Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ചൂടേറിയ മത്സരങ്ങളിൽ ഒന്നാണ് കെയ്റോ ഡെർബി എന്നറിയപ്പെടുന്ന അൽ അഹ്ലിയും സമാലക്കും തമ്മിലുള്ള മത്സരം. ലോകത്തിലെ ഏറ്റവും വാശിയേറിയ അഞ്ച് ഡെർബികളിൽ ഒന്നായി ബിബിസി തെരഞ്ഞെടുക്കപെട്ട മത്സരം കൂടിയാണ് കെയ്റോ ഡെർബി. 1917-ൽ ആരംഭിച്ച ഈ മത്സരം 'അറബ് ക്ലാസിക്കോ' എന്നും 'ലികാ എൽ കെമ്മ' (മികച്ചവരുടെ കൂടിക്കാഴ്ച) എന്നും അറിയപ്പെടുന്നു. ഈ ഡെർബി കേവലം ഒരു കായിക മത്സരം മാത്രമല്ല; ഈജിപ്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ഭൂപടത്തിൽ ആഴത്തിൽ വേരൂന്നിയ ഒരു സംഘർഷത്തിന്റെ പ്രതിഫലനം കൂടിയാണ്.
അൽ അഹ്‌ലിയും സമാലെകും ഈജിപ്തിന്റെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ക്ലബ്ബുകളാണ്. അൽ അഹ്‌ലി 'ദേശീയ ക്ലബ്' എന്നറിയപ്പെടുകയും മധ്യവർഗത്തിന്റെയും തൊഴിലാളിവർഗത്തിന്റെയും പ്രതിനിധാനമായി കണക്കാക്കപ്പെടുകയും ചെയ്യുന്നു. മറുവശത്ത് സമാലക് ഉന്നത വർഗത്തിന്റെയും പ്രമാണിമാരുടെയും പ്രതിനിധിയായി കണക്കാക്കപ്പെടുന്നതിനാൽ 'വൈറ്റ് നൈറ്റ്സ്' എന്നാണ് വിളിക്കപ്പെടുന്നത്. ഈ ക്ലബ്ബുകൾ തമ്മിലുള്ള മത്സരം ഒരു കായിക വിനോദത്തിനപ്പുറം, ഈജിപ്തിന്റെ സാമൂഹിക ഘടനയിലെ വർഗവിഭജനത്തിന്റെ പ്രതിഫലനമാണ്.
1907-ൽ സ്ഥാപിതമായ അൽ അഹ്‌ലി 'നാഷണൽ' എന്ന അർഥം വരുന്ന പേര് സൂചിപ്പിക്കുന്നതുപോലെ ഈജിപ്തിന്റെ ദേശീയതാവാദത്തിന്റെ പ്രതീകമായിരുന്നു. ബ്രിട്ടീഷ് കോളനിവാഴ്ചയ്ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഈജിപ്ഷ്യൻ വിദ്യാർഥികളുടെ നേതൃത്വത്തിലാണ് ക്ലബ് രൂപീകരിക്കപ്പെടുന്നത്. ഈജിപ്ഷ്യൻ ലോ സ്കൂളിൽ വിദ്യാർഥിയായിരുന്ന ഒമർ ലോത്ഫിയാണ് അതിന് മുൻകൈയെടുക്കുന്നത്. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം സ്വപ്നം കാണാനുള്ള ഈജിപ്ഷ്യൻ മനുഷ്യരുടെ ഇടമായി മാറിയ അൽ അഹ്‍ലി ക്ലബ് പിന്നീട് അടിസ്ഥാന-മധ്യവർഗ ജനങ്ങളുടെ ആശ്രയ കേന്ദ്രമായി നിലകൊണ്ടു.
എന്നാൽ 1911-ൽ സ്ഥാപിതമായത് മുതൽ സമാലക് ഫുട്ബോൾ ക്ലബ് ബ്രിട്ടീഷുകാരുടെയും മറ്റ് വിദേശ, ഉന്നതവർഗ സമൂഹത്തിന്റെയും പ്രിയപ്പെട്ട ക്ലബ്ബായി കണക്കാക്കപ്പെട്ടു. 1911-ൽ സ്ഥാപിതമായപ്പോൾ 'അൽ ഖസ്ർ എൽ നിൽ' എന്നായിരുന്നു സമാലക് ക്ലബ്ബിന്റെ പേര്. പിന്നീട് മുഹമ്മദ് അലി രാജവംശത്തിലെ പത്താമത്തെ ഭരണാധികാരിയും സംയുക്ത ഈജിപ്തിന്റെയും സുഡാന്റെയും അവസാനത്തെ രാജാവുമായ ഫാറൂഖ് അൽ അവ്വലിന്റെ പേരിൽ ഫറൂഖ് അൽ അവ്വൽ ക്ലബ് എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും 1952-ലെ ഈജിപ്ഷ്യൻ വിപ്ലവത്തിനുശേഷം ഔദ്യോഗികമായി സമാലക് സ്‌പോർട്ടിംഗ് ക്ലബ് എന്ന് മാറ്റുകയും ചെയ്തു.
ഫാറൂഖ് അൽ അവ്വൽ
1920-കളിൽ ബ്രിട്ടീഷ് വിരുദ്ധ ദേശീയതാവാദത്തിന്റെ കേന്ദ്രമായിരുന്ന അൽ അഹ്‌ലി ഈജിപ്ഷ്യൻ വംശജർക്ക് മാത്രമായി അംഗത്വം പരിമിതപ്പെടുത്തിയിരുന്നു. അതുവഴി ദേശീയതയുടെ പ്രതീകമായി അൽ അഹ്‍ലി മാറി. മറുവശത്ത്, സമാലക് (അന്ന് അൽ മുഖ്തലത്) ബ്രിട്ടീഷ്, വിദേശ, ഉന്നതവർഗ സമൂഹത്തിന്റെ പിന്തുണയോടയും പ്രവർത്തിച്ചു.
1952 ലെ ഈജിപ്ഷ്യൻ വിപ്ലവം, ഫാറൂഖ് രാജാവിനെ അട്ടിമറിക്കുകയും ഈജിപ്ഷ്യൻ രാജവാഴ്ചയും ബ്രിട്ടീഷ് സ്വാധീനവും അവസാനിപ്പിച്ച് റിപ്പബ്ലിക് ഓഫ് ഈജിപ്ത് സ്ഥാപിക്കുന്നതിലേക്ക് നയിച്ചു. മുഹമ്മദ് നജീബിന്റെയും ജമാൽ അബ്ദുൽ നാസറിന്റെയും നേതൃത്വത്തിലുള്ള ദേശീയ സൈനിക ഗ്രൂപ്പായ ഫ്രീ ഓഫീസേഴ്‌സ് മൂവ്‌മെന്റ് നടത്തിയ ഒരു അട്ടിമറിയായിരുന്നു 52 ലെ വിപ്ലവം. അറബ് ലോകത്തിന്റെ കൊളോണിയലാനന്തര രാഷ്ട്രീയ ഭൂപ്രകൃതിയിൽ ഒരു പ്രധാന മാറ്റത്തിന് തുടക്കമിട്ട ഈ വിപ്ലവത്തിന്റെ ചരിത്രത്തിൽ ചെറുതല്ലാത്ത സ്വാധീനം ഇരു ക്ലബ്ബുകൾക്കുമുണ്ട്.
ജമാൽ അബ്ദുൽ നാസർ
1952-ലെ ഈജിപ്ഷ്യൻ വിപ്ലവത്തിനു ശേഷം സമാലക് ഫുട്ബോൾ ക്ലബ് രാജാവിനെ പിന്തുണച്ചു. എന്നാൽ അൽ അഹ്‌ലി അട്ടിമറിയുടെ കേന്ദ്രമായിരുന്ന ജനറൽ ജമാൽ അബ്ദുൽ നാസറിനെ ക്ലബ്ബിന്റെ ഓണററി പ്രസിഡന്റായി നിയമിച്ചു. ഇത് ദേശീയതാവാദത്തിന്റെ ശക്തമായ പ്രതീകമായി. 1966-ലെ ഒരു ഡെർബി മത്സരത്തിൽ ആരാധകർ തമ്മിലുള്ള സംഘർഷം സൈന്യത്തിന്റെ ഇടപെടലിന് വരെ കാരണമായി. 300-ലധികം പേർക്ക് പരിക്കേൽക്കുകയും മരണങ്ങൾക്ക് വരെ കാരണമാവുകയും ചെയ്തു.
മുഹമ്മദ് നജീബ്
രണ്ട് ക്ലബ്ബുകളും കെയ്റോ നഗരത്തിന്റെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത് എന്നത് ഈ മത്സരങ്ങളുടെ തീവ്രത വർധിപ്പിച്ചിരുന്നു. 1948-ൽ ഈജിപ്ഷ്യൻ പ്രീമിയർ ലീഗ് ആരംഭിച്ചപ്പോൾ മുതൽ അൽ അഹ്‌ലി 45 തവണ ലീഗ് കിരീടം നേടിയപ്പോൾ സമാലക് 14 തവണ കിരീടം നേടി. കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബോളിന്റെ (CAF) 20-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ക്ലബ്ബുകളായി അൽ അഹ്‌ലിയും (1) സമാലകും (2) തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അൽ അഹ്‌ലിയുടെ ആരാധക കൂട്ടമായ 'അൾട്രാസ് അഹ്‌ലാവിയും സമാലകിന്റെ 'അൾട്രാസ് വൈറ്റ് നൈറ്റ്സും കെയ്റോ ഡെർബിയുടെ ആവേശം ഇരട്ടിയാക്കുന്നു. ഈ ആരാധക ഗ്രൂപ്പുകൾ ചാന്റുകൾ, പടക്കങ്ങൾ, വലിയ ബാനറുകൾ (ടിഫോ) എന്നിവയിലൂടെ സ്റ്റേഡിയത്തിൽ അവിസ്മരണീയമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. എന്നാൽ ഈ ആവേശം പലപ്പോഴും അക്രമാസക്തമായ സംഘർഷങ്ങളിലേക്ക് വഴിമാറിയിട്ടുണ്ട്. 1971-72 സീസണിൽ ആരാധകർ തമ്മിലുള്ള അക്രമം മൂലം ലീഗ് തന്നെ റദ്ദാക്കപ്പെട്ടു. 2010-കളിൽ അൾട്രാസ് പ്രസ്ഥാനത്തിന്റെ വളർച്ച അക്രമ സംഭവങ്ങളുടെ പരമ്പരക്ക് തന്നെ കാരണമായി.
കെയ്‌റോ ഡെർബി ഈജിപ്തിന്റെ സാമൂഹിക-സാമ്പത്തിക വിഭജനങ്ങളെ പ്രകടമാക്കുന്ന ഒരു വേദിയാണ്. 2000-കളുടെ തുടക്കം മുതൽ, ഈജിപ്തിൽ സാമ്പത്തിക അസമത്വവും രാഷ്ട്രീയ അടിച്ചമർത്തലും വർധിച്ചു. 2008-ലെ കെയ്‌റോ ആന്റി-വാർ കോൺഫറൻസിൽ നടന്ന ഒരു വർക്ക്ഷോപ്പിൽ, ഈജിപ്തിലെ തൊഴിലാളി വർഗത്തിന്റെ പോരാട്ടങ്ങളെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. ഈ സമയത്ത് സാമ്പത്തിക പ്രതിസന്ധിയും ഹുസ്നി മുബാറകിന്റെ ഭരണകൂടത്തിനെതിരായ അമർഷവും ജനങ്ങളിൽ വർധിച്ചു വന്നിരുന്നു. ഈ പശ്ചാത്തലത്തിൽ, അൽ അഹ്‌ലിയുടെ ആരാധകർ, പ്രത്യേകിച്ച് 'അൽട്രാസ് അഹ്‌ലി' തൊഴിലാളി വർഗത്തിന്റെയും യുവജനങ്ങളുടെയും പ്രതിനിധികളായി മാറി. 2011-ലെ ഈജിപ്ഷ്യൻ വിപ്ലവത്തിൽ അൾട്രാസ് ഗ്രൂപ്പുകൾ, വിശേഷിച്ച് അൾട്രാസ് അഹ്‌ലാവി പ്രതിഷേധ പ്രസ്ഥാനങ്ങളിൽ സജീവമായി പങ്കെടുത്തു. ഈ ഗ്രൂപ്പുകൾ സർക്കാരിനെതിരെ തെരുവ് പ്രതിഷേധങ്ങളിൽ പങ്കെടുക്കുകയും കെയ്റോ ഡെർബിയെ രാഷ്ട്രീയ പ്രതിഷേധത്തിന്റെ ഒരു വേദിയായി കാണുകയും ചെയ്തു. 2012-ലെ പോർട്ട് സെയ്ദ് സ്റ്റേഡിയം ദുരന്തം അൽ അഹ്‌ലി ആരാധകർക്കെതിരായ ആക്രമണത്തിന്റെ രാഷ്ട്രീയ-സാമൂഹിക പിരിമുറുക്കങ്ങളെ കൂടുതൽ വ്യക്തമാക്കുന്നതാണ്.
സോഷ്യൽ മീഡിയ യുഗത്തിൽ കെയ്റോ ഡെർബി ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ചൂടുപിടിപ്പിച്ചു. 33 മില്യൺ ഫോളോവേഴ്സുമായി അൽ അഹ്‌ലിയും 13 മില്യൺ ഫോളോവേഴ്സുമായി സമാലകും ആഫ്രിക്കയിലെ ഏറ്റവും ജനപ്രിയ ക്ലബ്ബുകളിൽ ഒന്നായി നിലകൊള്ളുന്നു.
മത്സരത്തിന്റെ തീവ്രത ചില സന്ദർഭങ്ങളിൽ വിവാദങ്ങളിലേക്കും നയിച്ചിട്ടുണ്ട്. ഈ വർഷം നടന്ന ഒരു മത്സരത്തിൽ റഫറിയെ നിയോഗിച്ചതിനെതിരെ അൽ അഹ്‌ലി ബഹിഷ്കരണം പ്രഖ്യാപിച്ചിരുന്നു. കെയ്റോ ഡെർബി, ഫുട്ബോളിനപ്പുറം ഈജിപ്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ ഹൃദയമിടിപ്പാണ്. അൽ അഹ്ലിയും സമാലക്കും തമ്മിലുള്ള ഈ പോരാട്ടം വർഗ വ്യത്യാസങ്ങൾ, ദേശീയത, രാഷ്ട്രീയ പോരാട്ടങ്ങൾ എന്നിവയെ പ്രതിഫലിപ്പിക്കുന്നു. ഈ ഡെർബി ഈജിപ്ഷ്യൻ ജനതയുടെ ആവേശവും അഭിമാനവും അക്രമത്തിന്റെ ഇരുണ്ട വശങ്ങളുടെ ചരിത്രത്തെയും ഒരുപോലെ വെളിവാക്കുന്നു. ഓരോ വർഷവും ഈ ഡെർബി ഈജിപ്തിന്റെ ഫുട്ബോൾ ചരിത്രത്തിൽ പുതിയ അധ്യായങ്ങൾ എഴുതിചേർക്കുന്നു. ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾക്ക് ഒരു അവിസ്മരണീയ അനുഭവം സമ്മാനിക്കുന്നു.