മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്

Update: 2026-10-26 01:04 GMT

തിരുവനന്തപുരം: തുലാവർഷം കനത്തതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴ തുടരുകയാണ്. ഇതോടെ ജാഗ്രത ശക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ തുടങ്ങി എല്ലാ പഠനകേന്ദ്രങ്ങൾക്കും അവധി ബാധകമായിരിക്കും. അതേസമയം, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതു/സർവകലാശാലാ പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

Advertising
Advertising

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രമായി ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കുറഞ്ഞുനിൽക്കുന്നതിനാൽ മറ്റ് സ്കൂളുകൾക്ക് അവധി ബാധകമല്ല.

കുറഞ്ഞ സമയം കൊണ്ട് വലിയ അളവിൽ മഴ പെയ്യുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, നഗരപ്രദേശങ്ങളിലെ വെള്ളക്കെട്ട് എന്നിവയ്ക്ക് സാധ്യതയേറെയാണ്. കൂടാതെ തുടർച്ചയായ മഴ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും കാരണമായേക്കാമെന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - Web Desk

contributor

Similar News