'ഇത് അഫ്ഗാനും താലിബാനും സൗദിയും ഒന്നുമല്ലല്ലോ'; ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൽ വിവാദ പ്രതികരണവുമായി ഐഎംഎ നേതാവ്
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ച കുട്ടിയുടെ പിതാവാണ് കഴിഞ്ഞ ദിവസം താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ചത്
കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭത്തിൽ വിവാദ പ്രതികരണവുമായി ഐഎംഎ ദേശീയ ആക്ഷൻ കമ്മിറ്റി കൺവീനർ ഡോ.സുൽഫി നൂഹു. ഇത് അഫ്ഗാനിസ്ഥാനും താലിബാനും സൗദി അറേബ്യയും ഒന്നുമല്ലല്ലോ, രോഗി മരിച്ചാൽ ഡോക്ടറെ തല്ലാനെന്നാണ് സുൽഫി നൂഹുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഡോക്ടറെ തല്ലുന്നത് റിസ്‌കെടുത്ത് ചികിത്സിക്കാനുള്ള മനസാന്നിധ്യവും ആത്മവിശ്വാസവും നഷ്ടപ്പെടുത്തുമെന്നും ഇത് കൂടുതൽ മരണങ്ങൾക്ക് വഴിവെക്കുമെന്നും നൂഹു പറയുന്നു. അഫ്ഗാന്റെയും സൗദിയുടേയും സംസ്‌കാരം മാറിയില്ലെങ്കിൽ, തിരിച്ചടിക്കുന്നതിൽ തെറ്റില്ലെന്ന് കരുതുന്ന യുവനിര വളർന്നുവരുന്നത് കടുത്ത അരാജകത്വം സൃഷ്ടിക്കുമെന്നും പോസ്റ്റിൽ അഭിപ്രായപ്പെടുന്നു. രോഗി മരിച്ചാൽ ഡോക്ടറെ തല്ലാം എന്ന കാടൻ നയം ഉപേക്ഷിക്കപ്പെടുക തന്നെ വേണം എന്നും ഇല്ലെങ്കിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ കാത്തിരിക്കുന്നു എന്നും നൂഹു പറയുന്നു.
നൂഹുവിന്റെ പോസ്റ്റിനെതിരെ വിമർശനവുമായി നിരവധിപേർ രംഗത്തെത്തി. അര നൂറ്റാണ്ടിലധികമായി മലയാളി ഡോക്ടർമാർ സൗദിയിൽ ജോലി ചെയ്യുന്നുണ്ട്. രോഗി മരിച്ചാൽ ഡോക്ടറെ കൊല്ലണം എന്ന നിയമമോ രോഗി മരിച്ചാൽ ഡോക്ടർ ആൾക്കൂട്ട ആക്രമണത്തിന് ഇരയാകുന്നതോ കേട്ടിട്ടില്ലെന്ന് സാമൂഹ്യപ്രവർത്തകനായ സുദേഷ് എം രഘു പറഞ്ഞു. വസ്തുത ഇതല്ലെന്ന് ചൂണ്ടിക്കാട്ടിയാൽ അവൻമാർക്ക് പൊള്ളിയത് കണ്ടില്ലേ എന്ന ചോദ്യമാണ് വരുന്നത്. അപ്പോഴും രോഗി മരിച്ചതിന് ആക്രമിക്കപ്പെട്ട സൗദിയിലെ ഡോക്ടർ ആരെന്നത് അജ്ഞാതമായി തുടരുമെന്നും സുദേഷ് എം രഘു ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
സുൽഫി നൂഹുവിന്റെ പോസ്റ്റിന്റെ കമന്റ് ബോക്‌സിലും നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. കർശന നിയമവ്യവസ്ഥ നിലനിൽക്കുന്ന സൗദി അറേബ്യ പോലുള്ള ഒരു രാജ്യത്തെ ഇത്തരം അരാജകത്വത്തിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഇവർ ചോദിക്കുന്നു. ഇത്തരം സംഭവങ്ങൾ സൗദിയിലോ അഫ്ഗാനിസ്ഥാനിലോ ഒരിക്കലും സംഭവിക്കില്ലെന്നാണ് ഒരു കമന്റ്.
അതങ്ങനെയാണ്. എപ്പോഴും മാനവിക വിരുദ്ധത ചൂണ്ടിക്കാണിക്കാൻ മുസ്‌ലിം മെറ്റഫർസ് ആണല്ലോ ഉപയോഗിക്കുന്നത് എന്നാണ് മറ്റൊരാളുടെ പ്രതികരണം. ''ഇതെന്താ യുപിയും ബിഹാറും ആണോയെന്ന് ചോദിക്കാൻ ഇത്തരക്കാർക്ക് ധൈര്യം വരില്ല. പേര് നൂഹ് ആയതുകൊണ്ട് സൗദിയെ കൂടി പറഞ്ഞാലെ ഇവൻ നല്ല മുസ്‌ലിം ആവൂ. അല്ലെങ്കിൽ നാളെ ഇഡിയെ കണികണ്ടുണരാം''- മറ്റൊരു കമന്റ് പറയുന്നു.
ആരോഗ്യപ്രവർത്തകർക്ക് എതിരായ ആക്രമണങ്ങൾക്ക് കടുത്ത ശിക്ഷ നിലനിൽക്കുന്ന നാടാണ് സൗദിയെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. ''വിവരക്കേട് ഇങ്ങനെ ഛർദിച്ചുവെക്കണോ? ആരോഗ്യപ്രവർത്തകർക്ക് എതിരായ ഏത് അതിക്രമവും 10 വർഷം തടവും 10 ലക്ഷം റിയാൽ വരെ പിഴയും കിട്ടാനുള്ള കുറ്റമാണെന്ന് സൗദി ആരോഗ്യമന്ത്രാലയം എല്ലാ ആശുപത്രികളിലും മുന്നറിയിപ്പ് ബോർഡ് വെച്ചിട്ടുണ്ട്. ഒന്ന് കയർക്കാൻ പോലും ആളുകൾ വിറയ്ക്കും''- മറ്റൊരാൾ കമന്റിൽ ചൂണ്ടിക്കാട്ടുന്നു.