മനുഷ്യരാശിയുടെ സാംസ്കാരിക ചരിത്രത്തിലെ ഏറ്റവും വിസ്മയകരമായ ഏടുകളിലൊന്നാണ് ജാഹിലിയ്യാ കാലഘട്ടത്തിലെ അറബി സാഹിത്യം. പുരാതന കവിതകൾ നൽകിയ താളത്തിനപ്പുറം, ജനങ്ങളുടെ ഹൃദയങ്ങളെയും ജീവിതത്തെയും നേരിട്ട് സ്വാധീനിച്ചത് അവിടത്തെ ഗദ്യസാഹിത്യമായിരുന്നു എന്നതാണ് സത്യം. അളന്നുകുറിച്ച വൃത്തനിബദ്ധിത വരികളേക്കാൾ സ്വതന്ത്രവും എന്നാൽ അഗാധമായ ആശയഗാംഭീര്യമുള്ളതുമായ ശൈലിയാണ് അറബി ഗദ്യത്തിന്റേത്. കൃത്യമായ പദപ്രയോഗങ്ങളും സവിശേഷമായ ശില്പചാതുരിയും വഴി ശ്രോതാക്കളുടെ ആത്മാവിലേക്ക് ആഴ്ന്നിറങ്ങാൻ ജാഹിലിയ്യാ ഗദ്യത്തിന് കഴിഞ്ഞിരുന്നു.
സമൂഹത്തിന്റെ വിവിധ ആവശ്യങ്ങൾക്കനുസരിച്ച് ഗോത്രങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനും സന്ധികൾ ഉണ്ടാക്കാനും നന്മയിലേക്കും ഐക്യത്തിലേക്കും ജനങ്ങളെ നയിക്കാനും പ്രസംഗകലയും പഴഞ്ചൊല്ലുകളും ആപ്തവാക്യങ്ങളും ഉപദേശങ്ങളും ജ്യോതിഷ പുരോഹിതരുടെ വാഗ്വിലാസങ്ങളും അക്കാലത്ത് ശക്തമായ മാധ്യമങ്ങളായി വർത്തിച്ചു. അന്നത്തെ ഗോത്രങ്ങളുടെ അഭിമാനവും നിലനിൽപ്പും മുഖ്യമായും പ്രഭാഷകരുടെ നാവിൻതുമ്പിലായിരുന്നു ആശ്രയിച്ചിരുന്നത്. പലപ്പോഴും ഒരു പ്രസംഗത്തിന് ഗോത്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ അവസാനിപ്പിക്കാനും പുതിയ സഖ്യങ്ങൾ രൂപീകരിക്കാനും സാധിച്ചിരുന്നു.
ജാഹിലിയ്യാ പ്രസംഗകലയുടെ ഒരു മാതൃക ചരിത്രപ്രസിദ്ധമായ ഉകാള് ചന്തയുടെ പശ്ചാത്തലത്തിൽ, പ്രശസ്ത വാഗ്മി ഖുസ്സ് ബിൻ സാഇദ അൽ-ഇയാദി ജനക്കൂട്ടത്തിന് മുന്നിൽ നടത്തിയ ആഹ്വാനം ജാഹിലിയ്യാ ഗദ്യത്തിന്റെയും പ്രസംഗകലയുടെയും ഏറ്റവും ഹൃദ്യവും ചിന്തോദ്ദീപകവുമായ മാതൃകയാണ്.
അദ്ദേഹം ജനങ്ങളോട് നടത്തിയ വിഖ്യാതമായ ആഹ്വാനം ഇപ്രകാരമായിരുന്നു: "ജനങ്ങളേ, കേൾക്കൂ, ഗ്രഹിക്കൂ! ജീവിച്ചിരിക്കുന്നവൻ എന്തായാലും മരിക്കുന്നു; മരിച്ചുകഴിഞ്ഞവന് എല്ലാം നഷ്ടപ്പെടുന്നു; വരാനുള്ളതെല്ലാം തീർച്ചയായും വന്നെത്തും! രാത്രി ഇരുണ്ടതാവാം, പക്ഷേ ,പകൽ പ്രകാശമുള്ളതാണ്, നക്ഷത്രങ്ങൾ സഞ്ചരിക്കുന്നു , കടലുകൾ അലയടിക്കുന്നുണ്ട്... ആകാശത്ത് ഇനിയും സന്തോഷ വാർത്തയുണ്ട്, ഭൂമിയിൽ ഒട്ടേറെ പാഠങ്ങളുണ്ട്! എന്തുകൊണ്ടാണ് ആളുകൾ പോകുന്നത്? പിന്നെ തിരിച്ചുവരാത്തത്? അവർ അവിടെയുള്ളതിൽ തൃപ്തരായി സ്ഥിരതാമസമാക്കിയോ, അതോ അവിടെ കിടന്ന് ഉറങ്ങിപ്പോയതോ?" ഈ പ്രസംഗം അക്കാലത്തെ കേൾവിക്കാരുടെ ഹൃദയങ്ങളെ പിടിച്ചുലയ്ക്കുന്നതായിരുന്നു.
ലൗകിക മോഹങ്ങളുടെ പുറകെ പായുന്ന കാട്ടറബികളെ ജീവിതത്തിന്റെ നശ്വരതയും പച്ചയായ യാഥാർത്ഥ്യങ്ങളും ഓർമ്മിപ്പിക്കാനും അവരുടെ അഹങ്കാരത്തെ തകർക്കാനും ഈ വികാരഭരിതമായ പ്രഭാഷണത്തിന് സാധിച്ചു. പ്രകൃതിയിലെ ദൃഷ്ടാന്തങ്ങളെയും പ്രപഞ്ച രഹസ്യങ്ങളെയും മുൻനിർത്തി മനുഷ്യന്റെ നിസ്സാരതയെ ഓർമ്മിപ്പിക്കുന്ന അപൂർവ്വമായ ഉപമാ ശൈലിയാണ് ഇതിൽ കാണാൻ കഴിയുന്നത്.
ഈ കാലഘട്ടത്തിലെ പ്രശസ്തരായ മറ്റു അറബ് പ്രസംഗകരുടെ പേരുകൾ താഴെ നൽകുന്നു:
a - അക്സം ബിൻ സൈഫി
b -ഹാശിം ബിൻ അബ്ദു മനാഫ് (മുഹമ്മദ് നബിയുടെ പിതാമഹൻ )
c - അബ്ദുൽ മുത്തലിബ് ബിൻ ഹാശിം (മുഹമ്മദ് നബിയുടെ മറ്റൊരു പിതാമഹൻ )
d - സുഹൈർ ബിൻ ജനാബ്
e- ഖൈസ് ബിൻ ഖാരിജ ബിൻ സിനാൻ
f- ഹാനിഅ് ബിൻ മസ്ഊദ് അശ്ശൈബാനി
g - ഹാജിബ് ബിൻ സുറാറ
h-ഹാരിഥ് ബിൻ ഉബാദ് അൽ-ബക്രി
i- അംറ് ബിൻ മഅ്ദീകരിബ്
ജീവിതത്തിന്റെ ദർശനം പകർന്നുനൽകിയ പ്രമുഖ പഴഞ്ചൊല്ലുകൾ (അംസാൽ)
അറബികളുടെ സാമൂഹിക അനുഭവങ്ങളുടെയും ലോകവീക്ഷണത്തിന്റെയും കണ്ണാടിയാണ് അവരുടെ പഴഞ്ചൊല്ലുകൾ. ചുരുങ്ങിയ വാക്കുകളിൽ വലിയൊരു തത്ത്വചിന്തയും ജീവിതാനുഭവവും ഒളിപ്പിച്ചു വെച്ച പ്രമുഖമായ ചില പഴഞ്ചൊല്ലുകൾ താഴെ പറയുന്നവയാണ്:
1- യുദ്ധം മാറിമറിയുന്നതാണ് ( അൽ ഹർബു സിജാൽ )
വിജയവും പരാജയവും ഒരിക്കലും സ്ഥിരമല്ല. ഒരിക്കൽ ജയിച്ചവർ തോൽക്കാം, തോറ്റവർ ജയിക്കാം. ജീവിതത്തിലെ അനിശ്ചിതത്വങ്ങളെയും കയറ്റിറക്കങ്ങളെയും സമചിത്തതയോടെയും ദീർഘവീക്ഷണത്തോടെയും നേരിടേണ്ടതുണ്ട് എന്ന വലിയ പാഠമാണ് ഈ ചൊല്ല് നൽകുന്നത്.
2- നിന്റെ മാതാവ് പ്രസവിക്കാത്ത എത്രയോ സഹോദരന്മാർ നിനക്കുണ്ട് ( റുബ്ബ അഖിൻ ലം തലിദ്ഹു ഉമ്മുക്ക് )
രക്തബന്ധങ്ങളുടെ പരിധിക്കപ്പുറം നിൽക്കുന്ന ആഴത്തിലുള്ള ആത്മബന്ധങ്ങളെയാണ് ഇത് അടയാളപ്പെടുത്തുന്നത്. സ്വന്തം സഹോദരനേക്കാൾ നിന്നെ സ്നേഹിക്കുകയും പ്രതിസന്ധിഘട്ടങ്ങളിൽ കൈപിടിച്ചുയർത്തുകയും ചെയ്യുന്ന നിസ്വാർത്ഥ സുഹൃത്തുക്കളുടെയും സഹായികളുടെയും മഹത്വം ഈ വാചകം വിളിച്ചോതുന്നു.
3 -ക്ഷമയാണ് ആശ്വാസത്തിന്റെ താക്കോൽ ( അസ്സ്വബ്റു മിഫ്താഹുൽ ഫറജ് )
മനുഷ്യജീവിതത്തിൽ എന്തുതന്നെ പ്രതിസന്ധികളും വിഷമങ്ങളും ഉണ്ടായാലും ധൃതികൂട്ടാതെ, ക്ഷമയോടെ നേരിട്ടാൽ അതിനൊരു പരിഹാരവും നല്ലൊരു മാറ്റവും വരുമെന്ന് ഈ ചൊല്ല് ഓർമ്മിപ്പിക്കുന്നു. മനക്കരുത്തോടും സംയമനത്തോടും കൂടി കാര്യങ്ങളെ സമീപിക്കണമെന്നാണ് ഈ ചൊല്ല് പഠിപ്പിക്കുന്നത്.
4- തിടുക്കത്തിൽ ഖേദമുണ്ട്, സാവധാനത്തിൽ സുരക്ഷിതത്വവും ( ഫിൽ അജലത്തി ന്നദാമ വഫിതഅന്നീ സ്സലാമ )
ആലോചനയേതുമില്ലാതെ തിടുക്കത്തിൽ എടുത്തുചാടി ചെയ്യുന്ന കാര്യങ്ങൾ പിന്നീട് വലിയ പശ്ചാത്താപത്തിന് ഇടയാക്കുമെന്നും കാര്യങ്ങൾ സാവധാനത്തിലും മറ്റുള്ളവരോട് ആലോചിച്ചും ചെയ്യുമ്പോൾ അബദ്ധങ്ങൾ ഒഴിവാക്കാനും സുരക്ഷിതരായിരിക്കാനും സാധിക്കും എന്നതാണ് വാസ്തവം.
5- മാനം വിറ്റ് തിന്നരുത്(തജൂഉൽ ഹുർറ, വലാ തഅ്കുലു ബി സദ്യൈഹാ)
ആത്മാഭിമാനം വിറ്റ് ജീവിക്കുന്നത് മാന്യന് പറ്റിയതല്ല എന്നും, സ്വഭാവം നഷ്ടപ്പെട്ടാൽ എല്ലാം നഷ്ടപ്പെട്ടു എന്നുമുള്ള ശക്തമായ മുന്നറിയിപ്പ് നൽകുന്നു. ഇത്തരം പഴഞ്ചൊല്ലുകൾ കൈകാര്യം ചെയ്യുന്ന ഇരുപതിലധികം അറബി ഗ്രന്ഥങ്ങളിലൊന്ന് മലയാളിയായ അറബി പണ്ഡിതൻ ഡോ. അബ്ദുല്ലത്വീഫ് ഫൈസിയുടേതാണ്.
ഇസ്‌ലാമിന് മുൻപുള്ള ജാഹിലിയ്യാ കാലഘട്ടം അജ്ഞതയുടെ കാലമായിരുന്നില്ല; മറിച്ച് സ്വന്തം ഭാഷയിലും സംസ്കാരത്തിലും അതീവ പ്രാവീണ്യം തെളിയിച്ച ജനതയുടെ സുവർണ്ണകാലം കൂടിയായിരുന്നു അത്. അവരുടെ പ്രസംഗങ്ങളും പഴഞ്ചൊല്ലുകളും ആപ്തവാക്യങ്ങളും ഉപദേശങ്ങളും പിൽക്കാല ലോക സാഹിത്യത്തിന് നൽകിയ അടിത്തറ വളരെ വലുതാണ്. അറബി ഭാഷയുടെ ആശയഗാംഭീര്യവും പ്രൗഢിയും നിലനിർത്തുന്നതിൽ ഇത്തരം ഗദ്യരൂപങ്ങൾ വഹിച്ച പങ്ക്