വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മൂന്നാമത് എഡിഷന്‍ ഡിസംബറില്‍

ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും സിനിമാപ്രവര്‍ത്തകരും കലാകാരന്മാരും പങ്കെടുക്കും

Update: 2026-06-26 16:45 GMT

കല്‍പ്പറ്റ: വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ (ഡബ്ല്യുഎല്‍എഫ്) മൂന്നാമത് എഡിഷന്‍ ഡിസംബര്‍ 20 മുതല്‍ 23 വരെ മാനന്തവാടി ദ്വാരകയില്‍ നടക്കും. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും സിനിമാപ്രവര്‍ത്തകരും കലാകാരന്മാരും പങ്കെടുക്കും.

സംവാദങ്ങള്‍, സംഭാഷണങ്ങള്‍, പ്രഭാഷണങ്ങള്‍, കഥയരങ്ങ്, കവിയരങ്ങ് എന്നിവയ്ക്കൊപ്പം വിപുലമായ അന്താരാഷ്ട്ര അക്കാദമിക് കോണ്‍ഫറന്‍സും ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കും. കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതിജാഗ്രത, കര്‍ഷകരുടെയും ആദിവാസികളുടെയും ഉപജീവനാവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും.

Advertising
Advertising

കാരവന്‍ മാഗസിന്റെ മുന്‍ എഡിറ്ററും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ ഡോ. വിനോദ് കെ. ജോസാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. ചിന്തിക്കാനും സംസാരിക്കാനും കേള്‍ക്കാനും സാഹിത്യം വായിക്കാനുമായി ലോകം മുഴുവന്‍ വീണ്ടും ഒരു വയനാടന്‍ ഗ്രാമത്തിലേക്ക് വരികയാണെന്നും വയനാടിന്റെ അതിജീവനശേഷിയും ആത്മാവിഷ്‌കാരവും പ്രദര്‍ശിപ്പിക്കാനുള്ള അപൂര്‍വ അവസരം കൂടിയാണിതെന്നും ഡോ. വിനോദ് കെ. ജോസ് പറഞ്ഞു.

സാഹിത്യോത്സവത്തോടനുബന്ധിച്ച് ആര്‍ട് ആന്‍ഡ് ക്രാഫ്റ്റ് ഫെയര്‍, ഫിലിം ഫെസ്റ്റിവല്‍, പുസ്തകമേള, ഭക്ഷ്യമേള, കാര്‍ഷികവിപണി, പൈതൃകനടത്തം, ആര്‍ട് ബിനാലെ, കുട്ടികളുടെ വിനോദ-വിജ്ഞാനക്കളരി, മാസ്റ്റര്‍ ക്ലാസുകള്‍, കേരളത്തിലെ ഏറ്റവും മികച്ച കോളേജ് മാഗസിന്‍ പുരസ്‌കാരം, എന്നിവയും ഈ വര്‍ഷം സംഘടിപ്പിക്കുന്നുണ്ട്.

ഫെസ്റ്റിവല്‍ നടത്തിപ്പിനായി ജൂലൈ 11ന് വൈകീട്ട് നാല് മണിക്ക് മാനന്തവാടി ദ്വാരക കാസാ മരിയയില്‍ ഓര്‍ഗനൈസിംഗ് കമ്മറ്റി രൂപീകരണയോഗം നടക്കും. ഫെസ്റ്റിലവലിന് ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഓഫറില്‍ ഡെലിഗേറ്റ് പാസ്സ് 799 രൂപയും, പ്രതിദിന ടിക്കറ്റ് 50 രൂപയുമാണ്. വാര്‍ത്താ സമ്മേളനത്തില്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ. വിനോദ് കെ. ജോസ്, ക്യുറേറ്റര്‍മാരായ വി.എച്ച് നിഷാദ്, ലീന ഗീതാ രഘുനാഥ്, ട്രസ്റ്റി ഷില്‍സണ്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News