നിറമിളകിയ ഛായാചിത്രങ്ങള്‍ | Poetry

| കവിത

Update: 2024-10-23 13:40 GMT
Advertising

ഒന്ന്

ചോര നക്കി ഉടല്‍വീര്‍ത്ത വൈകുന്നേരം

പൊളിഞ്ഞ മിനാരങ്ങളില്‍ നിന്ന് അന്നാരും

ബാങ്കൊലികള്‍ക്ക് കാതോര്‍ത്തില്ല.

ചിതറിയ കെട്ടിടങ്ങളില്‍ നിന്ന് ഒരു തുണ്ട്

കടലാസ് മാത്രം മടങ്ങികീറാതെ.

പോര്‍വീമാനങ്ങളുടെ ആകൃതിയുളള

കാലത്തിലേക്ക് കണ്ണുംപെരുപ്പിച്ച് നോക്കി.

സൂര്യന്‍ ചുവക്കാന്‍ ഒരുങ്ങുന്നതേയുള്ളു.

ചുവന്ന തെരുവോരങ്ങളുടെ തരംഗദൈര്‍ഖ്യം കൂടിയ

വെളിച്ചത്തില്‍ അത് കെട്ടുപോയിരുന്നോ..?

അറിയില്ല..

പെല്ലറ്റുകള്‍ അടക്കം ചെയ്ത കണ്ണുകളോടെ

ഉമ്മ നീട്ടിവിളിക്കുന്നുണ്ടായിരുന്നു.

ചോരയും പൊടിയും പടര്‍ന്നുകയറാന്‍ കാത്ത് നില്‍ക്കുന്ന-

കൈതണ്ടയിലൊക്കെയും അവര്‍ എഴുതി തുടങ്ങി.

പേര്: അഹ്മമദ് റാഷിദ് സ്വാലിഹ്

ഉമ്മയുടെ പേര്: അബീര്‍

രണ്ട്

മരണം കാത്തുനില്‍ക്കുന്നവരുടെ

വസിയത്തുകളും കടങ്ങളും എങ്ങനെ ആയിരിക്കും

അവസാനിക്കുക..!

ശക്കലുകളുടെ ബാധ്യതകള്‍ എഴുതിയ

കടലാസ് തുണ്ടിലൊക്കെയും

ചുവന്ന പൊട്ടുകള്‍ വളര്‍ന്ന് ചോദ്യമെറിയുന്നു

പ്രാണന്റെ ചൂടറ്റുപോയ കുരുന്നിന്റെ കവിള്‍തടങ്ങളിലേക്ക്

ചുംബനളുടെ രോമക്കുപ്പായം

അണിയിക്കുന്നു ഒരു പൂച്ച.

ആശുപത്രിയുടെ വരാന്തയിലേക്ക് കേറുമ്പോള്‍

ശുക്ക്‌റിന്റെ സുജൂദിലേക്ക് മുഖംപൂഴ്ത്തുന്നു..

നിറം ഇളകി, അതിരുകള്‍ മാഞ്ഞ ബാല്യത്തിന്റെ

ഒരു ഛായചിത്രം.

നിറം ഒലിക്കുന്നു,പരന്ന് പരന്ന്..പഴയതാകുന്നു,

ഒരു കാലത്തിന്റെ കരിതേച്ച ചരിത്രരേഖകള്‍.

മൂന്ന്

മുറിഞ്ഞ് കരിഞ്ഞ കെട്ടിടങ്ങളുടെ വിജനതയിലിരുന്ന്

ആകാശത്തിലേക്ക് മുഴങ്ങുന്ന ആയത്തുകള്‍..

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍,,,

സ്വദക്ക നല്‍കിയ കുഞ്ഞുടുപ്പുകള്‍ ഉപേക്ഷിച്ച്

സ്വപ്നങ്ങളുടെ ചോരക്കറയേറ്റ ഒസിയത്തുകളില്‍

ഒന്ന് ഫിര്‍ദൌസിന്റെ പ്രകാശപ്പുരയിലേക്ക്

പറന്നടുക്കുന്നു.

ഉമ്മാന്റെ മാറിലെ ചൂട് കടലോരത്തിന് കടം കൊടുത്ത്,

ഐലന്റെ കുഞ്ഞു കണ്‍ചിറകുകള്‍ തൂവല്‍ നീര്‍ത്തുന്നു.

പിറകെ ആയിരം കിളികുഞ്ഞുങ്ങള്‍.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷഹനാ ജാസ്മിന്‍

Writer

Similar News

കടല്‍ | Short Story