വഖഫ് ബിൽ ചർച്ചയിൽ പങ്കെടുക്കാതെ രാഹുലും പ്രിയങ്കയും; ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി വി.ഡി സതീശൻ, കേട്ടതായി ഭാവിക്കാതെ സാദിഖലി തങ്ങൾ
ഇന്നലത്തെ സംഭവത്തിന്റെ പേരിൽ മാത്രം രാഹുലിനെ അളക്കാനാവില്ലെന്നും എം.വി.ഗോവിന്ദൻ
തിരുവനന്തപുരം:ലോക്സഭയിലെ വഖഫ് ഭേദഗതി ബിൽ ചർച്ചയിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കാത്ത സംഭവത്തില്‍ വെട്ടിലായി കോണ്‍ഗ്രസും മുസ്‍ലിം ലീഗും. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ നേതാക്കൾ സംസാരിച്ചല്ലോയെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഒഴിഞ്ഞുമാറി. മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി തങ്ങൾ ചോദ്യം കേട്ടതായി ഭാവിച്ചില്ല.
അതേസമയം, മുനമ്പത്തെ പ്രശ്നം വഖഫ് ബിൽ പാസായാലും അവസാനിക്കില്ലെന്ന് വി.ഡി സതീശൻ പ്രതികരിച്ചു.ബില്ലിന് മുൻകാല പ്രാബല്യം ഇല്ലെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. സംസ്ഥാന സർക്കാർ വിചാരിച്ചാൽ 10 മിനിറ്റ് കൊണ്ട് പ്രശ്നം പരിഹരിക്കാമെന്നും വി.ഡി സതീശൻ പറഞ്ഞു.
ഊടുവഴികളിലൂടെ വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് വഖഫ് ബില്ലെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. പാലമെന്റിൽ പ്രതിപക്ഷത്തിന്റെ എതിർപ്പ് ശ്രദ്ധേയമെന്നും അദ്ദേഹം പറഞ്ഞു. മുനമ്പത്തിന്റെ പേരിൽ ന്യൂനപക്ഷ ഐക്യവും സൗഹൃദവും നഷ്ടപ്പെടാൻ പാടില്ല. വിഷയത്തിൽ സഭകളുമായി ചർച്ചയ്ക്ക് തയാറാണ്. മുനമ്പത്ത് സംസ്ഥാന സർക്കാരാണ് പരിഹാരം ഉണ്ടാക്കേണ്ടതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
അതേസമയം, വഖഫ് ബില്ലിലെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന പ്രിയങ്കയുടെയും ചർച്ചയിൽ പങ്കെടുക്കാതിരുന്ന രാഹുലിനെതിരെയും മയപ്പെട്ട നിലപാടുമായി സിപിഎം.സഭക്ക് അകത്തും പുറത്തും ശക്തമായ നിലപാട് എടുത്തയാളാണ് രാഹുലെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. ഇന്നലത്തെ സംഭവത്തിന്റെ പേരിൽ മാത്രം രാഹുലിനെ അളക്കാനാവില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. രാഹുൽ ചർച്ചയിൽ പങ്കെടുത്താത് വലിയ കാര്യമല്ലെന്നായിരുന്നു ജോൺ ബ്രിട്ടാസ് എം.പിയുടെ പ്രതികരണം.