Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തൃശൂർ: എയിംസ് വിഷയത്തിൽ വീണ്ടും പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയിൽ സ്ഥലം ഏറ്റെടുത്തത് സർക്കാർ രേഖാമൂലം അറിയിക്കുകയാണെങ്കിൽ അതിനുവേണ്ട നടപടി ഉണ്ടാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
സജി ചെറിയാൻ വാക്കാൽ പറഞ്ഞതുകൊണ്ട് കാര്യമില്ല. തൃശൂരിലും എവിടെ പദ്ധതി നടപ്പാക്കാൻ പറ്റും എന്നത് രേഖാമൂലം അറിയിക്കാൻ സർക്കാർ തയ്യാറാകണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
താന്‍ ഇക്കാര്യം 2016 മുതല്‍ പറയുന്നതാണ്. ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് എയിംസ് വരുമെന്നാണ് ജെ.പി നഡ്ഡ പറഞ്ഞിരിക്കുന്നതെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. വാക്കാല്‍ പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും രേഖാമൂലം അറിയിച്ചാല്‍ തുടര്‍നടപടികളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
എയിംസ് വിഷയത്തിൽ കേന്ദ്ര സർക്കാരിൽ നിന്ന് പൂർണപിന്തുണ ലഭിച്ചിട്ടുണ്ടെന്ന് നേരത്തെ സുരേഷ് ഗോപി പറഞ്ഞിരുന്നു. എയിംസ് ആലപ്പുഴയിൽ തന്നെ സ്ഥാപിക്കണം. വികസന കാര്യങ്ങളിൽ മറ്റ് ജില്ലകളെ അപേക്ഷിച്ച് പിന്നോക്കം നിൽക്കുന്ന ആലപ്പുഴയെ മുന്നോട്ട് കൊണ്ടുവരേണ്ടത് നമ്മുടെ കടമയാണെന്നും സുരേഷ് ഗോപി പറഞ്ഞു.