പതിമൂവായിരം വർഷത്തിനപ്പുറത്തുനിന്ന് മൂന്ന് ചെന്നായ്ക്കൾ; യുദ്ധം വ്യാപാരമാക്കി, ഇനി വ്യാപാരം യുദ്ധമാക്കും

വംശനാശം സംഭവിച്ച് ഭൂമിയിൽ നിന്ന് നിശ്ശേഷം ഇല്ലാതായ വെള്ളച്ചെന്നായ്ക്കളെ (ഡയർ വൂൾഫ്) ശാസ്ത്രജ്ഞർ വീണ്ടും സൃഷ്ടിച്ചെടുത്തു. മൂന്ന് ചെന്നായ്ക്കളെയാണ് കൊളോസൽ ബയോസയൻസസ്‌ എന്ന കമ്പനി പുന:സൃഷ്ടിച്ചിരിക്കുന്നത്

Update: 2025-04-16 05:41 GMT
Advertising

പതിമൂവായിരം വർഷത്തിനപ്പുറത്തുനിന്ന് മൂന്ന് ചെന്നായ്ക്കൾ

വംശനാശം സംഭവിച്ച് ഭൂമിയിൽ നിന്ന് നിശ്ശേഷം ഇല്ലാതായ വെള്ളച്ചെന്നായ്ക്കളെ (ഡയർ വൂൾഫ്) ശാസ്ത്രജ്ഞർ വീണ്ടും സൃഷ്ടിച്ചെടുത്തു. മൂന്ന് ചെന്നായ്ക്കളെയാണ് കൊളോസൽ ബയോസയൻസസ്‌ എന്ന കമ്പനി പുന:സൃഷ്ടിച്ചിരിക്കുന്നത്. “13,000 വർഷം ഭൂമിയിൽ കേൾക്കാതിരുന്ന ആ കരച്ചിൽ ഇതാ വീണ്ടും” എന്ന പരസ്യം അതിനു പിന്നിലെ മാർക്കറ്റിങ് സൂത്രത്തെക്കൂടി സൂചിപ്പിച്ചു. പുന:സൃഷ്ടി എന്ന അവകാശവാദം നൂറുശതമാനം സത്യമല്ലെന്ന് ശാസ്ത്രജ്ഞൻ തന്നെ സമ്മതിക്കുന്നു. ഡയർ വൂൾഫല്ല, ഡയർ വൂൾഫിനെപ്പോലിരിക്കുന്ന ഗ്രേ വൂൾഫാണിത്. കൊളോസൽ കമ്പനിയുടെ വീണ്ടെടുപ്പ് പട്ടികയിൽ (ഡീ എക്സ്റ്റിങ്‌ക് ഷൻ ലിസ്റ്റിൽ) ഇനിയും ജീവികളുണ്ട്. ഈ പരീക്ഷണങ്ങൾ ജൂറാസിക് പാർക്കിനെയും വലിയ വിനാശത്തിലേക്കു നയിച്ച പരീക്ഷണങ്ങളെയും ഓർമിപ്പിക്കുന്നു. ശാസ്ത്രലോകത്തെ പുതിയ വാർത്തകൾ കൗതുകം മാത്രമല്ല, ഉത്കണ്ഠയും ഉയർത്തുന്നുണ്ട്.

Full View

യുദ്ധം വ്യാപാരമാക്കി; ഇനി വ്യാപാരം യുദ്ധമാക്കും

വാർത്താ പ്രാധാന്യത്തിൽ ട്രംപിനെ വെല്ലുന്ന ഒരു ചെന്നായുമില്ല. അമേരിക്കൻ പ്രസിഡൻറ് ലോകത്തെ ഭരിക്കാൻ ഒരുങ്ങിയിരിക്കുന്നു; ഇറക്കുമതി തീരുവ യുദ്ധക്കോപ്പാക്കി വ്യാപാര യുദ്ധത്തിനിറങ്ങിയിരിക്കുന്നു. അമേരിക്കയുടെ മുഖ്യ വ്യാപാരം എന്താണ്? യുദ്ധമാണ് യുഎസിന്‍റെ മുഖ്യ കയറ്റുമതി. ആയുധമാണ് മുഖ്യ കച്ചവടം. അമേരിക്കയുടെ 250 വർഷത്തെ ചരിത്രത്തിൽ അന്യനാടുകളിൽ സൈനിക ഇടപെടൽ നടത്താത്തത് 20 വർഷം മാത്രം. യുദ്ധത്തിന്‍റെ വ്യാപാരത്തിൽ നിന്ന് അമേരിക്ക സാക്ഷാൽ വ്യാപാരത്തിലേക്ക് ശ്രദ്ധമാറ്റുമെങ്കിൽ അത് നല്ലതാണ്. എന്നാൽ യുദ്ധത്തിൽ വ്യാപാരം നടത്തിയ അവർ ഇനി വ്യാപാരത്തിലും യുദ്ധം കൊണ്ടുവരികയാണ്. വ്യാപാരം സഹകരണത്തിലാണ് വളരുക. ട്രംപ് അതിൽ മാത്‌സര്യം കൊണ്ടുവരുന്നു. ട്രംപിന് ഇഷ്ടം സഹകരണത്തിന്‍റെ വഴിയല്ല, ഏറ്റുമുട്ടലിന്‍റെ വഴിയാണ്. ആസിയാൻ, ബ്രിക്സ് തുടങ്ങിയ കൂട്ടായ്മകൾക്കിടയിൽ തീരുവ നിരക്ക് പലതരത്തിലാക്കി ട്രംപ് ഓരോ എതിർ രാജ്യത്തെയും ഒറ്റപ്പെടുത്തുന്നതിൽ വിജയിച്ചിരിക്കുന്നു. അപ്പോൾ ഇനി നമ്മൾ കാണും, “വംശനാശമുക്തി” നേടിയ വ്യാപാരച്ചെന്നായ ആരെയൊക്കെ ആക്രമിക്കുമെന്ന്. 

Full View

നിയമവും നീതിയും: ചില ഇന്ത്യൻ വാർത്തകൾ

കഴിഞ്ഞ ദിവസങ്ങളിൽ നമ്മുടെ നാട്ടിൽ തലക്കെട്ടു പിടിച്ച വേറെയും ചില വാർത്തകളുണ്ട്. ജുഡീഷ്യറിയുമായി ബന്ധപ്പെട്ടതാണ് രണ്ട് വാർത്താ തലക്കെട്ടുകൾ. ഒന്ന്, തമിഴ് നാട്ടിലെ ഗവർണർ ആർ എൻ രവിയുടെ അമിതാധികാരത്തിന് അന്ത്യം കുറിച്ചുള്ള സുപ്രീം കോടതിയുടെ വിധി. ജനകീയ സർക്കാറുകൾക്കുമേൽ യൂനിയൻ സർക്കാരിന്‍റെ കടിഞ്ഞാണായി, ഫെഡറലിസത്തെ തകർക്കുന്ന സ്ഥാപനമാകരുത് ഗവർണർ പദവി. ജുഡീഷ്യറി, ഉത്തർപ്രദേശ് സർക്കാരിനെയും രൂക്ഷമായി വിമർശിച്ചു. ആ സംസ്ഥാനത്ത് നിയമവാഴ്ച തകർന്നു എന്ന കോടതിയുടെ അതിഗുരുതരമായ കണ്ടെത്തൽ മാധ്യമങ്ങളോ രാഷ്ട്രീയക്കാരോ വേണ്ടത്ര ചർച്ച ചെയ്തില്ല. ന്യൂനപക്ഷങ്ങളിൽ ആശങ്കയുണർത്തിക്കൊണ്ട് വഖ്ഫ് ഭേദഗതി നിയമമായതിനുതൊട്ടുപിന്നാലെ, ആർ.എസ്.എസ് വാരികയായ ഓർഗനൈസറിന്‍റെ ഡിജിറ്റൽ പതിപ്പിൽ വന്ന ലേഖനം ശ്രദ്ധിക്കപ്പെട്ടു—പ്രത്യേകിച്ച് കേരളത്തിൽ. വഖ്ഫ് സ്വത്തിനേക്കാൾ എത്രയോ കൂടുതലാണ് കത്തോലിക്കാ സഭ കൈവശം വെച്ചിട്ടുള്ള ഭൂസ്വത്ത് എന്ന നിരീക്ഷണം, സർക്കാർ ഇനി അതിലാണ് നോട്ടമിടുന്നത് എന്ന് സൂചിപ്പിച്ചു. ഓർഗനൈസർ ആ ലേഖനം പിൻവലിച്ചെങ്കിലും അതുണ്ടാക്കിയ ഓളം ബാക്കി നിൽക്കുന്നു.

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - യാസീന്‍ അശ്‌റഫ്

Media Critic, Writer

Similar News