മോദിയുടെ ഇന്ത്യ ലോകത്തിന്‍റെ കാഴ്ചയിൽ, ഗസ്സ: ഞെട്ടിക്കുന്ന മറ്റൊരു റിപ്പോർട്ട് കൂടി
വിധേയ മാധ്യമങ്ങൾ ആഘോഷിച്ച ഒരു വാർത്ത, ഇന്ത്യൻ പ്രധാനമന്ത്രിമാരിൽ ഏറ്റവും കൂടുതൽ എണ്ണം വിദേശ പാർലമെന്റുകളിൽ പ്രസംഗിച്ചിട്ടുള്ളയാളായി മോദി ഇപ്പോൾ റെക്കോഡ് സ്ഥാപിച്ചു എന്നതാണ്. സ്വാഭാവികമായും വിദേശ പാർലമെന്റുകളിലെ മോദിയുടെ സാന്നിധ്യത്തെ വാഴ്ത്തുന്ന മാധ്യമങ്ങൾ ഇന്ത്യൻ പാർലമെന്‍റിലെ അസാന്നിധ്യത്തെപ്പറ്റി ഏറെ പറയില്ല. വിദേശ പര്യടനങ്ങൾ പ്രകടനങ്ങളായും ഇവന്റുകളായുമാണ് സംഘടിപ്പിക്കാറുള്ളത്.
മോദിയുടെ ഇന്ത്യ ലോകത്തിന്‍റെ കാഴ്ചയിൽ
നരേന്ദ്രമോദിയുടെ ഭരണം 12 വർഷം തികയ്ക്കുന്നു. നമ്മുടെ സമൂഹത്തിനും ഇന്ത്യയുടെ ആത്മാവിനും ഏൽക്കുന്ന ആഘാതത്തെപ്പറ്റി നമ്മൾ പറഞ്ഞു. എങ്കിലും വിദേശങ്ങളിൽ ഇന്ത്യക്ക് വിലയും കീർത്തിയും ഉണ്ടാക്കാൻ മോദിക്ക് കഴിഞ്ഞു എന്ന് കരുതുന്നവരുണ്ട്. ഇന്ത്യയുടെ വിദേശ ബന്ധങ്ങളുടെ അവസ്ഥ എന്താണ്?
വിധേയ മാധ്യമങ്ങൾ ആഘോഷിച്ച ഒരു വാർത്ത, ഇന്ത്യൻ പ്രധാനമന്ത്രിമാരിൽ ഏറ്റവും കൂടുതൽ എണ്ണം വിദേശ പാർലമെന്റുകളിൽ പ്രസംഗിച്ചിട്ടുള്ളയാളായി മോദി ഇപ്പോൾ റെക്കോഡ് സ്ഥാപിച്ചു എന്നതാണ്. സ്വാഭാവികമായും വിദേശ പാർലമെന്റുകളിലെ മോദിയുടെ സാന്നിധ്യത്തെ വാഴ്ത്തുന്ന മാധ്യമങ്ങൾ ഇന്ത്യൻ പാർലമെന്‍റിലെ അസാന്നിധ്യത്തെപ്പറ്റി ഏറെ പറയില്ല. വിദേശ പര്യടനങ്ങൾ പ്രകടനങ്ങളായും ഇവന്റുകളായുമാണ് സംഘടിപ്പിക്കാറുള്ളത്.
എന്നാൽ ചങ്ങാതിമാധ്യമങ്ങളിലൂടെ ശ്രദ്ധാപൂർവ്വം വളർത്തിയെടുത്ത വിശ്വഗുരു മുഖപടം യാഥാർത്ഥ്യത്തിനു മുൻപിൽ ഊർന്നുവീഴുന്നുണ്ട്.
ഈയിടെ മൂന്ന് ഇന്ത്യൻ നാവികർ ഒമാൻ കടലിലെ അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത് മോദിയുടെ വിധേയത്വം പുറത്തുകൊണ്ടുവന്നു. മുമ്പ് നെഹ്‌റു, ഇന്ദിര, മൻമോഹൻ സിങ് എന്നിവർ അമേരിക്കൻ ഭീഷണിയെ ധീരമായി നേരിട്ട ചരിത്രമുണ്ട്. പക്ഷേ മൂന്നു നാവികരെ കൊന്നതിന് അമേരിക്കയെ അപലപിക്കാനോ പ്രതിഷേധം അറിയിക്കാൻ പോലുമോ മോദി സർക്കാരിന് കഴിഞ്ഞില്ല.
കൊല്ലപ്പെട്ട നാവികർ സിവിലിയന്മാരായിരുന്നു. സിവിലിയന്മാരെ കൊല്ലാതിരിക്കാനുള്ള കരുതൽ അമേരിക്ക കാണിക്കേണ്ടതായിരുന്നു. പക്ഷേ ഇരകൾ അമേരിക്കക്കാരോ യൂറോപ്യരോ അല്ലാത്തതിനാലാവണം, അതുണ്ടായില്ല. ട്രംപിന് മുമ്പിൽ മോദി പ്രതിഷേധമറിയിച്ചില്ല; വിഷയം പരാമർശിച്ചു എന്നുമാത്രം. ട്രംപ് ആകട്ടെ മോദിയെ പുകഴ്ത്തി വീഴ്ത്തി; മോദി ചിരിച്ചു വഴങ്ങി.
മോദിയുടെ വീഴ്ചകൾ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത് മറ്റുചില സംഭവങ്ങളുമായി താരതമ്യം ചെയ്തുകൊണ്ട് കൂടിയാണ്. ഇറ്റാലിയൻ നാവികരുടെ കാര്യത്തിൽ നടന്നത് അവയിൽ ഒന്നുമാത്രം.
ഇന്ത്യക്കാരുടെ മരണത്തിനുത്തരവാദി ഇറാനാണെന്ന് ആദ്യം ട്രംപ് ആരോപിച്ച് നോക്കിയെങ്കിലും തെളിവെല്ലാം എതിരായതോടെ കുറ്റം സമ്മതിച്ചു. ഈ ഘട്ടത്തിലും ഇറാനാണ്, ഇന്ത്യയല്ല ഇന്ത്യൻ നാവികർക്ക് വേണ്ടി സംസാരിച്ചത്.
അധികാരത്തിലിരുന്ന കാലദൈർഘ്യത്തിൽ നെഹ്റുവിനെ മോദി പിന്നിലാക്കിയിട്ടുണ്ടാകാം. പക്ഷേ താരതമ്യം വേറെയുമുണ്ട്. രാജ്യാന്തര രംഗത്ത് ശക്തി തെളിയിച്ചത് ആരാണ്? ഇനിയുമുണ്ട് ഉദാഹരണം. ഇറാനിൽ നിന്നും റഷ്യയിൽ നിന്നുമൊക്കെ ഇന്ന് നാം എണ്ണ വാങ്ങുന്നത് അമേരിക്ക അനുവദിക്കുന്നതനുസരിച്ചാണ്. മുൻപ് മൻമോഹൻ സർക്കാരിനെ ഇറാന്റെ എണ്ണ വാങ്ങുന്നതിൽ നിന്ന് അമേരിക്ക വിലക്കിയപ്പോഴോ?
വൻ രാഷ്ട്രങ്ങളെ നാം ഭയക്കുന്നു എന്ന ദ ഇക്കോണമിസ്റ്റ് വാദത്തെ വിദേശകാര്യ മന്ത്രി മറ്റൊരു സന്ദർഭത്തിൽ ശരിവച്ചിട്ടുണ്ട്. ചൈനയുടെ അതിക്രമത്തിൽ ഇന്ത്യ നിഷ്ക്രിയമായതിനെപ്പറ്റി എഎൻഐ എഡിറ്റർ സ്മിത പ്രകാശ് ചോദിച്ചപ്പോഴാണ് എസ് ജയശങ്കർ പറഞ്ഞത്, ചൈന വൻ സമ്പദ് വ്യവസ്ഥ; അവരോട് ഏറ്റുമുട്ടാൻ ഞങ്ങളില്ല എന്ന്.
ആഗോളരംഗത്ത് നമ്മുടെ കരുത്ത് ചോർന്നതായി ഇറാൻ യുദ്ധവും സൂചിപ്പിക്കുന്നു. വിദേശ ബന്ധങ്ങളിൽ രാജ്യ താൽപര്യത്തേക്കാൾ കോർപ്പറേറ്റ് ചങ്ങാതികളുടെ ലക്ഷ്യങ്ങൾക്ക് പരിഗണന നൽകുന്നതും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
യു എസ്സും മറ്റും ഇന്ത്യയെ ദുർബല രാജ്യമായി കണക്കാക്കുന്നു. രാജ്യാന്തര രംഗത്ത് മുൻപ് തലയെടുപ്പോടെ നിന്നിരുന്ന ഇന്ത്യ ഇന്ന് അപ്രസക്തമാകുന്നു. ഇതിനു പുറമേയാണ്, ഏതാനും വ്യക്തികളിൽ ഊന്നിയുള്ളതാണ് വിദേശനയം എന്ന ആരോപണം. ഈ സാഹചര്യത്തിൽ ട്രംപ് ജൂനിയറും അദാനിയും തമ്മിലുള്ള കൂടിക്കാഴ്ചകൾ വാർത്തയായത് സ്വാഭാവികം. ഇതിനു പിന്നാലെ അദാനിക്കെതിരായി യു എസ്സിലുള്ള കൈക്കൂലിക്കേസ് ഒഴിവാക്കാൻ ട്രംപ് സർക്കാർ തീരുമാനിച്ചു. കൈക്കൂലി കേസ് ഇല്ലാതാവുക എന്ന അസാധ്യ സംഭവം നടന്നതെങ്ങനെ എന്ന ചോദ്യമുണ്ട്. മൂന്നുവർഷം മുൻപ് രാഹുൽഗാന്ധി പാർലമെന്‍റിൽ വച്ച്,, അദാനിയും മോദിയും പലകുറി വിദേശയാത്ര ഒരുമിച്ചോ തൊട്ടുടനെയോ നടത്തിയത് എടുത്തു പറഞ്ഞിരുന്നു.
ഇന്ത്യയുടെ വിദേശനയത്തിൽ രാജ്യ താത്പര്യത്തിനപ്പുറം ചിലതുണ്ടോ എന്ന ചോദ്യമുണ്ട്. ആർജ്ജവമില്ലായ്മ, വിധേയത്വം, സ്വജനപക്ഷപാതം തുടങ്ങിയവക്ക് പുറമേ മൂല്യച്യുതിയും. ഫലസ്തീൻ ജനതയെ വംശഹത്യ ചെയ്യുന്ന ഇസ്രായേലിനോടുള്ള അടുപ്പം ഇന്ത്യയുടെ ആത്മാവിനെ മുറിപ്പെടുത്തുന്നതാണ്. അവിടെവച്ച്, ഇസ്രായേൽ പിതൃരാജ്യമാണ് ഇന്ത്യ മാതൃരാജ്യമാണ് എന്നെല്ലാം പറഞ്ഞ് മോദി ഡൽഹിക്ക് മടങ്ങിയതിന് പിന്നാലെയാണ് ഇസ്രായേൽ ഇറാനുമായും യുദ്ധം തുടങ്ങിയത്.
ഇന്ത്യയുടെ വിദേശനയം എത്രത്തോളം വഴിതെറ്റി എന്നതിന്റെ സാക്ഷ്യം. ഇന്ന് ലോകത്തെ നല്ല നിലയിൽ സ്വാധീനിക്കാനുള്ള ശേഷി നഷ്ടപ്പെട്ട്, ചിലരുടെ വിനീത വിധേയനായി ഇന്ത്യ മാറിയിരിക്കുന്നു. മോദി ഭരണത്തിന്‍റെ ചെറുതല്ലാത്ത നേട്ടം.
ഗസ്സ: ഞെട്ടിക്കുന്ന മറ്റൊരു റിപ്പോർട്ട് കൂടി
ജൂൺ 24ന് ന്യൂയോർക്ക് ബുക്ക് റിവ്യൂവിന്‍റെ വെബ്സൈറ്റിൽ ഒരു കുറിപ്പ് വന്നു. നമ്മുടെ ലോകം യുദ്ധമേഖലകളിലെ കുട്ടികളോട് ചെയ്യുന്ന ക്രൂരതകളെപ്പറ്റിയാണ് അത്. കുട്ടികളുടെ അനുഭവ ലോകം ഇങ്ങനെയൊക്കെയാണ്. ഗസ്സയിൽ വംശഹത്യ നടത്തുന്ന ഇസ്രായേൽ കുട്ടികളെ പ്രത്യേകം ലക്ഷ്യമിട്ട് കൊല്ലുന്നുണ്ടെന്ന റിപ്പോർട്ട് യു എൻ അന്വേഷണകമ്മിഷൻ സമർപ്പിച്ചിരിക്കുന്നു. കുട്ടികളെ കൊല്ലുകയോ എന്നാണ് ചോദ്യമെങ്കിൽ നിങ്ങൾ ഇസ്രായേലിനെ മനസ്സിലാക്കിയിട്ടില്ല എന്ന് പറയേണ്ടിവരും. കുട്ടികളെ പ്രത്യേകം നോട്ടമിട്ട് കൊന്നുകളയുന്ന ഭീകരരാണ് ഇസ്രായേൽ സേന. അത് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നു യുഎന്നിന്‍റെ അന്വേഷണ കമ്മീഷൻ. ഇസ്രായേൽ ആസൂത്രിതമായി തന്നെ കുട്ടികളെ മർദ്ദിക്കുന്നു, പീഡിപ്പിക്കുന്നു, കൊല ചെയ്യുന്നു. 20000ത്തിലേറെ കുട്ടികളെ കൊന്നതിന് തെളിവുണ്ട്. 44000ത്തിലേറെ കുട്ടികൾക്ക് സാരമായ ദേഹക്ഷതം ഉണ്ട്.
അൽ ജസീറയുടെ ഒരു മണിക്കൂർ ദൈർഘ്യമുള്ള പുതിയ വീഡിയോയിൽ, ഫലസ്തീൻകാരോട് ഇസ്രായേൽ ചെയ്യുന്ന പൈശാചിക കൃത്യങ്ങൾ വർണ്ണിക്കുന്നുണ്ട്.
ലോകരാജ്യങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും ചുരുങ്ങിയ മനുഷ്യത്വം, ഇസ്രായേലിനെ ഒറ്റപ്പെടുത്തുക എന്നതാണ്. ഇസ്രായേൽ പ്രത്യേകം ലക്ഷ്യമിട്ട് കൊല്ലുന്ന ഒരു വിഭാഗം കുട്ടികളാണെങ്കിൽ മറ്റൊന്ന് ജേണലിസ്റ്റുകളാണ്.
ഗസ്സയിൽ കുട്ടികൾ കൊലചെയ്യപ്പെടുമ്പോൾ കൊലയാളിയെ ഒറ്റപ്പെടുത്താത്തവരെപ്പറ്റി ലജ്ജിക്കാം. ജേണലിസ്റ്റുകൾ കൊല്ലപ്പെടുമ്പോഴും കൊലയാളിയുടെ പക്ഷം ചേർന്ന് സത്യം മറച്ചു പിടിക്കുന്ന മാധ്യമങ്ങളെ ഓർത്തും ലജ്ജിക്കാം.
കാർട്ടൂൺ: രാവണന് രാഷ്ട്രീയ തണൽ ഉണ്ടായിരുന്നെങ്കിൽ.
മൂന്നു വാർത്തകൾ മൂന്ന് കാർട്ടൂണുകൾ. ഇടിഞ്ഞു കിടക്കുന്ന സമ്പദ് വ്യവസ്ഥക്ക് മേൽ ബാലൻസ് ചെയ്ത് കിടക്കാൻ യോഗ തന്നെ വേണം.