'മറിയം സഹരക്ഷകയല്ല'; വത്തിക്കാൻ്റെ പ്രബോധനരേഖയും വിവാദങ്ങളും

പരിശുദ്ധ കന്യാമറിയത്തിൻ്റെ പദവി റദ്ദാക്കാൻ സഭക്ക് എന്ത് അധികാരം എന്ന ചോദ്യം ഉയർത്തുന്നവരുമുണ്ട്. കേരളത്തിലെ സഭാ വിശ്വാസികളുടെ സോഷ്യൽ മീഡിയ ഇടങ്ങളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇതു സംബന്ധിച്ച തർക്കങ്ങളും വിവാദങ്ങളും കനക്കുകയാണ്

Update: 2025-11-09 07:40 GMT
Editor : rishad | By : Web Desk

എഴുത്ത്: ഡോ. ഇ.എം സക്കീർ ഹുസൈൻ 

ത്തിക്കാൻ ഡികാസ്ട്രി എന്ന പേരിൽ അറിയപ്പെടുന്ന വിശ്വാസ പ്രമാണ വകുപ്പ് കന്യാമറിയത്തെ എങ്ങനെ വിശേഷിപ്പിക്കണം എന്ന വിഷയത്തിൽ പുറപ്പെടുവിച്ച പ്രബോധന രേഖ വിവാദങ്ങൾക്കും ചർച്ചകൾക്കും വിധേയമാവുകയാണ്. 2025 നവംബര്‍ നാലിനാണ് "പരിശുദ്ധ കന്യാമറിയത്തെ പരാമർശിക്കുന്ന ചില പദപ്രയോഗങ്ങളെക്കുറിച്ചുള്ള ഉപദേശ രേഖ" (Doctrinal Note in some expressions refering Vergin Mary) പുറത്തിറക്കിയത്.

കന്യാമറിയത്തെ 'സഹരക്ഷക'(co-redemtrix) എന്ന് വിശേഷിപ്പിക്കാൻ പാടില്ല എന്നതാണ് ഈ രേഖയിലെ ഏറ്റവും പ്രധാനപ്പെട്ട നിർദേശം. നൂറ്റാണ്ടുകളായി ക്രൈസ്തവർ ഏറ്റെടുത്ത ഒരു വിശ്വാസത്തെയാണ് ഈ നടപടിയിലൂടെ റോം റദ്ദാക്കിയത് എന്നും കത്തോലിക്കാ സഭ പ്രൊട്ടസ്റ്റൻ്റ് വിശ്വാസത്തെ സ്വീകരിക്കുകയുമാണ് എന്നുമുള്ള വിമർശനം സഭക്കകത്ത് തന്നെ ഉയരുകയാണ്. പരിശുദ്ധ കന്യാമറിയത്തിൻ്റെ പദവി റദ്ദാക്കാൻ സഭക്ക് എന്ത് അധികാരം എന്ന ചോദ്യം ഉയർത്തുന്നവരുമുണ്ട്. കേരളത്തിലെ സഭാ വിശ്വാസികളുടെ സോഷ്യൽ മീഡിയ ഇടങ്ങളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇതു സംബന്ധിച്ച തർക്കങ്ങളും വിവാദങ്ങളും കനക്കുകയാണ്. പോപ് ലെയോ പതിനാലാമനെ പരസ്യമായി ആക്ഷേപിക്കുന്ന തരത്തിലുള്ള സാമൂഹിക മാധ്യമ പോസ്റ്റുകൾ പോലും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്.

Advertising
Advertising

സിറോ മലബാർ സഭയുടെ ഇടപെടൽ

വിവാദം കനത്തതോടെ വിഷയത്തിൽ വ്യക്തത വരുത്താൻ ലക്ഷ്യമിട്ട് സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. മരിയൻ ഭക്തിയുടെ പേരിൽ ഒരു വശത്ത് നടക്കുന്ന വിശ്വാസചൂഷണങ്ങളെ തടയുക, മറുവശത്ത്, അടിസ്ഥാന വിശ്വാസങ്ങളെ പോലും നിരാകരിക്കുന്ന നിലപാട് സ്വീകരിക്കുന്നു എന്ന വിമർശനത്തെ പ്രതിരോധിക്കുക എന്നീ ദ്വിമുഖ ദൗത്യമാണ് വിവാദങ്ങളെ അഭിമുഖീകരിച്ച് സഭക്ക് ചെയ്യാനുള്ളത്. അതിനാലാണ് വിവാദത്തിൻ്റെ ആദ്യ നാളുകളിൽ മൗനം അവലംബിച്ച സഭയുടെ ഔദ്യോഗിക നേതൃത്വം ദീർഘമായ വിശദീകരണ കുറിപ്പുമായി രംഗത്ത് വന്നത്.

സീറോമലബാർ സഭ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ 2025 നവംബർ എട്ടിന് പുറത്തിറക്കിയ പ്രസ്താവനയുടെ പൂർണ രൂപം:

"മിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ,

പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ മാർപാപ്പയുടെ അംഗീകാരത്തോടെ റോമിലെ വിശ്വാസതിരുസംഘം പ്രസിദ്ധീകരിച്ച ‘വിശ്വാസികളുടെ സമൂഹത്തിന്റെ മാതാവ് (Mater Populi fidelis) എന്ന പ്രബോധനംവഴി പരിശുദ്ധ കന്യകാമറിയത്തെ സഹരക്ഷക (Co-redemptrix) എന്നു വിശേഷിപ്പിക്കുന്നത് ദൈവശാസ്ത്രപരമായി ഉചിതമല്ല എന്നും ‘കൃപാവരത്തിന്റെ മാതാവ്’ എന്നും ‘മധ്യസ്ഥ’ എന്നുമുള്ള വിശേഷണങ്ങൾ വിവേകപൂർവം ഉപയോഗിക്കണം എന്നും പ്രഖ്യാപിച്ചിരിക്കുകയാണല്ലോ.

കത്തോലിക്കാസഭ മാതാവിന് ബഹുമാനത്തിൽനിന്നു പിന്നോട്ടു പോവുകയാണെന്നും പ്രൊട്ടസ്റ്റന്റ് നൽകിയിരുന്ന ആശയങ്ങൾ അംഗീകരിക്കുകയാണെന്നുമുള്ള തെറ്റിധരിപ്പിക്കുന്ന ചർച്ചകളും വ്യാഖ്യാനങ്ങളും സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതും നിങ്ങൾ ശ്രദ്ധിച്ചുകാണുമല്ലോ.

എന്നാൽ, പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള തിരുസഭയുടെ അടിസ്ഥാനപ്രബോധനങ്ങളിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്ന് വ്യക്തമായി നാം മനസ്സിലാക്കേണ്ടതുണ്ട്. പരിശുദ്ധ അമ്മയെക്കുറിച്ച് നാല് വിശ്വാസസത്യങ്ങളാണ് തിരുസഭ ആധികാരികമായി പഠിപ്പിക്കുന്നത്. പരിശുദ്ധ കന്യകാമറിയം ദൈവമാതാവും നിത്യകന്യകയും അമലോദ്ഭവയും സ്വർഗാരോപിതയുമാണ് എന്നതാണ് ആ വിശ്വാസസത്യങ്ങൾ. ഈ നാല് സത്യങ്ങളും മാറ്റമില്ലാതെ തിരുസഭ ഇന്നും പ്രഘോഷിക്കുന്നു.

അതേസമയം, പരിശുദ്ധ കന്യകാമറിയത്തെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ചില പദങ്ങളിൽ കടന്നുകൂടിയിട്ടുള്ള ദൈവശാസ്ത്രപരമായ വ്യതിയാനങ്ങളെ തിരുത്താനാണ് പുതിയ പ്രബോധനരേഖ ലക്ഷ്യംവയ്ക്കുന്നത്. മനുഷ്യാവതാരം ചെയ്‌ത ദൈവപുത്രന് ജന്മം കൊടുക്കുകവഴി ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം നമ്മുടെയും അമ്മയാണ്. മറിയത്തിന്റെ ആത്മീയമാതൃത്വത്തോടു ചേർന്നുനിൽക്കാനുള്ള ആഹ്വാനമാണ് ഈ പ്രബോധനരേഖയുടെ ഹൃദയം.

അതോടൊപ്പംതന്നെ തെറ്റിധാരണയ്ക്ക് ഇടയാക്കാവുന്ന വിശേഷണങ്ങളെ വിവേകപൂർവം ഒഴിവാക്കാനും ഈ പ്രബോധനരേഖ ആവശ്യപ്പെടുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ‘സഹരക്ഷക’ (co-redemptrix) എന്ന വിശേഷണം ഒഴിവാക്കാനുള്ള നിർദേശമാണ്. ഇതിനെ പുതിയൊരു നിർദേശമായി വ്യാഖ്യാനിക്കുന്നത് ശരിയല്ല. തിരുസഭ ഒരിക്കലും പരിശുദ്ധ കന്യകാമറിയം സഹരക്ഷകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയോ, പഠിപ്പിക്കുകയോ ചെയ്‌തിട്ടില്ല. മറിയത്തോടുള്ള സ്നേഹാദരവുകൾ പ്രകടിപ്പിക്കാൻ ചില മരിയഭക്തർ പരിശുദ്ധ അമ്മയെ സഹരക്ഷക എന്ന് വിശേഷിപ്പിച്ചിരുന്നു എന്നത് വസ്തു‌തയാണ്. എന്നാൽ വിശേഷണം ദൈവശാസ്ത്രപരമായി തെറ്റിധാരണകൾക്കു കാരണമാകുമെന്നത് ചൂണ്ടിക്കാണിക്കുകയാണ് പുതിയ പ്രബോധന രേഖ ചെയ്യുന്നത്.

മറിയം സഹരക്ഷകയാണ് എന്നു പറയുമ്പോൾ മിശിഹായുടെ രക്ഷാകർമ്മം അതിൽത്തന്നെ അപൂർണ്ണമാണെന്നും മറിയത്തിന്റെ സഹായം കൂടാതെ സാധ്യമാവുകയില്ലായിരുന്നു എന്നും തെറ്റിധരിക്കാനുള്ള സാധ്യതയുണ്ട്. അല്ലെങ്കിൽ ഈശോയും മറിയവും ചേർന്നാണ് മനുഷ്യരക്ഷ സാധ്യമാക്കിയത് എന്ന് ചിന്തിക്കാനും ഇടയായേക്കാം. മനുഷ്യകുലത്തിന്റെ രക്ഷയിൽ ഈശോ വഹിച്ച അതുല്യമായ സ്ഥാനത്തിന്റെ മഹത്വത്തിനു ഭംഗംവരുത്താൻ ഇത്തരം തെറ്റിധാരണകൾ ഇടവരുത്തിയേക്കാമെന്നുള്ളതുകൊണ്ടാണ് ഈ പരാമർശം ഒഴിവാക്കണമെന്ന് പ്രബോധനരേഖ നിർദേശിക്കുന്നത്.

ദൈവത്തിന്റെ രക്ഷാകരപദ്ധതിയിൽ മറിയം വഹിച്ച നിർണ്ണായകമായ പങ്കിനെ പുതിയ പ്രബോധനരേഖ യാതൊരു വിധത്തിലും നിഷേധിക്കുന്നില്ല. മറിയം ദൈവഹിതത്തിനു തന്നെത്തന്നെ വിട്ടുകൊടുക്കുകയും ഈശോയുടെ അമ്മയാകാൻ സഹനപൂർവം സന്നദ്ധയാവുകയുംചെയ്‌തു. മറിയം ‘ദൈവികപദ്ധതിയോടു സഹകരിച്ചു’ എന്നതും ‘സഹരക്ഷകയാണ്’ എന്നതും തമ്മിൽ വ്യത്യാസമുണ്ട്. വിശ്വാസംകൊണ്ടും അനുസരണംകൊണ്ടും സ്വാതന്ത്യത്തോടെ ദൈവത്തിന്റെ ക്ഷോകർമ്മത്തിൽ സഹകാരിണിയായി എന്നതാണു പരിശുദ്ധ അമ്മയുടെ മഹത്വം.

അതുപോലെ തന്നെ, മറിയത്തെ ‘കൃപാവരത്തിന്റെ അമ്മ’ എന്നു വിശേഷിപ്പിക്കുമ്പോൾ എല്ലാ കൃപകളും മറിയത്തിൽനിന്നാണ് ഉദ്ഭവിക്കുന്നത് എന്നൊരു ധ്വനി അതിനുണ്ടാകാം എന്ന വസ്‌തുതയും പ്രബോധനരേഖ ചൂണ്ടിക്കാണിക്കുന്നുണ്ട്. ‘സകല കൃപകളുടെയും മധ്യസ്ഥ’ എന്ന പ്രയോഗവും പരിമിതികളുള്ളതാണ്. സകല കൃപകളുടെയും ഉറവിടം ദൈവം മാത്രമാണ്. ഏകജാതനായ മിശിഹാ എല്ലാ കൃപകളും വർഷിക്കുന്നത് അവിടന്നു സ്ഥാപിച്ച തിരുസഭയിലെ പരിശുദ്ധ കൂദാശകളിലൂടെയാണ്. ഈ വിശ്വാസരഹസ്യത്തിന്റെ സമഗ്രതയെ പരിരക്ഷിക്കാൻ ‘കൃപാവരത്തിന്റെ അമ്മ’ എന്ന പ്രയോഗം ഒഴിവാക്കുന്നതാണ് അഭിലഷണീയമെന്നു പ്രബോധനരേഖ ചൂണ്ടിക്കാണിക്കുന്നു.

വലിയ വിവേകവും ശ്രദ്ധയും ആവശ്യമുള്ള ഒരു പ്രയോഗമാണ് ‘മധ്യസ്ഥയായ മാതാവ് എന്നത്. പരിശുദ്ധ മറിയം നമുക്കായി ദൈവസന്നിധിയിൽ മാധ്യസ്ഥ്യം വഹിക്കുന്നു എന്നതിൽ സംശയമില്ല. നമുക്കുവേണ്ടി മാധ്യസ്ഥ്യം അപേക്ഷിക്കാൻ മാതാവിനു കഴിയുമെന്നു പറയുന്നതും ‘അവൾ മധ്യസ്ഥയാണ്’ എന്നു വിശേഷിപ്പിക്കുന്നതും തമ്മിലുള്ള ദൈവശാസ്ത്രപരമായ വ്യത്യാസത്തെയാണ് പ്രബോധനരേഖ ചൂണ്ടിക്കാണിക്കുന്നത്. ദൈവത്തിനും മനുഷ്യനും ഇടയിൽ ഏകമധ്യസ്ഥനായി ഈശോമിശിഹാ മാത്രമാണുള്ളത്. മിശിഹായുടെ ഏകമാധ്യസ്ഥ്യത്തിനു സമാനമായി മാതാവിന്റെ മാധ്യസ്ഥ്യാപേക്ഷയെ അവതരിപ്പിക്കരുത് എന്നതാണ് തിരുസഭയുടെ ബോധ്യം.

ഈശോമിശിഹാ ‘ഏകമധ്യസ്ഥൻ’ ആയിരിക്കുന്നത് അവിടുന്ന് ഒരേസമയം പൂർണ്ണദൈവവും പൂർണ്ണമനുഷ്യനുമാണ് എന്നതുകൊണ്ടാണ്. ദൈവത്തിനും മനുഷ്യനും ഇടയിൽ മധ്യസ്ഥ്യത പുലർത്തുന്ന മറ്റാരുമില്ല. എന്നതാണ് ‘മിശിഹാ ഏക മധ്യസ്ഥൻ’ എന്നതിന്റെ അർഥം. ഈ വ്യത്യാസത്തെ വ്യക്തമായി അവതരിപ്പിക്കാതെ, ‘മധ്യസ്ഥ’ എന്നു മറിയത്തെ വിളിക്കുന്നത് തെറ്റിധാരണകൾക്ക് ഇടവരുത്തും. ചുരുക്കത്തിൽ ദൈവത്തിന്റെ രക്ഷാകരപദ്ധതിയിൽ ഈശോമിശിഹായുടെ അതുല്യമായ അനന്യശ്രേഷ്‌ഠതയെ (uniqueness) ഊന്നിപ്പറയുകയാണ് ഈ പ്രബോധനരേഖയുടെ ലക്ഷ്യം. പരിശുദ്ധ മറിയത്തോടുള്ള തിരുസഭയുടെ പരമ്പരാഗതഭക്തിയെ പരിപോഷിപ്പിക്കുന്നതും ശരിയായ ദിശാബോധം നൽകുന്നതുമാണ് പുതിയ പ്രബോധനരേഖ.

പരിശുദ്ധ കന്യകാമറിയം തിരുസഭയിൽ ഉന്നതമായ വണക്കത്തിനു (hyperdulia) യോഗ്യയാണ്. കുരിശിന്റെ ചുവടുവരെ ഈശോയെ അനുഗമിക്കാൻ തക്ക വിശ്വാസബോധ്യവും ആത്മധൈര്യവും മറിയത്തിനുണ്ടായിരുന്നു. തന്റെ മരണത്തിനു മുൻപു കുരിശിൽവച്ച് ഈശോ വിശ്വാസികൾക്കെല്ലാം അമ്മയായി പരിശുദ്ധ മറിയത്തെ നൽകിയതാണ് (യോഹ. 19:27). തിരു സഭയുടെ മാതാവും പ്രതീകവുമാകയാൽ പരിശുദ്ധ മറിയത്തിന്റെ ജീവിതം സഭയ്ക്ക് മാതൃകയും പ്രചോദനവുമാണ്. ആത്മശരീരങ്ങളോടെ പരിശുദ്ധ കന്യകാമറിയം സ്വർഗത്തിലേക്ക് സ്വീകരിക്കപ്പെട്ടെങ്കിൽ മറിയത്തെ അനുകരിക്കുന്ന സഭ മുഴുവനും അതേ സ്വർഗപ്രവേശനത്തിന് അർഹമാണ്.

പരിശുദ്ധ അമ്മയോടുള്ള ഭക്തി പ്രകടമാക്കുന്ന ജപമാലയും നൊവേനകളും ഉത്തരീയഭക്തിയും കത്തോലിക്കാസഭയിൽ യാതൊരു മാറ്റവുമില്ലാതെ തുടരുന്നതാണ്. രക്ഷാകരപദ്ധതിയിൽ ഈശോയും മറിയവും വഹിച്ച പങ്കിനെ നിയതമായി നിർവചിക്കുന്ന ഈ പ്രബോധനരേഖയെ ദുർവ്യാഖ്യാനം ചെയ്യുന്നവരുടെ നിക്ഷിപ്‌ത താൽപര്യങ്ങൾക്കും തെറ്റായ പഠനങ്ങൾക്കുമെതിരെ നമ്മൾ അതീവജാഗ്രത പാലിക്കണമെന്നും ഓർമ്മിപ്പിക്കട്ടെ".

വിവാദങ്ങളുടെ ഉത്ഭവവും ദൈവമാതാവ് സങ്കൽപവും

കന്യകാ മറിയത്തിൻ്റെ പദവിയെ സംബന്ധിച്ച വിവാദം ആരംഭിക്കുന്നത് ക്രിസ്താബ്ദം 431 ലാണ്. അലക്സാണ്ടറിയൻ ബിഷപ്പായ മാർ കൂറിലോസും കോൺസ്റ്റാന്റിനോപ്പിൾ ബിഷപ്പായ നെസ്തോറും തമ്മിലായിരുന്നു എഫ്സൂസ് പട്ടണത്തിൽ വെച്ച് ഈ വിഷയത്തിൽ വാദപ്രതിവാദം നടന്നിരുന്നു.

ക്രിസ്തോടോക്കോസ് അഥവാ ക്രിസ്തുവിന്റെ അമ്മ മാത്രമാണ് മറിയം എന്നതായിരുന്നു നെസ്തോറിന്റെ അഭിപ്രായം. എന്നാൽ നെസ്തോറിയൻ വാദത്തെ എതിർത്തു കൊണ്ട് കൂറിലോസ്, ദൈവമാതാവ് (തെയോട്ടോക്കോസ്) ആണ് മറിയം എന്ന തീരുമാനമെടുത്തു. അത് അംഗീകരിക്കാത്തവരെ 'നെസ്തൂറിയൻ പാഷണ്ഡത' ആരോപിച്ച് പുറത്താക്കി.

ഈ അഭിപ്രായവ്യത്യാസം ക്രിസ്തീയ സമൂഹത്തിലെ വിശ്വാസപരമായ വലിയൊരു പിളർപ്പിൻ്റെ അടിസ്ഥാനമായിരുന്നു. 1599 ൽ കേരളത്തിൽ നടന്ന ഉദയംപേരൂർ സൂനഹദോസിൻ്റെ വേരുകൾ പോലും ഈ ദൈവശാസ്ത്ര തർക്കത്തിലാണ് കിടക്കുന്നത്. നൂറ്റാണ്ടുകൾക്കിപ്പുറം മറിയം സഹരക്ഷകയല്ല എന്ന വത്തിക്കാൻ്റെ പ്രബോധന രേഖ നൂറ്റാണ്ടുകൾ നീണ്ട സംഘർഷങ്ങളിലേക്കും ദൈവശാസ്ത്ര തർക്കങ്ങളിലേക്കും വീണ്ടും ശ്രദ്ധ തിരിക്കുകയാണ്.

അലക്സാണ്ട്രിയന്‍ ബിഷപ്പ് യേശുവിന്റെ ദൈവത്വം ഉറപ്പിക്കുന്നതിനു വേണ്ടിയായിരുന്നു മറിയം ദൈവമാതാവാണ് എന്ന് പുതിയ പദാവലി ഉപയോഗിച്ചത്. എന്നാൽ ഇന്നത് യേശുവിന്റെ ദൈവത്വം സംരക്ഷിക്കുന്നതിന് അനുഗുണമല്ല എന്ന് തിരിച്ചറിയുന്ന വേളയിൽ സഹരക്ഷക എന്ന പദവി മറിയത്തിൽ നിന്ന് എടുത്തു മാറ്റുകയാണ് ഇപ്പോൾ സഭ ചെയ്തിട്ടുള്ളത്. ചരിത്രത്തിൽ നടന്ന സുനഹദോസ് തീരുമാനങ്ങളെ പുനർവിചിന്തനത്തിന് വിധേയമാക്കുവാൻ സഭയെ നിർബ്ബന്ധിച്ച കാരണങ്ങൾ എന്തെന്ന് വിശകലനം ചെയ്യുന്നതിനു മുമ്പേ, മരിയാരാധന എങ്ങനെ ഔദ്യോഗികമായി വളർന്നു എന്നു പരിശോധിക്കുന്നത് സംഗതമാണ്.

നിത്യകന്യക സങ്കൽപം

431ലെ എഫ്സൂസ് സിനഡിനു ശേഷം 533 ലെ രണ്ടാം കോൺസ്റ്റാന്റിനോപ്പിൾ സിനഡ്, മറിയം നിത്യകന്യകയാണ് എന്ന് വിശേഷിപ്പിച്ചു. 649-ലെ ലാറ്ററൻ സൂനഹദോസ് ഈ വിശ്വാസത്തെ ഔദ്യോഗികമാക്കി.

അമലോത്ഭവ പദവി

1854ൽ പീയൂസ് IX മാർപാപ്പ Ineffabilis Deus എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ മറിയo അമലോത്ഭവ 'Immaculata Conceptio' ആണെന്ന് പ്രഖ്യാപിച്ചു. ഉത്ഭവത്തിലേ വിശുദ്ധ എന്നാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. 1965ലെ രണ്ടാം വത്തിക്കാൻ കൗൺസിൽ പുറത്തിറക്കിയ Catechism of the Catholic Church (CCC) 491-492 പേജു കളിൽ മറിയം "തന്റെ ഗർഭധാരണത്തിന്റെ ആദ്യനിമിഷം മുതൽ" ആദിപാപത്തിൽ നിന്ന് മുക്തയായിരുന്നു എന്ന് രേഖപ്പെടുത്തിയതായി കാണാം.

സ്വർഗീയ രാജ്ഞി

മറിയം തന്റെ ഭൗമിക ജീവിതത്തിന്റെ അവസാനം ശരീരത്തോടും ആത്മാവോടും കൂടെ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടുവെന്ന വിശ്വാസം നാല്, അഞ്ച് നൂറ്റാണ്ടുകളിൽ ജനപ്രിയമായി. മറിയത്തിന്റെ അമലോത്ഭവത്വവും ഒപ്പം ദൈവമാതൃത്വവും അവരെ സ്വർഗീയ മഹത്വത്തിന് അർഹയാക്കി.

1950-ൽ പീയൂസ് XII മാർപാപ്പ Munificentissimus Deus എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ മറിയo സ്വർഗാരോഹണo ചെയ്തു എന്ന് പ്രഖ്യാപിച്ചു. Catechism of the Catholic Church (CCC) 966 പേജിൽ "മറിയം, തന്റെ ഭൗമിക ജീവിതം പൂർത്തിയാക്കിയ ശേഷം, ശരീരത്തോടും ആത്മാവോടും കൂടെ സ്വർഗീയ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു'' എന്ന് രേഖപ്പെടുത്തിയതായി കാണാം.

സഭയെ നിർബ്ബന്ധിച്ച ഘടകങ്ങൾ

മരിയാ ഭക്തിയുടെ പേരിൽ ലോകത്തെല്ലായിടത്തും നടക്കുന്ന ചൂഷണങ്ങൾ കത്തോലിക്കാ സഭയുടെ യഥാർത്ഥ പ്രബോധനങ്ങൾക്കും ചാരിറ്റിയോടുള്ള സമീപനങ്ങൾക്കും വലിയ പോറലുകളേൽപിച്ചു. കേരളത്തിലെ കൃപാസനം പോലെ ആഗോള തലത്തിൽ മരിയൻ ഭക്തി കേന്ദ്രങ്ങൾ വമ്പൻ വ്യവസായമായി മാറി. കരിസ്മാറ്റിക് കേന്ദ്രങ്ങളിൽ നിന്നും വരുന്ന പീഡനവാർത്തകൾക്കും ഭക്തിയുടെ പേരിൽ അരങ്ങേറുന്ന ആശാസ്യമല്ലാത്ത പ്രവർത്തനങ്ങൾക്കും ഈ നാമങ്ങളുടെ മറ സഹായകരമാകുന്നു എന്ന തിരിച്ചറിവിലേക്ക് സഭ എത്തിയിരിക്കുന്നതായി മനസ്സിലാക്കാൻ ഈ പിന്മാറ്റം സഹായിക്കുന്നു. കാലങ്ങളായി ഇതര സഭകൾ പറഞ്ഞു കൊണ്ടിരിക്കുന്ന സിദ്ധാന്തങ്ങളിലേക്ക് ഒടുവിൽ കത്തോലിക്കാസഭയും എത്തിച്ചേരുകയാണ്.

പ്രൊട്ടസ്റ്റന്റ് വീക്ഷണം

നൂറ്റാണ്ടുകളിലൂടെ വളർന്ന മരിയാ ഭക്തിയെ പ്രൊട്ടസ്റ്റന്റുകാർ അമ്മ ദൈവത്തിനുള്ള ആരാധനയായാണ് കാണുന്നത്. നിമ്രോദിന്റെ മരണശേഷം ബാബിലോണിയൻ വിഗ്രഹാരാധകർ നിമ്രോദിന്റെ കുട്ടിയെയും കുട്ടിയുടെ അമ്മയേയും ആരാധിക്കാൻ തുടങ്ങിയതിനോടാണ് പെന്തക്കോസ്ത് പണ്ഡിതനായ കെ.ഇ എബ്രഹാം 'മഹതിയാം ബാബിലോൺ' എന്ന പുസ്തകത്തിൽ കത്തോലിക്കരുടെ പിയാത്തയെ (യേശുവിനെ മടിയിലിരുത്തിയ മറിയയുടെ പ്രതിമ) ഉപമിച്ചിരിക്കുന്നത്.

തെറ്റുതിരുത്തൽ

കൽദായ, യാക്കോബായ സഭകളോട് ദൈവമാതാവ്, ദൈവ സ്വഭാവo എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ അക്രമങ്ങളിൽ ഉള്ള തെറ്റുതിരുത്തൽ കൂടിയാണ് ഈ പിന്മാറ്റ രേഖ. എഫ്സൂസിൽ നെസ്തോറിനും അനുയായികൾക്കും കൽക്കദൂനിയയിൽ യാക്കോബ് ബുർദായക്കും അനുയായികൾക്കും എതിരിലായിരുന്നു ആ അതിക്രമങ്ങൾ. ഒട്ടോമൻ ഭരണം (ഉസ്മാനിയ ഖിലാഫത്ത്) നിലവിൽ വരും വരെ ഇവർ അക്രമങ്ങൾക്ക് ഇരകളായിരുന്നു. ആ സഭകളോട് നടത്തിയ അതിക്രമങ്ങളിൽ ഒരു കഥയുമില്ലായിരുന്നു എന്ന് സമ്മതിക്കുക കൂടിയാണ് സഹരക്ഷകസ്ഥാനം പിൻവലിക്കുമ്പോൾ കത്തോലിക്കാ സഭ ചെയ്യുന്നത്. കാരണം ഇക്കാര്യങ്ങൾ പറഞ്ഞതിനായിരുന്നു അവർ പീഢിപ്പിക്കപ്പെട്ടിരുന്നത്.

പുതിയ അന്വേഷണങ്ങൾ; ആലോചനകൾ

കന്യകാ മറിയത്തിന് സഹരക്ഷക സ്ഥാനം ഇല്ലെന്ന് സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ പല തരത്തിലുള്ള സംവാദങ്ങൾ ദൈവശാസ്ത്രമേഖലയിൽ നടക്കുകയാണ്. ദൈവത്തിൻ്റെ സ്ഥാനവും പ്രഭാവവും പ്രബോധന രേഖകളിലൂടെ സമയാസമയങ്ങളിൽ മാറ്റം വരുത്താൻ സാധിക്കുന്നതാണോ എന്ന ചോദ്യം പലരും ഉയർത്തുന്നുണ്ട്. ഒരു ഘട്ടം വരെയുള്ള വിശ്വാസ സങ്കൽപം മറ്റൊരു ഘട്ടത്തിൽ വേണ്ടെന്ന് വെക്കുന്നത് എങ്ങനെ എന്ന ചോദ്യമാണ് അവർ ഉയർത്തുന്നത്. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കന്യകാ മറിയവുമായി ബന്ധപ്പെട്ട ഖുർആനിക പാഠങ്ങളും പലരും ചർച്ചയിലേക്ക് കൊണ്ടുവരുന്നുണ്ട്. മറിയം എന്ന പേരിൽ ഒരു അധ്യായം ഖുർആനിലുണ്ട്. യേശുവിൻ്റെ തിരുപ്പിറവിയെ അംഗീകരിക്കുന്ന ഖുർആൻ പക്ഷേ, യേശുവിൻ്റെയോ മറിയത്തിൻ്റെയോ ദിവ്യത്വം അംഗീകരിക്കുന്നില്ല.

മാതാവിൻ്റെ സഹരക്ഷക സ്ഥാനത്തെക്കുറിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സമാന പ്രശ്നം കൈകാര്യം ചെയ്യുന്ന ഖുർആൻ അഞ്ചാം അധ്യായത്തിലെ 116, 117 സൂക്തങ്ങൾ അവർ ഉദ്ധരിക്കുന്നു: "ദൈവം ചോദിക്കുന്ന സന്ദർഭം: 'ഓ മർയമിന്റെ പുത്രൻ യേശുവേ! നീയാണോ ജനങ്ങളോട് പറഞ്ഞത്: 'ദൈവത്തിന് പുറമെ എന്നെയും എന്റെ മാതാവിനെയും രണ്ട് ദൈവങ്ങളായി സ്വീകരിക്കുവിൻ' എന്ന്?' യേശു പറയും: 'നിനക്കാണ് സർവ്വ പരിശുദ്ധിയും! എനിക്ക് യാതൊരു അവകാശവുമില്ലാത്ത ഒരു കാര്യം ഞാൻ പറയാൻ പാടുണ്ടോ? ഞാൻ അപ്രകാരം പറഞ്ഞിട്ടുണ്ടെങ്കിൽ, തീർച്ചയായും നീയത് അറിഞ്ഞിരിക്കും. എന്റെ മനസ്സിലുള്ളത് നീ അറിയും; നിന്റെയുള്ളിലുള്ളത് ഞാൻ അറിയുകയുമില്ല. തീർച്ചയായും നീ മറഞ്ഞ കാര്യങ്ങൾ അറിയുന്നവനാണ്. നീ എന്നോട് കൽപിച്ച കാര്യമല്ലാതെ മറ്റൊന്നും ഞാൻ അവരോട് പറഞ്ഞിട്ടില്ല. അഥവാ 'എന്റെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവുമായ ദൈവത്തെ നിങ്ങൾ ആരാധിക്കുക'. എന്നാണ് ഞാൻ പറഞ്ഞത്.

ഞാൻ അവർക്കിടയിൽ ഉണ്ടായിരുന്ന കാലത്തോളം ഞാൻ അവരുടെ എല്ലാ കാര്യത്തിനും സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ തിരിച്ചു വിളിച്ചപ്പോൾ, നീയായിരുന്നു അവരെ നിരീക്ഷിക്കുന്നവൻ. നീ എല്ലാ കാര്യങ്ങൾക്കും സാക്ഷിയാണല്ലോ".

കേരളത്തിൻ്റെ പശ്ചാത്തലത്തിൽ

കേരളത്തിലെ ക്രിസ്തീയ സഭകളിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി പല വിധത്തിൽ ഉയരുന്ന വിവാദങ്ങളുടെയും തർക്കങ്ങളുടെയും പശ്ചാത്തലത്തിലാണ് പരിശുദ്ധ മറിയത്തിൻ്റെ പദവിയുമായി ബന്ധപ്പെട്ട പുതിയ വിവാദം കൂടി ഉടലെടുത്തിരിക്കുന്നത്. അൾത്താര അഭിമുഖ കുർബാന വേണമോ ജനാഭിമുഖ കുർബാന വേണമോ എന്ന തർക്കം എറണാകുളം - അങ്കമാലി അതിരൂപതയിൽ ഒരു ക്രമസമാധാന പ്രശ്നമായി വികസിച്ചിരുന്നു. പുതിയ വിശ്വാസ പദ്ധതികളും പ്രാർഥനാ രീതികളുമായി വരുന്ന ന്യൂ ജനറേഷൻ സഭകളുടെ വളർച്ചയും സഭക്ക് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. കുർബാന തർക്കത്തിൽ സമ്പൂർണമായ പരിഹാരമുണ്ടാക്കാൻ വത്തിക്കാന് പോലും സാധിച്ചിട്ടില്ല.

ഗസ്സയിലെ ഇസ്രായേൽ വംശഹത്യയെ അപലപിക്കുകയും ഫലസ്തീന് ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും ചെയ്ത മുൻ പോപ്പിൻ്റെ നിലപാടിനെ പരസ്യമായി എതിർത്തു കൊണ്ട് ചില തീവ്ര ക്രിസ്തീയ സംഘടനകൾ രംഗത്ത് വന്നിരുന്നു. വത്തിക്കാനിലെ ലൈബ്രറിയിൽ ഇസ്‌ലാം മത വിശ്വാസികൾക്ക് പ്രാർഥിക്കാനുള്ള സൗകര്യം ചെയ്തു കൊടുത്തതിനെയും അവർ പരസ്യമായി എതിർത്തു. അതിന് ശേഷമാണ് ഇപ്പോൾ അടിസ്ഥാന വിശ്വാസവുമായി ബന്ധപ്പെട്ട ഒരു പ്രബോധന രേഖയെ കൂടി പരസ്യമായി എതിർത്തുകൊണ്ടും പരിഹസിച്ചു കൊണ്ടും ആളുകൾ രംഗത്ത് വരുന്നത്.

അധികാര സ്ഥാനങ്ങളും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച ഭിന്നിപ്പുകളും ദൈവശാസ്ത്രപരമായ തർക്കങ്ങളും ഒരേപോലെ ഉയരുമ്പോൾ ശ്രമകരമായ ദൗത്യമാണ് കേരളത്തിലെ സഭക്ക് മുന്നിലുള്ളത്. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇത്രയും വിപുലമായ വിശദീകരണ കുറിപ്പ് ഇറക്കാൻ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിനെ പ്രേരിപ്പിച്ചതും സങ്കീർണ്ണമായ ഈ പശ്ചാത്തലമായിരിക്കും.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News