വീട്ടിലെ പ്രസവം: ആളെക്കൊല്ലി മുറിവൈദ്യന്മാർക്ക് മൂക്കുകയറിടുകയാണ് പരിഹാരം
കേരളത്തിൽ മാസാമാസം ആറു മാസത്തേയും ഒരു കൊല്ലത്തെയും നിയമപരമായി അംഗീകാരമില്ലാത്ത ഡിപ്ലോമ പഠിച്ചിറങ്ങിയ ആളുകൾ പ്രചാരകരായിട്ടുള്ള ഗാർഹിക പ്രസവത്തിനും പ്രേമേഹ ചികിത്സക്കുമുള്ള ചികിത്സാ രീതിയായല്ല ലോകം അക്യുപങ്‌ചറിനെ കാണുന്നത്
ആരോഗ്യ രംഗത്തും മാതൃശിശു പരിചരണത്തിലും ദേശീയ തലത്തിൽ കാലങ്ങളായി ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് നമ്മുടെ കേരളം. എന്നാൽ പ്രസ്തുതഖ്യാതിക്ക് മങ്ങലേൽപ്പിക്കുന്ന വാർത്തകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനം കണ്ടത്. പരിമിതമായ സൗകര്യങ്ങളും സംവിധാനങ്ങൾ മാത്രമുണ്ടായിരുന്ന കാലത്ത് നിലവിലുണ്ടായിരുന്ന ഗാർഹിക പ്രസവത്തെ പാരമ്പര്യത്തിന്റെ ഭാഗമെന്നും വേദന രഹിതം , പ്രകൃതിദത്തം എന്നീ പരസ്യവാക്കുകളുടെ മേമ്പൊടി ചേർത്തും അക്യുപങ്‌ചർ എന്ന ചികിത്സാ രീതിയുടെ പേര് പറഞ്ഞും തിരിച്ചു കൊണ്ട് വരാനുള്ള ശ്രമങ്ങൾ സംസ്ഥാനത്തുടനീളം വിശിഷ്യാ മലബാർ ഭാഗത്ത് നടന്നു കൊണ്ടിരിക്കുന്നു.
ഏറ്റവുമൊടുവിൽ മലപ്പുറം ചട്ടിപ്പറമ്പിൽ ഒരു യുവതി ഗാർഹിക പ്രസവത്തോടനുബന്ധിച്ച രക്തസ്രാവത്തിൽ മരിച്ചതിലും കേരളത്തിൽ ഒരു പതിറ്റാണ്ടിലധികമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രേത്യേക തരം അക്യുപങ്ച്ചർ ചികിത്സാ രീതിയുടെയും അതിന്റെ പ്രായോക്താക്കളുടെ പ്രചാരണങ്ങളുടെയും സ്വാധീനമുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തിരുവനന്തപുരം ജില്ലയിലെ നേമത്ത് ഗാർഹിക പ്രസവത്തോടനുബന്ധിച്ചു സമാനമായ കാരണങ്ങളാൽ യുവതി മരണപ്പെട്ടതിലും ഈ പ്രേത്യേക തരത്തിൽ പ്രചരിപ്പിക്കപ്പെടുന്ന അക്യുപങ്‌ചറിന്റെ പങ്ക് ചർച്ച ചെയ്യപ്പെട്ടിരുന്നു.
ഗാർഹിക പ്രസവത്തിന്റെ കേരള സാഹചര്യം
കേരള സർക്കാറിന്‍റെ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് 2023 മേയിൽ പുറത്തുവിട്ട വാർഷിക വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് പ്രകാരം കേരളത്തിൽ ആശുപത്രികളിലല്ലാതെ നടക്കുന്ന പ്രസവങ്ങളുടെ എണ്ണം 2021-22ൽ 710 ആണ്. 2020-21ൽ ഇത് 560 ആയിരുന്നു. ഏറ്റവുമൊടുവിൽ പുറത്ത് വന്ന 2023 മാർച്ച് മുതൽ 2024 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം 523 ഗാർഹിക പ്രസവങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആയതിൽ സിംഹഭാഗം കയ്യടിക്കിയിട്ടുള്ളത് മലപ്പുറം ജില്ലയാണ്. 253 എണ്ണം. ജനസംഖ്യ കൂടുതലായതു കൊണ്ടാണ് മേൽപറഞ്ഞ കണക്കിൽ മലപ്പുറം ജില്ല മുന്നിൽ വന്നതെന്ന് ന്യായമായും പറയാമെങ്കിലും അക്യുപങ്ചർ (Acupuncture), നാച്വറോപ്പതി തുടങ്ങിയ ചികിത്സാരീതി പിന്തുടരുന്നവരുടെ എണ്ണം കൂടുതലായതു കൊണ്ടാണ് മലപ്പുറം ജില്ലയിൽ വീട്ടിലെ പ്രസവം അധികരിക്കാൻ കാരണമെന്നാണ് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ അനുഭവ സാക്ഷ്യം.
കുടുംബത്തിലോ സുഹൃദവലയത്തിലോ നടക്കുന്ന ഒരു ഗാർഹിക പ്രസവം അപകടം കൂടാതെ പൂർത്തിയായാൽ അത് മുഖേന കൂടുതൽ ആളുകളിലേക്ക് പ്രചരിപ്പിക്കുകയാണ് ഇവരുടെ രീതി. ഇതിനൊപ്പം മതത്തെയും വിശ്വാസങ്ങളെയും മേമ്പൊടി ചാർത്തി അവതരിപ്പിക്കുന്നതും ആധുനിക വൈദ്യശാസ്ത്രത്തോട് കടുത്ത ശത്രുത വെച്ചുപുലർത്തുന്നതും പലരെയും ഇതിലേക്ക് ആകർഷിക്കുന്നു. വാക്സിനേഷൻ, അയൺ-ഫോളിക് ആസിഡ് ഗുളികകൾ, സ്കാനിങ് തുടങ്ങിയവക്കെതിരെ കടുത്ത പ്രചാരണമാണ് ഇക്കൂട്ടർ അഴിച്ചുവിടുന്നത്. സോഷ്യൽ മീഡിയ വഴി പ്രചാരണം നടത്തുന്നുമുണ്ട്. എന്നാൽ, ഈ പ്രവണതയെ ശക്തമായി എതിർക്കുന്ന അക്യുപങ്ചർ പ്രാക്ടിഷനർമാരും കേരളത്തിലുണ്ട്. പ്രസവമടക്കമുള്ള അടിയന്തര ചികിത്സകളും പരിപാലനവും ആവശ്യമുള്ള സന്ദർഭങ്ങളെ കൈകാര്യം ചെയ്യാൻ ഉതകുന്ന ചികിത്സാ രീതിയല്ല അക്യുപങ്‌ച്ചറെന്നും ഏതൊക്കെ രോഗങ്ങൾക്കാണ് അക്യുപങ്‌ച്ചറിൽ ചികിൽത്സയുള്ളതെന്നു ലോകാര്യോഗ സംഘടന റിപ്പോർട്ട് പുറത്തിറക്കാറുണ്ട് എന്നും അതിൽ പ്രേമേഹം പോലുള്ള പല അസുഖങ്ങളും ഭാഗികമായി ഭേദമാക്കാൻ പോലും അക്യുപങ്‌ചറിനാവുമെന്നു പറഞ്ഞിട്ടില്ല എന്നും പതിറ്റാണ്ടുകളായി അക്യുപങ്ചർ പ്രാക്ടിഷനർമാരായി കേരളത്തിൽ നിലവിലുള്ളവർ പറയുന്നുണ്ട്. എന്നാൽ പ്രേമേഹം മാറാനുള്ള ഒറ്റമൂലിയായി അക്യുപങ്ചറിൽ പറയുന്ന സംഗതിയായി അശാസ്ത്രീയമായ പലതും അവതരിപ്പിച്ചും ഗാർഹിക പ്രസവ രീതിയെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല അത്തരം രീതി പിന്തുടർന്ന് പ്രസവിച്ച അമ്മമാരെ അനുമോദിക്കുന്ന ചടങ്ങുകൾ പരസ്യമായി സംഘടിപ്പിക്കുന്ന തരത്തിലേക്ക് ഈ വ്യാജ അക്യുപങ്ചർ ചികിത്സകർ വളർന്നിരിക്കുന്നു.
എന്ത് കൊണ്ടാണ് ഈ കൂട്ടരെ വ്യാജർ എന്ന് വിശേഷിപ്പിച്ചത്?
അക്യുപങ്ചർ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ഗവേഷണം നടക്കുന്ന ചികിത്സാ രീതികളിൽ ഒന്നാണ്. എന്നാൽ കേരളത്തിൽ മാസാമാസം ആറു മാസത്തേയും ഒരു കൊല്ലത്തെയും നിയമപരമായി അംഗീകാരമില്ലാത്ത ഡിപ്ലോമ പഠിച്ചിറങ്ങിയ ആളുകൾ പ്രചാരകരായിട്ടുള്ള ഗാർഹിക പ്രസവത്തിനും പ്രേമേഹ ചികിത്സക്കുമുള്ള ചികിത്സാ രീതിയായല്ല ലോകം അക്യുപങ്‌ചറിനെ കാണുന്നത്. കയ്യിൽ 50000/ 60000 രൂപയും ആഴ്ചയിൽ ഒരു ക്ലാസ് വെച്ച് കൊല്ലത്തിൽ 50 ക്ലാസ് ഓൺലൈനിൽ കേൾക്കാനും സമയമുള്ളവർക്ക് വിദൂര വിദ്യാഭ്യാസ സംവിധാനത്തിൽ പഠിച്ചു "അക്യുമാസ്റ്റർ" ആകാൻ കഴിയുന്നു എന്ന് മാത്രമല്ല ഒരു സംസ്ഥാനം 70 കൊല്ലക്കാലം കൊണ്ട് നേടിയെടുത്ത പൊതുജനാരോഗ്യ രംഗത്തെ നേട്ടങ്ങളെയും നിലവിലെ സംവിധാനങ്ങളേയും വെല്ലുവിളിക്കാൻ അത് അവരെ പ്രാപ്തരാക്കുന്നു എന്നത് സർക്കാർ ഗൗരവപൂർവം കാണേണ്ടതുണ്ട്.
പ്ലാനിംഗ് കമ്മീഷന് കീഴിൽ പൊതു ജനങ്ങൾക്ക് വിവിധ തൊഴിൽ മേഖലകളിൽ നൈപുണ്യം വർധിപ്പിക്കാൻ നിലവിൽ വന്ന സൊസൈറ്റി ആക്ട് പ്രകാരം സ്ഥാപിതമായ ഭാരത് സേവക് സമാജിന്റെ സർട്ടിഫിക്കറ്റിനോ കർണാടക സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്സിറ്റി, മധുരൈ കാമരാജ് യൂണിവേഴ്സിറ്റി എന്നിവ അക്യുപങ്‌ചർ മേഖലയിൽ വിദൂര വിദ്യാഭ്യാസ സംവിധാനത്തിൽ നൽകുന്ന സർട്ടിഫിക്കറ്റ് കോഴ്‌സുകൾ പഠിച്ചു അക്യുപങ്‌ചർ മുറിവൈദ്യന്മാരായി സ്വയം പ്രഖ്യാപിച്ചരുടെ സർട്ടിഫിക്കറ്റുകൾക്കോ നിയമപരമായി യാതൊരു മൂല്യവുമില്ല എന്നതാണ് വസ്തുത.
ഈ സ്ഥാപനങ്ങൾ നൽകിയ സർട്ടിഫിക്കറ്റുകൾ ഹരജിയുടെ കൂടെ സമർപ്പിച്ചപ്പോൾ "എങ്ങനെയാണ് ഇത്ര കുറഞ്ഞ കാലം കൊണ്ട് കോഴ്‌സുകൾ പഠിക്കാൻ കഴിയുന്നത് എന്നും യോഗ്യരായ അധികാരികൾ അംഗീകരിച്ചിട്ടില്ല എങ്കിൽ ഇത്തരം കോഴ്‌സുകൾ പഠിച്ചവരെ രോഗികളെ ചികിത്സിക്കാൻ അനുവദിക്കരുത് എന്നും 'അക്യുപങ്‌ചർ ഓൾ ഇന്ത്യ അക്യുപങ്‌ചർ ആൻഡ് ആൾട്ടർനേറ്റിവ് മെഡിക്കൽ അസോസിയേഷൻ വേഴ്സസ് സ്റ്റേറ്റ് ഓഫ് തമിഴ്നാട് എന്ന കേസിൽ 2023 ഏപ്രിൽ 28 ന് മദ്രാസ് ഹൈക്കോടതി വിധിക്കുകയുണ്ടായിട്ടുണ്ട്. മറ്റു രാജ്യങ്ങളിലെല്ലാം തന്നെ അക്യുപങ്‌ചർ ആധുനിക വൈദ്യശാസ്ത്രത്തോട് ചേർന്ന് നിന്ന് പ്രവർത്തിക്കുമ്പോൾ ആധുനിക വൈദ്യശാസ്ത്രത്തെ ശത്രുസ്ഥാനത്ത് നിർത്തി കൊണ്ടും കേരളത്തിൽ നിലവിലുള്ള പൊതുജനാരോഗ്യ സംവിധാനങ്ങളെ പുച്ഛിച്ചുമാണ് ഈ വ്യാജ അക്യുമാസ്റ്റര്മാർ രംഗം കീഴടക്കുന്നത്. അതിന് പലപ്പോഴും മതാധ്യാപനങ്ങളെ തങ്ങൾക്ക് വേണ്ട വിധത്തിൽ ദുർവ്യാഖ്യാനം ചെയ്യുന്നവരും ഇക്കൂട്ടരിലുണ്ട് എന്നതും ഒരു വസ്തുതയാണ്.
നിയമം എന്ത് പറയുന്നു ? എന്താണ് പരിഹാരം?
കേരളത്തിൽ ഇപ്പോൾ ആശങ്കാജനകമായ നിലയിൽ ആളുകൾ ഗാർഹിക പ്രസവത്തിൽ ആകൃഷ്ടരാകുന്നതിൽ വ്യാജ അക്യുമാസ്റ്റർമാരുടെ ബന്ധം സംബന്ധിച്ച ചർച്ച ഉയരുമ്പോൾ കേൾക്കുന്ന ഒന്നാണ് അക്യുപങ്‌ചർ മേഖലയിൽ വ്യാജന്മാരെ നിലക്ക് നിർത്താൻ നിയമമില്ല എന്നത്. പലപ്പോഴും കോടതികളും നിസ്സഹായരായി പോയത് അത്തരത്തിൽ കൃത്യമായ നിയമം ഇല്ലാത്തത് കൊണ്ടാണ് എന്നത് വാസ്തവം തന്നെയാണ്. എന്നാൽ നിലവിലുള്ള ചികിത്സ രീതികൾക്ക് പുറമെയുള്ള ചികിത്സാ രീതികളെയും ചികിത്സകരെയും ഉൾപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാർ 2021 ൽ നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷണൽ ആക്ട് എന്ന പേരിൽ നിയമം പാസ്സാക്കിയിട്ടുണ്ട്. പ്രസ്തുത നിയമത്തിലെ വകുപ്പ് 68 ( 1) പ്രകാരം കേരളത്തിൽ 28/09/2022- തിയതിയിലെ സ.ഉ(പി) 53/2022 നമ്പർ ഉത്തരവിലൂടെ സംസ്ഥാന കൗൺസിലും നിലവിൽ വന്നു കഴിഞ്ഞു. തുടർന്നുള്ള ഉത്തരവുകളിലൂടെ കൗൺസിൽ അംഗങ്ങളെ നിയമിക്കുകയും ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുകയും ചെയ്തിട്ടുണ്ട് . 2024 സെപ്റ്റംബറിൽ മേൽ നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ട് വന്ന ഭേദഗതി പ്രകാരം നിയമത്തിന്റെ പട്ടികയിൽ സീരിയൽ നമ്പർ 7 കോളം 2 ലെ അദർ കെയർ പ്രൊഫഷണൽ എന്ന വിഭാഗത്തിൽ 'അക്യുപങ്‌ചർ പ്രൊഫഷണൽ' എന്ന വിഭാഗത്തെ കൂട്ടി ചേർക്കുകയുണ്ടായിട്ടുണ്ട് . മേൽ ഭേദഗതിയുടെ അടിസ്ഥാനത്തിൽ അക്യുപങ്‌ചർ മേഖലയിലെ അധ്യാപകരുടെ മാനദണ്ഡങ്ങൾ സംബന്ധിച്ചും സ്ഥാപനങ്ങളും കോഴ്‌സുകളും തുടങ്ങുന്നത് സംബന്ധിച്ചും കേന്ദ്ര സർക്കാരിനോട് കൃത്യമായ ചർച്ചകൾ നടത്തി സംസ്ഥാനത്ത് വേണ്ട ചട്ടങ്ങൾ പാസ്സാക്കാൻ ആരോഗ്യവകുപ്പ് മുൻകൈ എടുക്കേണ്ടതുണ്ട്. നമ്മുടെ സംസ്ഥാനം പതിറ്റാണ്ടുകൾ കൊണ്ട് പൊതുജനാരോഗ്യരംഗത്ത് നേടിയെടുത്ത അസൂയാവഹമായ നേട്ടങ്ങൾ ഇല്ലാതാക്കുന്ന വിധത്തിൽ പ്രചാരണം നടത്തുന്ന വ്യാജ അക്യുപങ്ചറുക്കാർക്ക് മൂക്കുകയറിടാൻ സർക്കാറും ആരോഗ്യവകുപ്പും തയ്യാറാകേണ്ടതുണ്ട്.