കലാഭവൻ മണിക്കും കുടുംബത്തിനും തണലായ ഉമ്മ ഇനി ഓർമ
കലാഭവൻ മണിയുടെ അയൽവാസിയായിരുന്ന ചേനത്തുനാട് സ്വദേശിനി ഹൈറുന്നിസയാണ് കഴിഞ്ഞ ദിവസം മരിച്ചത്
ചാലക്കുടി: കുട്ടിക്കാലത്ത് കലാഭവൻ മണിക്കും സഹോദരന്മാർക്കും തണലായിരുന്ന ഉമ്മയാണ് കഴിഞ്ഞദിവസം വിടവാങ്ങിയ ചാലക്കുടി ചേനത്തുനാട് സ്വദേശിനി ഹൈറുന്നിസ. അയൽവാസിയായിരുന്ന ഹൈറുന്നിസ തങ്ങൾക്ക് എല്ലാം വയറുനിറച്ച് ഭക്ഷണം തന്ന് മക്കളെപ്പോലെ പോറ്റിയിരുന്ന ഉമ്മ ആയിരുന്നുവെന്ന് കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.
ഏഴു മക്കളുള്ള ഉമ്മക്ക് തങ്ങളും മക്കളെപ്പോലെ ആയിരുന്നു. കുട്ടിക്കാലത്ത് ഇവരെ ചുറ്റിപ്പറ്റിയായിരുന്നു തങ്ങളുടെ ജീവിതം. അവർക്കൊപ്പം ചാലക്കുടി മാർക്കറ്റിൽ പോകുന്നത് പതിവായിരുന്നു എന്നും ആർ.എൽ.വി രാമകൃഷ്ണൻ പറഞ്ഞു. ഉമ്മയുടെ മകൻ അലി ചേട്ടൻ വാങ്ങിയ മുസ്തഫ സൺസ് എന്ന ഓട്ടോറിക്ഷയാണ് മണി ചേട്ടൻ ആദ്യമായി ഓടിച്ചത്. അലി ചേട്ടന്റെ കടയിലാണ് മണി ചേട്ടൻ ജോലി ചെയ്തത്.
മണിച്ചേട്ടന്റെയും ഞങ്ങളുടെയും വളർച്ച ഏറെ സ്നേഹത്തോടെ നോക്കിക്കണ്ട ഉമ്മയായിരുന്നു അവർ. എല്ലാത്തിനും സഹായിയായി തന്റെ കുടുംബം അവർക്കൊപ്പം ഉണ്ടായിരുന്നു എന്നും ആർ.എൽ.വി രാമകൃഷ്ണൻ പറഞ്ഞു. ശബരിമല യാത്രക്ക് പോകുമ്പോൾ അനുഗ്രഹിക്കാൻ ഉമ്മയെത്തും. കെട്ടുനിറയിൽ ഇരുമുടിക്കെട്ടിൽ പണം ഇടുമായിരുന്നു. വിഷുക്കാലത്ത് കൈനീട്ടം നൽകുമായിരുന്നുവെന്നും അവർക്കൊപ്പം വിഷു ആഘോഷിക്കുമായിരുന്നു എന്നും ആർ.എൽ.വി രാമകൃഷ്ണൻ പറഞ്ഞു.
ഉമ്മയുടെ വിയോഗത്തോടെ ഒരു കാലഘട്ടത്തിലെ കാരണവന്മാരുടെ കണ്ണികളാണ് ഇല്ലാതായത്. ചേനത്ത്നാട്ടിൽ കലാഭവൻ മണിയുടെ തറവാടിനോട് ചേർന്ന വീടായിരുന്നു ഹൈറുന്നിസയുടേത്. കഴിഞ്ഞ ദിവസമാണ് ഹൈറുന്നിസ വിടവാങ്ങിയത്. 89 വയസ്സായിരുന്നു. പരേതനായ മുസ്തഫ ആണ് ഭർത്താവ്.