ഇന്ത്യൻ തൊഴിലാളി മുന്നേറ്റത്തിലെ വിപ്ലവം : ഇൻഡിപെൻഡൻ്റ് ലേബർ പാർട്ടിയുടെ 90 വർഷങ്ങൾ

വർഗ്ഗസമരത്തിനൊപ്പം ജാതിവിരുദ്ധ പോരാട്ടവും ചേർത്തുവെച്ച ബാബാസാഹെബ് ഡോ. ബി.ആർ. അംബേദ്കറുടെ വിപ്ലവകരമായ രാഷ്ട്രീയ പരീക്ഷണമായിരുന്നു ഇൻഡിപെൻഡന്റ് ലേബർ പാർട്ടി (ILP). തൊഴിലാളി-കർഷക മുന്നേറ്റങ്ങൾക്കും സാമൂഹിക നീതിക്കും പുതിയ ദിശാബോധം നൽകിയ ആ രാഷ്ട്രീയ പ്രസ്ഥാനത്തിന് 90 വയസ്സ് തികയുമ്പോൾ, ചരിത്രവും പ്രസക്തിയും വായിക്കാം.

Update: 2026-08-16 08:21 GMT

ആധുനിക ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലും സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളിലും ഒരിക്കലും മായ്ക്കാനാവാത്ത വിപ്ലവത്തിന്റെ ചരിത്രം രചിച്ച രാഷ്ട്രീയ പ്രസ്ഥാനമാണ് 1936 ആഗസ്റ്റ് 15-ന് ഡോ. ബി.ആർ. അംബേദ്കർ രൂപീകരിച്ച ഇൻഡിപെൻഡന്റ് ലേബർ പാർട്ടി (Independent Labour Party - ILP). മർദ്ദിത ജനതയുടെ വിമോചകനും ഇന്ത്യൻ ഭരണഘടനാ ശില്പിയുമായ ബാബാസാഹെബ് ഡോ. ബി.ആർ. അംബേദ്കറുടെ ദീർഘവീക്ഷണത്തിൽ പിറവിയെടുത്ത ഈ രാഷ്ട്രീയ പ്രസ്ഥാനത്തിന് 2026 ആഗസ്റ്റ് 15-ന് 90 വയസ്സ് തികയുകയാണ്.

കേവലം ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനപ്പുറം, ഇന്ത്യയിലെ തൊഴിലാളിവർഗ്ഗത്തിന്റെയും പാർശ്വവൽക്കരിക്കപ്പെട്ട ദലിത്-പിന്നോക്ക വിഭാഗങ്ങളുടെയും കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും അവകാശപ്പോരാട്ടങ്ങളെ രാജ്യത്തിന്റെ സവിശേഷമായ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തിൽ സമന്വയിപ്പിച്ച വിപ്ലവാത്മകമായ ഒരു പരീക്ഷണമായിരുന്നു ഐ.എൽ.പി. ഇന്ത്യൻ തൊഴിലാളി സമൂഹത്തെയും കർഷകരെയും ഒരുമിച്ച് അണിനിരത്തുകയും വർഗ്ഗസമരം എന്ന ആശയത്തോടൊപ്പം ജാതിനിർമ്മാർജ്ജനത്തെക്കൂടി രാഷ്ട്രീയ അജണ്ടയായി വിളക്കിച്ചേർക്കുകയും ചെയ്തു എന്നതാണ് ഐ.എൽ.പി.യുടെ പ്രസക്തി. ജാതിയെ രാഷ്ട്രീയമായി അഭിസംബോധന ചെയ്യാൻ കോൺഗ്രസ്സും കമ്യൂണിസ്റ്റ് പാർട്ടികളും വിമുഖത കാട്ടിയിരുന്ന കാലഘട്ടത്തിലാണ് ഡോ. അംബേദ്കർ തൊഴിലാളികളുടെയും കർഷകരുടെയും ക്ഷേമത്തിനൊപ്പം ജാതി ഉന്മൂലനവും ലക്ഷ്യമാക്കി ഐ.എൽ.പി.ക്ക് രൂപം നൽകുന്നത്. 1937-ലെ പ്രവിശ്യാ തെരഞ്ഞെടുപ്പിൽ വൻപിച്ച വിജയം നേടിയ ഐ.എൽ.പി.യുടെ സാമൂഹിക-രാഷ്ട്രീയ വീക്ഷണങ്ങൾ പിൽക്കാലത്ത് ഇന്ത്യയിൽ പിറവികൊണ്ട ദലിത്-ബഹുജൻ മുന്നേറ്റങ്ങളിൽ ചെലുത്തിയ സ്വാധീനം സുപ്രധാനമായിരുന്നു.

Advertising
Advertising

ചരിത്രപ്രസിദ്ധമായ 1930-കളിലെ വട്ടമേശ സമ്മേളനങ്ങളുടെ പശ്ചാത്തലത്തിൽ 1935-ൽ നിലവിൽ വന്ന ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം 1937-ൽ പ്രവിശ്യാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടാനുള്ള സാഹചര്യം മുന്നിൽ കണ്ടാണ് 1936 ആഗസ്റ്റ് 15-ന് ഡോ. അംബേദ്കർ ഇൻഡിപെൻഡന്റ് ലേബർ പാർട്ടി പ്രഖ്യാപിക്കുന്നത്. ഫാക്ടറി തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും പിന്നോക്ക വിഭാഗങ്ങളും ഉൾപ്പെടെ സമൂഹത്തിലെ എല്ലാ പാർശ്വവൽക്കൃത ജനവിഭാഗങ്ങൾക്കും സാമൂഹികനീതിയും ക്ഷേമവും വികസനവും ഉറപ്പുവരുത്തുകയായിരുന്നു പാർട്ടിയുടെ പ്രഖ്യാപിത ലക്ഷ്യം. അന്നത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജമീന്ദാർമാരുടെയും സവർണ-സമ്പന്ന മുതലാളിമാരുടെയും താല്പര്യങ്ങൾക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും, ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ജാതി എന്ന ഇന്ത്യൻ സാമൂഹിക യാഥാർത്ഥ്യത്തെ അവഗണിച്ച് സാമ്പത്തിക ഘടകങ്ങൾക്ക് മാത്രം ഊന്നൽ നൽകുന്നുവെന്നുമുള്ള തിരിച്ചറിവാണ് പുതിയൊരു പാർട്ടിയുടെ രൂപീകരണത്തിലേക്ക് ഡോ. അംബേദ്കറെ നയിച്ചത്.

ശ്രേണീകൃത അസമത്വത്തെ നീതീകരിക്കുന്ന ജാതിവ്യവസ്ഥ നിലനിൽക്കുന്ന ഇന്ത്യയിൽ വർഗ്ഗസമരത്തിനൊപ്പം ജാതിവിരുദ്ധ സമരവും നടക്കേണ്ടതുണ്ടെന്ന ഡോ. അംബേദ്കറുടെ നിരീക്ഷണം ഇന്നും പ്രസക്തമാണ്. ജാതി എന്നത് കേവലം തൊഴിൽ വിഭജനമല്ലെന്നും മറിച്ച് തൊഴിലാളികളുടെ വിഭജനമാണെന്നും, ജാതി വ്യവസ്ഥയെ ഉന്മൂലനം ചെയ്യാതെ തൊഴിലാളികളെ ഐക്യപ്പെടുത്തി വർഗ്ഗസമരം യാഥാർത്ഥ്യമാക്കാൻ കഴിയില്ലെന്നും അദ്ദേഹം അടിവരയിട്ടു.

ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം താല്പര്യങ്ങൾ സംരക്ഷിക്കുന്ന സംഘടനയായിരുന്നില്ല ഐ.എൽ.പി; പ്രത്യുത കർഷകർ, കർഷകത്തൊഴിലാളികൾ, വ്യവസായത്തൊഴിലാളികൾ, ദലിത്-പിന്നോക്ക വിഭാഗങ്ങൾ തുടങ്ങിയ എല്ലാ പാർശ്വവൽക്കൃതരുടെയും ഒരു ഏകീകൃത മുന്നണിയാണ് ഇതിലൂടെ അദ്ദേഹം ലക്ഷ്യമിട്ടത്. പാർട്ടിയുടെ രൂപീകരണ ഘട്ടം മുതൽ തന്നെ എല്ലാ വിഭാഗങ്ങൾക്കും തുല്യ പരിഗണനയോടെ അംഗത്വം നൽകിയിരുന്നു. കോൺഗ്രസ്സിനും സോഷ്യലിസ്റ്റ്-കമ്യൂണിസ്റ്റ് രാഷ്ട്രീയ ചേരികൾക്കും ബദലായി രൂപംകൊണ്ട ഐ.എൽ.പി., കർഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ നേടിയെടുക്കാനും സംരക്ഷിക്കാനും വ്യത്യസ്തമായ നിരവധി പരിപാടികൾ ആവിഷ്കരിച്ചു.

ആദ്യം മുതൽ സമഗ്രമായ ഭൂപരിഷ്കരണത്തിനുവേണ്ടി വാദിച്ച പാർട്ടി വൻകിട ജമീന്ദാരി സമ്പ്രദായം, ഖോത്തി സമ്പ്രദായം, മഹർ വത്താൻ (വതൻ) സമ്പ്രദായം എന്നിവ അവസാനിപ്പിക്കണമെന്നും കർഷകർക്ക് ഭൂമിയുടെ മേൽ ഉടമസ്ഥാവകാശം നൽകണമെന്നും ആവശ്യപ്പെട്ടു. എട്ട് മണിക്കൂർ ജോലി സമയം, കുറഞ്ഞ വേതനം, തൊഴിൽ സുരക്ഷ, ബോണസ് എന്നിവ നിയമവിധേയമാക്കുക എന്നതും പാർട്ടിയുടെ ലക്ഷ്യങ്ങളായിരുന്നു. ജാതി അടിസ്ഥാനമാക്കിയുള്ള ചൂഷണങ്ങളും വിവേചനങ്ങളും അവസാനിപ്പിക്കുക, ദരിദ്രരായ കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നിവയും അടിസ്ഥാന നയങ്ങളായിരുന്നു. ഡോ. അംബേദ്കർക്ക് പുറമേ മദ്രാസ് പ്രവിശ്യയിൽ നിന്നുള്ള മുതിർന്ന ദലിത് നേതാവായ റാവു ബഹാദൂർ എൻ. ശിവരാജ്, മഹാരാഷ്ട്രയിലെ സാമൂഹിക പരിഷ്കർത്താവായ റാവു ബഹാദൂർ എസ്.കെ. ബോലെ, ദാദാസാഹെബ് ഗെയ്ക്‌വാദ്, ഡി.ജി. ജാദവ്, പി.ടി. ബോറെലെ എന്നിവരായിരുന്നു പാർട്ടിയുടെ പ്രമുഖ നേതാക്കൾ.

1937-ലെ ബോംബെ ലെജിസ്ലേറ്റീവ് അസംബ്ലി തെരഞ്ഞെടുപ്പിൽ ഐ.എൽ.പി. കൈവരിച്ച വിജയം ദേശീയ പ്രസ്ഥാനമായ കോൺഗ്രസ്സിനെപ്പോലും ഞെട്ടിക്കുന്നതായിരുന്നു. ബോംബെ പ്രവിശ്യാ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിച്ച 17 സീറ്റുകളിൽ 15 എണ്ണത്തിലും മികച്ച വിജയം നേടി. ഇതിൽ ജനറൽ സീറ്റുകളും പട്ടികജാതി സംവരണ സീറ്റുകളും ഉൾപ്പെട്ടിരുന്നു. ഡോ. അംബേദ്കറുടെ രാഷ്ട്രീയ തന്ത്രങ്ങളുടെയും ജനസമ്മതിയുടെയും തെളിവായിരുന്നു ഈ ചരിത്രവിജയം.

തെരഞ്ഞെടുപ്പിൽ വിജയിച്ച് നിയമസഭയിലെത്തിയ ഡോ. അംബേദ്കർ തൊഴിലാളികളുടെയും കർഷകരുടെയും ശബ്ദമായി നടത്തിയ ഇടപെടലുകൾ നിർണ്ണായകമായിരുന്നു. കൊങ്കൺ മേഖലയിലെ കർഷകരെ ചൂഷണം ചെയ്തിരുന്ന 'ഖോത്തി' സമ്പ്രദായം അവസാനിപ്പിക്കാൻ അദ്ദേഹം നിയമസഭയിൽ അവതരിപ്പിച്ച ബിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുകയും പിന്നീട് ആ ചൂഷണ സമ്പ്രദായം നിരോധിക്കപ്പെടുകയും ചെയ്തു. മഹറുകളെക്കൊണ്ട് വേതനമില്ലാതെ അടിമപ്പണി ചെയ്യിച്ചിരുന്ന 'മഹർ വത്താൻ' സമ്പ്രദായത്തിനെതിരെയും അദ്ദേഹം ശക്തമായി പോരാടി. തൊഴിലാളികളുടെ പണിമുടക്കാനുള്ള അവകാശത്തെ നിഷേധിച്ചുകൊണ്ട് അന്നത്തെ ഭരണകൂടം കൊണ്ടുവന്ന 'ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ബില്ലി'നെതിരെ നിയമസഭയിലും തെരുവിലും ശക്തമായ പ്രതിഷേധം നയിച്ചതും ഇൻഡിപെൻഡന്റ് ലേബർ പാർട്ടിയായിരുന്നു.

ഇൻഡിപെൻഡന്റ് ലേബർ പാർട്ടി പിൽക്കാലത്ത് 1942-ൽ ഷെഡ്യൂൾഡ് കാസ്റ്റ്സ് ഫെഡറേഷനായും (SCF), തുടർന്ന് 1957-ൽ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയായും (RPI) പരിണമിച്ചെങ്കിലും ഐ.എൽ.പി. മുന്നോട്ടുവെച്ച ഭൂപരിഷ്കരണം, തൊഴിലാളി അവകാശ സംരക്ഷണം, പ്രാതിനിധ്യ ജനാധിപത്യം, സാമൂഹിക-സാമ്പത്തിക നീതി, സ്റ്റേറ്റ് സോഷ്യലിസം തുടങ്ങിയ ആശയങ്ങൾക്ക് വർത്തമാനകാല ഇന്ത്യയിൽ വലിയ പ്രസക്തിയുണ്ട്.

Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - ആര്‍. അനിരുദ്ധന്‍

Writer

Similar News