ഓണാഘോഷവും പൊലിസും ഇസ്‌ലാമോഫോബിയയും

നിരവധിപേർ ഓണത്തോട് തങ്ങളുടെ വിയോജിപ്പുകൾ പറഞ്ഞിട്ടും കലാപാഹ്വാനമെന്ന ആരോപണം നേരിടേണ്ടിവന്നത് ശശികല ടീച്ചർക്കോ കീഴാള ബുദ്ധിജീവിക്കോ സവർണ അക്കാദമിക്കുകൾക്കോ അമിത് ഷാക്കോ കെജ്‌രിവാളിനോ അല്ല, ഒരു മുസ്‌ലിം മാനേജ്മെന്റ് സ്ഥാപനത്തിലെ അധ്യാപികക്കാണെന്നതിന്റെ ലളിതമായ അർഥമാണ് ഇസ്‌ലാമോഫോബിയ

Update: 2025-08-27 13:32 GMT

ഹിന്ദുക്കളുടെ ആഘോഷമായ ഓണം ആഘോഷിക്കേണ്ടെന്നു പറഞ്ഞ അധ്യാപികക്കെതിരേ പോലിസ് കേസെടുത്തതായി വാർത്ത പുറത്തുവന്നിട്ടുണ്ട്. സമുദായസ്പർധ, കലാപാഹ്വാനം തുടങ്ങിയവയാണ് എഫ്ഐആറിൽ ചേർത്തിരിക്കുന്ന കുറ്റം. കുന്നംകുളം പൊലിസാണ് കേസെടുത്തിരിക്കുന്നത്. ഡിവൈഎഫ്ഐയാണ് പരാതി നൽകിയത്.

സമാനമായ രീതിയിൽ 2023ലും ഓണാഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നു പറഞ്ഞുകൊണ്ടുള്ള ഒരു ചോദ്യാവലി പുറത്തുവന്നിരുന്നു. 2023ലായിരുന്നു അത്. അധ്യാപികയുടെ ആഹ്വാനം പോലെയായിരുന്നില്ല അത്. കുറച്ചുകൂടെ സ്പെസഫിക്കായിരുന്നു. അമുസ്‌ലിംകളുടെ മതപരമായ ഉത്സവങ്ങളിൽ പങ്കുചേരേണ്ടതില്ലെന്നും എന്നാൽ ഭൗതികമായ കാര്യങ്ങളിൽ ആശംസിക്കുന്നതിൽ തെറ്റില്ലെന്നുമാണ് ഒരു മുസ്‌ലിം ഗ്രൂപ്പിന്റെ ചോദ്യാവലിയിൽ പറഞ്ഞിരിക്കുന്നത്. ഏതൊക്കെയാണ് മതപരം, ഭൗതികമായത് എന്നതിന് ഉദാഹരണങ്ങളും നൽകിയിട്ടുണ്ട്. ഓണം, ക്രിസ്മസ്, എന്നിവയാണ് മതപരമായ ആഘോഷങ്ങൾ. അവയിൽ കൂട്ടുചേരരുത്. പിറന്നാൾ, വീട് പാർക്കൽ, വിവാഹം ഇതൊക്കെയാണ് ഭൗതികമായ, ആശംസനേരാവുന്ന കാര്യങ്ങൾ. ഓണം വാമനജയന്തിയാണെന്ന ആഹ്വാനവുമായി ശശികലടീച്ചർ കുറച്ചുകാലം മുമ്പ് വന്നിരുന്നു. 2020ൽ ഓണനാളിൽ വാമനജയന്തി ആശംസിച്ചത് അന്നത്തെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ്. അതിനും നാല് കൊല്ലം മുമ്പ് അമിത് ഷായും വാമനജയന്തി ആശംസിച്ചിരുന്നു.

Advertising
Advertising

ഓണം ഒരു സവർണ ഉത്സവമായതിനാൽ അതിൽ പങ്കെടുക്കേണ്ടെന്ന ആലോചനകൾ പങ്കുവച്ചിരുന്ന ധാരാളം കീഴാള ബുദ്ധിജീവികൾ നമ്മുടെ നാട്ടിലുണ്ടായിരുന്നു. കുറേ കാലം മുമ്പ് ഇത്തരം നിരവധി എഴുത്തുകൾ പലയിടങ്ങളിലായി കണ്ടിട്ടുണ്ട്. അതേസമയം സവർണവൽക്കരിക്കപ്പെട്ട ഓണമല്ല തങ്ങളുടെ ഓണമെന്നും അതിന് തങ്ങൾക്ക് തങ്ങളുടേതായ അർഥങ്ങളുണ്ടെന്നും വാദിക്കുന്ന കീഴാളരുമുണ്ട്. ചുരുക്കത്തിൽ ഓണം ഒരു ഓണമല്ല, പല ഓണങ്ങളാണ്.

യഥാർത്ഥത്തിൽ ഓണമെന്ന് ഏകവചനത്തിൽ പറയുന്നത് ശരിയല്ലെന്നാണ് രൺജിത്ത് മാഷിനെ പോലെ ഓണ ഗവേഷകരെ പിൻപറ്റി നമുക്ക് പറയാനാവുന്നത്. ഏത് ഓണം, ആരുടെ ഓണം എന്നൊക്കെ ഗവേഷകർ ഇനിയും കണ്ടത്തേണ്ടതാണ്. ഓണം നിരവധി ജാതി വിഭാഗങ്ങൾക്കുള്ളിൽ വ്യത്യസ്ത രൂപത്തിൽ നിലനിന്നിരിക്കണം. ഓരോരുത്തർക്കും വ്യത്യസ്ത ഭാവനകളും കഥകളും നിലനിന്നിരിക്കണം. പക്ഷേ, ഈ മിത്തുകളെ സംയോജിപ്പിച്ച് സവർണ ചമയങ്ങളോടെ സർക്കാർ മുൻകയ്യിൽ നിർമിച്ച രൂപത്തിലാണ് ഇന്നു നാം കാണുന്നത്.

ഓണത്തെ ഇന്നത്തെ രൂപത്തിൽ കൊണ്ടുവരുന്നതിൽ ദേശീയവാദയുക്തിയുടെ ഇടപെടലുകളുമുണ്ടെന്ന കാര്യവും ഓണത്തെക്കുറിച്ച ചർച്ചകളിൽ പരിഗണിക്കപ്പെടേണ്ടതുണ്ട്. ഇന്ത്യ സ്വതന്ത്ര്യമായ സമയത്ത് എന്തിനെയും ദേശീയതയുടെ നിറങ്ങളിൽ ചാലിച്ച് വിശദീകരിക്കാനും അതിലൂടെ ദേശീയതയെ വ്യാഖ്യാനിക്കാനുമുള്ള ഒരു ത്വര ദേശീയവാദികൾക്ക് വ്യാപകമായുണ്ടായിരുന്നു. ഇന്ത്യ മുഴുവൻ ഒരുപോലെ ആഘോഷിക്കുന്ന ഒരാഘോഷം പോലുമില്ലാത്ത സാഹചര്യത്തിൽ ദേശീയവാദികൾക്ക് അതൊരു കീറാമുട്ടി പ്രശ്നമായിരുന്നു. അങ്ങനെയാണ് ഓരോ സംസ്ഥാനങ്ങളിലെയും ദേശീയവാദികൾ അവരവരുടെ സംസ്ഥാനങ്ങളിൽ ഓരോരോ ദേശീയോത്സവങ്ങൾ രൂപപ്പെടുത്താൻ ശ്രമിച്ചത്. പഴയ 'മാതൃഭൂമി'യിൽ ഇത്തരം നിരവധി ചർച്ചകൾ നമുക്ക് കാണാം.

കേരളത്തിൽ എന്തായിരിക്കണം ദേശീയോത്സവമായി സ്വീകരിക്കേണ്ടതെന്ന് ദേശീയവാദികൾ തലകുത്തിനിന്ന് ആലോചിച്ചതിന്റെ രേഖകളാണ് അവ. ഹോളിയും തിരുവാതിരയും പൂരങ്ങളുമൊക്കെ അവരുടെ പരിഗണനകളിൽ വന്നിരുന്നു. തൃശൂർ പൂരത്തെ കേരളത്തിന്റെ ദേശീയോത്സവമെന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള വാർത്തകൾ മാതൃഭൂമിയിൽ കണ്ടിട്ടുണ്ട്. ഏറെ കഴിഞ്ഞപ്പോൾ 'മാതൃഭൂമി'ക്ക് ഇതേ തൃശൂർ പൂരം ഉത്തര കേരളത്തിന്റെ ദേശീയോത്സവമായി മാറി.

ഈ പോസ്റ്റിനോടൊപ്പം നൽകിയ ഒരു 'മാതൃഭൂമി' ലേഖനത്തിൽ കെ.പി കേശവമേനോൻ പറയുന്നത് നോക്കുക: പല രാജ്യങ്ങളിലും ദേശീയാഘോഷങ്ങൾ കൊണ്ടാടുന്ന സമ്പ്രദായങ്ങൾ കണ്ടറിഞ്ഞ്, കേരളത്തിന്റെ സ്ഥിതിക്കും കേരളീയരുടെ രുചിക്കും പറ്റിയ വിധത്തിൽ ഓണം പുനസ്സംവിധാനം ചെയ്യുകയെന്നത് ഇന്നൊരു ആവശ്യമായി മാറിയെന്നാണ് ശ്രീ മേനോൻ ലേഖനത്തിൽ ആവശ്യപ്പെടുന്നത്. ക്ഷയിച്ചു തുടങ്ങിയ ഓണത്തെ വീണ്ടെടുക്കണമെന്നും അദ്ദേഹം പറയുന്നു. ഈ ചർച്ചയുടെ ഒടുവിലാണ് കേരള സർക്കാർ ഓണത്തെ ദേശീയോത്സവമായി പ്രഖ്യാപിച്ച് അതിന് അധികാരത്തിന്റെ രൂപഭാവങ്ങൾ നൽകുന്നത്. അതിന്റെ ഉദ്ദേശ്യവും സർക്കാർ വ്യക്തമാക്കിയിരുന്നു- വിദേശീയരെ ആകർഷിക്കൽ.

അതായത് ഇന്ന് നാം ആഘോഷിക്കുന്നത് മതപരമായ ഓണമല്ല, മതേതരസർക്കാർ പ്രഖ്യാപിച്ച ഓണമാണ്. അതുപോലും കേരളീയർക്കുള്ള ഓണല്ല, വിദേശികൾക്കുവേണ്ടി നാം കണ്ടെടുത്ത ഓണമാണ്. അങ്ങനൈാരു ഓണത്തെ സവർണ സമ്പ്രദായത്തിൽ സങ്കൽപ്പിച്ചിരിക്കുന്നുവെന്നത് നമ്മുടെ ഭരണകൂടത്തിന്റെയും മതേതരതത്വത്തിന്റെയും സ്വഭാവത്തെയും നിർണയിക്കുന്നു. സ്റ്റേറ്റിന്റെ ഓണം പോലെത്തന്നെ സവർണരും ഓണമാഘോഷിക്കുന്നുണ്ട്. കീഴാളരും ഓണമാഘോഷിക്കുന്നുണ്ട്. അതിനർഥം ഓണത്തിന് ദൈവശാസ്ത്രപരമെന്നപോലെ രാഷ്ട്രീയവും ഭരണപരവുമായ അർഥവും ഇന്ന് വന്നുചേർന്നിട്ടുണ്ടെന്നാണ്. ഓണത്തിന്റെ ദൈവശാസ്ത്രപരമായ അർഥത്തോടാണ് ടീച്ചർ തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. നാം നേരത്തെ കണ്ടതുപോലെ ടീച്ചറുടെ വിമർശനം ഒറ്റപ്പെട്ടതല്ല. നിരവധിപേർ ഇത്തരം വിമർശനങ്ങളുള്ളവരായുണ്ട്. അവർക്കൊക്കെ വിമർശിക്കാൻ അവകാശമുള്ളതുപോലെ ടീച്ചർക്കും അതിനുള്ള അവകാശമുണ്ട്. ഇനി ദൈവശാസ്ത്രപരമായ അർഥത്തിലല്ലെങ്കിലും അതിനവർക്ക് അവകാശമുണ്ട്.

ഒരു വിഭാഗം മനുഷ്യർക്ക് ഇങ്ങനെയൊരു ആഘോഷം തങ്ങളുടേതല്ലെന്നു തോന്നുന്നുണ്ടെങ്കിൽ അതിൽ തെറ്റില്ലെന്നാണ് എന്റെ പക്ഷം. അത് സഹിഷ്ണുതയെ ചോദ്യം ചെയ്യലാവില്ലെന്നും ഞാൻ കരുതുന്നു. ഓണം ആഘോഷിക്കുന്നവർ ഇക്കാര്യത്തിൽ വിളറിപിടിക്കേണ്ടതുമില്ല. കാരണം ദൈവവുമായി പങ്കുചേർക്കലെന്ന് ഒരാൾ കരുതുന്ന കാര്യത്തിൽ ഉറച്ചനിലപാടുമായി മുന്നോട്ടുപോകാനുള്ള അവകാശം നാം ഉറപ്പുവരുത്തുക മാത്രമല്ല, അതിനുള്ള സാഹചര്യം ഉണ്ടായിരിക്കേണ്ടതും പ്രധാനമാണ്. അങ്ങനെ ചെയ്യേണ്ടത് ബഹുസ്വരസമൂഹത്തിന്റെ കടമയാണ്. ഇത്രയേറെ പേർ ഓണത്തോട് തങ്ങളുടെ വിയോജിപ്പുകൾ പറഞ്ഞിട്ടും കലാപാഹ്വാനമെന്ന ആരോപണം നേരിടേണ്ടിവന്നത് ശശികല ടീച്ചർക്കോ കീഴാള ബുദ്ധിജീവിക്കോ സവർണ അക്കാദമിക്കുകൾക്കോ അമിത് ഷാക്കോ കെജ്‌രിവാളിനോ അല്ല, ഒരു മുസ്‌ലിം മാനേജ്മെന്റ് സ്ഥാപനത്തിലെ അധ്യാപികക്കാണെന്നതിന്റെ ലളിതമായ അർഥമാണ് ഇസ്‌ലാമോഫോബിയ.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - ബാബുരാജ് ഭഗവതി

Writer

Similar News