നൈസാമിന്റെ നാട്ടിലെ ഇഫ്താർ വിശേഷങ്ങൾ

ഹലീമിന്റെ തനത് രുചി അനുഭവിക്കാൻ ഹൈദരാബാദിൽ തന്നെ എത്തണം

Update: 2025-03-01 06:59 GMT
Advertising

ചാർമിനാർ ചൗക്കിലെ മക്ക മസ്ജിദാണ് ഹൈദരാബാദിലെ ഇഫ്താറിന്റെ ശ്രദ്ധാകേന്ദ്രം. ഇവിടെ മസ്ജിദ് കമ്മിറ്റി പ്രത്യേകം ഭക്ഷണം ഒന്നും വിതരണം ചെയ്യുന്നില്ല. പക്ഷെ, ഭക്ഷണങ്ങൾ വീട്ടിൽനിന്ന് കരുതിയും കടകളിൽനിന്ന് വാങ്ങിയും കുടുംബങ്ങളായി ആയിരങ്ങൾ ഇഫ്താറിന് പള്ളിയിലെത്തും. അകം പള്ളിക്ക് പുറത്തെ വിശാലമായ മുറ്റത്ത് ഇഫ്താറിന് വളരെ നേരത്തെ തന്നെ തുണിയോ പേപ്പറോ വിരിച്ചു ചെറു സംഘങ്ങൾ അവർ സ്ഥലം പിടിക്കുന്നു. ഇഫ്താറിന് കാത്തിരിക്കുന്നവരെ തേടി തെരുവ് കച്ചവടക്കാർ ഹലീമും തണ്ണിമത്തനും കുപ്പിവെള്ളവുമായി ഒഴുകും. പത്ത് രൂപ മുതൽ അമ്പത് രൂപ വരെ മാത്രമുള്ള ഹലീം ചെറിയ പാത്രത്തിലാണ് വിതരണം ചെയ്യുക.

കുടിവെള്ളവും സർബത്തും മിക്കവാറും സൗജന്യമായി തന്നെ ലഭിക്കും. അതിന് പ്രത്യേക കൗണ്ടറുകളിൽ വളണ്ടിയർമാർ ഉണ്ടാവാറുണ്ട്. തൊട്ടടുത്ത് ഇഫ്താറിന് ഇരിക്കുന്ന സംഘങ്ങൾക്ക് തങ്ങൾ കരുതിയതിൽനിന്ന് പങ്കിടുന്നവരെ ധാരാളമായി കാണാം. ബാങ്കൊലികൾ മുഴുങ്ങുന്നതോടെ ആയിരങ്ങൾ നിശബ്ദരായി നോമ്പിന് വിരാമമിടുന്നു. മിനിറ്റുകൾ കൊണ്ട് ഇഫ്താർ അവസാനിപ്പിച്ച് മഗ്രിബ് നമസ്കാരത്തിനായി വരിനിൽക്കുന്നു.

ലളിതമായ ഇഫ്താറിന് ശേഷം ഹൈദരാബാദിന്റെ തനത് വിഭവങ്ങൾ ആസ്വധിക്കാൻ അവർ തെരുവുണർത്തുന്നു. മറ്റു നഗരങ്ങളിൽനിന്ന് വ്യത്യസ്തമായി ഹൈദരാബാദിൽ ഇഫ്താർ ഗല്ലികൾ മാത്രമല്ല, പേരുകേട്ട ഹോട്ടലുകളിലും തെരുവ് പോലെ നിറഞ്ഞൊഴുകും. ഹലീം, ബിരിയാണി, ചായ തുടങ്ങിയ ഹൈദാരബാദ് തനത് രുചികൾ തേടിയുള്ള സഞ്ചാരം ഇവിടെ ആരംഭിക്കുന്നു. 

ഹൈദരാബാദ് ബിരിയാണിയുടെ ചരിത്രം

നൈസാമിന്‍റെ കൊട്ടാരത്തിലെ അടുക്കളയിൽനിന്നാണ് ഇന്ന് ലോകം മുഴുവൻ രുചിക്കുന്ന ഹൈദരാബാദ് ബിരിയാണിയുടെ കഥ ആരംഭിക്കുന്നതത്രെ. ബസ്മതി അരിയും മട്ടനും കൂടെ കറുവപ്പട്ട, ഗ്രാമ്പൂ, ഏലം, ജാതിക്ക, പപ്പായ പേസ്റ്റ്, ഷാഹി ജീര, ജാതിപത്രി, നാരങ്ങ, കുങ്കുമം, ദഹി എന്നിവയൊക്കെ ചേർന്ന് തയ്യാറാകുന്നുന്ന ധം ബിരിയാണിക്ക് ഹൈദരാബാദിൽ സ്ഥിരം സ്പോട്ടുകൾ ധാരാളമുണ്ട്. മട്ടന് പുറമെ ചിക്കൻ ദം ബിരിയാണിയും പ്രശസ്തമാണ്. ശദാബ്, ശാഖോസ്, പിസ്ത ഹോബ്സ്, കഫേ ബഹർ തുടങ്ങിയ നിരവധി ബിരിയാണി സ്പോട്ടുകളിൽ ആളുകൾ നിറഞ്ഞെത്തും. മിക്ക ഹോട്ടലുകളിലും ബീഫ് ബിരിയാണി ലഭിക്കാറില്ല. പശു രാഷ്ട്രീയ പ്രശ്നമാവുന്നതിന് മുമ്പും ഇവിടം ഇങ്ങനെ തന്നെയാണ്.

മട്ടനാണ് ഹൈദരാബാദിന്റെ ആധികാരിക മാംസം. ബീഫ് ലഭ്യമാവുന്ന ഹോട്ടലുകളിൽ പോലും ബീഫ് എന്നതിന് പകരം മട്ടൻ എന്നാണ് എഴുതാറുള്ളത്. ബ്രാക്കറ്റിൽ ബഡേക്ക എന്നെഴുതും. ബീഫിന് കല്യാണി ബിരിയാണിയാണ് പ്രിയം. ചെറിയ ഹോട്ടലുകൾ, തെരുവ് കൗണ്ടറുകളിലുമാണ് കല്യാണി പൊതുവിൽ ലഭിക്കുക. എന്നാൽ, കല്യാണിക്ക് സ്പഷ്യലൈസായ ഹോട്ടലുകളും ധാരാളമുണ്ട്. ഹൈദരാബാദ് ദം ബിരിയാണിയുടെ ബീഫ് പതിപ്പായാണ് കല്യാണി ബിരിയാണി പലരും മനസ്സിലാക്കുന്നത്. എന്നാൽ, ചേരുവയിലും, പാചക രീതിയിലും രുചിയിലും ധാരാളം വ്യത്യസ്തതകൾ ഇവ പുലർത്തുന്നുണ്ട്. കുങ്കുമപ്പൂവും കശുവണ്ടി, ഉണക്കമുന്തിരി, ബദാം തുടങ്ങിയ വിലകൂടിയ ചേരുവകളാണ് ഹൈദരാബാദ് ബിരിയാണിയുടെ ഹൈലൈറ്റ്. എന്നാൽ, ഇവക്ക് പകരം മല്ലിയില, തക്കാളി എന്നിവയുടെ സാന്നിധ്യമാണ് കല്യാണിയുടെ രുചിക്കൂട്ടിൽ ശക്തമായി പ്രകടമാവുന്നത്.

ഹൈദരാബാദി ബിരിയാണിയിൽ മാംസം പാചകം ചെയ്യും മുമ്പ് സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് മാരിനേറ്റ് ചെയ്യുന്നു. അതേസമയം ഈ ബിരിയാണിയിൽ മാംസം നേരിട്ട് സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് പാകം ചെയ്ത് അരിയുടെ പാളികളായി ദം പ്രക്രിയയ്ക്കായി വിതറുന്നു. ഹൈദരാബാദ് ബിരിയാണിയെ അപേക്ഷിച്ച് കല്യാണിക്ക് വിലയും കുറവാണ്. ഹൈദരാബാദിലേക്ക് കുടിയേറിയ ബിദറിലെ കല്യാണി നവാബുമാരുടെ ഹവേലി അടുകളകളിൽ നിന്നാണത്രെ കല്യാണി ബിരിയാണിയുടെ ഉത്ഭവം. നവാബ് പ്രതാപകാല ശേഷം കൊട്ടാര അടുക്കളയിലെ ഷെഫുകൾ ചെറിയ തെരുവ് കൗണ്ടറുകൾ ആരംഭിച്ചതോടെയാണ് കല്യാണി ജനകീയമാവുന്നത്.

 

ബാവറച്ചിയുടെ തനത് രുചി

ഇവ രണ്ടിനും പുറമെ തനത് രുചിയുള്ള മറ്റൊരു ബിരിയാണിയാണ് ബാവറച്ചി. ബാവറച്ചി ഒരു സ്ഥാപനത്തിന്റെ പേരാണെങ്കിലും അതവരുടെ കുത്തക രുചിയാണ്. കാര്യമായ എതിരാളികളില്ലാത്ത വിധം അവർക്ക് ആധികാരിക ജനപിന്തുണയുണ്ട്. ആവാധ് നവാബുമാരുടെ കൊട്ടാരത്തിലെ പാചകക്കാരെയാണ് ബാവറച്ചി എന്ന് വിളിക്കുന്നതത്രെ. പരമ്പരാഗത ഹൈദരാബാദ് ദം ബിരിയാണിയിൽനിന്ന് വ്യത്യസ്തമായി സുഗന്ധവ്യഞ്ജനങ്ങളുടെ ആധിക്യവും, നന്നായി മാരിനേറ്റ് ചെയ്ത മാംസം പാളികളായി ചേർത്താണ് വേവിക്കുന്നത്. ദം രീതിയലല്ല വേവിക്കുന്നത് എന്ന് മാത്രമല്ല കുങ്കുമപ്പൂവ് പോലുള്ള മിശ്രിതങ്ങളും ബാവറച്ചിയിൽ ഉപയോഗിക്കുന്നില്ല. അതിനാൽ തന്നെ രുചിയിലും ദം ബിരിയാണിയിൽനിന്ന് ഇത് ഏറെ വേറിട്ട് നിൽക്കുന്നു. ബാവറിച്ചി കുറച്ചുകൂടി സ്പൈസിയാണ്. എങ്കിലും, ബാവറച്ചിയും ബിരിയാണി പ്രേമികൾക്ക് പ്രിയങ്കരമാണ് എന്നതിന്റെ തെളിവാണ് ബാവറച്ചി റസ്റ്റോറാന്റിലും അവരുടെ എക്സ്പ്രസ് കൗണ്ടറിലുമുള്ള തിരക്ക്.

ഹലീമിന്റെ ഹോട്ട് സ്പോട്ടുകൾ

അറബ് നാട്ടിൽ ഹരീസ് എന്നും മലബാറിൽ അലീസയെന്നും വിളിക്കുന്ന വിഭവത്തിന്റെ ഹൈദരാബാദ് വകഭേദമാണ് ഹലീം. മാംസം, ഗോതമ്പ്, നെയ്യ്, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവ ചേർത്ത് മണിക്കൂറുകൾ വേവിച്ചെടുക്കുന്ന വിഭവം ഹെദരാബാദിന്റെ കയ്യൊപ്പാണ്. രണ്ട് ഘട്ടങ്ങളിലായി പത്ത് മുതൽ പന്ത്രണ്ട് മണിക്കൂർ വരെ വിറക് അടുപ്പിൽ വേവിച്ചെടുത്ത് വലിയ മരക്കമ്പ് കൊണ്ട് നീണ്ടനേരം ചെമ്പിൽ ചതച്ചരച്ചാണ് ഇത് തയ്യാറാക്കുന്നത്. വലിയ ചെമ്പുകളിൽനിന്ന് ചെറിയ പാത്രങ്ങളിലാക്കി വിൽപന കേന്ദ്രങ്ങളിലെത്തിക്കും. തീൻമേശയിലെത്തുമ്പോൾ ഹലീമിന്റെ മുകളിൽ കുറച്ച് നെയ്യും വറുത്ത ഉള്ളിയും കശുവണ്ടിയും ചെറുനാരങ്ങ കഷ്ണവും അതിൽ വിതറും.

മറ്റു തെന്നിന്ത്യൻ നഗരങ്ങളിൽ ഇപ്പോൾ ഹലീം ലഭിക്കാറുണ്ടെങ്കിലും അതിന്റെ തനത് രുചി അനുഭവിക്കാൻ ഹൈദരാബാദ് തന്നെ എത്തണം. ഇപ്പോൾ കൊച്ചിയിലും, കോഴിക്കോടും വരെ ഹലീം കൗണ്ടറുകൾ എത്താറുണ്ട്. ചെന്നൈ, ബാംഗ്ലൂർ, വിജയവാഡ, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങളിലും ഹലീം സജീവമാണ്. ഹൈദരാബാദിലെ പരമ്പരാഗത പാചക തൊഴിലാളികളാണ് അവ പാകം ചെയ്യുന്നതെന്നാണ് കേരള നഗരങ്ങളിലെ കൗണ്ടറുകൾ വരെ അവകാശപ്പെടുന്നത്. പക്ഷേ, അതിന് ഹൈദരാബാദ് രുചി കിട്ടാറില്ല. ഒരു ഹൈദരാബാദുകാരനോട് ഇത് പങ്കുവെച്ചപ്പോൾ പറഞ്ഞത് നിങ്ങൾ ഞങ്ങളുടെ നാട്ടിലെ വെള്ളമല്ലല്ലോ ഉപയോഗിക്കാറ് എന്നതാണ്. അതിൽ കാര്യമുണ്ടോ എന്നറിയില്ല. പക്ഷേ, തനത് രുചിയിൽ ആധികാരിക പ്രശ്‌നമുണ്ട് എന്നത് യാഥാർഥ്യമാണ്.

ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഹലീമിന് പകരം ദലീം എന്ന വിഭവമുണ്ടാവാറുണ്ട്. ദാലിന്റെ സാന്നിധ്യം അധികമാണെന്ന് ഒഴിച്ചാൽ ഹലീമിന്റെ മറ്റൊരു വകഭേദം തന്നെയാണ് ദലീം. പൊതുവിൽ റമദാനിലാണ് ഹലീം ലഭ്യമാവുക. ഹൈദരാബാദിലെ ഇഫ്താർ വിഭവങ്ങളിൽ ഹലീം ഇല്ലെങ്കിൽ അപൂർണമാവും എന്ന് പറയാറുണ്ട്. റമദാനിൽ ഹലീം രുചിക്കാൻ മാത്രം ഹൈദരാബാദിലേക്ക് വണ്ടി കയറുന്നവർ വരെയുണ്ട്. വഴിയോര കച്ചവടം മുതൽ വിവിധ ഷോപ്പുകളിൽ ഹലീം ലഭ്യമാണെകിലും പ്രത്യേക ഷോപ്പുകളിൽ നിന്നാണ് മിക്കവാറും ആളുകളും ഹലീം ടേസ്റ്റ് ചെയ്യുന്നത്. പിസ്ത ഹൗസാണ് ഇപ്പോൾ ഹലീമിൻ്റെ രാജാക്കന്മാർ. ഹൈദരബാദിനകത്തും പുറത്തുമായുള്ള നിരവധി പിസ്ത ഹൗസ് ബ്രാഞ്ചുകളിലെ കൗണ്ടറുകൾക്ക് മുന്നിൽ റമദാനിലെ ക്യൂ കണ്ടാൽ തന്നെ അതിന്റെ സ്വീകാര്യത ബോധ്യമാവും. ബിരിയാണി ഹോട്ട് സ്പോട്ടുകളായ ഷാ ഗൗസ്, സർവി, ഷാദാബ് , കഫേ ബഹർ , കഫേ 555 തുടങ്ങിയ സ്ഥലങ്ങളിലൊക്കെ റമദാനിൽ രുചിയേറിയ ഹലീമും ലഭ്യമാവും. ഗ്രീൻ പാർക്കിൽ ഏതാണ്ട് വർഷം മുഴുവൻ ഹലീം ലഭിക്കും. കുങ്കുമപ്പൂവിലൂടെ ചേർക്കുന്ന ചുവപ്പ് നിറത്തിലുള്ള ഇറാനിയൻ ഹലീം ലഭിക്കുന്ന ഇഖ്ബാൽ ഹോട്ടൽ, ബീഫ് ഹലീമിന് പ്രശസ്തമായ റുമാൻ, അൽഹംദുലില്ലാഹ് ഹോട്ടലുകൾ, വെജ് ഹലീം ലഭിക്കുന്ന ഒലിവ് ഹൗസ്, എരിവുള്ള ഹലീം ലഭിക്കുന്ന നയാബ് തുടങ്ങി നിരവധി കേന്ദ്രങ്ങളും ഹലീമിന്റെ ഹോട്ട് സ്പോട്ടുകളാണ്.

 

 

കഥകൾ പറയുന്ന ചായ

ചായയാണ് ഹൈദരാബാദിലെ മറ്റൊരു മാസ്സ് ഐറ്റം. "ഉയരം കൂടും തോറും ചായയുടെ രുചിയും കൂടും" എന്ന പരസ്യ വാചകം കേൾക്കുമ്പോൾ സഞ്ചാരികൾക്ക് പറയാവുന്ന മറ്റൊരു കമന്റ് ഇതാവും എന്ന് തോന്നാറുണ്ട് ; കേരളത്തിൽനിന്ന് അകലും തോറും ചായക്ക് വികാരം കൂടും. അതെ, ചായ ഒരു വികാരമാണ്; അനുഭവമാണ്. ഓരോ ചായക്കും ഒരു കഥ പറയാനുണ്ടാവും. 'ഓരോ സുലൈമാനിക്കും ഒരിത്തിരി മുഹബത്ത് വേണം' എന്ന് സിനിമയിൽ പറഞ്ഞ പോലെ ചായ സെക്കൻഡുകൾക്കകം വിളമ്പി തീർക്കേണ്ട ഒന്നല്ല. അതിനൊരു കാത്തിരിപ്പുണ്ട്; ആ കാത്തിരിപ്പുകൾക്ക് സ്നേഹമാവോളം നുകരാനാവണം. ചുണ്ടിൽനിന്ന് ചുണ്ടിലേക്ക് സ്നേഹം പകർന്ന് ചായ കഥകൾ സമ്മാനിക്കുന്നു.

ഹൈദരബാദി തെരുവുകളിലെ സജീവ സാന്നിധ്യമാണ് ഇറാനി ചായ വിളമ്പുന്ന ചെറുതും വലുതുമായ ചായക്കടകൾ. ഹൈദരാബാദിലെ അവസാന നിസാമായ മിർ ഒസ്മാൻ അലി ഖാന്റെ ഭരണകാലത്ത്, ഇറാനിൽ നിന്നുള്ള കുടിയേറ്റക്കാരാണ് ചായയോടുള്ള ആഴത്തിലുള്ള പ്രണയം നഗരത്തിലേക്ക് കൊണ്ടുവന്നതെന്നാണ് ഇറാനി ചായയുടെ കഥ. പിന്നീടതിൽ പല പരീക്ഷണങ്ങളും ചേർത്തിട്ടുണ്ടെങ്കിലും തനത് ഇറാനി ചായ ഇന്നും നിലനിൽക്കുന്നു. തേയിലക്കും പാലിനും പഞ്ചസാരക്കും പുറമെ ഇഞ്ചി, കുരുമുളക്, ഗ്രാമ്പൂ, കറുവപ്പട്ട, ഏലം, പെരുംജീരകം, കുങ്കുമപ്പൂവ് മുതൽ പുതിയ കാലത്ത് മിൽക് മെയ്ഡ് വരെ മിശ്രിതമായി ഉപയോഗിക്കുന്നുണ്ട്. ഒരു പാത്രത്തിൽ തേയിലയും വെള്ളവും ചേർത്ത് ദമ്മിന് വേണ്ടിയെന്ന പോലെ മൂടിയടച്ച് 20 മിനിറ്റ് വരെ തിളപ്പിച്ചാണ് കഷായ രൂപത്തിലെ ആദ്യ മിശ്രിതം തയ്യാറാക്കുന്നത്. സമാന്തരമായി മറ്റൊരു പാത്രത്തിൽ പാലിന്റെ കൂടെ ഏലക്കയും കറുവപട്ടയും പോലുള്ള മിശ്രിതങ്ങൾ ചേർത്ത് 15 - 20 മിനിറ്റ് വരെ തിളപ്പിച്ച് ക്രീമി പരിവത്തിലാക്കുന്നു. ഇടക്കിടെ ഇളക്കി അതിനിടയിൽ കുങ്കുമപ്പൂവ്, മിൽക് മെയ്ഡ് പോലുള്ളവ ചേർത്ത് വീണ്ടും വീണ്ടും തിളപ്പിക്കുന്നത് കാണാം. ശേഷം ആദ്യത്തെ കട്ടിയുള്ള ചായ മിശ്രിതവും കട്ടിയുള്ള പാലും ചേർത്ത് ഇളക്കി ഒരു അരിപ്പയിലിട്ട് അരിച്ചാണ് വിളമ്പുന്നത്.

പരമ്പരാഗത ഇറാനി ചായ സെൻറ്റുകൾ ഹൈദരാബാദിലെ ഏതെണ്ടെല്ലാ തെരുവുകളിലും സജീവമാണ്. മിക്ക ബിരിയാണി ഹോട്ട് സ്പോട്ടുകളോടും ചേർന്ന് ചായ കഫേകളും ഉണ്ടാവും. ഓരോ ചായക്കടകളിലും തിങ്ങിനിറഞ്ഞ ജനക്കൂട്ടവും കാണാം. തദ്ദേശീയർക്ക് ഇറാനി ചായയും സിഗരറ്റും ഉസ്മാനിയ ബിസ്കറ്റും കിട്ടിയാൽ അവർക്ക് കിസ്സകൾ പറയാൻ അത് ധാരാളം. റമദാനിലെ രാവുകളിൽ ബിരിയാണി കഴിഞ്ഞാൽ ഇറാനി ചായയിൽ സമാപിപ്പിക്കുക എന്നത് ഒരു അനുഷ്ടാനം പോലെ അവർ ആചരിക്കുന്നു. മധുരവും ഉപ്പും കലർന്ന ജനപ്രിയ ബിസ്കറ്റായ ഒസ്മാനിയ ബിസ്കറ്റ് ഇറാനി ചായയുടെ അവിഭാജ്യ കൂട്ടാണ്. 'മഴ, ചായ, ജോൺസൺ മാഷ് ; ആഹാ അന്തസ്സ്' എന്നത് പോലെ പാതിരാവ്, ഇറാനി ചായ , ഒസ്മാനിയ ബിസ്കറ്റ് ; ആഹാ വൈബ് എന്ന് പറയാനാവും. അത്രമേൽ വൈകാരികമാണ് ഓരോ ചായ കഥകളും.

 

നിമ്ര കഫേ, പിസ്ത ഹൗസ് സഫ്രാനി ചായ , ബിസ്മില്ലാ ഹസ്‌നൈൻ കഫേ, ഇക്ബാൽ കഫെ, നൂർ കഫേ, മെഹ്രാജ് കഫേ, കഫേ ബഹർ, ഫരാഷ കഫേ ഇങ്ങനെ ഒട്ടനവധി ടീ ഹോട്സ്പോട്ടുകൾ ഹൈദരബാദിലുണ്ട്. ഓരോ സ്പോട്ടിലെ ചായക്കും വ്യത്യസ്ത രുചിക്കൂട്ടുകളാണ്; തനത് രുചികളാണ്. പ്രശസ്തമായ നിലോഫർ കഫേയിൽ 'ഹസാർ രൂപായി കി ചായ' എന്നറിയപ്പെടുന്ന പ്രീമിയം മൈയ്യാൻ ഗോൾഡൻ ടിപ്സ് ചായ വരെ ഈ വൈവിധ്യത്തിലുണ്ട്. ഇന്ത്യയുടെ തേയില തലസ്ഥാനമായ അസമിലെ മൈജാൻ എന്ന ഗ്രാമത്തിൽനിന്ന് പ്രത്യേകമായി കൈകൊണ്ട് പറിച്ചെടുത്ത രണ്ടാമത്തെ ഫ്ലഷ് ഉപയോഗിച്ച് വിദേശ ചായയുടെ സുഗന്ധവും അതുല്യമായ രുചിയും നിർമ്മിച്ചിരിക്കുന്നതിനാലാണ് ഇതിന് മൈജാൻ ഗോൾഡൻ ടീ എന്ന പേര് വന്നത്.

പാതിരാ തെരുവുകളെ ഉണർത്തുന്ന വിഭവങ്ങൾ

ചായക്ക് പുറമേ ജ്യൂസുകളും ഡസേർട്ടുകളും പാതിരാ തെരുവുകളെ ഉണർത്തുന്ന വിഭവങ്ങളാണ്. ചാർ മിനാറിലെ മിലൻ ജ്യൂസ് സെൻററാണ് അതിൽ സിഗ്നേച്ചർ സ്ലോട്ട്. ലിച്ചി സാലഡ്, മൾബറി ക്രിമി സാലഡ്, അവോക്കാഡോ ജ്യൂസ്, യമാനി ഡ്രൈ ഫ്രൂട്ട്‌സ്, മിലാൻ ജംഗ്ഷൻ, ബ്ലഡ് പഞ്ച്, കിവി ജ്യൂസ്, മിലാൻ സ്പെഷ്യൽ, സീതാഫൽ പഞ്ച് ഇങ്ങനെ മിലൻ സെന്ററിന്റെ തുറന്ന റഫ്രിജറേറ്ററിൽ പ്രദർശിപ്പിക്കുന്ന മേത്തരം വിഭവങ്ങൾ കണ്ടാൽ അവ അനുഭവിക്കാതെ നീങ്ങാനാവില്ല. ചാർ മിനാർ ചൗകിന്റെ അകത്തും പുറത്തും മിലന് കൗണ്ടറുകളുണ്ടെങ്കിലും ചാർ മിനാറിലെ ചെറിയ ഷോട്ടിലാണ് ഏറ്റവും തിരക്കനുഭവപ്പെടുന്നത്.

 

ഹൈദരാബാദ് തനത് വിഭവങ്ങൾ മാറ്റിപ്പിപിടിക്കാൻ ആഗ്രഹമുള്ളവർക്ക് ടോളിചൗകിയാവും നല്ല ഓപ്ഷൻ. യമനി, അഫ്ഗാനി, ടർക്കിഷ്, പാകിസ്താനി ഉൾപ്പെടെ വ്യത്യസ്ത രുചി ഭേദങ്ങൾക്ക് ഇവിടെ അവസരങ്ങളുണ്ട്. യമനി പേർഷ്യ പരമ്പരയിലുള്ളവർ നേരിട്ട് നടത്തുന്ന തനത് വിഭവങ്ങൾ ലഭിക്കുന്ന നിരവധി ഹോട്ടലുകളിലും റമദാൻ രാവുകളിൽ നല്ല തിരക്കാണ്. അവസാനത്തിലെ പത്തിൽ പെരുന്നാൾ പർച്ചേഴ്സ് കൂടെ ചേരുന്നതോടെ സമീപത്തെ ചെറു പട്ടണങ്ങളിൽനിന്നും ഗ്രാമങ്ങളിലിൽനിന്നും ധാരാളം കുടുംബങ്ങൾ ഇഫ്താറിന് നഗരത്തിലെത്തും. പുലരുവോളം അവർ തെരുവ് സജീവമാക്കും.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - പി.ബി.എം ഫര്‍മീസ്

Writer

Similar News