'18 തികയാത്ത ആദിവാസി ബാലനെ രാത്രി മുഴുവൻ ലോക്കപ്പിലിട്ടത് ഗുരുതര വീഴ്ച'; കല്‍പ്പറ്റ പൊലീസിനെതിരെ കുടുംബം
ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് അമ്പലവയൽ സ്വദേശി ഗോകുലിനെ സ്റ്റേഷനിലെ ശുചിമുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്
വയനാട്: കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ ആദിവാസി ബാലൻ കസ്റ്റഡിയിലിരിക്കെ മരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം. 18 തികയാത്ത ആദിവാസി ബാലനെ രാത്രി മുഴുവൻ ലോക്കപ്പിലിട്ടത്ഗുരുതര വീഴ്ചയാണെന്നാണ് ആരോപണം. മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് അമ്പലവയൽ നെല്ലാറച്ചാൽ സ്വദേശി ഗോകുലിനെ സ്റ്റേഷനിലെ ശുചിമുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി വീട്ടു വളപ്പിൽ സംസ്കരിക്കാനുളള ഒരുക്കങ്ങൾ നടക്കുന്നതിനിടയാണ് ഗോകുലിന് 18 വയസ്സായില്ലെന്ന വിവരം പുറത്തുവന്നത്. എഫ്ഐആറിൽ ജനന വർഷം മാത്രമാണ് രേഖപ്പെടുത്തിയതെന്നും പൊലീസ് നടപടികളിലും മരണത്തിലും ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചു. പൊലീസിനെതിരെ പരാതി നൽകുമെന്നും ഉന്നതതല അന്വേഷണം വേണമെന്നും ബന്ധുക്കൾ പറഞ്ഞു
കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ച ക്രൈംബ്രാഞ്ച്, സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു. ഇക്കഴിഞ്ഞ ഇരുപത്തിയേഴാംതീയതി കാണാതായ വയനാട് സ്വദേശിയായ ആദിവാസി പെൺകുട്ടിയെ കഴിഞ്ഞദിവസം കോഴിക്കോട് നിന്ന് ഗോകുലിനൊപ്പം കണ്ടെത്തിയിരുന്നു. രാത്രി പതിനൊന്നരയോടെ ഇരുവരെയും കൽപ്പറ്റ സ്റ്റേഷനിൽ എത്തിച്ചപ്പോൾ തന്നെ കുടുംബത്തെ വിവരമറിയിച്ചിരുന്നെന്നും രാവിലെ എട്ടുമണിയോടെ ശുചിമുറിയിൽ ഗോകുൽ മരിക്കുകയായിരുന്നു എന്നുമാണ് പൊലീസ് വിശദീകരണം.