'വഖഫ് ഭേദഗതി നിയമം മുനമ്പത്തുകാർക്ക് ഗുണകരമാകുമോ എന്ന് സംശയം’; മനു സെബാസ്റ്റ്യൻ സംസാരിക്കുന്നു
പുതിയ ബില്ല് വഖഫ് എന്ന ആശയത്തെ തന്നെ ഇല്ലാതാക്കുന്നുവെന്ന് നിയമപണ്ഡിതനും ലൈവ് ലോ മാനേജിങ് ഡയറക്ടറുമായ മനു സെബാസ്റ്റ്യൻ വ്യക്തമാക്കുന്നു
ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ പാസാക്കിയ വഖഫ് ഭേദഗതി നിയമം, ഭരണഘടനാ വിരുദ്ധ നിയമങ്ങൾ ഉൾച്ചേർന്നതാണെന്ന് സമഗ്ര നിയമവാർത്താ വെബ്‌സൈറ്റായ ലൈവ് ലോ മാനേജിങ് ഡയറക്ടറും നിയമപണ്ഡിതനുമായ മനു സെബാസ്റ്റ്യൻ. മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിലായിരുന്നു വിമർശനം. വഖഫ് ഭേദഗതി നിയമം മുനമ്പത്തെ കുടുംബങ്ങൾക്ക് സഹായകമാകുമെന്ന വാദങ്ങളിൽ സംശയവും ഉന്നയിക്കുന്നുണ്ട് അദ്ദേഹം. ഇതൊരു മതവുമായി മാത്രം ബന്ധപ്പെട്ട വിഷയമല്ലെന്നും ഭരണഘടനാ പ്രശ്നമാണെന്നും മനു ചൂണ്ടിക്കാട്ടുന്നു. നിയമത്തിന്റെ ഓരോ വശങ്ങളെയും ഭരണഘടനയുടെ അടിസ്ഥാനത്തിൽ അഭിമുഖത്തിൽ പരിശോധിക്കുകയാണ് അദ്ദേഹം.
ചോദ്യം ?: വഖഫ് ബിൽ നിയമമായിരിക്കുകയാണ്. ഒരു നിയമം ഭേദഗതി ചെയ്യപ്പെടുന്നത് സാധാരണഗതിയിൽ കാലാനുസൃതമായ മാറ്റങ്ങൾ ആവശ്യമായി വരുമ്പോഴാണ്. അങ്ങനെ നോക്കിയാൽ 1995ലെ വഖഫ് ഇപ്പോൾ ഭേദഗതി ചെയ്യുന്നതിന്റെ പ്രസക്തി എന്താണ്? അങ്ങനെയൊരു ഭേദഗതി അനിവാര്യമായ ഘട്ടം ഉണ്ടായിരുന്നോ
വഖഫ് നിയമത്തിൽ ചില പരിഷ്‌കാരങ്ങൾ ആവശ്യമാണെന്ന് സൂചിപ്പിക്കുന്ന പല സംഭവവികാസങ്ങളും നമുക്ക് ചുറ്റും നടക്കുന്നുണ്ട്. ഉദാഹരണത്തിന് വഖഫ് ബില്ലിലെ സെക്ഷൻ 40, അതിന്റെ ദുരുപയോഗം വ്യാപകമായി ഉണ്ടെന്ന് രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും പരാതികൾ ഉയർന്നിരുന്നു. പ്രസ്തുത വകുപ്പ് പ്രകാരം, ഒരു വസ്തു വഖഫ് ആണെന്ന് വഖഫ് ബോർഡിന് ബോധ്യപ്പെട്ടാൽ അതേറ്റെടുക്കാൻ അധികാരമുണ്ട്. അങ്ങനെയൊരു വസ്തു ഏറ്റെടുത്തുകഴിഞ്ഞാൽ പിന്നെ ആ ഉടമയ്ക്ക് വസ്തു തിരിച്ചുകിട്ടണമെങ്കിൽ വഖഫ് ട്രൈബ്യൂണലിനെ സമീപിച്ച് തന്റേത് വഖഫ് ഭൂമിയല്ലെന്ന് തെളിയിക്കേണ്ടി വരും. അതിനാൽ 40-ാം വകുപ്പിന്റെ ഭേദഗതിയും അതുപോലെ വഖഫ് ട്രൈബ്യുണലിന്റെ തീരുമാനങ്ങൾക്ക് അപ്പീൽ നൽകാമെന്നതും സ്വാഗതാർഹമാണ്.
ഒരു സ്റ്റാറ്റ്യൂട്ടറി ബോർഡിന് അത്തരമൊരു ഏകപക്ഷീയമായ അധികാരം കൊടുക്കണോ, അതിനൊരു നിയന്ത്രണം വേണ്ടേ എന്നൊക്കെയുള്ള പല ചർച്ചകളും പലപ്പോഴായി ഉയർന്നുവന്നിട്ടുണ്ട്. അങ്ങനെയൊരു സാഹചര്യത്തിൽ പരിഷ്‌കരണം ആവശ്യവുമാണ്. നിയമം എല്ലാ കാലത്തും ഒരുപോലെ നിൽക്കണമെന്നില്ല എപ്പോൾ വേണമെങ്കിലും പരിഷ്‌കരിക്കും. ഒരു നിയമം പാസാക്കി, നടത്തിപ്പിൽ വരുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കുമ്പോഴാണ് അതിന് ഭേദഗതികൾ കൊണ്ടുവരുന്നത്. സമാനമായി ചില പ്രശ്നങ്ങൾ ഇവിടെയും ഉണ്ട്. അതിനെപ്പറ്റി ചിന്തിക്കാൻ പാടില്ല എന്ന് നമുക്ക് പറയാൻ സാധിക്കില്ല.
? ഒരു നിയമപണ്ഡിതൻ എന്ന നിലയിൽ പുതിയ ഭേദഗതി പഠിക്കുമ്പോൾ, അതിനെ എങ്ങനെയാണ് വിലയിരുത്തുന്നത്?
ഒന്നോ രണ്ടോ വകുപ്പുകളിലുള്ള ഒരു ഭേദഗതിയല്ല ഇത്. വളരെ സമഗ്രമായ, കാതലായ മാറ്റങ്ങൾ ഈ ഭേദഗതി കൊണ്ടുവരുന്നുണ്ട്. വഖഫ് നിയമത്തെ അല്ലെങ്കിൽ വഖഫ് എന്ന ആശയത്തിൽ തന്നെ പരിഷ്‌കാരങ്ങൾ എന്ന പേരിൽ വെള്ളം ചേർത്തിരിക്കുകയാണ്. നേരത്തെ ഞാൻ സൂചിപ്പിച്ച കാര്യങ്ങളെല്ലാം കുറച്ചു കൂടി നടപടിക്രമസംബന്ധിയായ (PROCEDURAL) കാര്യങ്ങളാണ്. എന്നാൽ ഈ ബില്ലിലൂടെ വഖഫ് എന്ന ആശയത്തെ അടിമുടി മാറ്റിമറിക്കുന്ന ഭേദഗതികൾ അവതരിപ്പിച്ചിരിക്കുകയാണ്. അതിൽ പലതും ഭരണഘടനാവിരുദ്ധമാണ്. ഒരു സമുദായത്തെ മാത്രം ബാധിക്കുന്നതല്ല ഈ വിഷയങ്ങൾ. ഇതൊരു ഭരണഘടനാ പ്രശ്നമാണ്. നമ്മുടെ ഭരണഘടനയിലെ 26-ആം അനുച്ഛേദം പ്രകാരം, എല്ലാ മതവിഭാഗങ്ങൾക്കും അവരുടെ മതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള മൗലികമായ അവകാശമുണ്ട്. അത് നമ്മുടെ മതേതരത്വത്തിന്റെ ഒരു ഭാഗമാണ്. ഭരണകൂടവും മതങ്ങളും തമ്മിലുള്ള വേർതിരിവ് കൃത്യമായി അടയാളപ്പെടുത്തുന്ന മൗലികാവകാശം. മതകാര്യങ്ങളിൽ ഭരണകൂടം ഇടപെടില്ല എന്നതാണ് അതുകൊണ്ട് അർത്ഥമാക്കുന്നത്.
വഖഫ് ബോർഡിൽ കൊണ്ടുവന്ന ഒരു പ്രധാനപ്പെട്ട മാറ്റം, ഇസ്‍ലാം മതവിശ്വാസികൾക്ക് മാത്രമേ വഖഫ് നൽകാൻ പാടുള്ളു എന്ന നിബന്ധനയാണ്. നേരത്തെ ഇങ്ങനെയൊരു നിബന്ധന ഇല്ലായിരുന്നു. മുസ്‌ലിം അല്ലാത്തവർക്കും വഖഫ് നൽകാമായിരുന്നു. ഒരു വ്യക്തിയുടെ മതവിശ്വാസത്തെയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഒരാൾക്ക് താൻ വിശ്വാസിയാണെന്ന് സർക്കാർ സംവിധാനത്തിന് മുന്നിൽ തെളിയിക്കേണ്ടി വരുന്നു. അങ്ങനെയൊരു നിബന്ധനയുടെ ആവശ്യകത എന്താണ്? ഏതൊരു മാറ്റത്തിന് വേണ്ടത് ഒരു അടിസ്ഥാനമാണ്. വഖഫ് ആക്ടിന്റെ 40- ആം വകുപ്പ് ഭേദഗതി ചെയ്യുകയാണെങ്കിൽ നമുക്ക് മനസിലാക്കാം. പക്ഷെ മേല്പറഞ്ഞ മാറ്റത്തിന് എന്ത് അടിസ്ഥാനമാണുള്ളത്?
"അഞ്ച് വർഷം ഇസ്‍ലാം മതവിശ്വാസിയായിരിക്കണം എന്ന വ്യവസ്ഥ. ആരാണ് ഇങ്ങനെ ഒന്ന് ആവശ്യപ്പെട്ടത്? എന്ത് അപാകത പരിഹരിക്കാനാണ് ഈ മാറ്റം കൊണ്ടുവന്നത്? അതിനെകുറിച്ച് ഒരു ചർച്ചയോ വിശദീകരണമോ ഇല്ല."
? അഞ്ചുവർഷം ഇസ്ലാം മതം പാലിച്ചു ജീവിക്കുന്ന ഒരാൾക്ക് മാത്രമേ വഖഫ് ചെയ്യാൻ സാധിക്കു എന്നതാണല്ലോ പുതിയ നിയമം?
നമ്മുടെ നിയമത്തിൽ 'മാനിഫെസ്റ്റ് ആർബിറ്ററിനസ്' (പ്രത്യക്ഷത്തിൽ ഏകപക്ഷീയമായ) എന്നൊരു ആശയമുണ്ട്. ഒറ്റനോട്ടത്തിൽ തന്നെ ഏകപക്ഷീയമായ, സമത്വത്തെ ഇല്ലാതാക്കുന്ന നിയമങ്ങൾ എന്നാണത് അർത്ഥമാക്കുന്നത്. ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞാൽ സാധാരണ ഒരാൾക്ക് പോലും ശുദ്ധ മണ്ടത്തരവും അസംബന്ധവുമാണെന്ന് തോന്നുന്ന നിയമങ്ങൾ. ഒരുപാടൊന്നും അപഗ്രഥിക്കാതെ അങ്ങനെ ഉള്ള വകുപ്പുകൾ കോടതിക്ക് റദ്ദാക്കാം. അത്തരമൊന്നാണ് അഞ്ച് വർഷം ഇസ്‍ലാം മതവിശ്വാസിയായിരിക്കണം എന്ന വ്യവസ്ഥ. ആരാണ് ഇങ്ങനെ ഒന്ന് ആവശ്യപ്പെട്ടത്? എന്ത് അപാകത പരിഹരിക്കാനാണ് ഈ മാറ്റം കൊണ്ടുവന്നത്? അതിനെകുറിച്ച് ഒരു ചർച്ചയോ വിശദീകരണമോ ഇല്ല. മാത്രമല്ല, വഖഫ് എന്നത് അടിസ്ഥാനപരമായി ഒരു ഇസ്ലാമിക ആശയമാണ്. അപ്പോൾ ഉയരുന്ന ചോദ്യം, മുസ്‌ലിം വ്യക്തി നിയമപ്രകാരം എന്തെങ്കിലും അടിസ്ഥാനം ഈ ഭേദഗതികൾക്ക് ഉണ്ടോ എന്നതാണ്.
വഖഫ് ബോർഡുകളിലേക്കും കൗൺസിലുകളിലേക്കും ഇസ്‌ലാം മത വിശ്വാസികൾ അല്ലാത്ത രണ്ട് പേരെയെങ്കിലും നാമനിർദേശം ചെയ്യാനുള്ള അധികാരം സർക്കാരിന് നൽകുന്നുണ്ട് ഭേദഗതി. ഇതും വളരെ അസംബന്ധ വ്യവസ്ഥയാണ്.
അടിസ്ഥാനപരമായി വഖഫ് എന്നത് മതവുമായി ബന്ധപ്പെട്ട കാര്യമാണ്. അതിനെ കൈകാര്യം ചെയ്യാൻ ഉള്ള സ്റ്റാറ്റ്യൂട്ടറി ബോഡിയാണ് വഖഫ് ബോർഡ്. കേരളത്തിന്റെ കാര്യം നോക്കുകയാണെങ്കിൽ ദേവസ്വം ബോർഡിലുള്ളത് ഹിന്ദു മതവിശ്വാസികൾ ആയിരിക്കണമെന്ന് നിയമത്തിൽ പറയുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും സമാനമായ നിയമങ്ങളുണ്ട്. ഇത്തരം ബോർഡുകളിൽ എല്ലാ തന്നെ പൊതുവായി കണ്ടുവരുന്ന ഒരു വ്യവസ്ഥയാണ് സ്റ്റാറ്റ്യൂട്ടറി ബോഡി ആണെങ്കിൽ കൂടി അംഗങ്ങൾ പ്രസ്തുത മത വിശ്വാസികൾ ആയിരിക്കണം എന്നത്. എന്നാൽ ഇസ്‌ലാം മതവുമായി ബന്ധപ്പെട്ട ബോർഡിൽ അതിന് വിരുദ്ധമായ ഒരു വ്യവസ്ഥ വെച്ചിരിക്കുന്നു. ഏകപക്ഷീയമായ കടന്നുകയറ്റവും വ്യക്തമായ വിവേചനവുമാണത്.
ഈ വിഷയത്തിൽ പാർലമെന്റിൽ ചോദ്യം ഉയർന്നപ്പോൾ മന്ത്രി കിരൺ റിജിജു പറഞ്ഞത് വഖഫ് ബോർഡ് സ്റ്റാറ്റ്യൂട്ടറി അഡ്മിനിസ്‌ട്രേറ്റീവ് ബോഡിയാണെന്നും ആർക്കും കടന്നുവരാമെന്നും ആയിരുന്നു. അതിലൊരു തെറ്റില്ലെന്നും റിജിജു അവകാശപ്പെട്ടിരുന്നു. എന്നാൽ അതൊരു തെറ്റിദ്ധാരണയാണ്. ഒപ്പം ദുരുദ്ദേശ്യവും നിഴലിക്കുന്നുണ്ട്.
മുസ്ലിംകൾക്ക് അവരുടെ മതകാര്യങ്ങൾ സ്വയം കൈകാര്യം ചെയ്യാനുള്ള അവകാശം കൂടിയാണ് ഇവിടെ ഹനിക്കപ്പെടുന്നത്.
1995ലെ വഖഫ് നിയമം അനുസരിച്ച്, ഓരോ സംസ്ഥാനത്തെയും മുസ്ലിങ്ങളായ എംപിമാർ, എംഎൽഎമാർ, ബാർ കൗൺസിൽ അംഗങ്ങൾ എന്നിവർ അടങ്ങുന്ന ഇലക്ട്‌റൽ കോളേജിൽനിന്ന് കൂടിയാണ് വഖഫ് ബോർഡിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. പക്ഷെ ബിജെപിയെ സംബന്ധിച്ചിടത്തോളം പല സംസ്ഥാനങ്ങളിലും അവർക്ക് മുസ്‌ലിം എംഎൽഎമാരില്ല. അതുകൊണ്ടുതന്നെ ബിജെപി സർക്കാരുകൾക്ക് വഖഫ് ബോർഡിൽ നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കമാണിതെന്നാണ് ഞാൻ സംശയിക്കുന്നത്.
ഡൽഹി, യുപി പോലെ പലയിടങ്ങളിലും വഖഫ് വസ്തുക്കൾ സർക്കാരിന്റേതാണെന്ന തർക്കം നിലനിൽക്കുന്നുണ്ട്. പലതും വളരെ തന്ത്രപ്രധാനമായ മേഖലകളിലാണ്. കാലാകാലങ്ങളായിട്ടുള്ള വഖഫ് വസ്തുക്കളാണ് പലതും. ഇന്നത്തെ വിപണിമൂല്യം വെച്ച് നോക്കിയാൽ വലിയ വിലയുള്ളവ. ഇത്തരം വസ്തുക്കളുടെ നിയന്ത്രണം സ്വന്തമാക്കാനുള്ള നീക്കമാണോയെന്നും സംശയിക്കാവുന്നതാണ്. രണ്ടുപേരെ വഖഫ് ബോർഡിലേക്ക് സർക്കാരിന് നാമനിർദേശം ചെയ്യാം എന്നതാണ് നിലവിലെ വ്യവസ്ഥ. അത് വളരെ അസാധാരണമായ നടപടിയാണ്. സമാനമായ മറ്റു നിയമങ്ങളിൽ ഇല്ലാത്ത വ്യവസ്ഥകളാണ് ഇവയെല്ലാം.
വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ സുതാര്യമല്ല എന്ന തരത്തിലുള്ള ആക്ഷേപങ്ങളുണ്ട്. സ്റ്റാറ്റ്യൂട്ടറി ബോഡികളിൽ അഴിമതിയും ക്രമക്കേടുമെല്ലാം നടക്കുന്നത് നമ്മുടെ നാട്ടിൽ സർവസാധാരണമാണ്. അത് പരിഹരിക്കാനുള്ള മറ്റു മാർഗങ്ങളാണ് തേടേണ്ടത്. അല്ലാതെ പുറമെ നിന്നുള്ള രണ്ടുപേരെ സർക്കാരിന് നാമനിർദേശം ചെയ്യാനുള്ള അധികാരം നൽകുകയല്ല. നോമിനേറ്റഡ് അംഗങ്ങളുടെ നിഷ്പക്ഷത എപ്പോഴും ചോദ്യമുനയിലായിരിക്കും എന്നിരിക്കെ അതുകൊണ്ട് എന്ത് നേട്ടമാണുണ്ടാവുക?
ഒപ്പം മുസ്ലിംകൾക്ക് അവരുടെ മതകാര്യങ്ങൾ സ്വയം കൈകാര്യം ചെയ്യാനുള്ള അവകാശം കൂടിയാണ് ഇവിടെ ഹനിക്കപ്പെടുന്നത്.. സർക്കാർ നാമനിർദേശം ചെയ്യുന്നത് മറ്റു മതങ്ങളിൽ ഉള്ളവരെയാണ്. അവർ മിക്കവാറും സർക്കാരിന്റെ ഏറാന്മൂളികൾ ആയിരിക്കാനാണ് സാധ്യതയും. സ്വതന്ത്രമായി പ്രവൃത്തിക്കാനുള്ള ബോർഡിൻറെ സാധ്യത കൂടിയാണ് അതിലൂടെ തകരാറിലാകുന്നത്.
വഖഫ് വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ കെടുകാര്യസ്ഥത കാണിക്കുന്നുവെന്നും അതിനാൽ വരുമാനം ലഭിക്കുന്നില്ല എന്നൊക്കെയാണല്ലോ സർക്കാരിന്റെ വ്യാഖ്യാനങ്ങൾ. എന്നാൽ വഖഫ് ബോർഡിന്റെ സ്വതന്ത്രസ്വഭാവത്തെ ഇല്ലാതാക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെങ്കിൽ പിന്നെ എങ്ങനെയാണ് എല്ലാം ശരിയാവുക?
? ഒരാൾക്ക് ഇഷ്ടമുള്ള പോലെ അയാളുടെ ഭൂമി കൈമാറ്റാൻ ചെയ്യാനുള്ള 'റൈറ്റ് ടു പ്രോപ്പർട്ടി' എന്ന ഭരണഘടനാ അവകാശം കൂടിയല്ലേ നിരസിക്കപ്പെടുന്നത്?
തീർച്ചയായും അതെ. ഒരാൾക്ക് അയാളുടെ വസ്തു എങ്ങനെ വിനിയോഗം ചെയ്യണം എന്നുള്ള അവകാശമാണ് അവിടെ റദ്ദ് ചെയ്യപ്പെടുന്നത്. അനുച്ഛേദം 300 എയുടെ ലംഘനമാണത്.
? മുനമ്പം വിഷയവുമായി ബന്ധപ്പെട്ടാണല്ലോ വഖഫ് ഭേദഗതി കേരളത്തിൽ ഇത്രത്തോളം ചർച്ചയാകുന്നത്. സഭയിൽ പോലും ബിജെപി അംഗങ്ങൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഭേദഗതി ആവശ്യമാണെന്ന് വാദിച്ചത്. യഥാർത്ഥത്തിൽ പുതിയ വഖഫ് ഭേദഗതി ഏതെങ്കിലും തരത്തിൽ മുനമ്പം വിഷയത്തിൽ റവന്യു അവകാശങ്ങൾക്കായി സമരം ചെയ്യുന്നവരെ സഹായിക്കുന്നതാണോ?
അതിൽ എനിക്ക് സംശയമുണ്ട്. പുതിയ നിയമത്തിലെ രണ്ട് എ വകുപ്പ് പ്രകാരം, 'ഒരു വ്യക്തി തന്റെ ഭൂമി വഖഫ് ചെയ്യുന്നതിന് പകരം ട്രസ്റ്റ് ആയിട്ടാണ് കൈമാറുന്നതെങ്കിൽ അതിന് വഖഫ് നിയമം ബാധകമാവില്ല.'
ഈ നിയമം വ്യാഖ്യാനിച്ചുകൊണ്ട് പലതരം വാദങ്ങൾ ഞാൻ കണ്ടിരുന്നു. ഒരു ട്രസ്റ്റായ ഫറൂഖ് കോളേജിനാണ് ഭൂമി കൈമാറിയത് എന്നതിനാൽ വഖഫ് നിയമം ബാധകമാകില്ല എന്നതാണ് അതിൽ പ്രധാനം. എന്നാൽ ആ വാദത്തിന്റെ സാധുതയെക്കുറിച്ച് എനിക്ക് ചില സംശയങ്ങളുണ്ട്. ഒന്നാമത്തെ കാര്യം ആ വകുപ്പ് പറയുന്നത്, നിങ്ങളൊരു ട്രസ്റ്റിന് കൊടുക്കുകയാണെങ്കിൽ അത് വഖഫ് ആകില്ല എന്നല്ല.
ഞാൻ മനസിലാക്കുന്നത് എന്താണെന്നുവച്ചാൽ, ഒരു മുസ്‌ലിം വ്യക്തി വഖഫ് ആയിട്ടല്ലാതെ ട്രസ്റ്റ് ആയിട്ട് കൈമാറുകയാണെങ്കിൽ മാത്രമാണ് വഖഫ് ബാധകമല്ലാത്ത വരുന്നത്. വഖഫ് എന്നത് ദൈവത്തിന് വേണ്ടി മാറ്റിവയ്ക്കുന്നതാണ്. അതേസമയം ട്രസ്റ്റ് ആയിട്ട് കൈമാറുക എന്നതുകൊണ്ട് ഉദേശിക്കുന്നത് ഒരു പ്രത്യേക ആവശ്യത്തിന് വേണ്ടി മാത്രമായി നൽകുക എന്നതാണ്. ആ ആവശ്യം നിറവേറ്റാത്ത സാഹചര്യത്തിൽ അതിന്റെ അവകാശികൾക്ക് തിരിച്ചെടുക്കാനുള്ള നിയമവും ട്രസ്റ്റായി കൈമാറുമ്പോൾ ഉണ്ടാകും.
ഈ വകുപ്പ് പക്ഷെ പുതിയൊരു കാര്യമേയല്ല. എല്ലാ മുസ്‌ലിം പബ്ലിക് ട്രസ്റ്റുകളും വഖഫ് അല്ല എന്ന സുപ്രീംകോടതി വിധികൾ നേരത്തെ തന്നെ ഉണ്ടായിട്ടുണ്ട്. 2022ലെ ജസ്റ്റിസ് കെ എം ജോസഫിന്റെ വിധിപ്രകാരം, മുസ്ലിങ്ങൾക്ക് വഖഫ് ആയിട്ടല്ലാതെ ട്രസ്റ്റ് ആയിട്ടും ഭൂമികളോ സ്വത്തുക്കളോ കൈമാറാം. അങ്ങനെയുള്ള സ്വത്തുക്കൾ വഖഫ് ബോർഡിൻറെ കീഴിൽ വരില്ലെന്നും മഹാരാഷ്ട്രയിലെ കേസിൽ കോടതി വിധിച്ചിരുന്നു. ആ തത്വം തന്നെയാണ് പുതിയ വഖഫ് നിയമത്തിലും ഉൾപ്പെടുത്തിയിരിക്കുന്നത്. എന്റെ പരിമിതമായ അറിവുവച്ച് ഞാൻ മനസിലാക്കുന്നത് ഇങ്ങനെയാണ്.
ഈ നിയമം ഉപയോഗിച്ച് മുനമ്പത്തെ ജനങ്ങളുടെ പ്രശ്നം തീരുമോ എന്നതിൽ എനിക്ക് സംശയമുണ്ട്. ഇനിയിപ്പോൾ അങ്ങനെ പരിഹരിക്കപ്പെടുകയാണെങ്കിൽ വളരെ നല്ല കാര്യമാണ്. അറുനൂറോളം കുടുംബങ്ങളെ ബാധിക്കുന്ന മനുഷ്യാവകാശ പ്രശ്നമാണ് മുനമ്പത്തേത്. ഒരു നിയമപ്രശ്നമായി മാത്രം അതിനെ ചുരുക്കിക്കാണാനും സാധിക്കില്ല. അതുകൊണ്ടുതന്നെ പുതിയ നിയമം മൂലം അവർക്ക് പരിഹാരം ലഭിക്കുകയാണെങ്കിൽ വളരെ നല്ല കാര്യമാണ്.
? പുതിയ വഖഫ് നിയമത്തിന്റെ 3 (2) വകുപ്പ് അനുസരിച്ച് ഏതെങ്കിലും വഖഫ് വസ്തു സർക്കാർ വസ്തുവാണെന്ന് പരാതി ലഭിച്ചാൽ സർക്കാർ നിയമിക്കുന്ന ഓഫീസർ തീർപ്പ് കല്പിക്കുന്നതുവരെ, അതൊരു വഖഫ് ഭൂമിയായി പരിഗണിക്കാൻ സാധിക്കില്ല. ഈ നിയമം എത്രമാത്രം അപകടകരമാണ്?
ഭൂമി സംബന്ധിച്ച് സർക്കാരും മറ്റൊരു വ്യക്തിയും തമ്മിൽ തർക്കമുണ്ടായി എന്ന് കരുതുക. അവിടെ സർക്കാരിന് പ്രത്യേക താത്പര്യം എന്തായാലും ഉണ്ടാകുമല്ലോ? അങ്ങനെയിരിക്കെ ആ തർക്കത്തിൽ അന്തിമതീരുമാനമെടുക്കാൻ സർക്കാരിനെ തന്നെ ജഡ്ജിയായി ചുമതലപ്പെടുത്തുന്നത് നീതിയുക്തമാണോ? വഖഫിന്റെ പുതിയ നിയമപ്രകാരം കാര്യങ്ങൾ ഇങ്ങനെയാകും നടക്കുക.
വഖഫ് ഭൂമി സംബന്ധിച്ച സർക്കാരുമായുള്ള തർക്കത്തിൽ, ഭരണകൂടം തന്നെ വിധി പറയാനാണെങ്കിൽ അവിടെയെന്ത് നീതിയാണ് പ്രതീക്ഷിക്കാൻ ആവുക? മാത്രമല്ല, എന്തുവേണമെങ്കിലും തർക്കത്തിലാക്കാൻ സാധിക്കുന്ന തരത്തിലാണ് നമ്മുടെ നാട്. പതിനാറാം നൂറ്റാണ്ടിൽ നിർമിച്ച ഒരു പള്ളിക്ക് മേൽ അവകാശവാദം ഉന്നയിച്ച് ഒരാൾ ഹർജി നൽകുകയാണെങ്കിൽ അതൊരു തർക്കമന്ദിരം ആയി മാറുന്നതാണ് സാഹചര്യം. സംഭൽ മസ്ജിദ് അതിന്റെ ഉദാഹരണമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള സംഭൽ ഇപ്പോൾ കോടതി വ്യവഹാര രേഖകളിൽ 'തർക്കമന്ദിര'മായിട്ടാണ് രേഖപ്പെടുത്തപ്പെടുന്നത്. ഏതൊരാൾ കൊണ്ടുപോയി കേസ് നൽകിയാലും ആ വസ്തുവിന്റെ സ്വഭാവം തന്നെ മാറുകയാണെന്ന് ചുരുക്കം.
500 കൊല്ലം പഴക്കമുള്ള ഒരു മസ്ജിദ് 'തർക്കമന്ദിരം' ആക്കാമെങ്കിൽ വഖഫ് ഭൂമിയും തർക്കവസ്തുവാക്കാം. അതിന് ബുദ്ധിമുട്ടൊന്നുമില്ല. പിന്നീട് ആ തർക്കത്തിൽ സർക്കാരുതന്നെ തീരുമാനം എടുക്കുകയും ചെയ്യുന്നു. അവിടെ ആ നടപടിയിലെ നീതിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. 'YOU CANT BE A JUDGE IN YOUR OWN COURT'.
രാജ്യത്ത് നിലവിലുള്ള ഭൂമി കയ്യേറ്റത്തിനെതിരായ (Land Encroachment) നിയമങ്ങളിൽ സാധാരണഗതിയിൽ തീർപ്പ് കൽപ്പിക്കുന്നത് സർക്കാരുതന്നെയാണ് എന്നത് ശരിയാണ്. എന്നാൽ അതിനൊരു ക്രമവും അപ്പീൽ നൽകാനുള്ള അവസരങ്ങളുമുണ്ട്. എന്നാൽ വഖഫ് ഭൂമിയുടെ കാര്യത്തിൽ അത്തരം വ്യവസ്ഥകൾ കാണ്മാനില്ല. കൂടാതെ, തർക്കം ഉടലെടുക്കന്നതോടെ ഭൂമിയുടെ സ്വഭാവം മാറും. പിന്നീട് തീർപ്പ് കൽപിക്കുംവരെ അതിന് തർക്കവസ്തുവായി തുടരുകയും ചെയ്യും. അത് വലിയൊരു പ്രശ്നമാണ്.
അതുപോലെയാണ്, 'ഉപയോഗത്തിലൂടെയുള്ള വഖഫ്' എന്ന മുൻപുണ്ടായിരുന്ന വ്യവസ്ഥയുടെ കാര്യം. നിലവിൽ തെലുഗു ദേശം പാർട്ടിയുടെയൊക്കെ സമ്മർദത്തിന് വഴങ്ങിയാകണം അതിൽ ചെറിയ മാറ്റങ്ങൾ കേന്ദ്രസർക്കാർ കൊണ്ടുവന്നത്. പുതിയ നിയമപ്രകാരം, ഉപയോഗത്തിലൂടെയുള്ള വഖഫ് എന്ന ആശയം എടുത്തുമാറ്റിയിരുന്നു. എന്നാൽ സമ്മർദ്ദത്തിന് വഴങ്ങിയാകണം അതിന് മുൻകാലപ്രാബല്യം ഉണ്ടാകില്ല എന്ന മാറ്റം വരുത്തിയിട്ടുണ്ട്.
നൂറും ഇരുനൂറും വർഷങ്ങളായി നിലനിൽക്കുന്ന വസ്തുക്കളുണ്ട്. അതിന് രേഖകളൊക്കെ കാണാനും സാധ്യത കുറവാണ്. അങ്ങനെയുള്ളപ്പോൾ ഉപയോഗത്തിലൂടെയുള്ള വഖഫ് എന്ന വ്യവസ്ഥ എടുത്തുകളയുമ്പോൾ പ്രായോഗികമായി പല ബുദ്ധിമുട്ടുകളും ഉണ്ടായേക്കും. ഭാവിയിലുള്ള തർക്കങ്ങൾ ഒഴിവാക്കുന്ന തരത്തിൽ കേന്ദ്രീകൃതമായൊരു ഡോക്യൂമെന്റഷൻ സംവിധാനം നല്ലതാണ്. അതിനോട് എതിർപ്പിലെങ്കിലും വഖഫെന്ന ആശയത്തെ തന്നെ ഇല്ലാതാക്കുന്ന, സർക്കാരിന്റെ അമിതമായ കടന്നുകയറ്റം സാധ്യമാക്കുന്ന വ്യവസ്ഥകൾ വലിയ പ്രശ്നമായി തന്നെ നിലനിൽക്കുന്നുണ്ട്.
? വഖഫ് ബില്ലിന്റെ തുടർച്ചയിൽ ക്രൈസ്തവരെ ലക്ഷ്യമിട്ടുള്ള നിയമങ്ങളും ഉണ്ടാകുമെന്ന ചർച്ചകൾ ദേശീയതലത്തിൽ നടക്കുന്നുണ്ട്. ഓർഗനൈസറിൽ വന്ന ലേഖനമായിരുന്നു അതിന് ആക്കം കൂട്ടിയത്. അങ്ങനെയൊരു നീക്കമുണ്ടാകുമെന്ന വാദങ്ങളെ കുറിച്ച് എന്താണ് തോന്നുന്നത്?
മുനമ്പം വിഷയം മുൻ നിർത്തി ബിഷപ് കൗൺസിലൊക്കെ പ്രസ്താവന ഇറക്കിയിരുന്നല്ലോ. ലേഖനം പിൻവലിച്ചെങ്കിലും ആർ എസ് എസിന്റെ അജണ്ടയിലുള്ള കാര്യങ്ങളാണ് ഇവയൊക്കെ. എന്താണ് ആർ എസ് എസ് എന്നതും അവരുടെ ഉദ്ദേശ്യങ്ങൾ എന്തൊക്കെയാണെന്നതും എല്ലാവരും മനസിലാക്കിയിരിക്കുക. അവരോട് അടുക്കാനുള്ള നീക്കങ്ങൾ അപകടകരമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.