തലസ്ഥാനത്ത് പൂത്ത സർഗവസന്തം; ആദം അയൂബ്

അങ്ങിനെ ഞാൻ Fallen leaves ,(കൊഴിഞ്ഞ ഇലകൾ) എന്ന പേരിൽ thanal online.com ൽ ഇംഗ്ലീഷിൽ എഴുതാൻ തുടങ്ങി. പത്തിലധികം അധ്യായങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോൾ, സമൂഹ മാധ്യമങ്ങൾ അത്ര സജീവമല്ലാതിരുന്ന കാലഘട്ടമാകയാൽ, ഇതിന്റെ പ്രചാരത്തെക്കുറിച്ചു എനിക്ക് കൃത്യമായ അറിവില്ലാത്തതിനാൽ, വെറുതെ മെനക്കെട്ടിട്ട് വലിയ പ്രയോജനം ഒന്നുമില്ലെന്ന ധാരണയിൽ ഞാൻ അത് നിർത്തുകയും ചെയ്തു. എന്നാൽ വർഷങ്ങൾക്ക് ശേഷം, അമേരിക്കയിൽ താമസിക്കുന്ന, എന്റെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സഹപാഠി ആയിരുന്ന ഒരു സ്ത്രീ വളരെ പ്രയാസപ്പെട്ടു, ദീർഘമായ അന്വേഷണത്തിനൊടുവിൽ ഞാനുമായി ബന്ധപ്പെട്ടു. അപ്പോഴേക്കും ഓർക്കുട്ട് അസ്തമിക്കുകയും ഫേസ്ബുക് ഉദിക്കുകയും ചെയ്തിരുന്നു - ഭാഗം 57

Update: 2025-04-11 11:41 GMT
Advertising

1982 ൽ മദിരാശിയിൽ നിന്നും തിരുവനന്തപുരത്തേക്കു താമസം മാറിയത് മുതൽ, 2011 ൽ ജന്മസ്ഥലമായ എറണാകുളത്തേക്ക് സ്ഥിര താമസം ഉറപ്പിക്കുന്നതു വരെയുള്ള ഏകദേശം 29 വർഷത്തെ തിരുവനന്തപുരം വാസം തൊഴിൽപരമായും സർഗ്ഗാത്മകമായും വളരെ സജീവമായ ഒരു കാലഘട്ടമായിരുന്നു. എന്റെ സീരിയലുകൾ ജനപ്രീയമാവാൻ തുടങ്ങിയതോടെ ദൃശ്യപരത വർധിച്ചു. തിരുവനന്തപുരത്തെ സാംസ്കാരിക പരിപാടികളിൽ സ്ഥിരം ക്ഷണിതാവായി.. കൂടുതൽ അവസരങ്ങൾ തേടി വന്നു. എന്റെ മുന്നിൽ സർഗാത്മകതയുടെ പുതിയ വാതായനങ്ങൾ തുറന്നു.

ഓൾഇന്ത്യ റേഡിയോയുടെ തിരുവനന്തപുരം നിലയത്തിലെ യുവവാണി പരിപാടിയിൽ സിനിമയേക്കുറിച്ചു പ്രഭാഷണ പരമ്പര നടത്തി. സംസ്ഥാന ചലച്ചിത്ര വികസന കോപ്പറേഷന്റെ ഡോക്യുമെന്ററി സംവിധായകരുടെ പാനൽ അംഗമെന്ന നിലയിൽ നിരവധി സർക്കാർ ഡോക്യൂമെന്ററികൾ സംവിധാനം ചെയ്തു. സംസ്ഥാന വൈദ്യുതി ബോർഡിന് വേണ്ടി, ‘അല്പം ശ്രദ്ധ, അധിക ലാഭം’, പട്ടിക ജാതി-പട്ടിക വർഗ്ഗ വകുപ്പിന് വേണ്ടി ‘ഇന്നലെ, ഇന്ന്, നാളെ’, ചാരായ നിരോധനത്തെക്കുറിച്ചുള്ള ടീവീ സ്പോട് എന്നിവയും, കേരള പൊലീസിന് വേണ്ടി ട്രാഫിക് നിയമങ്ങളെക്കുറിച്ചും, PRD ക്കു വേണ്ടിയും സാമൂഹ്യനീതി വകുപ്പിന് വേണ്ടിയും ഉൾപ്പടെ 15 ഡോക്യൂമെന്ററികൾ ചെയ്തു. ആൾഇന്ത്യറേഡിയോക്ക് (AIR)വേണ്ടി ലിംഗസമത്വത്തെക്കുറിച്ചു ലിംഗ നീതിയെക്കുറിച്ചും ബോധവൽക്കരിക്കുന്ന റേഡിയോ സ്പോട്ടുകൾ, കൂടാതെ ഒന്നോ രണ്ടോ എപ്പിസോഡുകൾ മാത്രമുള്ള 20 ടെലിഫിലിമുകൾ എന്നിങ്ങനെ വിശ്രമമില്ലാതെ സർഗസൃഷ്ടികളിൽ വ്യാപൃതനായ ഒരു കാലഘട്ടമായിരുന്നു അത്. 

തലസ്ഥാന നഗരിയിലെ മൂന്നു പതിറ്റാണ്ടു നീണ്ട സർഗജീവിതത്തിൽ 22 സീരിയലുകൾ സംവിധാനം ചെയ്യുകയും 70 സീരിയലുകളിൽ അഭിനയിക്കുകയും ചെയ്തു. പക്ഷെ ഈ കാലഘട്ടത്തിൽ സംസ്ഥാന സർക്കാരിന്റെ ടെലിവിഷൻ അവാർഡുകൾ തുടങ്ങിയിട്ടില്ലായിരുന്നത് കൊണ്ട് എനിക്ക് സംസ്ഥാന അവാർഡുകൾ ഒന്നും ലഭിച്ചില്ല. എന്നാൽ എന്റെ ‘നിഴൽ യുദ്ധം’ എന്ന സീരിയലിന് നാനാ മിനിസ്ക്രീൻ അവാർഡ് ലഭിച്ചു. പൊതുവെ എന്റെ സീരിയലുകൾക്ക് നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ പിടിച്ചു പറ്റാൻ കഴിഞ്ഞു.

മൊബൈൽ ഫോണുകളുടെ മുൻഗാമിയായ (pager)പേജറിന്റെയും, ഫേസ്ബുക്കിന്റെ മുൻഗാമിയായ (Orkut) ഓർക്കൂട്ടിന്റെയും സഹയാത്രികനായി. വാസ്തവത്തിൽ ഈ ഓർമക്കുറിപ്പുകളുടെ ബീജാവാപം നടക്കുന്നത് ഓർക്കൂട്ടിലാണ്. ഓർക്കുട്ടിൽ എന്റെ സുഹൃത്ത് ആയിരുന്ന ശ്രീ സി.പി. അബൂബക്കർ ( ഇപ്പോൾ കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറി) ‘തണൽ ഓൺലൈൻ ഡോട്ട് കോം’എന്ന ഓൺലൈൻ മാഗസിൻ നടത്തിയിരുന്നു. അതിന് ഇംഗ്ലീഷിലും മലയാളത്തിലും വെവ്വേറെ പതിപ്പുകൾ ഉണ്ടായിരുന്നു. ഞങ്ങൾ അന്ന് ഓർക്കുട്ടിൽ ആശയവിനിമയം നടത്തിയിരുന്നത് ഇംഗ്ലീഷിൽ ആയിരുന്നു. അതുകൊണ്ടായിരിക്കാം ഇംഗ്ലീഷിഷ് വേർഷനിൽ പ്രസിദ്ധീകരിക്കാൻ എന്റെ ഒരു ഇന്റർവ്യൂ വേണമെന്ന് പറഞ്ഞു. പിന്നെ അദ്ദേഹം എന്നോട് തന്നെ,എന്നെക്കുറിച്ചു ഒരു പരിചയ കുറിപ്പ് എഴുതി തരാൻ പറഞ്ഞു. അത് അദ്ദേഹം പ്രസിദ്ധീകരിച്ചു. തുടർച്ചയായി അനുഭവക്കുറിപ്പുകൾ എഴുതാമോ എന്ന് ചോദിച്ചു. അങ്ങിനെ ഞാൻ Fallen leaves ,(കൊഴിഞ്ഞ ഇലകൾ) എന്ന പേരിൽ thanal online.com ൽ ഇംഗ്ലീഷിൽ എഴുതാൻ തുടങ്ങി. പത്തിലധികം അധ്യായങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോൾ, സമൂഹ മാധ്യമങ്ങൾ അത്ര സജീവമല്ലാതിരുന്ന കാലഘട്ടമാകയാൽ, ഇതിന്റെ പ്രചാരത്തെക്കുറിച്ചു എനിക്ക് കൃത്യമായ അറിവില്ലാത്തതിനാൽ, വെറുതെ മെനക്കെട്ടിട്ട് വലിയ പ്രയോജനം ഒന്നുമില്ലെന്ന ധാരണയിൽ ഞാൻ അത് നിർത്തുകയും ചെയ്തു. എന്നാൽ വർഷങ്ങൾക്ക് ശേഷം, അമേരിക്കയിൽ താമസിക്കുന്ന, എന്റെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സഹപാഠി ആയിരുന്ന ഒരു സ്ത്രീ വളരെ പ്രയാസപ്പെട്ടു, ദീർഘമായ അന്വേഷണത്തിനൊടുവിൽ ഞാനുമായി ബന്ധപ്പെട്ടു. അപ്പോഴേക്കും ഓർക്കുട്ട് അസ്തമിക്കുകയും ഫേസ്ബുക് ഉദിക്കുകയും ചെയ്തിരുന്നു. മലയാളിയാണെങ്കിലും ജനിച്ചതും വളർന്നതും ആന്ധ്രാപ്രദേശിൽ ആയതു കൊണ്ട് അവൾ അവിടെയുള്ള ഒരു തെലുങ്കനെ വിവാഹം കഴിക്കുകയും കുടുംബത്തോടൊപ്പം അമേരിക്കയിൽ സ്ഥിര താമസമാക്കുകയും ചെയ്തിരുന്നു. അവൾ എന്നെ തേടിപ്പിടിക്കാൻ കാരണം, ഫിലിം ഇൻസ്റ്റിറ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി കാലഘട്ടത്തിനിടയിൽ, ഒരു ദിവസം യാദൃശ്ചികമായി എനിക്കും അവൾക്കുമിടയിലുണ്ടായ, ക്ഷണികമായ ഒരു പ്രണയാർദ്ര നിമിഷത്തെക്കുറിച്ചു ഞാൻ ആ ലേഖനത്തിൽ എഴുതിയിരുന്നു. അവളുടെ സ്വകാര്യതയെ മാനിക്കാനായി ഞാൻ അവളുടെ യഥാർത്ഥ പേരല്ല ഉപയോഗിച്ചത്.

ആദം അയൂബ്

‘എന്റെ പേര് മറന്നു പോയി അല്ലെ ?’

അവൾ ഒരിക്കൽ ചാറ്റിൽ വന്നപ്പോൾ ചോദിച്ചു.

‘ഒരിക്കലുമില്ല. താൻ വിവാഹം കഴിച്ചു കുടുംബായി ജീവിക്കുകയാരിക്കും എന്നെനിക്കറിയാം. അപ്പോൾ തന്റെ പേര് വെളിപ്പെടുത്തുന്നത് ശരിയല്ലലോ ’ ഞാൻ പറഞ്ഞു.

‘ഞാനിപ്പോൾ മുത്തശ്ശി ആയി’ അവൾ പറഞ്ഞു.

പരസ്പരം സ്പർശിക്കാതെയും ഒരു വാക്ക് പോലും ഉരിയാടാതേയും പെട്ടെന്ന് മറഞ്ഞു പോയ ആ ക്ഷണിക ബിംബം അവളുടെ മനസ്സിലും മങ്ങിയ ഒരോർമ്മയായി അവശേഷിക്കുന്നുണ്ടാകാം.(wide Angle -16, The fatal attraction) ലാണ് ഈ വിഷയം പ്രതിപാദിച്ചിരിക്കുന്നത്)

അവൾ അമേരിക്കയിൽ ഇരുന്നുകൊണ്ട് thanal online.com ൽ എന്റെ ലേഖനം വായിച്ചിരുന്നു എന്ന് അറിഞ്ഞപ്പോളാണ് സമൂഹമാധ്യമങ്ങൾക്കു കാലദേശങ്ങൾക്കതീതമായ വ്യാപ്തിയും വ്യാപനവും ഉണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞത്. പിന്നീട് ഈ ഓർമ്മക്കുറിപ്പുകൾ ‘ഫ്ലാഷ്ബാക്ക്’ എന്ന പേരിൽ ‘ആരാമം’ മാസികയിൽ എഴുതിത്തുടങ്ങി. ജീവിത പ്രവാഹത്തിലെ ഒരു ദശാസന്ധിയിൽ അനിവാര്യമായ ഒരു അർദ്ധവിരാമം വന്നപ്പോൾ, ആരാമത്തിലെ ആഖ്യാനത്തിനു വിരാമമിട്ട്, മീഡിയവൺ ഷെൽഫിൽ വീണ്ടും അത് തുടരുന്നു. പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോൾ കോളേജ് മാഗസിനിലാണ് ആദ്യം എഴുതിത്തുടങ്ങിയതെങ്കിലും, തിരുവനന്തപുരം വാസകാലത്താണ് എന്റെ എഴുത്തുകൾ കൂടുതൽ വ്യാപകമായത്. പല സമകാലിക പ്രസിദ്ധീകരണങ്ങളും എഴുതി. ടെലിവിഷൻ ജനകീയമായ ഒരു മാധ്യമായി വികസിച്ചതോടെ ധാരാളം കലാകാരന്മാർ ഈ രംഗത്തേക്ക് കടന്നു വന്നു.സീരിയലുകൾ മലയാളികൾക്കിടയിൽ പ്രചാരം നേടിയതോടെ , ഈ മാധ്യമത്തിൽ പ്രവർത്തിക്കുന്നവരുടെ എണ്ണവും കൂടി. സ്വകാര്യ ചാനലുകൾ തുടങ്ങുന്നതിനു മുൻപുള്ള കാലമായിരുന്നതിനാൽ, തിരുവനന്തപുരം ദൂരദർശൻ കേന്ദ്രീകരിച്ചായിരുന്നു അന്നത്തെ ടിവി പരിപാടികളുടെ നിർമ്മാണം. അതുകൊണ്ടു തന്നെ ടിവി കലാകാരന്മാരിൽ ഭൂരിഭാഗവും തിരുവനന്തപുരത്തു താമസക്കാരായിരുന്നു. അങ്ങിനെ ടെലിവിഷൻ മാധ്യമത്തിൽ പ്രവർത്തിക്കുന്ന എല്ലാ കലാകാരന്മാരെയും, നിർമ്മാതാക്കളെയും, സംവിധായകരെയും സാങ്കേതിക പ്രവർത്തകരെയും ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ടു ഞങ്ങൾ ഒരു സംഘടനയ്ക്ക് രൂപം നൽകി. ‘കോൺടാക്ട്’ (Confederation of Television Artists, Commercial operators and Technicians) എന്നായിരുന്നു സംഘടനയുടെ പേര്. തിരുവനന്തപുരം ട്രിവാൻഡ്രം ഹോട്ടലിൽ ചേർന്ന ആദ്യ യോഗത്തിൽ തന്നെ നൂറോളം പ്രവർത്തകർ പങ്കെടുത്തു. അവിടെവെച്ചു സംഘടനയുടെ ആദ്യ പ്രസിഡന്റായി എന്നെ തെരഞ്ഞെടുത്തു. ദീർഘകാലം ഞാൻ അതിന്റെ ഭാരവാഹിയായി തുടർന്നു... പ്രസ്തുത സംഘടന ഇപ്പോഴും സജീവമായി നിലനിൽക്കുന്നു. ചലച്ചിത്ര അക്കാദമിയുടെ രൂപീകരണത്തിന് ശേഷമുള്ള ആദ്യ കാലങ്ങളിൽ, അക്കാദമിയുടെ ജനറൽ കൗൺസിലിലേക്ക് , ടെലിവിഷൻ മാധ്യമത്തിന്റെ പ്രതിനിധിയായി ഞാൻ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.

 

മധു 

സിനിമാ നടൻ മധു സാർ ‘അമ്മ’ യുടെ (Association of Malayalam Movie Artists) പ്രസിഡന്റ് ആയിരുന്നപ്പോൾ ക്രിയാത്മകമായ പല പരിപാടികളും ആസൂത്രണം ചെയ്ത് നടപ്പാക്കിയിരുന്നു. അതിലൊന്നാണ് കുട്ടികൾക്ക് വേണ്ടിയുള്ള ഒരു അഭിനയകളരി. പേരൂർക്കടയിലുള്ള, മധു സാർ ചെയർമാൻ ആയ, സരസ്വതി വിദ്യാലയത്തിൽ വെച്ചായിരുന്നു, രണ്ടു മാസത്തെ ഈ ക്യാമ്പ് നടത്തിയത്. സ്കൂൾ വെക്കേഷൻ സമയത്തു നടത്തിയ ഈ ക്യാമ്പിൽ, പല സിനിമ പ്രവർത്തകരുടെ അടക്കം നാൽപതിൽപരം കുട്ടികൾ പങ്കെടുത്തു. ഞാൻ, ജമീല മാലിക്, കൈലാസ്നാഥ് എന്നിവരായിരുന്നു ക്ലാസുകൾ എടുത്തത്. അമ്മയുടെ സെക്രട്ടറി കൂടിയായിരുന്ന നടൻ രാഘവൻ ആയിരുന്നു ക്യാമ്പ് ഡയറക്ടർ. മമ്മൂട്ടി ഉൾപ്പടെയുള്ള പല സിനിമാ അഭിനേതാക്കളും പല ഘട്ടങ്ങളിലായി ക്യാമ്പ് സന്ദർശിക്കുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു. ക്യാമ്പിന്റെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച ‘ബാലകാണ്ഡം’ എന്ന കഥ ദൂരദര്ശന് വേണ്ടി എപ്പിസോഡുകളാക്കി, സംവിധാനം ചെയ്യാനുള്ള ചുമലത മധു സാർ എന്നെ ഏൽപ്പിച്ചു. അത് ആറു എപ്പിസോഡുകളാക്കി ദൂരദർശൻ സംപ്രേഷണം ചെയ്തു.

 

ഈ തിരക്കുകൾക്കിടയിൽ 1989 ൽ ഞാൻ രണ്ടു സിനിമകളിലും അഭിനയിച്ചു. ആദ്യത്തേത് പി. ശ്രീകുമാർ സംവിധാനം ചെയ്ത ‘അസ്ഥികൾ പൂക്കുന്നു’ ആയിരുന്നു. പിന്നീട് അഭിനയത്തിൽ തിരക്കേറിയ ശ്രീകുമാറിന്റെ, രണ്ടാമത്തെ സംവിധാന സംരംഭമായിരുന്നു ഇത്. കെഎസ്ആർടിസി. ജീവനക്കാരനായിരുന്ന അദ്ദേഹത്തിന്റെ പ്രഥമ സംവിധാന സംരംഭം ‘കൈയും തലയും പുറത്തിടരുത്’ ആയിരുന്നു.

 

ന​രേന്ദ്ര പ്രസാദ്

നരേന്ദ്ര പ്രസാദിന്റെ സിനിമയിലേക്കുള്ള പ്രവേശനം ‘അസ്ഥികൾ പൂക്കുന്നു’ എന്ന സിനിമയിലൂടെ ആയിരുന്നു. അദ്ദേഹം ഇതിന്റെ തിരക്കഥ എഴുതുകയും ഒരു പ്രധാന വേഷം അഭിനയിക്കുകയും ചെയ്തു. ചിത്രയും മുരളിയും, ആയിരുന്നു നായികാനായകന്മാർ. KSRTC യിൽ ഒരു ട്രേഡ് യൂണിയൻ നേതാവ് കൂടിയായിരുന്ന ശ്രീകുമാർ , ഒരു ഫാക്ടറിയിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന കഥയാണ് തെരഞ്ഞെടുത്തത്. സതേൺ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിലെ എന്റെ വിദ്യാർത്ഥി ആയിരുന്ന മാത്യു പീറ്റർ ആയിരുന്നു ഈ സിനിമയുടെ സഹസംവിധായകൻ.

 

മാത്യൂ പീറ്റർ

തിരുവനന്തപുരത്തെ പല സാംസ്കാരിക പരിപാടികളിലും ശ്രീകുമാറിനോടൊപ്പം പങ്കെടുത്തിട്ടുണ്ടെങ്കിലും , എന്നെ സിനിമയിലെ ഒരു കഥാപാത്രത്തിലേക്ക് നിർദേശിച്ചത് , എന്റെ വിദ്യാർത്ഥി ആയ മാത്യു പീറ്റർ തന്നെയാണ്. തിരുവനന്തപുരം ടൈറ്റാനിയം ഫാക്ടറി ആയിരുന്നു പ്രധാന ലൊക്കേഷൻ. ഫാക്ടറിയുടെ എംഡിയുടെ വേഷം ചെയ്തത് കൊതുകു നാണപ്പൻ ആയിരുന്നു. എംഡിയുടെ സെക്രട്ടറിയുടെ വേഷമായിരുന്നു എനിക്ക്. ചിത്രാഞ്ജലി സ്റ്റുഡിയോയിലെ സ്റ്റാഫ് ക്യാമറാമാൻ ആയിരുന്ന ഗോപിനാഥ് ആയിരുന്നു ഈ സിനിമയുടെ ഛായാഗ്രാഹകൻ.

 

പി. ശ്രീകുമാർ

ടൈറ്റാനിയം ഫാക്ടറിയിൽ വെച്ചും ഷൂട്ടിംഗ് നടക്കുമ്പോൾ, അവിടെ വെച്ച് എന്റെ മറ്റൊരു പൂർവകാല സുഹൃത്തിനെയും കാണാൻ കഴിഞ്ഞു. ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ചെയ്ത സംഗീത സംവിധായകൻ രവീന്ദ്രൻ ആയിരുന്നു അത്. അദ്ദേഹം രവീന്ദ്രൻ മാഷ് ആകുന്നതിനു മുൻപ്, കുളത്തുപ്പുഴ രവി എന്ന പേരിൽ മദ്രാസിൽ സിനിമയിൽ അവസരങ്ങൾക്കു വേണ്ടി കഷ്ടപ്പെടുന്ന കാലത്തെ സൗഹൃദമായിരുന്നു ഞങ്ങളുടേത്. വൈഡ് ആംഗിൾ- 33 ൽ അദ്ദേഹത്തെക്കുറിച്ചു എഴുതിയിട്ടുണ്ട്.

രവീന്ദ്രൻ മാഷ് 

അദ്ദേഹം സംവിധായകനുമായി സിനിമയുടെ പാശ്ചാത്തല സംഗീതത്തെകുറിച്ചു ചർച്ച ചെയ്യാനാണ് വന്നത്. അതിനിടയിൽ അൽപനേരം ഞങ്ങൾ പഴയ ഓർമ്മകൾ അയവിറക്കി. അതിനു ശേഷം അദ്ദേഹത്തെ കാണാനുള്ള അവസരം ലഭിച്ചില്ല. സംഗീതലോകത്ത് അദ്ദേഹം ഉയരങ്ങൾ കീഴടക്കുമ്പോൾ, അദ്ദേഹത്തിന്റെ സംഗീതത്തിന്റെ മാസ്മരികതയിൽ ഞാനും അദ്ദേഹത്തെ അനുയാത്ര ചെയ്തു. പെട്ടെന്നാണ് അദ്ദേഹത്തിന്റെ അകാല വിയോഗ വാർത്ത വരുന്നത്. ഇനിയും ഒരുപാട് മധുരമുള്ള ഈണങ്ങൾ ബാക്കി വെച്ചിട്ടു ആ സുഹൃത്ത് മടങ്ങി.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - ആദം അയ്യൂബ്

contributor

Similar News