'"നീലനിലാവിന്റെ ഗദ്ഗദധാരകൾ
നീളേ തുളുമ്പുമീ രാവിൽ
ശോകത്തിൻ സാഗരതീരത്തിലേകയായ്
കണ്ണീരണിഞ്ഞു ഞാൻ നിൽപ്പൂ...
കണ്ണീരണീഞ്ഞു ഞാൻ നിൽപ്പൂ...
തേടുന്നതാരേ ശൂന്യതയിൽ""
ഓർമ്മയിൽ ആ ദിവസം ഇന്നലെ എന്ന പോലുണ്ട്.... ഈ നിമിഷം സ്വപ്‌നമാണോ എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ച ദിവസം..എനിക്ക് അത്രയേറെ ഇഷ്ടമുള്ള അത്രയേറെ ആരാധനയുള്ള ജാനകിയമ്മ എൻറെ കവിളിൽ നുള്ളി...എൻറെ കൈപിടിച്ചു ..എന്നെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു....
ജാനകിയമ്മയെ ഒന്ന് കാണുക രണ്ട് വാക്കുകൾ കേൾക്കുക , ഒപ്പം നിന്ന് പറ്റിയാൽ ഒരു പടമെടുക്കുക എന്ന ആഗ്രഹവുമായെത്തിയ എനിക്ക് ആ നിമിഷം സ്വപ്‌നം പോലെയെന്ന് തോന്നാതെ എങ്ങനെ ... എങ്ങനെ മറക്കും ആ ദിവസം ....
2016 ലാണ് ജാനകിയമ്മ കോഴിക്കോട്ടെത്തുന്നത്... താജ് ഹോട്ടലിൽ അവർ പ്രസ്മീറ്റ് നടത്തുമെന്ന് അറിയുന്നത് ഏറെ വൈകിയാണ് ... ദൂരെയുള്ള മറ്റൊരു വാർത്തയുടെ ഇടയിൽ ....അപ്പോൾ തന്നെ തിരിച്ചു ... ചുണ്ടിൽ മുഴുവൻ അവർ പാടിയ പാട്ടുകൾ മാറി മാറി വന്നു.... കുറച്ച് നേരത്തെ ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിനൊടുവിൽ ജാനകിയമ്മ ഗായകൻ സുനിൽ കുമാറിൻ്റെ കൈ പിടിച്ച് വരുന്നു .... ഒരു വെള്ളയിൽ പിങ്ക് ബോർഡറുള്ള സാരിയിൽ ഹൈനെക്ക് ബ്ലൗസും നെറ്റിയിൽ വലിയ മഞ്ഞൾ വരക്കുറിയുമായി ... കണ്ണെടുക്കാതെ നോക്കി നിന്നു.
"അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്‍ത്തിട്ടരികിലിരിക്കേ ".
അമ്മ വരുമ്പോൾ ഞങ്ങൾ മാധ്യമപ്രവർത്തകരുടെ മനസ്സിൽ ഈ വരികളായിരിക്കും ഉണ്ടായിരിക്കുക ...
അമ്മയുടെ പാട്ട് വഴികളെ കുറിച്ചും അംഗീകാരങ്ങളെ കുറിച്ചും ഒക്കെ ചെറിയ വാക്കുകളിൽ പറഞ്ഞ് വാർത്ത സമ്മേളനം അവസാനിപ്പിച്ചു.... പിന്നെ അമ്മ ഞങ്ങൾക്കടുത്തേത്തേക്ക് വന്നു ... എവിടെ പോയാലും ആളുകൾ ചോദിക്കും കേരളാവുക്ക് ആണോയെന്ന് കണ്ണ് നിറയെ ചിരിയുമായി ജാനകിയമ്മയുടെ വാക്കുകൾ ... എനിക്കതിൽ വലിയ സന്തോഷമാണ്. എന്താണെന്നറിയില്ല എല്ലാരും ഞാൻ മലയാളി ആണെന്നാണ് കരുതുന്നത്. ഏതോ ജൻമബന്ധമാണ്.
ഇല്ലെങ്കിൽ ഇത്ര നല്ല പാട്ടുകൾ ഞാൻ മലയാളത്തിൽ പാടുമോ. അമ്മയുടെ വാക്കുകളിൽ നിറയെ കേരളത്തോടും മലയാളത്തോടുമുള്ള സ്‌നേഹം. പിറ്റേ ദിവസം നടക്കുന്ന പരിപാടിയ്ക്ക് എത്തണമെന്ന് എല്ലാവരോടും സ്‌നേഹത്തോടെ പറഞ്ഞ് മടങ്ങി ..അവിടെയുള്ള ഓരോരുത്തരെയും ചേർത്ത് പിടിച്ച് അവർ പാടിയ പാട്ടുകൾ പോലെ മനസ്സ് കവർന്നു . തിരികെ പോകുമ്പോൾ പോട്ടെ മോളെ എന്ന് പറഞ്ഞ് കെട്ടിപിടിച്ചുമ്മ തന്നു..
"മാടി വിളിക്കുന്നു ദൂരെ
മായാത്ത സ്നേഹത്തിൻ തീരം
ആരും കൊതിയ്ക്കുന്ന തീരം"
പ്രിയ്യപ്പെട്ട ജാനകിയമ്മ നിങ്ങൾ ഇവിടെയുണ്ട്. ഞങ്ങൾക്കൊപ്പം . കൽപാന്തകാലത്തോളം .