കാർബി - രാജ്യത്തെ വലിയ ഗോത്രോത്സവം
രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഗോത്ര ഉത്സവമായ കാർബി ഫെസ്റ്റിവൽ ഇന്നും വേണ്ട രീതിയിൽ ജനങ്ങളിലേക്ക് എത്തിയിട്ടില്ല. 51 വർഷം പിന്നിട്ട ഈ ഗോത്ര ഉത്സവത്തെക്കുറിച്ച് പലരും ഇപ്പോൾ അറിഞ്ഞു വരുന്നേയുള്ളൂ. നാഗാലൻഡിലെ ഹോൺബിൽ തുടങ്ങിയിട്ട് ഏതാനും വർഷങ്ങൾ മാത്രമെ ആയിട്ടുള്ളൂ. അതിന്റെ പതിന്മടങ്ങ് കാഴ്ചകൾ ഒരുക്കുന്ന കാർബി ഫെസ്റ്റ് മറക്കാനാവാത്ത അനുഭവമാണ് സമ്മാനിക്കുക
ഫെബ്രുവരി മാസത്തിലെ അത്യപൂർവ്വ തണുപ്പിന്റെ പിടിയിലാണ് മലനിരകളാൽ ചുറ്റപ്പെട്ട ദിഫുവിലെ കാർബിയാംഗ് ലോംഗ്. ഇവിടെ കൂടിയ ആയിരക്കണക്കന് ആളുകൾക്ക് ഇത് പുതുമയുള്ളതല്ലെങ്കിലും അതിഥികളായി എത്തുന്ന ആർക്കും ഇവിടത്തെ കഠിനമായ തണുപ്പും അതിനിടയിൽ നടക്കുന്ന ഗോത്ര വർഗക്കാരായ കാർബി വിഭാഗക്കാരുടെ തനതായ സാംസ്കാരിക ആഘോഷവുമെല്ലാം പുത്തൻ അനുഭൂതിയാകും സമ്മാനിക്കുക. അസമിന്റെ തലസ്ഥാന നഗരമായ ഗുവഹാട്ടിയിൽനിന്നും നാനൂറിലധികം കി.മീറ്റർ സഞ്ചരിച്ച് ദിഫു ജില്ലയിലെ പട്ടണമായ കാർബിയാംഗ് ലോംഗിൽ എത്താം. പേര് സൂചിപ്പിക്കുന്നതുപോലെ കാർബി വിഭാഗക്കാരുടെ ഏറ്റവും വലിയ പ്രദേശമാണ് കാർബിയാംഗ് ലോംഗ്.
ഇവിടെ എല്ലാ വർഷവും ഫെബ്രുവരി രണ്ടാം വാരത്തിൽ നടക്കുന്ന ഏറ്റവും വലിയ ഗോത്ര ഉത്സവമാണ് കാർബി ട്രൈബൽ യൂത്ത് ഫെസ്റ്റിവൽ. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ആദിമനിവാസികളുടെ ഉത്സവം. കഴിഞ്ഞ 51 വർഷമായി ഇത് തുടർന്നുവരുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള അനേകം ഗോത്രവിഭാഗക്കാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ഇത്തരം ഒരു ഉത്സവം രാജ്യത്ത് എവിടെയുമില്ല. 1974ൽ ഇവിടുത്തെ ഗോത്രവിഭാഗക്കാരുടെ സാംസ്കാരിക ഉന്നമനം ലക്ഷ്യം വച്ച് തുടങ്ങിയ, നാല് ദിവസം നീളുന്ന നേർകാഴ്ചകൾ ഇവരിലെ ഇന്നും നഷ്ടപ്പെട്ടിട്ടില്ലാത്ത തനത് ഗോത്ര സംസ്കാരത്തിന്റെ ആവിഷ്കാരങ്ങളാണ്.
അസം സർക്കാരിന് കീഴിൽ പ്രത്യേക സ്വയംഭരണ പ്രദേശമായ ഇവിടെ ഈ ഉത്സവം നടത്താൻ വേണ്ടി മാത്രം പ്രത്യേക സാംസ്കാരിക കേന്ദ്രമുണ്ട്. ഇതിന് കീഴിലാണ് ഓരോ വർഷവും ലക്ഷക്കണക്കിന് രൂപ (ഇത്തവണ 4 കോടി രൂപ) ചെലവഴിച്ച് കാർബി ഗോത്ര ഉത്സവം നടത്തുന്നത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നാഗാലൻഡിലെ ഹോൺബിൽ ഉത്സവങ്ങൾ പോലെ ചിലത് നടക്കുന്നുണ്ടെങ്കിലും കഴിഞ്ഞ 51 വർഷമായി ഇത്രയധികം വിപുലമായി നടക്കുന്ന മറ്റൊരു ഗോത്ര ഉത്സവവും രാജ്യത്ത് വേറെയില്ല.
കാർബിയാംഗ് ലോംഗിൽ പ്രത്യകം സജ്ജമാക്കിയ ഉത്സവ വേദിയായ തരളംഗ്‌സോയിലാണ് നാല് ദിവസം നീളുന്ന കാർബി യൂത്ത് ഫെസ്റ്റിവൽ നടക്കുക. നാല് ഭാഗവും മലകളാൽ ചുറ്റപ്പെട്ട ഇവിടുത്തെ പ്രധാനപ്പെട്ട വിശാലമായ അഞ്ച് സ്റ്റേജുകളിലാണ് ഗോത്ര കലകൾ അരങ്ങേറുക. ഓരോ വേദികളിലും വിവിധ ഗോത്രവിഭാഗക്കാരുടെ വ്യത്യസ്തങ്ങളായ കലാവിഷ്കാരങ്ങളാണ് നടക്കുക. ഓരോ ഗോത്രവിഭാഗത്തിൽ നിന്നുമായി വിവിധ ഗ്രൂപ്പുകൾ തങ്ങളുടെ നഷ്ടപ്പെട്ടിട്ടില്ലാത്ത കലകൾ ഇവിടെ മത്സര ബുദ്ധിയോടെ അവതരിപ്പിച്ച് സമ്മാനങ്ങൾ നേടുന്നു. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ തങ്ങളുടെ പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് നൃത്തച്ചുവടുകളുമായി നീങ്ങുന്ന കാഴ്ച ഈ ഗോത്ര ഉത്സവത്തിന്റെ പ്രത്യകതയാണ്.
കലാ ആവിഷ്കാരങ്ങൾക്കൊപ്പം തലമുറകളായി കാത്തുവരുന്ന പുരുഷന്മാർക്കായിട്ടുള്ള വിവിധ മത്സരങ്ങൾക്കും ഇവിടെ വേദിയുണ്ട്. ഇതിൽ ഏറ്റവും എരിവ് കൂടിയ മുളക് തീറ്റ മത്സരം മുതൽ വടം വലിവരെയുണ്ട്. ഇതോടൊപ്പം തന്നെ വിവിധ ഗോത്രവർഗക്കാരായ സ്ത്രീകൾ അവരുടെ വസ്ത്രങ്ങൾ നെയ്തെടുക്കുന്ന കാഴ്ച കാണാം. കടുത്ത വർണ്ണങ്ങളിൽ സ്ത്രീകൾ നിരന്നിരുന്ന് വസ്ത്രങ്ങൾ ആരുടെയും സഹായമില്ലാതെ നെയ്തെടുക്കുകയാണിവിടെ. ഇങ്ങിനെ നെയ്തെടുക്കുന്ന വസ്ത്രങ്ങളുടെ വില്പനയും ഉണ്ട്. നാല് ദിവസം നീളുന്ന ഈ ആഘോഷത്തിന് ആയിരക്കണക്കിന് ഗോത്ര വിഭാഗക്കാരാണ് എത്തുക.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രബല ഗോത്ര വിഭാഗക്കാർ ഇവിടെ പ്രത്യേക സ്റ്റാളുകൾ സജ്ജമാക്കിയിട്ടുണ്ട്. മണിപ്പൂർ, നാഗാലൻഡ്, മിസോറാം , അരുണാചൽ പ്രദേശ്, മേഘാലയ, സിക്കിം, ത്രിപുര സംസ്ഥാനങ്ങളിലെ സ്റ്റാളുകളിലെത്തി അവരുടെ സാംസ്കാരികത്തനിമ അടുത്തറിയാം. ഗോത്ര വിഭാഗക്കാരുടെ ഭക്ഷണ രീതികളും അതിന്റെ രുചിയും അനുഭവിച്ചറിയാം. ഭൂമിയിൽ ചലിക്കുന്ന എല്ലാ ജീവനുകളെയും ഭക്ഷിക്കുന്ന നാഗാലാന്റിലെ കൊണ്യാക്കുകളുടെ രുചി കൂട്ടുകൾ അറിയാൻ ഇത്തരം ഉത്സവങ്ങളല്ലാതെ മറ്റു മാർഗമില്ല. വില്പനക്കായി കൊണ്ടു വന്ന ഇവരുടെ ആയുധങ്ങളും കാഴ്ചക്ക് കുളിരേകും.
രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഗോത്ര ഉത്സവമായ കാർബി ഫെസ്റ്റിവൽ ഇന്നും വേണ്ട രീതിയിൽ ജനങ്ങളിലേക്ക് എത്തിയിട്ടില്ല. 51 വർഷം പിന്നിട്ട ഈ ഗോത്ര ഉത്സവത്തെക്കുറിച്ച് പലരും ഇപ്പോൾ അറിഞ്ഞു വരുന്നേയുള്ളൂ. നാഗാലാന്റിലെ ഹോൺബിൽ തുടങ്ങിയിട്ട് ഏതാനും വർഷങ്ങൾ മാത്രമെ ആയിട്ടുള്ളൂ. അതിന്റെ പതിൻ മടങ്ങ് കാഴ്ചകൾ ഒരുക്കുന്ന കാർബി ഫെസ്റ്റ് മറക്കാനാവാത്ത അനുഭവമാണ് സമ്മാനിക്കുക. കാർബി സാംസ്കാരിക സംഘത്തിന്റെ അതിഥിയായിട്ടാണ് നാല് ദിവസത്തെ ഉത്സവം അടുത്തറിയാൻ കാർബി യാംഗ് ലോംഗിൽ എത്തിയത്.
ആയിരക്കണക്കിന് വരുന്ന വിവിധ ഗോത്രവർഗക്കാർ ആഘോഷ പൂർവ്വമാണ് ഇത് കൊണ്ടാടുന്നത്. കാർബി ഫെസ്റ്റിവൽ നടക്കുന്ന നാല് ദിവസവും സർക്കാർ അവധി ദിനങ്ങളാണ്. ഇവിടെ എത്തുന്ന ഓരോരുത്തരും തങ്ങളുടെ ഗോത്രത്തനിമ നിലനിർത്തി പരമ്പരാഗത രീതിയിൽ വസ്ത്രങ്ങളണിഞ്ഞിട്ടുണ്ടാകും. വിവിധ വർണ്ണങ്ങളിൽ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയൊരുക്കുന്നതിൽ പുതിയ തലമുറ പഴയ തലമുറകളോട് മത്സരിക്കുന്ന കാഴ്ചയും ഇവിടെ കാണാം. ഗോത്ര കാഴ്ചകൾക്കൊപ്പം പുതിയ തലമുറയുടെ ഹരമായ റാപ്പ് സംഗീത നിശയും അതിനൊത്ത് താളം വെക്കുന്ന ഗോത്ര യുവതീ യുവാക്കളുടെ രാവേറെ നീണ്ടു നിൽക്കുന്ന വിസ്മയ ദൃശ്യങ്ങളും കാണേണ്ടതു തന്നെ. ഫെബ്രുവരിയിലെ കഠിനമായ തണുപ്പ് കാർബിയാംഗ് ലോംഗിലെ ജനസഞ്ചയത്തിനൊപ്പം ആസ്വദിച്ച് നാല് ദിവസത്തിന് ശേഷം തിരിച്ചുപോരുമ്പോൾ അടുത്ത വർഷവും ഇവിടെ എത്തണമെന്ന് മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു.