തലനരക്കുന്നതല്ല വാർധക്യം; സിപിഎമ്മിൽ പ്രായപരിധി കർശനമാക്കുന്നതിനെതിരെ ഭിന്നാഭിപ്രായം
പിണറായിക്ക് മാത്രം ഇളവെന്ന സൂചന നിലനിൽക്കെ കേരളഘടകത്തിലും വ്യത്യസ്താഭിപ്രായം
മധുര:സിപിഎമ്മിൽ പ്രായപരിധി കർശനമായി നടപ്പാക്കുന്നതിനെതിരെ വിവിധ സംസ്ഥാന ഘടകങ്ങൾ. പാർട്ടി ഘടകത്തിൽ പ്രവർത്തിക്കാനുള്ള യോഗ്യത പ്രായം മാത്രമാകരുതെന്ന് ഗ്രൂപ്പ് ചർച്ച ചർച്ചയിൽ ആവശ്യമുയർന്നു.
രാഷ്ട്രീയ അവലോകന റിപ്പോർട്ടിലും സംഘടനാ റിപ്പോർട്ടിലുമായി എട്ടുപേർ കേരളത്തിൽ നിന്ന് ചർച്ചയിൽ പങ്കെടുക്കും. 75 വയസ്സ് പ്രായപരിധി കടന്നവരെ കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം കണ്ണൂരിൽ നടന്ന 23മത് പാർട്ടി കോൺഗ്രസാണ് എടുത്തത്.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞതവണ ജി.സുധാകരനും ഇത്തവണ പി.കെ ശ്രീമതി, എ,കെ ബാലനുമെല്ലാം സംസ്ഥാന നേതൃത്വത്തിൽ നിന്ന് പുറത്തു പോയത്. പ്രായപരിധിയുടെ പേരിൽ കേന്ദ്രകമ്മിറ്റിയിൽ നിന്ന് ഇരുപതോളം പേരാണ് ഇത്തവണ ഒഴിയാൻ പോകുന്നത്. പി ബി യിൽ നിന്ന് ഏഴുപേരും ഒഴിയും.
രാജ്യത്ത് അറിയപ്പെടുന്ന സിപിഎം നേതാക്കൾ അടക്കം പ്രായപരിധിയുടെ പേരിൽ ഇത്തവണ ഒഴിയേണ്ടി വരുന്ന സാഹചര്യത്തിലാണ് നിബന്ധനക്കെതിരെ വിവിധ പാർട്ടി സംസ്ഥാന ഘടകങ്ങൾ തന്നെ രംഗത്ത് വരുന്നത്. ഇന്നലെ നടന്ന ഗ്രൂപ്പ് ചർച്ചയിൽ പ്രായപരിധിക്കെതിരെ വിമർശനമുയർന്നു. പാർട്ടി ഘടകത്തിൽ പ്രവർത്തിക്കാനുള്ള യോഗ്യത പ്രായം മാത്രമാകരുത്. പ്രവർത്തന പരിചയവും, പ്രവർത്തന പാരമ്പര്യവും പരിഗണിക്കണമെന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നേതാക്കന്മാർ ഗ്രൂപ്പ് ചർച്ചയിൽ പറഞ്ഞു. കേരളത്തിൽ നിന്നുള്ള പ്രതിനിധികളിൽ നാലുപേരാണ് പ്രായപരിധിക്കെതിരെ രംഗത്ത് വന്നത്.