ഭാവിയിലേക്കുള്ള ഇന്ധനം; ശൈഖ് ഹംദാന്റെ ഇന്ത്യാ സന്ദർശനത്തിന്റെ ബാക്കിപത്രം
യുഎഇയിൽ തൊഴിലെടുക്കുന്ന സാധാരണ തൊഴിലാളികൾക്കു വരെ ഈ സന്ദർശനത്തിന്റെ ഗുണഫലം ലഭിച്ചു എന്നതാണ് ഈ യാത്രയെ വ്യത്യസ്തമാക്കുന്നത്
പതിറ്റാണ്ടുകൾ നീണ്ട സൗഹൃദത്തിന്റെ അടിത്തറയിൽ പണിതുയർത്തിയ ബന്ധത്തെ സമൃദ്ധമായ ഭാവിയിലേക്ക് കൈപിടിച്ചു നടത്താൻ ശേഷിയുള്ളതാണ് ശൈഖ് ഹംദാന്റെ ഇന്ത്യാ സന്ദർശനം. അമ്പത് വർഷത്തിനിടെ ഇന്ത്യ സന്ദർശിക്കുന്ന ആറാമത്തെ യുഎഇ രാഷ്ട്ര നേതാവായിരുന്നു ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തിന്റെ ചരിത്രത്തിൽ പലതു കൊണ്ടും അടയാളപ്പെടുത്തുന്നതു കൂടിയായി മാറി ഈ സന്ദർശനം.
സമ്പന്നമായ ചരിത്രത്തിന്റെ തുടർച്ച എന്ന നിലയിലായിരുന്നു ശൈഖ് ഹംദാന്റെ ഇന്ത്യയിലേക്കുള്ള പോക്ക്. 1975ൽ രാഷ്ട്രപിതാവ് ശൈഖ് സായിദ് തുടങ്ങിവയ്ക്കുകയും പിന്തുടർച്ചക്കാർ തുടരുകയും ചെയ്ത ഊഷ്മള ബന്ധത്തിന്റെ മറ്റൊരു പതിപ്പ്. രണ്ടു തവണയാണ് ശൈഖ് സായിദ് ഇന്ത്യയിലെത്തിയത്. എഴുപത്തിയഞ്ചിനും തൊണ്ണൂറ്റിരണ്ടിലും. നിലവിലെ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് 2023, 2024 വർഷങ്ങളിൽ ഇന്ത്യയുടെ മണ്ണിലെത്തി. പിന്നീട് അബൂദബി കിരീടാവകാശി ശൈഖ് ഖാലിദിനും ഇന്ത്യ ആതിഥ്യമരുളി. ഇതിന് പിന്നാലെയായിരുന്നു ശൈഖ് ഹംദാന്റെ സന്ദർശനം.
ഭാവി യുഎഇയുടെ പ്രതിനിധി എന്ന നിലയിലാണ് ഇന്ത്യ ഈ സന്ദർശനത്തെ നോക്കിക്കണ്ടത്. അതുകൊണ്ടു തന്നെ ഇന്ത്യയുടെ എല്ലാ പ്രധാനപ്പെട്ട നേതാക്കളും ശൈഖ് ഹംദാനുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക അത്താഴവിരുന്നു തന്നെ ദുബൈ കിരീടാവകാശിക്കായി ഒരുക്കി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ, വാണിജ്യമന്ത്രി പിയൂഷ് ഗോയൽ എന്നിവരുമായായിരുന്നു ഉഭയകക്ഷി ചർച്ചകൾ. ഇതിന് പുറമേ, മുംബൈയിലെ ബിസിനസ് സമൂഹവുമായും ഇന്ത്യയിലെ യുഎഇ വിദ്യാർഥികളുമായും അദ്ദേഹം ആശയവിനിമയം നടത്തി. തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ ശൈഖ് ഹംദാൻ ചെണ്ടമേളത്തിന്റെ വീഡിയോ പോസ്റ്റു ചെയ്തതും ശ്രദ്ധിക്കപ്പെട്ടു.
യുഎഇയിൽ തൊഴിലെടുക്കുന്ന സാധാരണ തൊഴിലാളികൾക്കു വരെ ഈ സന്ദർശനത്തിന്റെ ഗുണഫലം ലഭിച്ചു എന്നതാണ് ഈ യാത്രയെ വ്യത്യസ്തമാക്കുന്നത്. അതിൽ എടുത്തു പറയേണ്ടത് ദുബൈയിൽ യാഥാർഥ്യമാകുന്ന ഇന്ത്യ-യുഎഇ സൗഹൃദ ആശുപത്രിയാണ്. ദുബൈ ഹെൽത്തും അഞ്ച് ഇന്ത്യൻ സംരംഭകരും ചേർന്നാണ് ലാഭരഹിതമായി പ്രവർത്തിക്കുന്ന ഈ ആശുപത്രി സ്ഥാപിക്കുക. ദുബൈ ഹെൽത്ത് സിഇഒ ഡോ ആമിർ ശരീഫും സംരംഭകരും ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പുവച്ചു. മലയാളി വ്യവസായികളായ ഫൈസൽ കൊട്ടിക്കോളൻ, സിദ്ധാർഥ് ബാലചന്ദ്രൻ, രമേശ് രാമകൃഷ്ണൻ എന്നിവർ പദ്ധതിയുടെ ഭാഗമാണ്. യുഎഇയിലെ ഭാരിച്ച ചികിത്സാ ചെലവുകൾക്ക് വരാനിരിക്കുന്ന ആശുപത്രി ഒരു മറുമരുന്നായി മാറുമെന്ന പ്രതീക്ഷയിലാണ് പ്രവാസലോകം.
സൗഹൃദ ആശുപത്രി അടക്കം ആകെ എട്ടു ധാരണാപത്രങ്ങളാണ് ശൈഖ് ഹംദാന്റെ സന്ദർശന വേളയിൽ ഇരുരാഷ്ട്രങ്ങളും തമ്മിൽ ഒപ്പുവച്ചത്. അതിൽ എടുത്തു പറയേണ്ട മറ്റൊന്ന് ദുബൈയിൽ സ്ഥാപിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് ക്യാമ്പസാണ്. ഐഐഎം അഹമ്മദാബാദാണ് ദുബൈയിൽ രാജ്യാന്തര ക്യാംപസ് ആരംഭിക്കുക. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിന്റെ ആദ്യ രാജ്യാന്തര ക്യാമ്പസും വൈകാതെ ദുബൈയിൽ പ്രവർത്തനം തുടങ്ങും. ദുബൈ എക്‌സ്‌പോ സിറ്റിയിലെ ഇന്ത്യാ പവലിയനിലാകും ക്യാമ്പസ്.
ഒരു വർഷത്തെ മുഴുസമയ എംബിഎ പ്രോഗ്രാം നൽകുന്ന സ്ഥാപനമാകും ദുബൈ ഐഐഎം. വർക്കിങ് പ്രൊഫഷണലുകൾക്കും സംരംഭകർക്കും കോഴ്‌സിൽ ചേരാനാകും. 2025 സെപ്തംബറിൽ ആദ്യ ബാച്ച് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യക്ക് പുറത്ത് ക്യാംപസ് സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ ഐഐഎമ്മാണ് അഹമ്മദാബാദിന്റേത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി)ക്ക് പിന്നാലെയാണ് ഐഐഎമ്മും യുഎഇയിലെത്തുന്നത്. കഴിഞ്ഞ വർഷം സെപ്തംബറിലാണ് ഡൽഹി ഐഐടിയുടെ ക്യാംപസ് അബൂദബിയിൽ പ്രവർത്തനം തുടങ്ങിയത്.
ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്ക് പുറമേ, വ്യാപാരമേഖലയിലെ പല തുറസ്സുകളിലും ഇരുരാഷ്ട്രങ്ങളും സഹകരണത്തിന് ധാരണയായി. ഇന്ത്യയിലെ വിവിധ കമ്പനികളുമായി മൂന്ന് ധാരണാപത്രങ്ങളാണ് ദുബൈ ചേംബേഴ്‌സ് ഒപ്പുവച്ചത്. കരാർ പ്രകാരം 73.5 കോടി ദിർഹമാണ് ഡിപി വേൾഡ് ഇന്ത്യയിൽ നിക്ഷേപിക്കുക. കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിൽ അടക്കം ഫ്രീ ട്രേഡ് വെയർഹൗസ് സോണുകൾ നിർമിക്കാൻ ആഗോള ലോജിസ്റ്റിക് ഭീമനായ ഡിപി വേൾഡിന് പദ്ധതികളുണ്ട്.
ദുബൈ ജബൽ അലി ഫ്രീ സോണിൽ 27 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ ദുബൈ ചേംബർ നിർമിക്കുന്ന ഭാരത് മാർട്ട്, ഇന്ത്യ-യുഎഇ വിർച്വൽ കോറിഡോർ, കൊച്ചിൻ ഷിപ് യാർഡുമായി സഹകരിച്ച് കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം, ദുബൈ മെഡിക്കൽ യൂമിവേഴ്‌സിറ്റിയും എയിസും തമ്മിലുള്ള അക്കാദമിക, ഗവേഷണ സഹകരണം തുടങ്ങിയ കരാറുകളിലും ഇരുരാഷ്ട്രങ്ങളും ഒപ്പുവച്ചിട്ടുണ്ട്.
ഉഭയകക്ഷി വ്യാപാരം 2030 ഓടെ പതിനായിരം കോടി ഡോളറിലെത്തിക്കുകയാണ് ഇരുരാഷ്ട്രങ്ങളുടെയും ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്ക് വേഗം കൂട്ടുന്ന കരാറുകലാണ് നിലവിൽ ഒപ്പുവയ്ക്കപ്പെട്ടിട്ടുള്ളത്. ഇതിന് പുറമേ, യുഎഇയിൽ തൊഴിലെടുക്കുന്ന നാല്പത് ലക്ഷത്തോളം ഇന്ത്യൻ പ്രവാസികളുടെ ക്ഷേമവും കരാറുകളിൽ പ്രാധാന്യപൂർവം ഇടംപിടിച്ചു. ഈ സന്ദർശനത്തെ ഏറ്റവും സവിശേഷമായി മാറ്റുന്ന ഘടകവും അതു തന്നെയാണ്.