ഉജ്ജയിനിയിലെ ഗായിക | Short Story

| കഥ

Update: 2024-10-12 06:19 GMT
Advertising

'.. അപ്പോ അങ്ങനെയാണ് ആ അറുക്കീസ് മനോരേട്ടന്‍ മതില് കെട്ടാന്‍ തീരുമാനിച്ചത്..'

മോന്തിയ പനങ്കള്ളിന്റെ ഈര്‍പ്പം തുടച്ച് ചുണ്ടിലൊരു ദിനേശ് തിരുകി മൂവാരിത്തമ്പാന്‍ ചിരി പുകച്ചു. തുമ്പ് കെട്ടാനുള്ള ചെങ്കല്ലു പോലും ഇറക്കാതെ 'നാളേക്ക് മതിലിന്റെ പണി തുടങ്ങണം..' എന്ന മനോഹരന്റെ ആജ്ഞയില്‍ തന്നെ അയാളൊരു വശപ്പിശക് മണത്തതാണ്. പൊട്ടിയൊലിക്കുന്ന ചായ്പിലെ ഓട് മാറ്റാന്‍ നിന്നെ അടുത്താഴ്ച വിളിക്കുന്നുണ്ടെന്ന് ജനിച്ചന്ന് മുതല്‍ തന്നോട് പറയുന്ന - ഇതുവരെ ആ ആഴ്ച ഏതെന്നു തീര്‍ച്ചപ്പെടുത്താത്ത - മനോരേട്ടന് ഇതെന്ത് പറ്റിയെന്ന് ഷാപ്പിലെ കോരമൂത്താളോട് ചോദിച്ചപ്പോഴാണ് സംഗതിയുടെ ഗുട്ടന്‍സ് വെളിവായത്.. പ്രശ്‌നം പാട്ടാണ്, പാട്ട് ഒരു പ്രശ്‌നമാണ്..!

'സര്‍ഗ്ഗവേദി' ഇളയരിക്കുണ്ടിന്റെ മുപ്പതാം വാര്‍ഷികത്തിന് അംഗങ്ങളുടെ കലാപരിപാടികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ചേര്‍ന്ന ഞാറാഴ്ച യോഗത്തിലാണ് പ്രശ്‌നങ്ങള്‍ക്ക് തീ പൂണ്ടത്. കുടുംബശ്രീ കഴിഞ്ഞ് ഒരിത്തിരി നേരം വൈകിയെത്തിയ ആര്യമ്പാട്ടിലെ സുമലത, ഏറെ ആഗ്രഹിച്ചെടുത്ത പടുകൂറ്റനൊരു നെടുവീര്‍പ്പ് പാതിയില്‍ വെടിഞ്ഞ് കണ്‍വീനര്‍ സജീവന്റെ മേശക്കരികിലേക്ക് പാഞ്ഞു..!

'എന്റെ പേര് എഴുതീറ്റെ സജീവേട്ടാ..?'..

'ഇല്ലല്ലണേ.. നീ എയ്‌ന്..? പാട്ടിനന്യാ..!'

'ഇല്ല' എന്ന മറുപടി മൂന്നാം നിരയിലെ നീലക്കസേരയില്‍ ദേശാഭിമാനി ഭക്ഷിച്ചു കൊണ്ടിരുന്ന ഭര്‍ത്താവ് മനോഹരനെ ചുട്ടെരിക്കാനുള്ള അഗ്‌നി സുമലതയുടെ കണ്ണുകളിലേക്ക് പടര്‍ത്തി. ആ നോട്ടത്തിന്റെ ചൂട് സോവിയറ്റ് യൂണിയനും ചൈനയും ത്രിപുരയും ബംഗാളും കേരളവും കടന്ന് മനോഹരന്റെ കൈത്തലങ്ങളിലേക്ക് പ്രവഹിച്ചു. പൊള്ളലേറ്റ് പിടഞ്ഞ മനോഹരന്‍ ഭാര്യക്കുള്ള മറുപടിയെന്നോണം ആള്‍ക്കൂട്ടത്തില്‍ മറ്റാരെയോ തിരഞ്ഞു..!

പുരുവനോടുള്ള രോഷം തിളച്ചെങ്കിലും അത് പുറത്ത് കാട്ടാതെ സുമലത പ്രസ്താവിച്ചു..

'പാട്ടിനന്നേപ്പാ..'

'ഏതാണേ..? കരോക്കേ നീ എടുത്തിട്ട് വരൂലെ..'

'വല്യ പരിപാടിയല്ലേ..പാട്ട് നമ്മളെ മാസ്റ്റര്‍ പീസന്നെ ആയ്‌കോട്ടെ ..' ഇടതുകണ്ണ് ചിമ്മി നാണത്തിന്റെ ഒരുതുണ്ട് ചിരിയെറിഞ്ഞ് സുമലത ഒന്ന് മൂളി മുഴുമിപ്പിച്ചു.. 'ഉജ്ജയിനിയിലെ ഗായിക.. ഉര്‍വശിയെന്നൊരു മാളവികാ..'

സജീവന്‍ ഒരു നിമിഷം ഒന്നമാന്തിച്ചു.. 'അല്ല ലതേ.. ഈ പാട്ട് നിന്റെ അയലൂതി ആര്‍ട്ടിസ്റ്റ് പ്രദീപന്‍ ആള്‍റെഡി എഴുതിയല്ലോ..! ദാ.. ഒരു രണ്ട് നമ്പര്‍ ഇപ്പറം.. നോക്കറാ..എന്നാ ചെയ്യുവാ..നീ പാട്ട് മാറ്റുന്നാ..!'

സങ്കടമോ നിരാശയോ എന്ന് വേര്‍തിരിച്ചെടുക്കാനാവാത്ത ഏതോ വികാരം സുമലതയുടെ ഉള്ളിനെ മേഘാവൃതമാക്കി.. മിഴികളില്‍ തെളിഞ്ഞു നിന്ന അഗ്‌നി അണഞ്ഞ് പുകയും വെണ്ണീരും പൊന്തി..! മറുപടിയൊന്നും പറയാതെ അവള്‍ മനോഹരന് സമീപത്ത് വന്നിരുന്നു..!

അണ്‍ബ്ലീച്ചിനു ഇളംനീല കരയുള്ള കോട്ടണ്‍ മുണ്ടിന്റെ പ്രതിരോധം ഭേദിച്ച് ഭാര്യയുടെ നഖക്ഷതമേറ്റ മനോഹരന്‍ ഉഗ്രനൊരലര്‍ച്ച ഇറക്കാനോ തുപ്പാനോ ആകാതെ കാളകൂടമെന്ന പോലെ തൊണ്ടയില്‍ തളച്ചു..!

'ങ്ങളെ കൊള്ളാഞ്ഞിട്ടാ.. ആ പ്രദീപന്‍ എന്റെ പാട്ട് ബുക്ക് ചെയ്തു ന്ന്..'.. സുമ പിറുപിറുത്തു...

'അതെങ്ങനടോ.. നിന്റേതു ഫീമെയില്‍ സോങ്ങല്ലേ..! അതെങ്ങനെ ഓനെടുക്കും.. മാത്രൂവല്ല, ഞാനാ മനോജിനോട് ഇത് നേരത്തെ പറയൂം ചെയ്തിന്... നിന്റെ പേരെഴുതാന്‍..അന്നേരം ഈ സജീവന്‍ വന്നിട്ടും കൂടെ ഇല്ല..അത് ചോയ്ക്കണല്ലാ.. '

മനോഹരന്‍ ടെററായി.. ആവശ്യമില്ലാത്ത നുള്ളേറ്റു പിടഞ്ഞതിന്റെ സകല ശൗര്യവും അയാളിലേക്ക് ആവാഹിക്കപ്പെട്ടു..! ഹാളിന് പുറത്ത് പീറ്റത്തെങ്ങിന് ചാരി സമാധാനത്തില്‍ ഒരു പുക പുകയ്ക്കാന്‍ വന്ന മനോജിന്റെ അടുക്കലേക്ക് അയാള്‍ പിണര്‍ പോലെ പാഞ്ഞടുത്തു..

'എടാ മനോജേ.. ഞാന്‍ നിന്നോട് പറഞ്ഞിനാ ഇവളെ പേര് ഉജ്ജയിനി പാടാന്‍ ഏഴ്തണം ന്ന്..!?'

'പറഞ്ഞിനി.. അയ്‌നിപ്പോ എന്നാ '

'പിന്നെന്ത്ന്ന്‌റോ ആ സജീവന്‍ പറയുന്ന് പ്രദീപനാണ് ആ പാട്ട് പാടുന്നതെന്ന്..'

'ഏത് പ്രദീപന്‍.. ആര്‍ടിസ്റ്റാ..! ഓന്‍ ജനിച്ച ജമ്മത്തില്‍ ഹിന്ദി പാട്ട് പാടാനല്ലാണ്ട് വായി തൊറന്നിറ്റല്ല.. ഇതെന്നോ എടങ്ങേറാക്കാനുള്ള പരിപാടിയാണ്.. ഓനോട് ഞാന്‍ ചോയ്ക്കാം..'

മനോജ് പുകയെടുക്കലില്‍ നിന്നും പുക പടര്‍ത്താനുള്ള ഭാവത്തിലേക്ക് ഞൊടിയിടയില്‍ മാറി.

പ്രദീപന്റെ പാട്ട് മാറ്റത്തിന് ചെറിയൊരു ഉപകഥയുണ്ട്.. ജനിച്ചയന്ന് മുതല്‍ 'തെരെ മെരെ ബീച്ച് മെ..'യല്ലാതെ വേറെയൊരു പാട്ടും റിലീസ് ചെയ്തിട്ടുണ്ടോ എന്ന് പോലും ശ്രദ്ധിക്കാത്ത ശുദ്ധജന്മമാണ് പ്രദീപന്റേത്. അനുപല്ലവിയെത്തുമ്പോള്‍ കരോക്കേ ഒരു വഴിക്കും പാട്ട് വേറേതോ വഴിക്കും പോയി പോയി ഏറെ ദൂരം സഞ്ചരിച്ച് 'കേസാ ഹേ യെ ബന്ധന്‍..' എത്തുമ്പോള്‍ പിന്നെയും പരസ്പരം ബന്ധനസ്ഥവരാവും..! ഇടയില്‍ ഒരു തവണ 'സുഹാനി രാത്ത്..' പാടി നോക്കിയെങ്കിലും ഇനിയത് പാടിയാല്‍ പച്ചച്ചാണകം വാരി വായിലിട്ടു തരും എന്ന ആസ്ഥാന റാഫി ഫാന്‍ കല്ലുവാതുക്കലെ സതീശന്റെ രഹസ്യ ഭീഷണി ഭയന്ന് അന്ന് തന്നെ ആ ശ്രമം പൂട്ടിക്കെട്ടി. കാര്യമറ്റം വായനശാലയിലെ മാസച്ചിട്ടി ഈ മാസത്തേക്ക് തനിക്കൊന്നു മറിച്ചു തരണം എന്ന അപേക്ഷ നിരുപാധികം തള്ളിക്കളഞ്ഞ ലൈബ്രറി സെക്രട്ടറി മനോഹരനോടുള്ള ശീതയുദ്ധമാണ് സെക്രട്ടറിയുടെ ഭാര്യയുടെ പാട്ട് ഹൈജാക്ക് ചെയ്തു കൊണ്ടുള്ള ഈ നീക്കത്തിന്റെ കാതല്‍..!

മീറ്റിംഗ് ഹാളിന്റെ മധ്യത്തിലായി ഭാര്യ ശോഭയോട് മിണ്ടിപ്പറഞ്ഞിരുന്ന പ്രദീപന്റെയടുത്തേക്ക് മനോജ് ചീറിയടുത്തു..

'അതെന്ത് കളിയെടോ പ്രദീപാ.. നീ എന്തിനീ സുമേട്ടീന്റെ പാട്ട് കട്ടിനി.. നീ ഹിന്ദിപ്പാട്ടല്ലെടോ പാടല്..'

'സുമേട്ടീരെ പാട്ടാ.. അത് മോശൂല്ല..! ആ പാട്ട് വേറെ ആരിക്കും പാടിക്കൂടെ.. നീ ആരിടാ എന്നോട് കല്‍പ്പിക്കാന്‍..!'.. പ്രദീപനും കലിപ്പിട്ടു..

സംഗതി ഒന്നും രണ്ടും പറഞ്ഞ് മുട്ടന്‍ വഴക്കിലേക്ക് നീങ്ങുമെന്ന് തോന്നിച്ചപ്പോള്‍ സജീവന്‍ ഇടയില്‍ കയറി..'നമ്മളിതെല്ലും ഒരു സന്തോഷത്തിനു നടത്തുന്ന പരിപാടി അല്ലെടോ പ്രദീപാ.. നാട്ടാരായാല്‍ ഒരു സഹകരണവും നീക്കുപോക്കെല്ലും വേണ്ടേ..'

'അതിപ്പോ എല്ലാര്‍ക്കും വേണ്ടേ സജീവേട്ടാ.. ഈടെ ചിലോല്‍ക്കൊന്നും സഹകരണം എന്താന്ന് പോലും അറിയൂല..' ഇടയില്‍ കൂടി പ്രദീപന്‍ മനോഹരനിട്ടൊരു കൊളുത്തു വച്ചു..!

'ആരിക്കിടാ സഹകരണം ഇല്ലാത്തെ.. എനക്കാ.. നീയും നിന്റെ വീട്ടുകാരും വഴി പോണത് എയ്‌ലേക്കൂടെയാടാ..! എന്റെ പറമ്പ് മുറിച്ചു കടന്നിട്ടല്ലേ.. നിനിക്ക് സ്വന്തായിട്ട് വഴി ഉണ്ടോടാ.. എന്നിട്ട് ഓന്‍ സഹകരണവും മാതിരിയും പഠിപ്പിക്കാന്‍ നടക്കുന്നു..' മനോഹരന്‍ ചരിത്ര പുസ്തകം തുറന്നു..!

'അയ്യ.. ഓന്റെ കാരുണ്യ വഴി.. വെറുതെ ചെലക്കുന്നു..'.. പ്രദീപന്‍ വിട്ടു കൊടുത്തില്ല..

'അങ്ങനെയാണെങ്കില്‍ കാണണല്ലോ.. ഇന്നേക്ക് മൂന്നിന്റെ അന്ന് ഞാന്‍ ആടെ മതില്‍ കെട്ടി പൊന്തിക്കും.. നിനിക്ക് ഇനി വഴി ഇല്ല.. നീ ആവുന്നത് ചെയ്യ്..'

മനോഹരന്‍ ദൃഢപ്രതിജ്ഞയെടുത്തു..! ബഹള കോലാഹലം തുടര്‍ന്നു. എങ്ങുമെങ്ങും എത്താതെ ചര്‍ച്ചകള്‍ അലസിപ്പിരിഞ്ഞു. ഒരൊറ്റ പാട്ടിന്റെ പേരില്‍ അയല്‍വാസികള്‍ക്കിടയില്‍ ഒരു മതിലുയരാന്‍ പോകുന്ന വല്ലാത്തൊരു കഥ അന്നേക്ക് ഷാപ്പിലെ തൊടുകറിയായി..!

പുഞ്ചക്കണ്ടം മാലക്കണ്ടം തീക്കണ്ടം പൊര പൊര മത്തില്‍ വീട്ടിലേക്ക് തിരിച്ചെത്തിയ മൂവാരി തമ്പാന്‍ ഈ മതില്‍ കഥ ഓര്‍ത്തോര്‍ത്തു ചിരിച്ചു കൊണ്ടിരുന്നു. സാധാരണ മത്തു മൂത്താല്‍ തെറിപ്പാട്ടു പാടി ചെവിതല തരാത്ത പുരുവന്‍ ഏതോ ലോകത്തിരുന്ന് ചിരിച്ചു കൂട്ടുന്നത് കണ്ട് ഭാര്യ ഓമന കുതുകിയായി..!

'ന്താണ്.. ഇന്നൊരു ചിരീം കളിയുമൊക്കെ..'

ഈ ലോകത്ത് തന്നോട് ഇതാരെങ്കിലുമൊന്ന് ചോദിച്ചിരുന്നെങ്കില്‍ എന്ന പ്രതീക്ഷ പേറി ജീവിച്ചവനെ പോലെ തമ്പാന്‍ ഓമനയെ ഒന്ന് നോക്കി.. കുഴഞ്ഞു പോകുമെനന്നുറപ്പുണ്ടായിട്ടും അറിയാവുന്ന അടവുകള്‍ എല്ലാം പയറ്റി നാക്കിനെ നിലയ്ക്ക് നിര്‍ത്തി അയാള്‍ കഥകള്‍ പറഞ്ഞ് മുഴുമിച്ചു..! കഥ കേട്ട് മുഴുമിച്ചപ്പോള്‍ ഓമനയ്ക്കും ചിരിയടക്കാനായില്ല..!

'എന്നാലും പഠിപ്പും വിവരോം ഉള്ളോര്‍ പുള്ളറെ മാതിരി..!'.. കടിച്ചമര്‍ത്താന്‍ പാടുപെട്ട ഒരു ചിരിക്കിടയില്‍ എങ്ങനെയോ അവള്‍ ഇത്രയും വാചകങ്ങള്‍ നിറച്ചു..'.. പക്ഷെ പ്രദീപേട്ടന്‍ ആ പാട്ട് പാടിയാല്‍ നന്നാവും.. ഓര് നന്നായിട്ട് മലയാളം പാട്ടും പാടും..!'

'അത് നിനക്കെങ്ങനെ അറിയാ..'.. മാത്രയുടെ നൂറിലൊരംശം കൊണ്ട് ചുണ്ടിലെ ചിരി മായ്ച്ച് അയാള്‍ സസൂക്ഷ്മം ഭാര്യയെ നോക്കി.

'ഉസ്‌കൂളില്‍ എന്റെ മൂന്ന് ക്ലാസ്സ് മേലെ പഠിച്ചതല്ലേ.. അന്നേരം ഇയാള്‍ക്ക് കൊറേ ആരാധികമാരൊക്കെ ഉണ്ടായിരുന്നു..'

'.. നിനിക്ക് ഇഷ്ട്‌ടേനുവോ..?!'

'അന്നേരൊക്കെ പാടുന്നോരെ ഇഷ്ടല്ലാത്ത ആരാ ഉള്ളേ..! പിന്നെ പിന്നെ ഇയാള്‍ ആ തെരെ മേരെ ബീച്ചും കൊണ്ട് ആളെ വെറുപ്പിക്കാന്‍ തുടങ്ങി.. ഇപ്പ്രാവശ്യമെങ്കിലും ഒരു മലയാളം പാടി കേക്കാലോ..!'

മത്തിന്റ മൂര്‍ദ്ധന്യത്തിലായതിനാല്‍ ഭാര്യയുടെ വാക്കുകളിലെവിടെയോ തമ്പാന്‍ മദനോത്സവം മണത്തു..! ആസ്വാഭാവികതയുടെ തരിമ്പേതുമില്ലാതെ ഓമന പറഞ്ഞു മുഴുമിപ്പിച്ച വാചകങ്ങള്‍ അയാളുടെ നെഞ്ചിനെ കള്ളിനേക്കാള്‍ നീറ്റി..! അവനെങ്ങാന്‍ മലയാളം പാട്ട് പാടിയങ്ങു പച്ച പിടിച്ചാല്‍ തന്റെ കാര്യത്തിലൊരു തീരുമാനമാകുമെന്ന മിഥ്യാ ധാരണ അയാളെ പുളച്ചു..! ഏതുമേതും പറയാതെ കള്ളിലുങ്കി മടക്കിക്കുത്തി അയാള്‍ വീടിനു പുറത്തേക്ക് നടന്നു..!

വയലില്‍ കാളപൂട്ടെന്ന പോലെ ഇരുട്ടിനെ കിളച്ചു മറിച്ചിടുന്ന പൂട്ടുകാളയായി ആടിയുമുലഞ്ഞും മുന്നോട്ട് നീങ്ങുമ്പോള്‍ തമ്പാന്റെ ലക്ഷ്യം മനോഹരന്റെ വീടായിരുന്നു.. കോലായില്‍ മട്ടല്‍ ചെത്തിക്കൊണ്ടിരുന്ന മനോഹരന്റെ നേരെ ഓടിയടുത്ത് തമ്പാന്‍ ഉച്ചത്തില്‍ വിളിച്ച് പറഞ്ഞു.. 'മനോരട്ടാ.. കട്ട സപ്പോര്‍ട്ട്..'..

എന്തിനെന്നറിയാതെ ഒരു നിമിഷം സ്തബ്ധനായി നിന്ന മനോഹരന്റെ കയ്യില്‍ നിന്നും ചെത്തിയ മട്ടലൊന്ന് പിടിച്ചു വാങ്ങി അതിരു കുത്തി തമ്പാന്‍ പ്രഖ്യാപിച്ചു.. 'എനക്ക് കെട്ടുകൂലി തന്നില്ലെങ്കിലും സാരൂല.. ഈടെ നമ്മള് മതില്‍ കെട്ടും.. ഇങ്ങളെ ഓള് തന്നെ പാട്ട് പാടേം ചെയ്യും..'

നിരുപാധിക പിന്തുണയുടെ മൂലകാരണം തിരിച്ചറിഞ്ഞില്ലെങ്കിലും വെറുതെ കിട്ടിയൊരു തോള്‍ചേര്‍പ്പ് കാട്ടില്‍ കളയാന്‍ മനോഹരന്‍ ഒരുക്കമല്ലായിരുന്നു. അയാള്‍ തമ്പാന്റെ തോളില്‍ കയ്യിട്ട് പ്രദീപന്റെ വീടിനു നേരെ നോക്കിയൊരസ്സല്‍ പുച്ഛമെറിഞ്ഞു. അതിരുകുറ്റിയുടെ തൂക്കു പിടിച്ച് അവിടെയൊരു മതില്‍ ഉയര്‍ന്നു തുടങ്ങി..!

പിറ്റേന്ന് കാലത്ത് മത്ത് ഇറങ്ങിയെങ്കിലും തമ്പാന്റെ തലച്ചോറില്‍ സംശയത്തിന്റെ തേനീച്ചകള്‍ മൂളിപ്പായുന്നുണ്ടായിരുന്നു. പുരുവനെ മതില്‍പ്പണിക്ക് പറഞ്ഞയക്കാന്‍ വേണ്ടി ചായേം പലഹാരവും വെച്ചുണ്ടാക്കുന്ന തിരക്കില്‍ മുഴുകിയ ഓമനയെ ടെസ്റ്റ് ചെയ്യാന്‍ തമ്പാന്‍ രണ്ടു വരി മൂളി.. '..ശരറാന്തല്‍ തിരി താണു മുകിലിന്‍ കുടിലില്‍ മൂവന്തിപ്പെണ്ണുറങ്ങാന്‍ കിടന്നു..'..വെള്ളിസ്വര്‍ണപിച്ചളാധികള്‍ അടുക്കളയില്‍ പെയ്തിറങ്ങുന്നത് കണ്ട് ഓമന തമ്പാനെ സൂക്ഷിച്ചു നോക്കി..

'നിങ്ങക്കെന്ത് പറ്റി.. ഏനക്കേടൊന്നും ഇല്ലല്ലോ ല്ലേ..!'... ഓമന പാതിച്ചിരിയില്‍ തമ്പാനെ ഒന്നിരുത്തി..

തമ്പാന്റെ മുഖം ചുളുങ്ങി. പത്തിരുപത് കൊല്ലം മുമ്പേ കേട്ട ഏതോ ഒരുത്തന്റെ മലയാളം പാട്ട് ഓര്‍ത്തെടുക്കുന്ന ഭാര്യ തന്റെ പാട്ടിനെ പുച്ഛിച്ച് തള്ളിയതില്‍ അയാള്‍ക്ക് മനോവ്യഥ തോന്നി. പണിക്കുപ്പായം പൊതിഞ്ഞ പ്ലാസ്റ്റിക്ക് കവര്‍ തൊക്കിളില്‍ ഇറുക്കി ചായ പോലും കുടിക്കാന്‍ നില്‍ക്കാതെ അയാള്‍ വീട്ടില്‍ നിന്നും ഇറങ്ങി..!

മതിലുപണി തകൃതിയായി പുരോഗമിച്ചു.. തുമ്പിടലും തൂക്കുകല്ലു വെക്കലുമെല്ലാം കഴിഞ്ഞ് അതിരില്‍ നിന്ന് മുകളിലേക്ക് ഒരുവരി പൊന്തി..!

'എത്ര വരി പൊന്തിക്കണ്ടത് മനോരേട്ടാ..' തമ്പാന്‍ ചോയ്ച്ചു..!

'ഈടുന്നു നോക്കിയാല്‍ ആ ചതിയന്റെ മോന്ത കാണാത്തത്ര പൊന്തിച്ചോ..!'..മനോഹരന്‍ ആക്രോശിച്ചു..!

'അല്ല പിന്ന..' തമ്പാന്‍ ഗ്രൗണ്ട് സപ്പോര്‍ട്ട് ഇട്ടു..!

സംഗതി ഒരു ഗുമ്മിനു വെല്ലുവിളിച്ചുവെങ്കിലും പ്രദീപനും വീട്ടുകാര്‍ക്കും ഈ മതില്‍ പണി ഒരു ഇരുട്ടടിയായിരുന്നു..! രേഖപ്രകാരം എത്തിപ്പെടാന്‍ വേറെ വഴി ഏതും ഇല്ലാത്ത ഭൂമി മനോഹരന്റെ ഒരൊറ്റ ഉറപ്പിന്റെ പുറത്ത് വാങ്ങിയതാണ്.. വഴി പതിച്ചു തന്ന് രേഖയില്‍ ആക്കുന്ന കാര്യം പറയുമ്പോളെല്ലാം 'നീയെന്റെ അനിയന്‍ അല്ലെ..മ്മള് തമ്മില്‍ അങ്ങനെല്ലും വേണെടോ...' എന്ന് പറഞ്ഞു തോളില്‍ തട്ടുന്ന മനോഹര പുണ്യാളന്‍ ഞൊടിയിട കൊണ്ട് പകതുപ്പുന്ന വ്യാഘ്രമായി മാറുമെന്ന് വിദൂര സ്വപ്നങ്ങളില്‍ പോലും പ്രദീപന്‍ നിനച്ചിരുന്നില്ല..വാര്‍ഡ് കൗണ്‍സിലറില്‍ തുടങ്ങി പഞ്ചായത്ത് പ്രസിഡന്റ് തൊട്ട് സ്ഥലം എസ് ഐ വരെ സകലരെയും ഇടപെടുത്തി പ്രശ്‌ന പരിഹാരത്തിന് കോപ്പുകൂട്ടിയെങ്കിലും 'സൂചി കുത്താന്‍ ഇടം തരില്ലെന്ന' ദുരോധനന്‍ മോഡ് ഓണ്‍ ചെയ്ത് ഇരിക്കുകയാണ് മനോഹരന്‍..!

അങ്ങനെയിരിക്കെയാണ് ഇളേരിപ്പാടത്തിന്റെ വളവില്‍ അമ്പും തുമ്പുമില്ലാതെയിരിക്കുന്ന പ്രദീപനെ റേഷന്‍ഷാപ്പില്‍ നിന്നും ചിമ്മിണി വാങ്ങി മടങ്ങുന്ന ഓമന കണ്ടു മുട്ടുന്നത്..

'എന്തെ പ്രദീപേട്ടാ.. ഈടെ ഒറ്റക്ക് ഇരിക്കുന്നെ..'

'എന്ന് പറയേണ്ടത് ഓമനേ.. നിനിക്കറീലെ കാര്യം.. നിന്റെ പുരുവനും ഓരേ കൂട്ടത്തില്‍ കൂടീല്ലേ..' പ്രദീപന്‍ നെടുവീര്‍പ്പിട്ടു..!

'തമ്പാനേട്ടന്‍ പണിക്ക് വിളിച്ചേരം പോയീന്നേ ഉള്ളൂ..ഓല്ക്ക് ങ്ങളോട് എന്ത് വിരോധം..എന്നാലും എങ്ങനെ കയിഞ്ഞ മനിച്ചറാണ്.! എന്ന് പറഞ്ഞിട്ട് വേണ്ടത്..!' ഓമനയും നിരാശ തിന്നു..!

'നീ പറ്റുമെങ്കില്‍ തമ്പാനെ ഒന്ന് ബ്ലോക്ക് ചെയ്യണം..! ഞാന്‍ മൈസ്റേറ്റ് കോടതീല്‍ ഒരു വക്കാലത്തു കൊടുത്തിട്ടുണ്ട്..ഒരു സ്റ്റേ കിട്ടാന്‍ ചാന്‍സുണ്ട്..മതില് കെട്ടിപൊന്തിച്ചു പണിതീര്‍ന്നാല്‍ പിന്നെ അത് കിട്ടീട്ട് കാര്യല്ല.. '

'ഞാന്‍ പറഞ്ഞോക്കാ..'.. ഓമന പറഞ്ഞു..

ആര്‍ട്ടിസ്റ്റ് പ്രദീപന്‍ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു.. 'ഇരുട്ട് വീണല്ലോ..ഞാന്‍ അങ്ങോട്ട് ആക്കണ..'

'വേണ്ടപ്പ.. ഞാന്‍ ഈ ഇടവയ്‌ക്കേ കേറിക്കോളാ..'.. ഓമന നടന്നു...!

മനോഹരന്റെ വീട്ടില്‍ നിന്നും പണികഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്ന വഴിയില്‍ ഇളേരിപ്പാടത്തിന്റെ അങ്ങേ തലയ്ക്കല്‍ പരിചിതമായ രണ്ടു മനുഷ്യ രൂപങ്ങളെ കണ്ടാണ് തമ്പാന്‍ ഒന്ന് നിന്നത്.. കണ്ണുകള്‍ ആവുന്നത്ര കൂര്‍പ്പിച്ചു നോക്കിയപ്പോള്‍ നല്ലപാതി ഓമനയെ അയാള്‍ എളുപ്പം തിരിച്ചറിഞ്ഞു..! കൂടെയുള്ളവന്റെ മുഖം വ്യക്തമായില്ലെങ്കിലും അയാള്‍ സ്ഥിരമായി ധരിക്കാറുള്ള ചെഗുവേരത്തൊപ്പി സാക്ഷ്യം പറഞ്ഞു..'അതെ..ആര്‍ട്ടിസ്റ്റ് പ്രദീപന്‍ തന്നെ..'.. അപമാനവും ക്രോധവും നിരാശയുമെല്ലാം പൂണ്ട് തമ്പാന്‍ തിളച്ചു.. കോരമൂത്താളുടെ ഷാപ്പിലേക്കു കേറിച്ചെന്ന് അന്തിച്ചെത്തു കഴിഞ്ഞിറക്കിയ രണ്ടു കുടം കള്ളു പടപടെ മോന്തി അയാള്‍ നെഞ്ചിലെ നീറ്റലണച്ചു. പിന്നെയും കണക്കില്ലാതെ കുടിച്ച് ആടിയാടി അയാള്‍ വീട്ടിലേക്കു നടന്നു..!

മനോഹരന്റെ മതില്‍പ്പണി തുടങ്ങിയതില്‍പ്പിന്നെ കുടിയും പുകയുമെല്ലാം നിര്‍ത്തി സാത്വികനായ ഭര്‍ത്താവിന്റെ കോലം കണ്ട് ഓമന തെല്ലൊന്ന് അമാന്തിച്ചു..! ഒന്നും മിണ്ടാതെ അയാള്‍ വീടിനകത്തേക്ക് കയറി..

രാത്രി കഞ്ഞിക്കൊപ്പം ഓമന മടിച്ച് മടിച്ച് പ്രദീപന്റെ കാര്യം വിളമ്പി...

'......അതോണ്ട് ങ്ങക്ക് ആ പണിക്ക് ഇനി പോവാണ്ടിരുന്നൂടെ.. '..

തമ്പാന്‍ കോപം കൊണ്ട് തുള്ളി. കാലൊന്നിളകി ഇടതു ഭാഗത്തേക്ക് ജന്മനാ ചരിവുള്ള ഊണുമേശയില്‍ അയാള്‍ ആഞ്ഞടിച്ചു..! കാര്യമെന്തെന്ന് മനസ്സിലാവാത്ത ഓമന മുറിച്ചിട്ട പല്ലിവാല് പോലെ വിറപൂണ്ടു..'അത്രക്കായാ ഓന്‍.. എന്നാ ഒന്നറിഞ്ഞിട്ടന്നെ കാര്യ'മെന്ന് പറഞ്ഞ് കൈലിയും മടക്കിക്കുത്തി തമ്പാന്‍ ഇരുട്ടിലേക്ക് ലയിച്ചു..! 


പാടം കടന്ന് മണ്‍തിട്ടയിറങ്ങുമ്പോഴേക്കും അയാള്‍ എന്തൊക്കെയോ മനസ്സില്‍ ഉറപ്പിച്ചിരുന്നു ..അയലൂതിക്കാരന്‍ സുപ്രനാശാരിയുടെ വളപ്പില്‍ നിന്ന് ഒരൂക്കന്‍ മരക്കഷ്ണം കയ്യില്‍ കരുതിയുള്ള നടത്തയില്‍ അയാളുടെ മോഡസ് ഒപ്രണ്ടിയും വ്യക്തമായിരുന്നു..! ആര്‍ട്ടിസ്റ്റ് പ്രദീപന്റെ വീട്ടിലേക്കുള്ള വളവില്‍ അയാള്‍ കുറുനരിയെ പോലെ പതുങ്ങിയിരുന്നു.. പൂച്ചയും കീരിയും അണ്ണാനും തൊട്ട് സകല ജന്തുവര്‍ഗാദികളും സസ്യലതാദികളും തങ്ങള്‍ക്കു കൂട്ടായ്യെത്തിയ രാത്രിഞ്ജരനോടൊപ്പം ജാഗരൂകരായി..! ഏറെ നേരം കഴിഞ്ഞിട്ടും ഇടവഴിയില്‍ ആളനക്കമൊന്നും കേള്‍ക്കാതെ കേള്‍ക്കാതെ തമ്പാന് ബോറടിച്ചു.. പ്രതികാരം നാളെ ചെയ്താലോ എന്ന് കൂടി അയാള്‍ ഒരു വേള നിരീച്ചു..! ഉള്ളിലുള്ള കള്ളിന്റെ ബാറില്‍ അയാള്‍ ആ കുന്തിച്ചിരിപ്പില്‍ തന്നെ ഒന്ന് മയങ്ങിപ്പോയി. മയക്കം ഞെട്ടലും ആ വഴിയിലൂടെ ഒരു മനുഷ്യ രൂപം നടന്നു നീങ്ങലും ഒരുമിച്ചായിരുന്നു.. ഒന്നും നോക്കാതെ തമ്പാന്‍ ചാടിയെണീറ്റു. സ്വതേ ദുര്‍ബലനെങ്കിലും തനിക്കാകാവുന്നത്ര ഊക്കില്‍ തമ്പാന്‍ അപരന്റെ നെറുകം തല ലക്ഷ്യമാക്കി ആഞ്ഞടിച്ചു..!

'ന്റമ്മേ..............'..

അത്യുച്ചത്തിലുള്ള നിലവിളി നാലുദിക്കുകളെ ഉണര്‍ത്തി.. ഇടവഴി കടന്ന് മെയിന്റോഡു വഴി കവല വരെ പായാന്‍ വേണ്ടി ആവതുള്ളൊരു അസ്സല്‍ നിലവിളി..!ആളുകള്‍ തേനീച്ചകളായി..!

ഉളിചീന്തി സ്‌റ്റൈല്‍ ആക്കിയൊരു വടിയും പിടിച്ച് ഐസ് ആയി നില്‍ക്കുന്ന നില്‍ക്കുന്ന തമ്പാന്‍.. തലയ്ക്കടി കൊണ്ട് പാതി ബോധം പോയിക്കിടക്കുന്ന മനോഹരന്‍.. - ഒച്ച കേട്ട ദിക്കിലേക്ക് ജനം പ്രവഹിക്കുമ്പോള്‍ കണ്ട കാഴ്ച ഇതായിരുന്നു..!

ആളുകള്‍ മനോഹരനെ നിലത്തു നിന്ന് വാരി...'.. ഓന്‍ ആക്കിച്ചത്.. പ്രദീപന്‍.. ഓനെന്നെ..' ഉള്ള ബോധത്തില്‍ മനോഹരന്‍ പുലമ്പി.. തല്ലിയത് തമ്പാനാണെന്ന് മനസ്സിലാക്കാനുള്ള ബോധം പക്ഷെ അയാള്‍ക്കില്ലായിരുന്നു..! മനോഹരനെ ആശുപതിയിലേക്ക് മാറ്റിയാല്‍ അടുത്തത് തനിക്കിട്ടുള്ള പൊങ്കാലയാണെന്ന് ഉറപ്പുള്ള തമ്പാന്‍ ഒരു നിമിഷം പോലും കളയാതെ സത്യപ്രതീജ്ഞ തുടങ്ങി..!

'അച്ഛനാണെ അമ്മയാണെ സകലദൈവങ്ങളാണെ ഞാന്‍ മനോരട്ടനെ തല്ലാന്‍ നിന്നതല്ല..'..

'പിന്നെ നിന്റെ അച്ഛനിണ്ടോടാ ഈ വയ്‌ക്കേ വരുന്ന്.. നായ്യേ..'..

തെറി വിളികള്‍ തേനീച്ച മൂളക്കങ്ങളായി അന്തരീക്ഷത്തില്‍ പ്രവഹിച്ചു..! ആദ്യത്തെ അടി പൊട്ടിയപ്പോള്‍ തന്നെ തമ്പാന്റെ കിളിപാറി.. ആവണക്കെണ്ണ കുടിച്ചുള്ള ശോധന പോലെ അയാളില്‍ നിന്ന് നഗ്‌നസത്യങ്ങള്‍ ധാരധാരയായി ഒഴുകി..ഇത് കേട്ട് കാണികളില്‍ മുന്‍നിരയില്‍ നിന്നിരുന്ന ആര്‍ട്ടിസ്റ്റ് പ്രദീപന്റെ ഭാര്യ ശോഭ കൊടുങ്കാറ്റില്‍ പെട്ട കദളിവാഴ പോലെ വേരോടെ നിലംപൊത്തി.. ചുറ്റും കൂടിയ പെണ്ണുങ്ങള്‍ ശോഭയ്ക്ക് തല്പമായി..! ബഹള കോലാഹലങ്ങള്‍ക്കൊടുവില്‍ തമ്പാനെ പോലീസ് വണ്ടിയില്‍ സ്റ്റേഷനിലേക്ക് കൊണ്ട് പോയി.. തീയിട്ട പൂതപ്പാനിയില്‍ നിന്നെന്ന പോലെ ആളീച്ചകള്‍ നാലുപാടും ചിതറി.

സംഗതികള്‍ ഒന്നുമൊന്നും അറിയാതെ ആര്‍ട്ടിസ്റ്റ് പ്രദീപന്‍ വീട്ടിലെത്തി.. പതിവില്ലാതെ കുറച്ച് പെണ്ണുങ്ങള്‍ കട്ടിലിനു ചുറ്റും കൂടിയിരുന്ന് ശോഭയെ തോര്‍ത്ത് മുണ്ട് വട്ടത്തിലാട്ടി കാറ്റ് വീശുന്നത് കണ്ട് അയാള്‍ പരിഭ്രാന്തനായി..!

'ശോഭേ.. അനക്കെന്ത് പറ്റീന്..!'

'ഇനിയെന്ത് പറ്റാനില്ലത്..'.. കൂടി നിന്ന സ്ത്രീകളില്‍ ഒരാള്‍ വിറ്റടിച്ചു..! പ്രദീപന്‍ ചുറ്റും നോക്കി.. ചിരി കടിച്ചമര്‍ത്തിയ ചുണ്ടുകളില്‍ അയാള്‍ അപകടം മണത്തു..!

'.. നിങ്ങളെല്ലാം പൊയ്‌ക്കോളിന്‍.. എനക്ക് കൊറച്ച് പണീണ്ട്..'.. എങ്ങു നിന്നെന്നില്ലാതെ ഊര്‍ജം സംഭരിച്ച് ശോഭ പെണ്ണുങ്ങളോട് ആജ്ഞാപിച്ചു..! ആരും പോകരുതെന്ന അപേക്ഷ പ്രദീപന്‍ കണ്ണുകളാല്‍ എറിഞ്ഞു നോക്കിയെങ്കിലും പിടിച്ച് മാറ്റാന്‍ പോലും ഒരാള്‍ അവശേഷിക്കാത്ത വണ്ണം ആ മുറി ശൂന്യമായ്..!

'.. പറ.. എവിടെയേന് നിങ്ങ ഇത്രേരം..!?

'അത് മ്മടെ വഴീന്റെ വിഷയം കൊണ്ട് കൊറേ അലഞ്ഞു..! പിന്നെ ഇപ്പൊ ഒന്ന് സമിതിയില്‍ പോയിട്ട് പാട്ടൊന്നു പ്രാക്ടീസ് ചെയ്തു..! നാളെ പരിപാടിയല്ലേ.. മ്മളെ അഭിമാന പ്രശ്നല്ലേ ആ പാട്ട്..'

പാട്ടെന്ന് കേട്ടതും ശോഭയുടെ തള്ളവിരല്‍ തൊട്ട് ഉച്ചി വരെ പെരുത്തു..! 'പാട്ട് പോയിട്ട് ഒരു മൂളക്കം നിങ്ങ മൂളി ന്ന് വരെ ഇനി ഞാന്‍ അറിഞ്ഞാല്‍ അന്ന് ങ്ങളെ ഞാന്‍ കൊല്ലും.. എന്നിട്ട് പുള്ളറെ കൂട്ടി ജയിലില്‍ പോവും..'.... ശോഭ ഉറഞ്ഞു.. കാര്യമെന്തെന്നറിയാന്‍ അതിയായ മോഹമുണ്ടായിട്ടും പ്രദീപന്‍ രണ്ടാലൊന്നു മറുത്തു പറഞ്ഞില്ല..!അയാള്‍ പാട്ടെന്ന രണ്ടക്ഷരം ആ നിമിഷം കൊണ്ട് മറന്ന് ശോഭയുടെ ആജ്ഞ ശിരസ്സാ വഹിച്ചു..!

മറുപുറം ആ രാത്രി കടന്ന് പോയത് മനോഹരന്‍ അറിഞ്ഞതേ ഇല്ലായിരുന്നു..! നാല് തുന്നിക്കെട്ടുകള്‍ സഹിതം അയാളെ വാര്‍ഡിലേക്ക് മാറ്റിയതും ആറോ എഴോ ഗ്ലൂക്കോസ് കുപ്പികള്‍ ഇറ്റിറ്റുതീര്‍ന്നതും അയാളുടെ ഓര്‍മയിലില്ലായിരുന്നു..! പിറ്റേന്ന് കാലത്ത് കണ്ണ് തുറക്കുമ്പോള്‍ അയാള്‍ കണ്ടത് കാതില്‍ ഒരു ഹെഡ്‌സെറ്റും കുത്തി ആടിയാടിയിരിക്കുന്ന ഭാര്യ സുമലതയെയാണ്..!

'സുമേ..!'.. അയാള്‍ വിളിച്ചു..

'ആ.. എണീറ്റാ.. മനോരേട്ടന്‍ ഒന്ന് എണീറ്റിട്ട് ഇറങ്ങാന്‍ നിക്കുവായിരുന്നു ഞാന്‍.. ഫൈനല്‍ റിഹേഴ്‌സലിന്..! ഇന്നല്ലേ പരിപാടി.. ഇങ്ങളെ പെങ്ങള് കഞ്ഞീം കൊണ്ട് വരും.. ഓള് നിക്കും ഇന്ന് രാത്രി..ഓളോട് വരാന്‍ പറഞ്ഞിട്ടുണ്ട്..!'

എന്തൊക്കെയോ ചെയ്യണമെന്ന് മനസ്സ് വെമ്പിയിട്ടും ഗ്‌ളൂക്കോസ് കുറ്റിയില്‍ തളച്ചിട്ട തന്റെ കൈകളുടെ പരിമിതി തിരിച്ചറിഞ്ഞ മനോഹരന്‍ തൊട്ടടുത്തു കിട്ടിയ സ്റ്റീല്‍ ഗ്ലാസ്സെടുത്ത് തറയിലേക്ക് ഒറ്റ എറിയെറിഞ്ഞു..!

'ഓളെ അമ്മേനെ കുയ്ച്ചിടാന്‍ ഒരു പരിപാടി.. മനസ്സമാധാനത്തില്‍ ജീവിച്ച മനിച്ചറെ ഓരോ തോല്ലേലേക്ക് ഇറക്കി വിടാന്‍ ഇങ്ങനെ ഓരോ ജമ്മങ്ങള് കൂടെ കൂട്വല്ലോ ഭഗവാനെ..' മനോഹരന്‍ തൊള്ളയിട്ടു..!

'..ഞാന്‍ ചാവാന്‍ കെടക്കുമ്പോ ഓളെ പരിപാടി.. അനങ്ങിപ്പോറ് ഈടുന്ന്..'.. സുമലത ശിലയായി..!

വേറൊരിടത്ത് പാതി ചോറുണ്ട് ഇരുട്ടിലേക്ക് തുള്ളിയ പുരുവനെ പരതിപ്പരതി ഒടുക്കം ഓമന പോലീസ് സ്റ്റേഷന്റെ വരാന്തയിലെത്തി. പാറാവ് നിന്നിരുന്ന ഗോപിപ്പോലീസ് ഉപ്പുപുളി ലവലേശം കുറയ്ക്കാതെ കഥകള്‍ ഓമനയ്ക്ക് മുന്നില്‍ വിളമ്പി..! കാര്യമറിഞ്ഞ ഓമന പിണര്‍ പോലെ അകത്തേക്ക് പാഞ്ഞു. സ്റ്റേഷന്റെ മൂലയ്ക്ക് 'താനെന്തിനു ജനിച്ചു..' എന്ന ഭാവത്തില്‍ കുന്തിച്ചിരുന്ന തമ്പാന്റെ മുഖത്തേക്ക് അവള്‍ ആഞ്ഞൊന്നു തുപ്പി.. തൊട്ടടുത്ത് തരിച്ചിരുന്ന എസ് ഐ സുരേന്ദ്രന്റെ നേരെ അവള്‍ മുഖം തിരിച്ചു.

'സ്റ്റേഷന്‍ ജാമ്യത്തില്‍ വേണെങ്കി...' എന്ന് അയാള്‍ പറഞ്ഞു തുടങ്ങുമ്പോഴേക്കും ഓമന ഇടക്ക് കയറി..

'ഈടത്തന്നെ കിടത്തിക്കോ സാറേ.. വേണേല്‍ നല്ല രണ്ട് പൂശും കൊടുത്തോ.. '..!..

ഓമന സ്റ്റേഷനില്‍ നിന്നിറങ്ങി വീട്ടിലേക്ക് നടന്നു.അവസാന പ്രതീക്ഷയും നടന്നകലുന്നത് കണ്ട് തമ്പാന്‍ പിതുക്കിത്തുടങ്ങി. 'ഇനി ഞാനെന്നാക്കല് സാറേ.. എനക്ക് ആരൂല്ല സാറേ..' എന്നും പറഞ്ഞ് അയാള്‍ എസ് ഐ യുടെ കാലുകളിലേക്ക് ചരിഞ്ഞു. ഇതെന്തൊരു വള്ളിക്കെട്ട് കേസാണെന്നോര്‍ത്ത് എസ് ഐ യും കൈകള്‍ കൂട്ടിത്തിരുമ്മി..!

നേരം വൈകുന്നേരമായി..സര്‍ഗ്ഗവേദി ഇളയരിക്കുണ്ടിന്റെ മുപ്പതാം വാര്‍ഷികത്തിന് അരങ്ങുയര്‍ന്നു.. പോലീസ് സ്റ്റേഷന്റെ തൊട്ട് പടിഞ്ഞാറ് ഇളേരിക്കുണ്ട് മൈതാനത്തായിരുന്നു ചടങ്ങ് നടന്നത്..!

രാവിലെ മുഴുക്കെ പാറാവ് നിന്ന ക്ഷീണം മാറ്റാന്‍ ഗോപിപ്പോലീസ് കൂജയില്‍ നിന്നും വെള്ളം കുടുകുടെ മോന്തവേ സെല്ലില്‍ കൊതുകടി കൊണ്ടിരുന്ന തമ്പാന്‍ ഒരു ശൂശൂ വിട്ടു.'സാറേ.. ഗോപി സാറേ..പരിപാടീടെ അവിടെ ഡ്യൂട്ടിക്ക് പോണതാരാ സാറേ..'.. ഗോപിപ്പോലീസ് അയാളെ അടിമുടി നോക്കി..

'അനക്കെന്തെടൊ ഇത്ര ആവിലാതി.. നീ പോയില്ലെങ്കിലും പരിപാടി നടക്കും.. ഒരുത്തനെ തച്ച് തലപൊളിച്ചിട്ട് മതിയായില്ലേ..'..

'അല്ല.. ആ ഉജ്ജയിനിയിലെ ഗായിക ആരി പാടുന്നെന്ന് അറിയാന്‍.. ഒരിത്..ഒന്ന് നോക്കീട്ട് പറയുവാ..'

പരിപാടികള്‍ തകൃതിയായി നടന്നു.. പാട്ടും ആട്ടവും മേളവുമെല്ലാമായി പരിപാടി കൊഴുകൊഴുത്തു.ഉജ്ജയിനിയിലെ ഗായിക മാത്രം ആരും പാടിയില്ല..! എപ്പോഴോ മഴ പൊടിഞ്ഞു തുടങ്ങി.. പിന്നീടതൊരു പെരുമഴയായി.. ആളുകള്‍ വീടുകളിലേക്ക് ചിതറിയോടിത്തുടങ്ങി..! പടിയടച്ചു പിണ്ഡം വച്ച രണ്ട് വീടുകളില്‍ ഏതിലേക്ക് തണല്‍ തേടി തിരിയെ കയറിച്ചെല്ലണമെന്ന് തിട്ടമില്ലാത്ത ഉജ്ജയിനിയിലെ ഗായിക പാതിപണിതിട്ട മതില്‍ പുറത്തിരുന്ന് പെരുമഴ നനഞ്ഞു..!

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - സചിന്ത് പ്രഭ പി.

Research Scholar

Similar News

കടല്‍ | Short Story