ദ യമാൽ എഫക്റ്റ്

ലാമിൻ യമാൽ എന്നത് മനുഷ്യ ചോദനയെ പ്രചോദിപ്പിക്കുന്ന ഏറ്റവും പ്രവേഗ ശക്തിയുളള പേരാണിന്ന്. 2007 ജൂലൈ 13ന് ബാഴ്‌സലോണക്കടുത്ത ഒരു ദരിദ്ര ചേരിയിൽ, മൊറോക്കോയിൽ നിന്ന് കുടിയേറിയ അച്ഛന്റെയും എക്വറ്റോറിയൽ ഗിനിയയിൽ നിന്ന് കുടിയേറിയ അമ്മയുടെയും മകനായി ജനിച്ച യമാൽ എന്ന 19കാരൻ എങ്ങനെയാണ് ലോകത്തിന്റെ വിസ്മയമായതെന്ന് കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടു. യമാലിന്റെ നേട്ടങ്ങളെ കുറിച്ചോ പുൽത്തകിടിൽ അവൻ തീർക്കുന്ന വിസ്മയങ്ങളെ കുറിച്ചോ വിശദീകരിക്കാനല്ല ഇവിടെ ഉദ്ദേശിക്കുന്നത്

Update: 2026-07-26 05:45 GMT

ലാമിൻ യമാൽ എന്നത് മനുഷ്യ ചോദനയെ പ്രചോദിപ്പിക്കുന്ന ഏറ്റവും പ്രവേഗ ശക്തിയുളള പേരാണിന്ന്. 2007 ജൂലൈ 13ന് ബാഴ്‌സലോണക്കടുത്ത ഒരു ദരിദ്ര ചേരിയിൽ, മൊറോക്കോയിൽ നിന്ന് കുടിയേറിയ അച്ഛന്റെയും എക്വറ്റോറിയൽ ഗിനിയയിൽ നിന്ന് കുടിയേറിയ അമ്മയുടെയും മകനായി ജനിച്ച യമാൽ എന്ന 19കാരൻ എങ്ങനെയാണ് ലോകത്തിന്റെ വിസ്മയമായതെന്ന് കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടു. യമാലിന്റെ നേട്ടങ്ങളെ കുറിച്ചോ പുൽത്തകിടിൽ അവൻ തീർക്കുന്ന വിസ്മയങ്ങളെ കുറിച്ചോ വിശദീകരിക്കാനല്ല ഇവിടെ ഉദ്ദേശിക്കുന്നത്. യമാൽ എല്ലാ നിലക്കും ഇന്ന് ആഘോഷിക്കപ്പെടുന്നുണ്ട്. അവൻ അത് അർഹിക്കുന്നുമുണ്ട്. അവന്റെ പേരിന്റെ കൂടെ ചേർക്കാൻ ഒത്തിരി വിശേഷങ്ങളുണ്ട്. ഫുട്‌ബോൾ ചരിത്രത്തിൽ തന്നെ യുവേഫ ഫൈനലിലും ഫിഫ വേൾഡ് കപ്പ് ഫൈനലിലും പങ്കെടുത്ത ഏക കൗമാരക്കാരൻ എന്നതാണ് ഏറ്റവും ഒടുവിൽ അവൻ എടുത്തണിഞ്ഞ പട്ടം. യമാലിലെ പ്രതിഭ വലിയൊരു പ്രതിഭാസമായി മാറിക്കൊണ്ടിരിക്കുന്നതിന് സാക്ഷ്യം വഹിക്കുകയാണ് നമ്മൾ.

Advertising
Advertising

ലാമിൻ യമാലിനെ നമ്മളിങ്ങനെ സന്തോപൂർവം ആഘോഷിക്കുമ്പോൾ അത്ര സന്തോഷകരമല്ലാത്ത ഒരു കണക്ക് പറയാം. സ്‌പോർട്‌സിലെ വംശീയ വിവേചനത്തെ കുറിച്ച് പഠിക്കുന്ന സംഘടനയാണ് Spanish Observatory on Racism and Xenophobia (OBERAXE). കഴിഞ്ഞ ലാലിഗ സീസണിലെ വംശീയതയെ അവർ ട്രാക്ക് ചെയ്ത് രേഖപ്പെടുത്തിയിട്ടുണ്ട്. Monitor for the Observation of Hate in Sports (MOOD) എന്ന ലാലിഗയുടെ AI ടൂൾ ഉപയോഗിച്ചാണ് അവർ ഈ പഠനം നടത്തിയത്. കഴിഞ്ഞ സീസണിൽ 33,438 വംശീയ അതിക്രമങ്ങൾ ഓൺലൈനിൽ നടന്നതായാണ് അവർ രേഖപ്പടുത്തിയത്. ഇതിന്റെ 60 ശതമാനവും ലാമിൻ യമാലിനെതിരായിരുന്നു. വിനിഷിയസിനെതിരെ വംശീയ പരാമർശങ്ങൾ 29 ശതമാനം. കിലിയൻ എംബാപ്പെ, അലെയാന്ദ്രൊ ബാൽദേ, ബ്രാഹിം ദിയാസ് എന്നിവർ ശേഷം വരുന്നു.

ഒബാറാക്‌സ് ഡിജിറ്റൽ സ്‌പേസിലെ വംശീയ അതിക്രമങ്ങളാണ് ഡോക്യുമെന്റ് ചെയ്തത്. എന്നാൽ ലാമിൻ പല വട്ടം ഓഫ്‌ലൈനിൽ, അഥവാ സ്റ്റേഡിയത്തിൽ നിന്ന് നേരിട്ട് വംശീയ മുദ്രയുള്ള പരിഹാസങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. കറുത്തവൻ, കുടിയേറ്റക്കാരൻ, മുസ്‌ലിം.. വംശീയ അതിക്രമങ്ങൾക്ക് വിധേയനാവാനുള്ള ഘടകങ്ങളെല്ലാം അവനിൽ ഒത്തു ചേർന്നിട്ടുണ്ട്. യൂറോപ്യൻ ആധുനികതയുടെ പുരോഗമന കുപ്പായത്തിനുള്ളിൽ ഒളിപ്പിച്ചു വെച്ച വംശീയ ഡംഭ് യമാലിനെ കാണുമ്പോൾ അറിയാതെ പുറത്തു ചാടും.

പക്ഷേ ഇത് ലാമിൻ യമാലിന്റെ മാത്രം കഥയല്ല. സിനദിൻ സിദാൻ, ലിലിയൻ തുറാം, വിനിഷിയസ് ജൂനിയർ, നെയ്മർ, അന്റോണിയോ റുഡിഗർ, റഹീം സ്‌റ്റെർലിംഗ്, കരീം ബെൻസേമ, കിലിയൻ എംബാപ്പെ, മെസുദ് ഓസിൽ വംശീയതയുടെ കയ്പനുഭവങ്ങളിൂടെ കടന്നു പോകേണ്ടി വന്ന ഇതിഹാസ താരങ്ങളുടെ പട്ടിക നീണ്ടതാണ്. ഇക്കഴിഞ്ഞ ഫിഫ വേൾഡ് കപ്പിൽ ഫ്രാൻസും പരാഗ്വേയും തമ്മിലുള്ള മത്സര ശേഷം പരാഗ്വയിലെ പാർലമെന്റ് അംഗമായ സെലസ്റ്റ അമരില നടത്തിയ പരസ്യ പ്രതികരണങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. എഴുതാനറിയാത്തവൻ, ഫ്രഞ്ചുകാരനായി നടിക്കുന്ന കാമറൂണിയൻ, പരുക്കൻ, വൃത്തികെട്ടവൻ എന്നിങ്ങനെ പോയി അവരുടെ പരസ്യ അധിക്ഷേപങ്ങൾ. മത്സര ശേഷം പരാഗ്വൻ കളിക്കാർ അവന്റെ മുഖത്തടിക്കണമായിരുന്നു എന്ന ആഗ്രഹവും പങ്കുവെച്ചു അവർ. ഫ്രഞ്ച് ദേശീയ ടീമിലെ മിന്നും താരമായിരുന്ന ലിലിയൻ തുറാം റിട്ടയർമെന്റിന് ശേഷം സ്വന്തമായി ഒരു ഫൗണ്ടേഷൻ തുടങ്ങി. അതിന്റെ പേര് തന്നെ ലിലിയൻ തുറാം ഫൗണ്ടേഷൻ എജുക്കേഷൻ എഗൻസ്റ്റ് റേസിസം എന്നാണ്. ഫൗണ്ടേഷന്റെ ടാഗ് ലൈൻ ശ്രദ്ധേയമാണ്- One is not born racist. One becomes racist. ജന്മനാ വംശീയ വെറിയന്മാരല്ല ആരും. ആളുകൾ അങ്ങനെയായി മാറുന്നതാണ്‌ അതിനാൽ വംശീയതക്കെതിരെ പുതിയ തലമുറയെ ബോധവാന്മാരാക്കാനുള്ള പദ്ധതികളുമായി പ്രവർത്തിക്കുകയാണ് ലിലിയൻ തുറാം. അറബ്, മുസ്‌ലിം പശ്ചാത്തലമുള്ളവർ പിച്ചിൽ എത്ര മികച്ച പ്രകടനം കാഴ്ചവെച്ചാലും ചെറിയ വീഴ്ചകളുടെ പേരിൽ വംശീയമായ അതിക്രമങ്ങൾക്ക് വിധേയമാവും. ഫ്രഞ്ച് താരം കരീം ബെൻസേമ 2011ൽ ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയാണ്: Basically, If I score I am French. but if I don't I am Arab. നിങ്ങളുടെ ടീമിന് വേണ്ടി നിങ്ങളെത്ര സംഭാവന ചെയ്തിട്ടും കാര്യമില്ല, നിങ്ങളുടെ ഒരു ഷോട്ട് മിസ് ആയാൽ നിങ്ങളിലെ അറബിയും മുസ്‌ലിമും കറുത്തവനും എല്ലാം വിചാരണ ചെയ്യപ്പെടുന്ന അവസ്ഥയാണ് കരീം ബെൻസേമ വരച്ചു കാട്ടിയത്. പ്രസിദ്ധ ജർമൻ മിഡ്ഫീൽഡർ മെസുദ് ഓസിൽ 2018ൽ സമാനമായ മറ്റൊരു പ്രസ്താവന നടത്തുന്നുണ്ട്. I am a German when we win. But I am an immigrant when we lose എന്നായിരുന്നു ഓസിൽ പറഞ്ഞത്. ഓസിൽ പിന്നീട് ആ രാജ്യം തന്നെ വിട്ടുപോയി എന്നത് അതിന്റെ ശേഷപത്രം. 2025ൽ റൂട്‌ലെഡ്ജ് പ്രസിദ്ധീകരിച്ച യുഡോ മെർകലിന്റെ പുസ്തകമാണ് Racism, Xenophobia, Antiseitism and Islamophobia in European Footbal. യൂറോപ്പ്യൻ കളിമൈതാനങ്ങൾ എന്തുമാത്രം മുൻവിധികളാൽ നിറഞ്ഞതാണെന്ന് ഈ പഠനം നമ്മെ ബോധ്യപ്പെടുത്തും

വംശീയ അധിക്ഷേപങ്ങളുടെയും വിവേചനത്തിന്റെയും ഈ കയ്പനുഭവങ്ങൾ യൂറോപ്യൻ ഫുട്‌ബോളിൽ നിന്ന് മാറി നിൽക്കാനല്ല മറിച്ച് കൂടുതൽ കുരത്തോടെ മുന്നോട്ട് കുതിക്കാനാണ് പുതിയ തലമുറ കളിക്കാരെ പ്രചോദിപ്പിച്ചത്. ലാമിൻ യമാൽ അതിന്റെ ഏറ്റവും തിളങ്ങുന്ന ഉദാഹരണമാണ്. കുടിയേറ്റക്കാരൻ, മുസ്‌ലിം, കറുത്തവൻ എന്നെല്ലാമുള്ള നിലയിലാണ് ലാമിൻ ആക്രമിക്കപ്പെടുന്നതെങ്കിൽ ആ സ്വത്വങ്ങളെയെല്ലാം കൂടുതൽ തിളക്കത്തിൽ പ്രകാശിപ്പിച്ചു കൊണ്ടിരിക്കുകയാണ് അവൻ. തന്റെ ഇസ്‌ലാമിക വിശ്വാസവും മത സ്വത്വവും അവൻ എവിടെയും മറച്ചുവെക്കുന്നില്ല. ഗ്രൗണ്ടിലും ഗ്രൗണ്ടിന് പുറത്തും അവൻ അത് ഉള്ളുറപ്പോടെ എപ്പോഴും രേഖപ്പെടുത്തും. രാഷ്ട്രീയ നിലപാടുകളുടെ കാര്യത്തിലും ലാമിൻ യമാലിന് അമ്മായിക്കളിയില്ല. പറയേണ്ടത് അവൻ പറഞ്ഞു പോകും. ബാഴ്‌സലോണ വിജയത്തിന് ശേഷമുള്ള വിജയയാത്രയിൽ ഫലസ്തീൻ പതാക ഉയർത്തിപ്പിടിച്ചു നിൽക്കുന്ന ലാമിന്റെ ഒരൊറ്റ ദൃശ്യം മതി എന്തുമാത്രം നിലപാടുകളിലെ ദാർഢ്യവും നിലപാടുകളിലെ കൃത്യതയുമുണ്ട്‌ അവന് എന്ന് തിരിച്ചറിയാൻ.

നാഷനൽ സ്‌ക്വാഡിലാണെങ്കിലും ക്ലബ് മത്സരങ്ങളിലാണെങ്കിലും ഇത്തരം മനുഷ്യരുടെ സാന്നിധ്യം ഇന്ന് മുമ്പത്തെക്കാൾ വർധിച്ചു വരികയാണ്. അതായത്, വംശീയ മുൻവിധികളും അവഹേളനങ്ങളുമേറ്റ് തളർന്നു പോവുകയല്ല, കുതിച്ചു മുന്നേറുകയാണ് കുടിയേറ്റക്കാരുടെ പുതിയ തലമുറ. 1980കളിലെയും 90കളിലെയും യൂറോപ്യൻ ടീമുകളിലെ പ്രാതിനിധ്യ ഘടനയും ഇപ്പോഴത്തെ ഘടനയും തമ്മിൽ താരതമ്യം ചെയ്തു നോക്കിയാൽ ഈ വ്യത്യാസം നമുക്ക് ബോധ്യപ്പെടും. നിശബ്ദരായ ഓന്നോ രണ്ടോ കുടിയേറ്റ കളിക്കാരെയാണ് അന്ന് നിങ്ങൾക്ക് കാണാൻ സാധിച്ചിരുന്നതെങ്കിൽ ഇന്ന് അവർ എണ്ണത്തിലേറെയുണ്ട്. ഫ്രഞ്ച് ടീമിൽ അവരാണിന്ന് ഭൂരിപക്ഷം. താരനിരയിലെ എണ്ണം പറഞ്ഞവർ കുടിയേറ്റക്കാരായ കറുത്തനിറക്കാരാണ്‌. കളിക്കളത്തിലെയും പുറത്തെയും അവരുടെ സാന്നിധ്യം സൃഷ്ടിക്കുന്ന സാംസ്‌കാരിക മാറ്റങ്ങളെ കുറിച്ച പഠനങ്ങൾ ഇന്നേറെ ലഭ്യമാണ്.

യൂറോപ്പിലെ ഫുട്‌ബോൾ ഗ്രൗണ്ടുകൾ ഒരു പോസ്റ്റ് കൊളോണിയൽ കോൺടാക്റ്റ് സോൺ ആയി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നതാണ് വാസ്തവം. കൊളോണിയലിസം ചവച്ചു തുപ്പിയ നാടുകളിലെ മനുഷ്യരുടെ പിന്മുറക്കാർ നടത്തുന്ന നാഗരികമായ തിരിച്ചടിയുടെ അടയാളമായി ഇതിനെ കാണാൻ കഴിയും. തങ്ങളെ അടിമകളാക്കി ചവച്ചരച്ച ഒരു മേധാ ശക്തിയോട് കോളനി ജനത നടത്തുന്ന ഭാവാത്മകമായ പ്രതികരണമായി ഇതിനെ കാണാവുന്നതാണ്. സിനദിൻ സിദാൻ മുതൽ ലാമീൻ യമാൽ വരെയുള്ള വംശീയ വെറിയുടെ ഇരകളായി എന്നത് വസ്തുതയായിരിക്കെ തന്നെ ഇതിന് ഒരു മറുവശവുമുണ്ട്. ഇത്തരം കളിക്കാരുടെ സാന്നിധ്യവും പെർഫോമൻസും യൂറോപ്യൻ വർണ ഡംഭിനെ നനുത്ത സ്പർശമായി വന്ന് അലിയിച്ച് ഇല്ലാതാക്കുന്നത് എന്നതാണത്. അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂനിവേഴ്‌സിറ്റിക്ക് കീഴിലെ ഇമിഗ്രേഷൻ പോളിസി ലാബ് 2021ൽ പുറത്തിറക്കിയ ഒരു ഗവേഷണ പഠനമുണ്ട്. ദ സലാഹ് ഇഫക്റ്റ് എന്നാണ് അവർ ആ പഠന പദ്ധതിക്ക് പേർ നൽകിയത്. ഈജിപ്ഷ്യൻ താരമായ മുഹമ്മദ് സലാഹിന്റെ ലിവർപൂൾ എഫ്.സി യിലെ സാന്നിധ്യം ഇസ്ലാമോഫോബിയയെും ഹേറ്റ് ക്രൈമിനെയും കുറക്കുന്നതിൽ വഹിച്ച പങ്ക് അന്വേഷിക്കുന്നതാണ് ആ പഠനം. ബ്രിട്ടനിലെ ഫുട്‌ബോൾ ആരാധകരുടെ 15 മില്യൻ ട്വിറ്റർ പോസ്റ്റുകളെ പഠന വിധേയമാക്കുന്ന പ്രൊജക്റ്റ് ആയിരുന്നു അത്. സലാഹിന്റെ ലിവർപൂളിലെ വരവിന് ശേഷം മുസ്‌ലിം വിരുദ്ധ ട്വീറ്റുകളുടെ എണ്ണം 7.2 ശതമാനത്തിൽ നിന്ന് 3.4 ശതമാനമായി കുറഞ്ഞുവെന്നാണ് അവരുടെ കണ്ടെത്തൽ. തങ്ങൾ ഇതുവരെ അറപ്പോടെ കണ്ടിരുന്ന ഒരു കൂട്ടരെ ചേർത്ത് പിടിക്കുന്നതിലേക്ക് സലാഹ് തങ്ങളെ എത്തിച്ചുവെന്ന് ആ പഠന പ്രൊജക്റ്റിന്റെ ഭാഗമായ ലിവർപൂൾ ആരാധകരിൽ പലരും പറയുകയുണ്ടായി.

ബ്ലാക് ബ്ലാൻക് ബ്യൂർ എന്നത് ഫ്രഞ്ച് സാസ്‌കാരിക ലോകത്ത് ആഘോഷിക്കപ്പെട്ട മുദ്രാവാക്യമാണ്. ബ്ലാൻക് എന്നാൽ വെളുത്തവൻ. ഉത്തരാഫ്രിക്കയിലെ അറബികളെ കുറിക്കാൻ ഫ്രഞ്ചുകാർ ഉപയോഗിക്കുന്ന പ്രയോഗമാണ് ബ്യൂർ. കറുത്തവനും വെളുത്തവനും അറബിയും ചേർന്നൊരു ഫ്രാൻസ് എന്ന ആശയമാണ് അത് മുന്നോട്ട് വെച്ചത്. ഫ്രാൻസിന്റെ 1998ലെ വേൾഡ് കപ്പ് വിജയത്തെ തുടർന്നാണ് ഈ മുദ്രാവാക്യം ഫ്രഞ്ച് പൊതുവിടത്തിൽ വ്യാപകമാകുന്നത്. ഒരു ഭാഗത്ത് ഫ്രഞ്ച് തീവ്ര വലതുപക്ഷം തിടം വെച്ച് ശക്തിപ്പെട്ടു കൊണ്ടിരിക്കെ തന്നെയാണ് ബ്ലാക് ബ്ലാൻക് ബ്യൂർ ഫ്രാൻസിന്റെ അന്തരീക്ഷത്തിൽ ചലനം സൃഷ്ടിച്ചു തുടങ്ങിയത്. മാർസൽ ദസ്സാഈ, പാട്രിക് വിയേറ, സിനദിൻ സിദാൻ, തിയറി ഹെന്റി, ലിലിയൻ തുറാം എന്നിങ്ങനെ കുടിയേറ്റക്കാരും കറുത്തവരും മുസ്‌ലിംകളും അടങ്ങുന്ന കിടിലൻ കളിക്കാരുടെ പടയായിരുന്നു അന്ന് ഫ്രാൻസിന് കപ്പ് നേടിക്കൊടുത്തത്. ബ്ലാക് ബ്ലാൻക് ബ്യൂർ എന്ന മുദ്രാവാക്യം ആ രാജ്യത്തിന്റെ അന്തരീക്ഷത്തിൽ ഉച്ചത്തിൽ മുഴങ്ങി.

ഊദോ മെർകലിന്റെ പുസ്തകത്തിൽ സ്ഥാപിക്കുന്നത് പോലെ വെറുപ്പും മുൻവിധികളും കൊണ്ട് നിറഞ്ഞതാണെങ്കിലും അതിനെയെല്ലാം മറികടന്ന് കാൽപന്ത് ഉരുണ്ട് പോയ്‌ക്കൊണ്ടേയിരിക്കുകയാണ്. ലാമിൻ യമാലിനെയും മുഹമ്മദ് സലാഹിനെയും കിലിയൻ എംബാപ്പെയും അവരുടെ കളിമികവിന്റെ പേരിൽ സ്‌നേഹിക്കുന്ന തലമുറ വളർന്നു വരികയാണ്. സിനദിൻ സിദാൻ മുതൽ ലാമിൻ യമാൽ വരെയുള്ള പ്രതിഭകളുടെ നിര ഫുട്‌ബോൾ മൈതാനത്ത് മാസ്മരികത സൃഷ്ടിച്ചവരാണ്. അതിലപ്പുറം അവർ വലിയ ചെയ്ഞ്ച് ഏജന്റുമാരായിരുന്നു എന്നും ഇന്ന് നമ്മൾ തിരിച്ചറിയുന്നുണ്ട്. കാനഡയിലും മെക്‌സിക്കോയിലും അമേരിക്കയിലുമായി നടന്ന ഈ ലോക കപ്പിന്റെ വേദികളിൽ ഏറ്റവും കൂടുതൽ പാറിയ പതാക, മത്സത്തിൽ പങ്കെടുക്കാത്ത ഫലസ്തീന്റേത് ആയിരുന്നു. പടിഞ്ഞാറോട്ട് പടർന്നു കയറുന്ന ഫലസ്തീൻ ലോകകപ്പ് വേദികളിലെയും സജീവ സാന്നിധ്യമായി. ലോകത്ത് മനുഷ്യർ ഏറ്റവും കൂടുതൽ പങ്കാളികളാവുന്ന സാംസ്‌കാരിക സംരംഭമാണ് ലോകകപ്പ് ഫുട്‌ബോൾ. അധീശ രാഷ്ട്രീയത്തിനെതിരായ ഇടപെടലുകളുടെ വലിയ ഇടമായി ഫുട്‌ബോളും അനുബന്ധ ചർച്ചകളും മാറിവരുന്നുവെന്നത് വലിയ പ്രതീക്ഷയാണ്. അതിൽ അസ്വസ്ഥപ്പെടുന്നവരും എമ്പാടുമുണ്ട്. അങ്ങനെ അസ്വസ്ഥരാവുന്ന മിത്രങ്ങളെ നമ്മുടെ നാട്ടിലും കാണാൻ കഴിയും. പക്ഷേ, പുൽമൈതാനങ്ങൾ പുതിയ പാതകൾ തീർത്തു കൊണ്ടേയിരിക്കുകയാണ്. ലാമിൻ യമാൽ അതിന്റെ ഇങ്ങേ അറ്റത്തുള്ള അടയാളമാണ്.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - സി. ദാവൂദ്

മീഡിയവൺ മാനേജിങ് എഡിറ്റർ

Similar News