കോട്ടയം നഗരസഭയിലെ 2.39 കോടി രൂപയുടെ പെൻഷൻ തട്ടിപ്പ്: അന്വേഷണം വഴിമുട്ടി, ഏഴുമാസമായിട്ടും പ്രതിയെ പിടികൂടാനായില്ല
കേസ് നിലവിൽ അന്വേഷിക്കുന്നത് വിജിലൻസാണ്
കോട്ടയം: കോട്ടയം നഗരസഭയിലെ 2.39 കോടി രൂപയുടെ പെൻഷൻ തട്ടിപ്പിൽ അന്വേഷണം വഴിമുട്ടി. പ്രതിയും മുൻ ജീവനക്കാരനുമായ അഖിൽ സി വർഗീസിനെ ഏഴുമാസമായിട്ടും പിടികൂടാൻ കഴിഞ്ഞിട്ടില്ല. ആദ്യം ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് നിലവിൽ അന്വേഷിക്കുന്നത് വിജിലൻസാണ്.
ഇയാളെ പിടികൂടാൻ സാധിക്കാത്തിനെ തുടർന്ന് പ്രതിക്കായി ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. പെന്‍ഷന്‍ തട്ടിപ്പ് വിവരം പുറത്തറിഞ്ഞതുമുതല്‍ ഒളിവില്‍ കഴിയുന്ന അഖിലിനെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.
വാര്‍ഷിക സാമ്പത്തിക പരിശോധനയിലാണ് കോട്ടയം നഗരസഭയില്‍ വന്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. കോട്ടയം നഗരസഭയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ പെന്‍ഷന്‍ വിഭാഗം കൈകാര്യം ചെയ്തിരുന്ന കാലം മുതല്‍ അഖില്‍ മൂന്നുകോടി രൂപയ്ക്ക് മുകളില്‍ തട്ടിച്ചുവെന്നാണ് കേസ്. അമ്മയുടെ അക്കൗണ്ടിലേക്കാണ് അഖില്‍ പെന്‍ഷന്‍ തുക അനധികൃതമായി അയച്ചത്.