുമായുള്ള എന്റെ ഹൃസ്വബന്ധത്തിന്റെ വിശേഷങ്ങളിലേക്ക് പോയി. സിനിമാ അധ്യാപകനാകാനുള്ള ചന്ദ്രന്റെ ക്ഷണം ഞാൻ സ്വീകരിച്ചു.
സ്റ്റാർ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിന്റെ പേര് ‘സെന്റർ ഫോർ ഫിലിം സ്റ്റഡീസ്’ എന്ന് മാറ്റി. ഞാൻ മണക്കാട്ട് അവരുടെ സ്ഥാപനത്തിൽ ക്ലസ്സെടുക്കാൻ തുടങ്ങി. ടി.എസ്. സുരേഷ് ബാബുവിന്റെ അനിയനായ ടി.എസ്. സജി ആയിരുന്നു മാനേജർ. ആദ്യബാച്ചിൽ അവിടെ പഠിച്ച കുറെ വിദ്യാർഥികൾ പിന്നീട് സിനിമയിലും ടെലിവിഷനിലും ഒക്കെ തിരക്കുള്ളവരായി മാറി. അടുത്ത വര്ഷം ഇൻസ്റ്റിറ്റ്യൂട്ട് , വെള്ളയമ്പലത്തുള്ള കുറേക്കൂടി വലിയ ഒരു കെട്ടിടത്തിലേക്ക് മാറി. നാഗവള്ളി ആർ.എസ്.കുറുപ്പ് പ്രിൻസിപ്പൽ ആയി ചാര്ജടുത്തു. അധ്യാപകരായി ഞാനും കെ.കെ.ചന്ദ്രനും മാത്രം. അഭിനയത്തോടൊപ്പം, തിരക്കഥാരചന-സംവിധാനം എന്നീ കോഴ്സുകൾ കൂടി തുടങ്ങി. തുടക്കത്തിൽ കാര്യങ്ങളൊക്കെ ഭംഗിയായി മുന്നോട്ടു പോയെങ്കിലും പിന്നീട് ചില അസ്വാരസ്യങ്ങൾ ഉടലെടുത്തു. വിദ്യാർത്ഥികളും മാനേജ്മെന്റും തമ്മിലായിരുന്നു പ്രശനം. സംവിധാനം പഠിപ്പിക്കാൻ തുടങ്ങിയെങ്കിലും, വിദ്യാർത്ഥികൾക്ക് കാമറ പ്രാക്ടിക്കൽ ചെയ്യാനുള്ള സാങ്കേതിക സൗകര്യങ്ങളോ,ഉപകരണങ്ങളോ ഒന്നുമില്ലായിരുന്നു. ഈ ആവശ്യവുമായി വിദ്യാർഥികൾ മാനേജ്മെന്റിനെ സമീപിച്ചെങ്കിലും, വലിയ സാമ്പത്തിക മുതൽ മുടക്കുള്ള കാര്യമായതിനാൽ, മാനേജ്മെന്റ് താല്പര്യം കാണിച്ചില്ല. ക്രമേണ അവിടെ പ്രശ്നങ്ങൾ ഉണ്ടാവുകയും ഇൻസ്റ്റിറ്റ്യൂട്ട് അടച്ചു പൂട്ടുകയും ചെയ്തു.
ഈ സ്ഥാപനത്തിൽ സംവിധാന വിദ്യാർത്ഥി ആയിരുന്ന പ്രഭാകരൻ മുത്താന, എന്നെ സമീപിച്ചു. താൻ ഒരു ഫിലിം ഇൻസ്റ്റിസ്റ്റ്യൂട്ട് തുടങ്ങാൻ തയാറാണെന്നും, ഞാൻ അദ്ദേഹത്തിന്റെ കൂടെ നിക്കണമെന്നും പറഞ്ഞു. എന്നാൽ ഞാൻ അതിൽ താല്പര്യം കാണിച്ചില്ല. ഒരു ഇൻസ്റ്റിസ്റ്റ്യൂട്ട് തുടങ്ങിയതിന്റെ ദുരനുഭവം മാത്രമല്ല, ഈ വിഷയത്തിൽ ഒരു മുൻപരിചയവും ഇല്ലാത്ത ഒരു വിദ്യാർത്ഥിയെ വിശ്വസിച്ചു ഇറങ്ങിത്തിരിക്കാൻ എനിക്ക് മടിയായിരുന്നു. ഞാൻ പിന്മാറിയപ്പോൾ കെ.കെ. ചന്ദ്രനോടൊപ്പം കൂടി ഇൻസ്റ്റിസ്റ്റ്യൂട്ട് തുടങ്ങാനുള്ള പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ അയാൾ ശ്രമിച്ചു. ആഴ്ചകളോളം അവർ ഒന്നിച്ചു അതിനായി നടന്നെങ്കിലും ഒന്നും സംഭവിച്ചില്ല.
ഇതിനിടയ്ക്ക് പി.എ. ബക്കറിന്റെ ഒരു സിനിമയിൽക്കൂടി ഞാൻ സഹസംവിധായകനായി. വൈക്കം മുഹമദ് ബഷീറിന്റെ വ്യഖ്യാതമായ നോവൽ “പ്രേമലേഖനം” ആയിരുന്നു സിനിമയാക്കാൻ തീരുമാനിച്ചത്.
അമേരിക്കൻ മലയാളിയായ ജിപ്സൺ ആയിരുന്നു നിർമ്മാതാവ്. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യയും മകനുമായി ബന്ധപ്പെട്ട് നോവൽ സിനിമയാക്കാനുള്ള അവകാശം വാങ്ങി. സോമനും സ്വപ്നയും ആയിരുന്നു കേശവൻ നായരെയും സാറാമ്മയെയും അവതരിപ്പിച്ചത്. തൃശൂരിന് അടുത്തുള്ള മണ്ണുത്തി കാർഷിക സർവകലാശാല പരിസരങ്ങളിൽ ആയിരുന്നു ചിത്രീകരണം. വയലാർ പണ്ട് എഴുതി ദേവരാജൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ ഒരു ഗാനവും ഈ സിനിമയിൽ ഉണ്ടായിരുന്നു. ക്യാപ്റ്റൻ രാജുവും ഈ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്തു. തൃശൂരിലെ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ആയിടയ്ക്ക് പാസ്സായ നാടക പ്രവർത്തകൻ ജോസ് ചിറമ്മൽ ഈ സിനിമയിൽ സംവിധാനസഹായി ആയി ചേർന്നു. പ്രതിഭാശാലിയായ ആ നാടക കലാകാരൻ തിരക്കഥ രചനയിൽ ചില സർഗാത്മക സംഭാവനകൾ നല്കാൻ ശ്രമിച്ചെങ്കിലും ബക്കറിന് അതിഷ്ടപ്പെട്ടില്ല. അങ്ങിനെ ഷൂട്ടിംഗ് പൂർത്തിയാക്കുന്നതിനു മുൻപ് തന്നെ ജോസിന് യൂണിറ്റ് വിട്ടു പോകേണ്ടി വന്നു. മലയാള നാടക വേദിയിൽ വിപ്ലവകരമായ പരീക്ഷണങ്ങൾക്കു നാന്ദി കുറിച്ച ആ പ്രതിഭ ചെറു പ്രായത്തിൽ തന്നെ അരങ്ങു വിട്ടൊഴിഞ്ഞു. പത്രത്തിൽ അദ്ദേഹത്തിന്റെ നിര്യാണ വാർത്ത അറിഞ്ഞപ്പോൾ വളരെ ദുഃഖം തോന്നി
പ്രേമലേഖനം പൂർത്തിയ്ക്കാൻ നിർമ്മാതാവ് ജിപ്സൺ നന്നേ ബുദ്ധിമുട്ടി. അദ്ദേഹത്തിന്റെ കൈയ്യിലുണ്ടായിരുന്ന പണമെല്ലാം തീർന്നു. പിന്നീട് അദ്ദേഹത്തിന്റെ സുഹൃത്തോ ബന്ധുവോ ആയിരുന്ന, മാർ ഇവാനിയോസ് കോളേജിലെ അധ്യാപകൻ, ടിറ്റോ ആണ് അദ്ദേഹത്തെ സാമ്പത്തികമായി സഹായിച്ചത്. അവർ തമ്മിലെ സാമ്പത്തിക ഇടപാടുകളെകുറിച്ചോ ഉടമ്പടികളെ കുറിച്ചോ എനിക്കൊന്നുമറിയില്ലായിരുന്നു.. ജിപ്സൺ എന്തോ കാര്യമായ അസുഖം ഉള്ള ആളാണെന്നും അദ്ദേഹത്തിന് മദ്യപാനം അപകടം വരുത്തുമെന്നും ഒക്കെ അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും അമേരിക്കയിൽ നിന്ന് വിളിച്ചു പറഞ്ഞെന്നു അദ്ദേഹം എന്നോട് പറയുമായിരുന്നു. എന്നാൽ മദ്യപാനം നിയന്ത്രിക്കാൻ അദ്ദേഹത്തിന് ഒരിക്കലും കഴിഞ്ഞിരുന്നില്ല. പടത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്ന സമയത്തൊക്കെ അദ്ദേഹം മുറി വിട്ടു പുറത്തിറങ്ങിയിരുന്നില്ല. ഒറ്റയ്ക്കിരുന്നു മദ്യപിക്കാതിരിക്കാൻ ഞങ്ങളെ അദ്ദേഹത്തെ സ്റ്റുഡിയോയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വന്നില്ല. പടം പൂർത്തിയായി, ചിത്രാഞ്ജലി ലാബിൽ നിന്നും സെൻസർ പ്രിന്റുമായി ഞാനും ബക്കറും സെൻസർ തിയേറ്ററിലേക്ക് പോകുന്നതിനു മുൻപ് അദ്ദേഹത്തെ ഫോണിൽ വിളിച്ചു വിവരം പറഞ്ഞു. അവസാനം, പടം പൂർത്തിയായി സെൻസർ ചെയ്യാൻ പോകുന്ന വാർത്ത അദ്ദേഹത്തെ വളരെ സന്തോഷിപ്പിച്ചു. സെൻസറിങ് കഴിഞ്ഞു വന്നിട്ട് നമുക്ക് ആഘോഷിക്കാം എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ സെൻസറിങ് കഴിഞ്ഞു ഇറങ്ങിയപ്പോൾ ഞങ്ങൾക്ക് കിട്ടിയ വാർത്ത അദ്ദേഹം മരിച്ചു എന്നാണ്. ടിറ്റോ ആണ് വിവരം അറിയിച്ചത്. മൃതദേഹം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അമേരിക്കയിൽ നിന്നു൦ എത്തുന്നത് വരെ മോർച്ചറിയിൽ സൂക്ഷിച്ചു. അങ്ങിനെ സെൻസർ കഴിഞ്ഞു സ്വന്തം സിനിമ പൂർണ്ണമായും കാണാൻ നിൽക്കാതെ ആ നിർമ്മാതാവ് വിട വാങ്ങി. ‘പ്രേമലേഖനം’ ഒരിക്കലും റിലീസ് ആയില്ല. പിൽക്കാലത്തു അത് കൈരളി ടീവിയിൽ സംപ്രേഷണം ചെയ്തതായി അറിഞ്ഞു. ജിപ്സൺ മരിക്കുന്നതിന് മുൻപ് ടിറ്റോയ്ക്കു അതിന്റെ അവകാശം എഴുതി കൊടുത്തിട്ടുണ്ടായിരിക്കാം.
തിക്കുറിശ്ശി
പ്രഭാകരൻ മുത്താന വീണ്ടും എന്നെ സമീപിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാനുള്ള ശ്രമങ്ങൾ എവിടെയും എത്തിയില്ല എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ ദയനീയമായ അപേക്ഷ എനിക്ക് നിരസിക്കാൻ കഴിഞ്ഞില്ല. ഞാൻ അദ്ദേഹത്തെ സഹായിക്കാൻ തീരുമാനിച്ചു. ചിത്രാഞ്ജലി സ്റ്റുഡിയോയുടെ അടുത്തുള്ള ഒരു രണ്ടുനില കെട്ടിടം ഞാൻ ഇൻസ്റ്റിസ്റ്റ്യൂട്ടിനായി കണ്ടു പിടിച്ചു കൊടുക്കുകയും, കോഴ്സുകളുടെ വിശദമായ സിലബസ് , ഫീസിന്റെ ഘടന തുടങ്ങിയ കാര്യങ്ങൾ എല്ലാം തയാറാക്കിക്കൊടുക്കുകയും ചെയ്തു. അപ്പോ ഞാൻ ഇൻസ്റ്റിസ്റ്റ്യൂട്ടിൽ അദ്ധ്യാപകൻ ആകാമെന്ന് ഒരു വാക്കും ഞാൻ കൊടുത്തില്ല. എന്റെ സഹായത്തോടെ കാര്യങ്ങൾ ഒക്കെ വളരെ വേഗം പുരോഗമിച്ചപ്പോൾ, പ്രഭാകരൻ മുത്താനയ്ക്കു സന്തോഷമായി. അദ്ദേഹം ഇൻസ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടർ ആകാൻ എന്നെ നിർബന്ധിച്ചു കൊണ്ടിരുന്നു. പണം മുടക്കുന്ന ആൾ തന്നെ ഡയറക്ടർ ആയാൽ മതിയെന്നും, വേണമെകിൽ ഞാൻ ഇൻസ്റ്റിറ്റിയൂട്ടിൽ അധ്യാപകനാകാം എന്നും അവസാനം സമ്മതിച്ചു. പ്രിൻസിപ്പൽ ആയി വളരെ പ്രഗത്ഭനായ ഒരു വ്യക്തി തന്നെ വേണമെന്ന് ഞാൻ പറഞ്ഞു. ഞാൻ നിർദേശിച്ചത് തിക്കുറിശ്ശി സുകുമാരൻ നായരെ ആയിരുന്നു. ഞാൻ തന്നെ അദ്ദേഹത്തെ നേരിൽ പോയി കാണുകയും കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. അദ്ദേഹം സമ്മതിച്ചു. ഇൻസ്റ്റിറ്റിയൂട്ടിന് പേര് നിർദേശിച്ചതും ഞാൻ തന്നെ ആയിരുന്നു. ‘സതേൺ ഫിലിം ഇൻസ്റ്റിറ്റിയൂട്ട്”. അങ്ങിനെ തിക്കുറിശ്ശി പ്രിൻസിപ്പൽ ആയും, പ്രഭാകരൻ മുത്താന ഡയറക്ടർ ആയും, കെ.കെ.ചന്ദ്രനും ഞാനും യഥാക്രമം സംവിധാനത്തിന്റെയും അഭിനയത്തിന്റെയും തലവന്മാരായും (Head of the department)ആയും , തിരുവല്ലത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയുടെ സമീപം സതേൺ ഫിലിം ഇൻസ്റ്റിറ്റിയൂട്ട് നിലവിൽ വന്നു. കേരളത്തിലെ എല്ലാ പ്രധാന പത്രങ്ങളിലും ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരസ്യം വന്നു. ആദ്യ ബാച്ചിൽ തന്നെ നൂറിലധികം വിദ്യാർഥികൾ അഡ്മിഷൻ നേടി. അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രി ആയിരുന്ന ടി.എം. ജേക്കബ് ആണ് ഇൻസ്റ്റിറ്റിയൂട്ട് ഉത്ഘാടനം ചെയ്തത്. ഇൻസ്റ്റിറ്റിയൂട്ടിന് ആവശ്യമായ എല്ലാ സാങ്കേതിക സൗകര്യങ്ങളും പ്രഭാകരൻ മുത്താന ഒരുക്കി. അങ്ങിനെ വളരെ നല്ല നിലയിൽ കൃത്യമായ ആസൂത്രണത്തോടെ, തികച്ചും പ്രൊഫഷണൽ ആയി തന്നെ സതേൺ ഫിലിം ഇൻസ്റ്റിറ്റിയൂട് പ്രവർത്തിച്ചു. തിരക്കഥ-സംവിധാനം, അഭിനയം എന്നിവ കൂടാതെ സ്റ്റിൽ ഫോട്ടോഗ്രാഫി, വിഡിയോഗ്രഫി എന്നീ കോഴ്സുകളും ആരംഭിച്ചു. അതിനു യോഗ്യരായ അധ്യാപകരെ കണ്ടെത്തി നിയമിച്ചു.
ഞാൻ സംവിധാന വിദ്യാർത്ഥികൾക്ക്, സിനിമയുടെ ചരിത്രം, Elements of Direction, ബേസിക്സ് ഓഫ് സിനിമാട്ടോഗ്രഫി, എന്നീ വിഷയങ്ങൾ കൂടി പഠിപ്പിക്കുന്നത് കൊണ്ട് , ആ സമയത്തു അഭിനയ വിദ്യാർത്ഥികൾക്ക് ക്ളാസ് എടുക്കാൻ ഒരാൾ ആവശ്യമായിരുന്നു. അപ്പോഴാണ് കേരളത്തിൽ നിന്ന് ആദ്യമായി പൂനാ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ പഠിച്ച പെൺകുട്ടി ജമീല മാലിക്കിനെ കുറിച്ച് ഓർത്തത്. ദീർഘമായ അന്വേഷണത്തിന് ശേഷം , തിരുവന്തപുരത്തു തന്നെ താമസിക്കുന്ന അവരെ കണ്ടെത്തി, .അവരെ ഇൻസ്റ്റിറ്റിറ്റ്യൂട്ടിലേക്കു ക്ഷണിക്കുകയും അവർ ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു.
1985 ജനുവരി ഒന്നാം തിയതി മുതൽ തിരുവനന്തപുരം ദൂരദർശനിൽ നിന്നും മലയാള പരിപാടികൾ സംപ്രേഷണം ചെയ്തു തുടങ്ങി. എന്നാൽ എല്ലാ പ്രാദേശിക ദൂരദർശൻ കേന്ദ്രങ്ങളും മാസത്തിൽ ഒരു ഹിന്ദി പരിപാടി സംപ്രേഷണം ചെയ്യണം എന്നത് പ്രസാർ ഭാരതിയുടെ നിർദേശം ആയിരുന്നു. അതനുസരിച്ചു തിരുവനതപുരം ദൂരദർശൻ എല്ലാ മാസവും ആദ്യത്തെ വ്യാഴാഴ്ചകളിൽ ‘ദർപൺ’ എന്ന ഒരു ഹിന്ദി പരിപാടി സംപ്രേഷണം ആരംഭിച്ചു. ആദ്യമൊക്കെ ഹിന്ദി ലഘു നാടകങ്ങളും ഗാനങ്ങളും ഒക്കെ ആയിരുന്നു ഈ പരിപാടിയിലെ മുഖ്യ ഇനങ്ങൾ. ഈ പരിപാടിക്ക് വേണ്ടി ഹിന്ദി നാടകങ്ങളും മറ്റും എഴുതിയിരുന്നത് പ്രമുഖ ഹിന്ദി എഴുത്തുകാരിയും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന തങ്കമ്മ മാലിക് ആയിരുന്നു.
തങ്കമ്മ മാലിക്
അഭിനേത്രി, സംഗീതജ്ഞ, സാമൂഹിക-രാഷ്ട്രീയ പ്രവർത്തക, ഗാന്ധിയൻ, ഹിന്ദി ഭാഷാ പ്രചാരക, സാഹിത്യ പ്രവർത്തക തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വം ആയിരുന്നു തങ്കമ്മ മാലിക്. മഹാത്മാഗാന്ധിയുടെ ക്ഷണം സ്വീകരിച്ച് വാർധയിലെത്തിയ തങ്കമ്മ അവിടെ മഹിള വിദ്യാപീഠത്തിൽ വെച്ച് വിദുഷി ഓണേഴ്സ്, സരസ്വതി ബിരുദങ്ങൾ കരസ്ഥമാക്കി. മടങ്ങിയെത്തിയ തങ്കമ്മ ക്വിറ്റിന്ത്യ പ്രസ്ഥാനത്തോടൊപ്പം പ്രവർത്തിച്ചു. പ്രശസ്ത ചിന്തകനും പത്രാധിപരുമായിരുന്ന മാലിക് മുഹമ്മദ് 1930-കളിൽ പ്രസിദ്ധീകരിച്ചിരുന്ന മിത്രം വാരിക സംസ്ഥാന തലത്തിൽ നടത്തിയ ചെറുകഥാ മത്സരത്തിൽ തങ്കമ്മ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സമ്മാനദാന വേദിയിൽ വെച്ച് അവർ മാലിക്ക് മുഹമ്മദുമായി പരിചയപ്പെടുകയും ആ ബന്ധം ക്രമേണ പ്രണയമായി വളരുകയും അവർ വിവാഹിതരാവുകയും ചെയ്തു. തങ്കമ്മ മാലിക് എന്ന പേരിൽ അവർ തുടർന്നും ചെറുകഥകൾ എഴുതി. ഹിന്ദിയിലും മലയാളത്തിലുമായി അവർ ധാരാളം ചെറുകഥകളും നാടകങ്ങളും എഴുതി. ഇവരുടെ മകളായിരുന്നു ജമീല മാലിക് . ജമീല മാലിക് വഴി ഞാനും തങ്കമ്മാ മാലികിന്റെ ഹിന്ദി നാടകങ്ങളിൽ അഭിനേതാവായി, ദൂരദർശനിൽ അരങ്ങേറ്റം കുറിച്ചു.