എം.പി പരമേശ്വരനും മന്‍മോഹന്‍ സിങ്ങും

എനിക്ക് ആ മനുഷ്യനുമായി ബന്ധപ്പെട്ട് ഹൃദയഹാരിയായ ഒരോർമ്മയുണ്ട്... ഡോ. എം.പി. പരമേശ്വരൻ എന്ന 'മാർക്സിസ്റ്റ് സൂഫി'യെക്കുറിച്ചും, അദ്ദേഹത്തിന്റെ 'നാലാം ലോകം' സൃഷ്ടിച്ച കൊടുങ്കാറ്റുകളെക്കുറിച്ചും ഒരു ഓർമ്മക്കുറിപ്പ്.

Update: 2026-08-13 08:33 GMT

2026 ആഗസ്ത് 11ന് ഡോ. എം.പി പരമേശ്വരന്‍ വിടവാങ്ങി. എനിക്ക് ആ മനുഷ്യനുമായി ബന്ധപ്പെട്ട് ഹൃദയഹാരിയായ ഒരോര്‍മയുണ്ട്. 2011 സെപ്തംബര്‍ മൂന്നിന് ഇറങ്ങിയ ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ ഞാനൊരു ലേഖനമെഴുതിയിരുന്നു. ഹൈവേ വികസനവുമായി ബന്ധപ്പെട്ട വലിയ ചര്‍ച്ചകളും സമരങ്ങളും കേരളത്തില്‍ നടക്കുന്ന കാലമായിരുന്നു അത്. മികച്ച ഹൈവേകളില്ലാത്തത് കാരണമുള്ള ഗതാഗതക്കുരുക്കുകമായി ബന്ധപ്പെട്ട ആവലാതികള്‍ ഒരു ഭാഗത്ത്. റോഡ് വികസനത്തിന്റെ പേരില്‍ മനുഷ്യര്‍ കുടിയിറക്കപ്പെടുന്നതിന്റെ ആധി മറുവശത്ത്. ഈ പശ്ചാത്തലത്തിലാണ്, പൊതുവെ ചര്‍ച്ചയില്‍ വരാത്ത ചില ആശയങ്ങള്‍ മുന്നില്‍ വെച്ച് ആ ലേഖനം എഴുതുന്നത്. (അടുത്ത കാലത്തായി ആ ആശയങ്ങളില്‍ ചിലത് ഔട്ട് ഓഫ് ഫോക്കസില്‍ പങ്കുവെച്ചിട്ടുണ്ട്).

Advertising
Advertising

റോഡ് വികസനം എന്ന ഒറ്റവരിയില്‍ വിഷയത്തെ കാണാതെ, ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക്, മൊബിലിറ്റി ഹബ് തുടങ്ങിയവയായിരുന്നു അതിലെ ഒരു ഇനം. ലളിതമായി പറഞ്ഞാല്‍, റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങി, ഓട്ടോക്ക് ക്യൂ നിന്ന്, ബസ് സ്റ്റാന്റില്‍ പോയി, അവിടെ നിന്ന് ബസ് പിടിച്ച് പോകുന്നതിന് പകരം, റെയില്‍വേ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ തന്നെ ബസ് സ്റ്റാന്റ് ഉണ്ടെന്ന് വിചാരിക്കുക; യാത്രക്കാര്‍ക്ക് സമയ ലാഭം, സാമ്പത്തിക ലാഭം, നഗരത്തിലെ ട്രാഫിക്കിലെ കുറവ്, അതുവഴിയുള്ള കാര്‍ബണ്‍ എമിഷന്‍ കുറവ്...എന്നിങ്ങനെ നേട്ടങ്ങള്‍ പലതുണ്ട്. നെടുമ്പാശേരി എയര്‍പോര്‍ട്ടിന്റെ മതിലിനോട് ചേര്‍ന്നാണ് റെയില്‍വേ ലൈന്‍ പോകുന്നത്. എന്നാല്‍, അവിടെ ഒരു റെയില്‍വേ സ്‌റ്റേഷന്‍ സ്ഥാപിച്ച് തീവണ്ടികള്‍ക്ക് സ്റ്റോപ്പുകള്‍ അനുവദിക്കാന്‍ നമുക്ക് ഇതുവരെ തോന്നിയിട്ടില്ല. തീവണ്ടിയിറങ്ങി ട്രോളി ഉരുട്ടി യാത്രികന് നേരെ വിമാനത്താവളത്തിലേക്ക് പോകാവുന്നതേയുള്ളൂ. 

 


2011 സെപ്തംബര്‍ മൂന്നിന് ഇറങ്ങിയ ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ പബ്ലിഷ് ചെയ്ത ലേഖനം

ഇന്റഗ്രേറ്റഡ് വില്ലേജ്/ടൗണ്‍ഷിപ്പ് എന്നതായിരുന്നു ലേഖനത്തിലെ രണ്ടാമത്തെ ആശയം. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കേരളം ഒരൊറ്റ നഗരമായി മാറിക്കഴിഞ്ഞിരിക്കുന്നു. എല്ലാ ഇടങ്ങളും താമസയിടങ്ങളാണ്. ഹൈവേ വികസനത്തിന്റെ പേരിലുള്ള സംഘര്‍ഷങ്ങളുടെ അടിസ്ഥാനവും അതുതന്നെയാണ്. ഏത് വികസന സംരംഭത്തിന്റെ പേരിലും ഏറ്റവും കൂടുതല്‍ ആളുകളെ കുടിയൊഴിപ്പിക്കേണ്ടി വരുന്ന സംസ്ഥാനമാണ് നമ്മുടെത്. നമുക്ക് വ്യവസായവുമില്ല, കൃഷിയുമില്ല, മികച്ച ഇന്‍ഫ്രാ സ്ട്രക്ചറുമില്ല. നമ്മുടെ താമസ ഘടന തന്നെയാണ് അതിന് കാരണം. വ്യത്യസ്തമായൊരു Architecture of Habitation കേരളത്തിന് വേണം എന്ന് പറയാന്‍ ശ്രമിക്കുകയായിരുന്നു. ആര്‍ക്കും എവിടെയും വീട് വെക്കാന്‍ പറ്റുമെന്ന അവസ്ഥ മാറണം. Dedicated residential area, dedicated farm lands, dedicated industrial zones എന്നിങ്ങനെ ഭൂവിനിയോഗവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ മാറ്റം വരണം. അല്ലെങ്കില്‍ എല്ലാ കാലവും ഇത്തരം സംഘര്‍ഷങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. എല്ലാ അടിസ്ഥാന സൗകര്യങ്ങളും ആളുകള്‍ക്ക് ലഭ്യമാകുന്ന ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പുകള്‍ രൂപപ്പെടുക എന്നതാണ് ലേഖനത്തിലൂടെ മുന്നോട്ട് വെച്ച മറ്റൊരു ആശയം.

യു.ഡി.എഫ് ഭരിക്കുന്ന കാലമാണ്. വി.കെ ഇബ്രാഹിം കുഞ്ഞാണ് പൊതുമരാമത്ത് മന്ത്രി. അന്നാകട്ടെ, എലവേറ്റഡ് ഹൈവേ എന്നൊരു സങ്കല്‍പത്തെ കുറിച്ച് മന്ത്രി നിയമസഭയില്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍, ആ ചര്‍ച്ചയില്‍ ഇടപെട്ട് കൊണ്ടുള്ള ലേഖനം മന്ത്രിയുടെ തന്നെ പാര്‍ട്ടിയുടെ പ്രസിദ്ധീകരണത്തില്‍ വരട്ടെ എന്ന തോന്നലിലാണ് ചന്ദ്രിക ആഴ്ചപ്പതിപ്പിലേക്ക് ലേഖനം അയക്കുന്നത്. മന്ത്രിയോ അദ്ദേഹവുമായി ബന്ധപ്പെട്ട ആരെങ്കിലുമോ അത് വായിച്ചുവോ എന്നറിയില്ല. പക്ഷേ, എന്നെ അല്‍ഭുതപ്പെടുത്തിക്കൊണ്ട്‌, ദിവസങ്ങള്‍ക്ക് ശേഷം എനിക്ക് തപാലില്‍ ഒരു കത്ത് വന്നു. ഡോ.എം.പി പരമേശ്വരന്റെതായിരുന്നു അത്. ലേഖനം വായിച്ചു, പല കാര്യങ്ങളോടും യോജിപ്പുണ്ട്. ചില കാര്യങ്ങളോട് വിയോജിപ്പുണ്ട്. ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പ്/വില്ലേജ് എന്ന സങ്കല്‍പം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ് എന്നൊക്കെയായിരുന്നു കത്തിന്റെ ഉള്ളടക്കം. ഞാന്‍ ആ കത്ത് സൂക്ഷിച്ചു വെച്ചിരുന്നു. പരമേശ്വരന്‍ സാറിന്റെ മരണ വാര്‍ത്ത കേട്ടത് മുതല്‍ ആ കത്ത് തപ്പിക്കൊണ്ടിരിക്കുകയായിരുന്നു. വീട് മാറവെ പലതും നഷ്ടപ്പെട്ട കൂട്ടത്തില്‍ അതും നഷ്ടപ്പെട്ടു എന്ന് തോന്നുന്നു.

അതിന് ശേഷം, രണ്ട് തവണ അദ്ദേഹത്തെ തൃശൂരില്‍ പോയി കണ്ടിട്ടുണ്ട്. കുറേയധികം സംസാരിച്ചിട്ടുണ്ട്. സൂഫിയായ ശാസ്ത്രജ്ഞന്‍ എന്നാണ് ഞാന്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുക. നിസ്വനായൊരു ജ്ഞാന യോഗി. ഇസ്‌ലാം മുന്നോട്ട് വെക്കുന്ന പ്രപഞ്ച വീക്ഷണത്തിന്റെ ഫ്രെയിംവര്‍ക്കില്‍ ലോകത്തെയും കാലത്തെയും സാമൂഹിക പ്രതിഭാസങ്ങളെയും മനസ്സിലാക്കുന്ന ഒരാളാണ് ഞാന്‍. മതത്തെ കുറിച്ച് പൊതുവെയും ഇസ്‌ലാമിനെ കുറിച്ച് സവിശേഷമായും, പരമ്പരാഗത മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികര്‍ കൊണ്ടുനടക്കുന്ന കാഴ്ചപ്പാടിനപ്പുറം അല്‍പം പോലും സഞ്ചരിക്കാന്‍ സാധിച്ചിട്ടില്ലാത്തയാളാണ് പരമേശ്വരന്‍. അക്കാര്യത്തില്‍ അദ്ദേഹം സാധാരണ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികരുടെ ബാലരമാ പ്രപഞ്ചത്തില്‍ തന്നെയായിരുന്നു. പക്ഷേ, സവിശേഷമായൊരു ആത്മീയത ആ മനുഷ്യനില്‍ നമുക്ക് തൊട്ടനുഭവിക്കാന്‍ കഴിയും. നാലാം ലോകത്തില്‍ Need, Greed എന്നിവയുമായി ബന്ധപ്പെടുത്തി അദ്ദേഹം ചില ആലോചനകള്‍ മുന്നോട്ട് വെക്കുന്നുണ്ട്. മാര്‍ക്‌സിസ്റ്റ് അടിത്തറകളില്‍ നിന്ന് അദ്ദേഹം എങ്ങനെയാണ് അതിനെ വിശകലനം ചെയ്യുക എന്ന് ഞാന്‍ അല്‍ഭുതപ്പെട്ടിട്ടുണ്ട്.

ഡോ.പരമേശ്വരനെ ഓര്‍ക്കുമ്പോള്‍ ഡോ. മന്‍മോഹന്‍ സിങ് ആണ് എന്റെ മനസില്‍ വരിക. പതിഞ്ഞ സംസാരമായിരുന്നു രണ്ടു പേരുടേതും എന്നത് മാത്രമല്ല കാരണം. മന്‍മോഹന്‍ സിങ്ങിനെ പോലെ ജീവിത കാലത്ത് നിര്‍ദാക്ഷിണ്യം ആക്രമിക്കപ്പെട്ടയാളാണ് പരമേശ്വരനും. ഡോ മന്‍മോഹന്‍ സിങ്ങിനെ തന്റെ പ്രസ്ഥാനത്തിന്റെ പുറത്തുള്ളയാളുകളാണ് ആക്രമിച്ചതെങ്കില്‍ പരേശ്വരന്‍ സ്വന്തം സഹസഖാക്കളാലാണ് ആക്രമിക്കപ്പെട്ടത്. എന്തെല്ലാം കൊടിയ വാക്കുകളാണ് അദ്ദേഹത്തിനെതിരെ അസ്ത്രങ്ങളായി എയ്തതെന്ന് ആലോചിക്കുമ്പോള്‍ ഇപ്പോഴും വിറയല്‍ വരും. പരമേശ്വരന്‍ സാറിന്റെ 'നാലാം ലോകം' ആയിരുന്നു ആ ആക്രമണങ്ങളുടെ പ്രധാന കാരണം. ആഘോഷിക്കപ്പെട്ട മാര്‍ക്‌സിസ്റ്റ് ചിന്തകനായ എം.എന്‍ വിജയന്‍ എഡിറ്ററായ 'പാഠം' പ്രസിദ്ധീകരിച്ച ഒരു ദീര്‍ഘ ലേഖനത്തിന്റെ തലക്കെട്ട് ഇതാണ്: 'നാലാം ലോകം എന്ന ലൈംഗിക കോളറ'. ആ ലേഖനത്തിലെ ചില ഉപതലക്കെട്ടുകള്‍ ഇങ്ങനെ: 'നളിനി ജമീലയും മോണ്‍ട്‌ക്ലെയര്‍ മാതൃകയും', 'ജ്ഞാന കിങ്കരന്റെ മാനസിക ലിംഗ പരിണാമം', 'ബദല്‍ ലൈംഗികതയും പിംപിംഗും', 'സാമൂഹിക മൂലധനവും പാരിഷത്തിക ലൈംഗികതയും'.... മലയാളത്തില്‍ സാധ്യമായ തെറിവാക്കുകള്‍ കൊണ്ട് അദ്ദേഹത്തെ മൂടുന്ന ലേഖനങ്ങള്‍ നിരവധിയാണ്. അദ്ദേഹം മാത്രമല്ല, എം.എ ബേബി, ഡോ തോമസ് ഐസക്, ഡോ. ബി ഇഖ്ബാല്‍, കെ.ഇ.എന്‍ കുഞ്ഞഹമ്മദ് തുടങ്ങിയവരെയെല്ലാം ഈ വിധം ആക്രമിക്കുന്നുണ്ട്. 'ലിംഗത്തിന്റെയും ആമാശയത്തിന്റെയും ദുരാഗ്രഹങ്ങള്‍ കൊണ്ട് ജീവിതത്തെ മലിനീകരിക്കുന്ന ഈ ഇരുകാലി മൃഗത്തിന് വേണ്ടി ഇരുമ്പഴികള്‍ക്കുള്ളില്‍ കഴിയുന്ന ലതാനായര്‍ പ്രാര്‍ഥന കഴിക്കുകയാണ്'- ഒരു വരി ഇങ്ങനെയാണ്.

'സ്ത്രീകള്‍ക്ക് കുടുംബ ബാഹ്യമായ ലൈംഗിക ബന്ധങ്ങള്‍ അനുവദിക്കുന്നതില്‍ ധാര്‍മിക വിരുദ്ധതയോ സദാചാര വിരുദ്ധതയോ ഇല്ല. ഇത്തരം ലൈംഗിക സ്വാതന്ത്ര്യം ഇപ്പോള്‍ തന്നെ പുരുഷന്മാര്‍ അനുഭവിക്കുന്നുണ്ട്. ഇത് സ്ത്രീകള്‍ക്കും അനുവദിക്കേണ്ടതാണ്' എന്ന് എം.പി പരമേശ്വരന്‍ 'നാലാം ലോകം: സ്വപ്‌നവും യാഥാര്‍ഥ്യവും' എന്ന തന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. ഇതിനെ മുന്‍നിര്‍ത്തി അദ്ദേഹത്തിന് മേല്‍ ചൊരിഞ്ഞ അശ്ലീല ശരവര്‍ഷത്തിന്‌ കയ്യും കണക്കുമില്ല. തികഞ്ഞ മതസദാചാരവാദിയുടെ ആവേശത്തോടെ ലൈംഗിക സാദാചാരത്തിന്റെ അടിത്തറയില്‍ നിന്നു കൊണ്ടാണ് മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികള്‍ അദ്ദേഹത്തെ ആക്രമിച്ചത്. കമ്യൂണിസ്റ്റ് പരിപ്രേക്ഷ്യത്തില്‍ നോക്കുമ്പോള്‍ അദ്ദേഹം എഴുതിയതില്‍ തെറ്റൊന്നും ഇല്ല എന്നതാണ് വാസ്തവം. പക്ഷേ, ആ മനുഷ്യനോട്‌ കൊടിയ ലൈംഗിക കുറ്റവാളിയോടെന്ന പോലെയാണ് മുന്തിയ സഖാക്കളില്‍ പലരും പെരുമാറിയത്.  

ഒരു വശത്ത് തനത് ഇടതു ബുദ്ധിജീവികള്‍ അദ്ദേഹത്തെ ആക്രമിച്ച് വശം കെടുത്തുമ്പോള്‍ പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കുകയാണ് ചെയ്തത്. ലെനിനിസ്റ്റ് സംഘടനാ തത്വമാണ് സി.പി.എം അതിന്റെ അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത്. മേല്‍ കമ്മറ്റിയുടെ തീരുമാനങ്ങള്‍ കീഴ് കമ്മറ്റി അംഗീകരിക്കുക, കമ്മറ്റിയിലെ ഭൂരിപക്ഷത്തിന്റെ അഭിപ്രായം ന്യൂനപക്ഷവും അംഗീകരിക്കുക എന്നതാണ് ലളിതമായി പറഞ്ഞാല്‍ ആ തത്വം. പാര്‍ട്ടി പ്രവര്‍ത്തനത്തിലും സംഘാടനത്തിലും സി.പി.എം പോലൊരു പാർട്ടിക്ക് അങ്ങനെയൊരു തത്വം സ്വീകരിക്കേണ്ടി വരും. എന്നാല്‍, വൈജ്ഞാനിക അന്വേഷണത്തിലും ആ തത്വം തന്നെയാണ് പാര്‍ട്ടി സ്വീകരിച്ചത്. അതായത്, മേല്‍ കമ്മറ്റിയുടെ വൈജ്ഞാനിക ആഴം മാത്രമേ കീഴ് കമ്മറ്റിയിലുള്ളവര്‍ക്കും ഉണ്ടാകാന്‍ പാടുള്ളൂ. അതു കൊണ്ടാണ് എം.പി പരമേശ്വരന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുന്നത്.

നിരപേക്ഷമായി നോക്കുമ്പോള്‍ 'നാലാം ലോകം' മഹത്തായൊരു ആശയമാണെന്ന് എനിക്ക് അഭിപ്രായമില്ല. ഗാന്ധിസം, സവര്‍ണ ഗൃഹാതുരത, ഗ്രാമ്യത, ലളിത ജീവിതം എന്നിവയുടെയെല്ലാം മിശ്രിതമായൊരു ലോകവീക്ഷണം അവതരിപ്പിക്കുയാണ് അദ്ദേഹം ചെയ്യുന്നത്. പങ്കാളിത്ത ജനാധിപത്യത്തെ കുറിച്ച അല്‍പം കൂടി വിശാലമായ കാഴ്ചപ്പാടുകള്‍ അതിലുണ്ട്. അതിലും ഗാന്ധിയുടെ സ്വാധീനം നമുക്ക് കണ്ടെടുക്കാന്‍ കഴിയും. അമേരിക്കന്‍ ഇടത് ചിന്തകനായ മുറായ് ബൂക്ചിനിന്റെ ലിബര്‍ടേറിയന്‍ മുന്‍സിപ്പലിസം എന്ന ആശയവും എം.പി പരമേശ്വരന്റെ പങ്കാളിത്ത ജനാധിപത്യവും ഏതാണ്ട് സമാനമാണ്. ബൂക്ചിന്റെ ചിന്തകളില്‍ പ്രചോദിതരായാണ് സിറിയയിലെ കുര്‍ദ് പാര്‍ട്ടികള്‍, അവരുടെ ഭരണ പ്രദേശത്ത് ഡെമോക്രാറ്റിക് കോണ്‍ഫഡറലിസം എന്ന തത്വം നടപ്പിലാക്കിയത്. അതായത്, സമ്പൂര്‍ണമായി ഒറിജിനല്‍ ആയ എന്തെങ്കിലും ചിന്താ പദ്ധതി എം.പി പരമേശ്വരന്‍ മുന്നോട്ട് വെച്ചു എന്ന് പറയാന്‍ കഴിയില്ല. അതേ സമയം, കാറ്റും വെളിച്ചവും കടക്കുന്നത് അപരാധമാണ് എന്ന് വിചാരിക്കുന്ന സി.പി.എമ്മിന്റെ വൈജ്ഞാനിക ആവാസ ഘടനയില്‍ അത് പ്രകമ്പനം സൃഷ്ടിക്കാവുന്ന ഇടപെടലായിരുന്നു. അതുകൊണ്ടാണ് ആ പുസ്തകത്തെ മുന്‍നിര്‍ത്തി കേരളത്തിലെ ഇടതു വൈജ്ഞാനിക മണ്ഡലത്തിലും സംഘടനാ രംഗത്തും വലിയ ചുഴലികള്‍ രൂപപ്പെട്ടത്.

പരമേശ്വരനോട് നിങ്ങള്‍ യോജിച്ചാലും വിയോജിച്ചാലും ആ മനുഷ്യന്റെ സമര്‍പ്പണത്തെ, ആത്മാര്‍ഥതയെ, നാടിനോടുള്ള പ്രതിബദ്ധതയെ കാണാതിരിക്കാന്‍ പറ്റില്ല. ഒരു മാര്‍ക്‌സിസ്റ്റ് സൂഫിയായി അദ്ദേഹം ജീവിച്ചു. പക്ഷേ, ഒരു ദയാവായ്പുമില്ലാതെ അദ്ദേഹം ആക്രമിക്കപ്പെട്ടു. 

പിന്‍കുറി: ആഗസ്ത് 12ലെ ദേശാഭിമാനിയില്‍ ഒന്നാം പേജില്‍ തന്നെ എം.പി പരമേശ്വരന്റെ മരണ വാര്‍ത്തയുണ്ട്. എന്നാല്‍ അതില്‍ ഒരിടത്തും അദ്ദേഹത്തിന്റെ നാലാം ലോകം എന്നെ പുസ്തകത്തെ കുറിച്ച് ഒരു വരി ഇല്ല. നാലാം പേജ് മുഴുവനായി എം.പി പരമേശ്വരന് വേണ്ടി നീക്കി വെച്ചിരിക്കുകയാണ്. എം.എ ബേബി, പിണറായി വിജയന്‍, എം.വി ഗോവിന്ദന്‍, ഡോ കെ.പി അരവിന്ദന്‍ എന്നിവരുടെ അനുസ്മരണ ലേഖനങ്ങളുണ്ട്. അതിലും നാലാം ലോകത്തെ കുറിച്ച പരാമര്‍ശമില്ല. പത്രപ്രവര്‍ത്തനത്തിലും ലെനിനിസ്റ്റ് സംഘടനാ തത്വം മുറുകെ പിടിക്കാന്‍ ദേശാഭിമാനിക്ക് സാധിക്കുന്നുണ്ട്!




 



Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - സി. ദാവൂദ്

മീഡിയവൺ മാനേജിങ് എഡിറ്റർ

Similar News