'രാജ്ഭവൻ മറ്റൊരു അധികാര കേന്ദ്രമാക്കാൻ പാടില്ല, സെക്രട്ടറിയേറ്റാണ് ഭരണസിരാകേന്ദ്രം'; ഗവർണർക്കെതിരെ മന്ത്രി എ.പി അനിൽകുമാർ
തീരുമാനത്തെ പിന്തുണച്ചാൽ നാളെ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നും മന്ത്രി ഓർമ്മിപ്പിച്ചു
തിരുവനന്തപുരം: പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ഗവർണർ ശിപാർശ നൽകിയ സംഭവത്തിൽ ആഞ്ഞടിച്ച് മന്ത്രി എ.പി അനിൽകുമാർ. രാജ്ഭവൻ മറ്റൊരു അധികാര കേന്ദ്രമാക്കാൻ പാടില്ലെന്നും സെക്രട്ടറിയേറ്റ് ആണ് ഭരണസിരാകേന്ദ്രമെന്നും ഗവർണർ എടുത്ത തീരുമാനത്തെ പിന്തുണച്ചാൽ നാളെ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
രാജ്ഭവൻ ഇത്തരം തീരുമാനമെടുത്താൽ പിന്നെ തിരഞ്ഞെടുത്ത സർക്കാർ എന്തിനാണെന്നും ഇത് മറ്റൊരു കീഴ് വഴക്കം സൃഷ്ടിക്കലാകുമെന്നും ഫെഡറൽ സംവിധാനത്തിന്റെ മുകളിൽ രാജ്ഭവൻ ഇടപെടുന്നത് ശരിയായ നിലപാട് അല്ലെന്നും ഗവൺമെന്റ് അറിയാതെ എടുക്കുന്ന നിലപാടിനോട് യോജിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ആർഎസ്എസ് അജണ്ടയാണ് മുഖ്യമന്ത്രി വി.ഡി സതീശൻ നടപ്പിലാക്കുന്നതെന്നും ചട്ടപ്രകാരമുള്ള നടപടിയല്ല മുൻ കേരള ഗവർണർ സ്വീകരിച്ചതെന്നും മുൻ മന്ത്രി വി. ശിവൻകുട്ടിയും പറഞ്ഞു. രാഷ്ട്രീയ വിധേയത്വമാണ് മുൻഗവര്ണർ സ്വീകരിച്ചതെന്നും ബിജെപി ആർഎസ്എസ് ബന്ധം ഗവർണറെ ആലിംഗനം ചെയ്ത് യാത്രയാക്കിയപ്പോൾ പുറത്തുവന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് കൺവീനർ പറഞ്ഞതുപോലെ യുഡിഎഫിന്റെ തീരുമാനങ്ങൾക്ക് അനുസരിച്ചുള്ള ഭരണമല്ല നടക്കുന്നതെന്നും പിഎസ്സി ചെയർമാനെതിരായ ഗവർണറുടെ നടപടി അസാധാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ നടന്ന ഒത്തുകളിയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഗവർണറുടെ ശിപാർശയ്ക്ക് പിന്നാലെ ഇന്ന് പിഎസ്സി അടിയന്തര യോഗം ചേരും. ഗവർണറുടെ നീക്കത്തിൽ സ്വീകരിക്കേണ്ട നിലപാടും ഹൈക്കോടതി നിർദേശങ്ങളും ചർച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഗവർണർ രാജേന്ദ്ര ആർലേക്കര്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ശിപാർശയെ നിയമപരമായി എങ്ങനെ നേരിടണമെന്ന് യോഗം ചർച്ച ചെയ്യും. ഇതിന് പുറമേ പരീക്ഷ തട്ടിപ്പിൽ മുതിർന്ന പിഎസ്സി അംഗങ്ങളായ ഡോ.എസ്. ശ്രീകുമാർ, എസ്.എ സെയിഫ് എന്നിവരോട് ഇന്ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്ന് എസ്ഐടി മേധാവി അജിതാ ബീഗം ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കുന്ന കാര്യത്തിലും ഇന്ന് അന്തിമ തീരുമാനമെടുക്കും.
ചെയർമാൻ എം.ആർ ബൈജുവിനെയും അംഗങ്ങളെയും പുറത്താക്കണമെന്നാണ് കത്തിലെ ആവശ്യം. പിഎസ്സി പരീക്ഷകളിലെ ക്രമക്കേടുകളെത്തുടർന്ന് ഉയർന്നുവന്ന വിവാദങ്ങളും പരാതികളും പരിഗണിച്ചാണ് ഗവർണറുടെ നീക്കം. പിഎസ്സി ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യാനുള്ള അധികാരം രാഷ്ട്രപതിക്കാണ്. അന്വേഷണ റിപ്പോർട്ടുകൾ പരിശോധിച്ച് രാഷ്ട്രപതിയായിരിക്കും അന്തിമ തീരുമാനം എടുക്കുക.
അതേസമയം, പരീക്ഷാ ക്രമക്കേടിലെ ചോദ്യം ചെയ്യലിൽ നിലപാട് മയപ്പെടുത്തിയിരിക്കുകയാണ് പിഎസ്സി അംഗങ്ങൾ. ചോദ്യം ചെയ്യലിന് പിഎസ്സി അംഗങ്ങൾ ഹാജരായേക്കും. ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആലോചന. പിഎസ്സി യോഗത്തിലാവും അന്തിമ തീരുമാനം. നിലപാട് മയപ്പെടുത്തിയത് ഹൈക്കോടതിയുടെ വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ്. കൂടുതൽ പേർക്ക് ഈ ആഴ്ച നോട്ടീസ് നൽകും.