എമ്പുരാന് കട്ട്‌! എമർജൻസിക്ക് കയ്യടി

എല്ലാരീതിയിലും ഇന്ത്യയെ വലയം ചെയ്തിരിക്കുന്ന ഫാസിസം‌, സിനിമയുടെ സ്വാതന്ത്രാവിഷ്കാരത്തിൽ പ്രശ്നങ്ങളുണ്ടാക്കുകയെന്നത് സ്വഭാവികമാണ്‌

Update: 2025-04-08 08:30 GMT
Advertising

ഫാസിസ്റ്റ് ഭരണകൂടങ്ങൾ സിനിമയെ എല്ലാക്കാലത്തും പ്രചാരണ ഉപകരണമാക്കിയിട്ടുണ്ട്. ഭരണകൂടത്തെ മഹത്വപ്പെടുത്തുകയോ, പ്രതിപക്ഷത്തെ പരിഹസിക്കുകയോ, ദേശീയവാദത്തിന്റെ പേരിൽ വിദ്വേഷം വളർത്തുകയോ ചെയ്യുന്ന രീതിയിലാണ് ഇത്തരത്തിലുള്ള സിനിമകൾ രൂപകൽപ്പന ചെയ്യുക. എമ്പുരാന് കട്ട് വിളിച്ചവരും, “ഓർഗനൈസ്“ ചെയ്ത് സെൻസറിങ്ങിനായി വെപ്രാളപെട്ടവരും , ഒടുവിൽ രാജ്യവിരുദ്ധത മുദ്രകുത്തി കോടതി കയറ്റിയവരും, കഴിഞ്ഞ പത്ത്‌ വർഷമായി കയ്യടി നൽകിക്കൊണ്ടിരിക്കുന്ന രാജ്യസ്നേഹ സിനിമകൾ പരിശോധിക്കുമ്പോൾ, സിനിമയിലൂടെ ഇന്ത്യാ മഹാരാജ്യത്ത്‌ കുത്തിവെക്കുന്ന വർഗീയ, രാഷ്ട്രീയ വിദ്വേഷത്തിന്റെ കാഠിന്യം വ്യക്തമാകും.

“എമർജൻസി”എന്നൊരു സിനിമ 2025 ജനുവരിയിൽ റിലീസ് ചെയ്തിരുന്നു. ബിജെപി നേതാവും എംപിയുമായ കങ്കണ രണാവത്ത് സംവിധാനം ചെയ്ത് ഇന്ദിരാ ഗാന്ധിയായി വേഷമിട്ട, അടിയന്തരാവസ്ഥ കാലഘട്ടത്തെ( 1975-1977) കേന്ദ്രീകരിച്ചുള്ള സിനിമയാണിത്. കോൺഗ്രസിനെ അപകീർത്തിപ്പെടുത്തുന്ന, അടിയന്തരാവസ്ഥയിൽ നിരോധിക്കപ്പെട്ട ആർഎസ്‌എസിന്റെ താല്പര്യങ്ങളുമായി പൊരുത്തപ്പെടുന്ന രാഷ്ട്രീയ അജണ്ടകൾ ചിത്രത്തിലുണ്ടെന്ന് വിമർശകർ വിലയിരുത്തുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ സോണിയാ ഗാന്ധിയേയും മൻമോഹൻ സിങ്ങിനെയും മറ്റു നേതാക്കളെയുമൊക്കെ അതേ രൂപത്തിലും ഭാവത്തിലും കാണിച്ച സംഘപരിവാർ സ്പോൺസേഡ് സിനിമകൾ കോൺഗ്രസിനെതിരെ ഹിന്ദിയിൽ മാത്രം അനേകം ഇറങ്ങിയിട്ടുണ്ട്.

രാഷ്ട്രീയ എതിരാളികൾ ബലഹീനരാണെന്നുള്ള പൊതുബോധം സൃഷ്ടിക്കലാണ് ഇത്തരത്തിലുള്ള സിനിമകളിലൂടെ ഫാസിസം ലക്ഷ്യംവെക്കുന്നത്.

"ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ"(2019): സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ അടിസ്ഥാനമാക്കി, യുപിഎ ഭരണകാലത്ത് സോണിയ ഗാന്ധിയുടെ നിയന്ത്രണത്തിലുള്ള ദുർബലനും പാവയെപ്പോലെയുമുള്ള പ്രധാനമന്ത്രിയായി മൻമോഹൻ സിങ്ങിനെ ചിത്രീകരിക്കുന്ന സിനിമയാണിത്.

"ഇന്ദു സർക്കാർ"(2017): സഞ്ജയ് ഗാന്ധിയോട് സാമ്യമുള്ള ഒരു കഥാപാത്രത്തെ കേന്ദ്രബിന്ദുവാക്കി, ഇന്ദിരഗാന്ധിയുടെ കീഴിലുള്ള അടിയന്തരാവസ്ഥയെ വിമർശിക്കുന്നു. സ്വേച്ഛാധിപത്യത്തിന്റെ സ്വഭാവമുള്ള, കുടുംബവാഴ്ച്ചയിലൂന്നിയ രാഷ്ട്രീയമെന്ന് കോൺഗ്രസിനെ പരോക്ഷമായി കുറ്റപെടുത്തുന്ന കഥാപശ്ചാത്തലം.

തങ്ങൾക്കനുകൂലമാകുന്ന രീതിയിൽ ചരിത്രത്തെ വെട്ടിയടർത്തി ഉപയോഗിക്കുന്ന, ഹിന്ദുത്വയുമായി ചേർന്ന് നിൽക്കുന്ന, മുസ്ലിം വിദ്വേഷമുണർത്തുന്ന തരത്തിൽ ചരിത്രസംഭവങ്ങളെ വളച്ചൊടിക്കുന്ന സിനിമകളാണ് മറ്റൊരായുധം.

“ഛാവാ“(2025) എന്നൊരു സിനിമ കുറച്ച് ദിവസങ്ങൾക്ക് മുന്നേ റിലീസ് ചെയ്തിരുന്നു. മുഗൾ ചക്രവർത്തി ഔറംഗസീബിനെതിരെ, ഛത്രപതി ശിവജിയുടെ മകനും, മറാത്ത സാമ്രാജ്യത്തിലെ രാജാവുമായിരുന്ന സംഭാജി മഹാരാജിന്റെ ചെറുത്തുനിൽപ്പിനെ കേന്ദ്രീകരിച്ചാണ് ചിത്രം. ഹിന്ദു ക്ഷേത്രങ്ങളുടെയും സംസ്കാരത്തിന്റെയും വിനാശകരായും, ക്രൂരമായ കൂട്ടക്കൊലകളും പീഡനങ്ങളും നടത്തുന്നവരായും മുഗളന്മാരെയും ഔറംഗാസീബിനെയും ചിത്രീകരിക്കുന്നു. സിനിമയുടെ റിലീസിന് പിന്നാലെ, ഔറംഗസേബിന്റെ ശവകുടീരം പൊളിക്കാനുള്ള സംഘപരിവാർ - ശിവസേന ആഹ്വാനവും കലാപശ്രമങ്ങളുമുണ്ടായി. നാഗ്പൂരിൽ 34 പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 40-ളം ആളുകൾക്ക് പരിക്കേൽക്കുകയും പൊതുസ്വത്തുക്കൾ വ്യാപകമായി നശിപ്പിക്കപെടുകയും ചെയ്തു.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ “സബർമതി റിപ്പോർട്ട്‌”(2024), എന്ന ചിത്രവും ഇത്തത്തിലൊരുദാഹരണമാണ്. 2002 ലുണ്ടായ ഗോധ്ര സംഭവം, ഒരു മുസ്ലിം ഗൂഡാലോചനയായി ചിത്രീകരിക്കുന്ന സിനിമയാണിത്. തൻഹാജി,the unsung warrior(2020) എന്ന സിനിമയാണ് മറ്റൊരുദാഹരണം.

പച്ചയായി മുസ്ലിംവിരുദ്ധത പങ്കുവെക്കുന്ന സിനിമകളും സംഘപരിവാർ പ്രൊപ്പഗാണ്ടാ ഫാക്ടറിയിൽ നിന്ന് പുറത്ത് വന്നിരുന്നു. “കാശ്മീർ ഫയൽസ്“ (2022), ”കേരള സ്റ്റോറി”(2023) എന്ന സിനിമകളിലൂടെ ബിജെപി വിരുദ്ധസംസ്ഥാനങ്ങളെ പ്രത്യേകം അഭിസംബോധന ചെയ്തിട്ടുണ്ട്. ലവ് ജിഹാദെന്ന അടിസ്ഥാനരഹിതമായ പ്രതിഭാസത്തെ കൂട്ടുപിടിച്ച്, ആയിരക്കണക്കിന് ഹിന്ദു സ്ത്രീകളെ കേരളത്തിൽ നിർബന്ധിതമായി ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്‌തെന്നും, ഐ എസിലേക്ക് റിക്രൂട് ചെയ്‌തെന്നും നുണക്കഥ പറഞ്ഞ “കേരള സ്റ്റോറി“, റിലീസിനു ശേഷം വലിയ ചർച്ചകൾക്ക് വിധേയമായ സിനിമയായിരുന്നു.

വ്യക്തിത്വാരാധനയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടുക്കൂടിയും സിനിമകൾ പുറത്തിറക്കിയിരുന്നു. 2019 ലെ തെരഞ്ഞെടുപ്പിനിടെ പുറത്തിറങ്ങിയ ജീവചരിത്ര ചിത്രമായ “പിഎം നരേന്ദ്രമോദി” യിൽ, സാധാരണക്കാരുടെ ഇടയിൽ നിന്നും ഇന്ത്യയെ രക്ഷിക്കാനായി ഉടലെടുത്ത ജനനായകനായി മോദിയെ ചിത്രീകരിക്കുന്നു. രക്ഷകനെന്ന വ്യക്തിപ്രഭാവമുണ്ടാക്കി ജനങ്ങളുടെ ഇടയിൽ സ്ഥാനം പിടിക്കുകയെന്നത്, ഹിറ്റ്ലറും വളരെയധികം പ്രാധാന്യം നൽകിയിരുന്ന ഒരു തന്ത്രമായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. 2024 ൽ പുറത്തിറങ്ങിയ വീർ സവർക്കറാണ് മറ്റൊരുദാഹരണം.

ഇവയെല്ലാത്തിനുമുപരിയായി ഭരണകൂടത്തെ വാഴ്ത്തുന്ന സിനിമകളെ എല്ലാരീതിയിലും പ്രോത്സാഹിപ്പിക്കുന്നതും, ഭരണകർത്താക്കളെ പ്രതിക്കൂട്ടിൽ നിർത്തുന്ന നിലപാടുകളും ചരിത്രസത്യങ്ങളും സംവദിക്കുന്ന സിനിമകളെയും അണിയറ പ്രവർത്തകരെയും ക്രൂരമായി വേട്ടയാടുന്നതും, എന്നെന്നും തുടർന്നു പോന്നിട്ടുള്ള ഫാസിസ്റ്റു സമീപനമാണ്. അത് തന്നെയാണ് എമ്പുരാനിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതും.

ഗുജറാത്ത്‌ കലാപത്തെ കുറിച്ച് പ്രാഥമിക പഠനം പോലും നടത്തിയവർക്ക് മറക്കാൻ സാധിക്കാത്ത അല്ലെങ്കിൽ മറക്കാൻ പാടില്ലാത്ത ഒരു പേരാണ് ബാബു ബംജ്രംഗിയുടേത്. വംശഹത്യയിൽ നേരിട്ട് പങ്കെടുക്കുകയും, തന്നെ ഇന്റർവ്യൂ ചെയ്യാൻ വന്ന തെഹൽക്ക ടിവിയുടെ മുന്നിൽ താൻ നടത്തിയ മുസ്ലിംഹത്യകൾ അഭിമാനത്തോടെയും തെല്ലും കൂസലില്ലാതെയും സംസാരിച്ച ഒരു നരഭോജി. ഇന്റർവ്യൂവിലെ ചോദ്യത്തിന് നരേന്ദ്രമോദി വരെ നീണ്ടു നിൽക്കുന്ന പേരുകളും, മൂർച്ചയുള്ള മുസ്ലിം വിദ്വേഷവുമടങ്ങിയ ഞെട്ടിക്കുന്ന മറുപടികളാണ് പറയുന്നത്. സംഭവമെല്ലാം കഴിഞ്ഞപ്പോൾ നരേന്ദ്ര ഭായിയുടെ സന്ദേശം വന്നെന്നും ജയിലിൽ നിന്നിറക്കാനുള്ളതൊക്കെ ചെയ്യുമെന്നും, മോദി മൂന്ന് തവണ ജഡ്ജിയെ മാറ്റിയെന്നും ഒടുവിൽ ജഡ്ജി ഫയൽ തുറന്ന് പോലും നോക്കാതെ ജാമ്യം തന്ന വിവരങ്ങളൊക്കെ അയാൾ വാതോരാതെ പങ്കുവെക്കുന്നു. ബാബു ബജ്രംഗിയുടെ പേരിനോട് സാമ്യമുള്ള പേരുള്ള കഥാപാത്രമാണ് എമ്പുരാനിൽ കലാപം കാണിച്ച രംഗങ്ങളിലെ വില്ലനും ഉള്ളത്. ബംജ്രംഗിയും ഗുജറാത്ത് കലാപവും വീണ്ടും ചർച്ചയാവുന്ന സാഹചര്യത്തിൽ, മലയാളത്തിലെ ഏറ്റവും വലിയ പാൻ ഇന്ത്യൻ ചിത്രമെന്ന രീതിയിൽ കേരളത്തിന് പുറത്തും ചിത്രത്തിനു ലഭിച്ച സ്വീകാര്യത ഭയന്നിട്ടാവണം, സംവിധായകൻ പൃഥ്വിരാജിനെതിരെ RSS മുഖപത്രം “organizer“ തീവ്രമായ ഹേറ്റ് ക്യാമ്പയിൻ നടത്തിക്കൊണ്ടിരിക്കുന്നത്.

എല്ലാരീതിയിലും ഇന്ത്യയെ വലയം ചെയ്തിരിക്കുന്ന ഫാസിസം‌, സിനിമയുടെ സ്വാതന്ത്രാവിഷ്കാരത്തിൽ പ്രശ്നങ്ങളുണ്ടാക്കുകയെന്നത് സ്വഭാവികമാണ്‌. ആത്യന്തികമായി, ഭയമാണ് ഇത്തരത്തിലുള്ള പ്രതിഷേധങ്ങളുടെ അടിസ്ഥാനം. ഭയത്തിനെ, ഭയം കൊണ്ട് നേരിടുന്നത്, കലയുടെയും കലാകാരന്റെയും പരാജയമാണ്‌. നിർഭയത്വവും ധൈര്യവും കൊണ്ടാണ്, ഭയത്തിനെ വിജയിക്കാൻ കഴിയുക. എമ്പുരാനെതിരെയുള്ള മറുപടി, എമ്പുരാൻ തന്നെയാണ്!

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - ഇര്‍ഫാന്‍ എം.

Media Person

Similar News