Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
തിരുവനന്തപുരം: ഭിന്നശേഷിക്കാരെ അവഹേളിച്ച പി.പി.ചിത്തരഞ്ജന്‍ എംഎല്‍എയുടെ പരാമര്‍ശം പിന്‍വലിച്ച് സഭയില്‍ മാപ്പുപറയണമെന്നും സഭാ രേഖയില്‍ നിന്ന് അദ്ദേഹത്തിന്റെ അധിക്ഷേപ പ്രസ്താവന നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയുമായ എ.പി അനില്‍കുമാര്‍ എംഎല്‍എ സ്പീക്കര്‍ക്ക് കത്തുനല്‍കി.
ശബരിമലയിലെ സ്വര്‍ണപ്പാളി മോഷണവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ഭിന്നശേഷി സമൂഹത്തെ അപമാനിക്കുന്ന പരാമര്‍ശം പി.പി.ചിത്തരഞ്ജന്‍ നടത്തിയത്. പാര്‍ലമെന്ററി മര്യാദകള്‍ക്ക് നിരക്കാത്തതും സഭയുടെ അന്തസ് ഹനിക്കുന്നതുമാണ് പി.പി.ചിത്തരഞ്ജന്‍ എംഎല്‍എയുടെ പ്രസ്താവനയെന്നും എപി അനില്‍കുമാര്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ ബോഡി ഷേമിങ് പരാമർശത്തിന് പിന്നാലെയാണ് നിയമസഭയിൽ ഭിന്നശേഷിക്കാരെ അപമാനിച്ച് പി.പി ചിത്തരഞ്ജൻ എംഎൽഎ പരാമർശം നടത്തിയത്. 'രണ്ട് കൈയും ഇല്ലാത്ത ഒരാൾ ചന്തിയിൽ ഒരു ഉറുമ്പ് കയറിയാൽ അനുഭവിക്കുന്ന ഗതിയാണ് പ്രതിപക്ഷത്തിന്' എന്നായിരുന്നു ചിത്തരഞ്ജന്റെ പരിഹാസം.