'സനീഷിനെ നിലക്ക് നിർത്താൻ ബാലസംഘം മതി, ഗാന്ധി സ്തൂപം ഉണ്ടാക്കാൻ മെനക്കെടേണ്ട'; പ്രകോപന പ്രസംഗവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം
മലപ്പട്ടത്ത് നടന്ന സിപിഎം യോഗത്തിലാണ് പ്രസംഗം
കണ്ണൂര്‍: കണ്ണൂരിൽ പ്രകോപന പ്രസംഗവുമായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി ഗോപിനാഥ്. മലപ്പട്ടത്തെ യൂത്ത് കോൺഗ്രസ് നേതാവ് സനീഷ് പി.ആറിനെതിരെയാണ് പ്രകോപനം. സനീഷിനെ നിലക്ക് നിർത്താൻ ബാലസംഘം മതി. ഗാന്ധി സ്തൂപം ഉണ്ടാക്കാൻ സനീഷ് മെനക്കെടേണ്ട. സനീഷിന്‍റെ വീടിന്‍റെ അടുക്കളയിൽ പോലും ഗാന്ധി സ്തൂപം ഉണ്ടാക്കാൻ അനുവദിക്കില്ലെന്നും ഗോപിനാഥ് പറഞ്ഞു. ഇന്നലെ മലപ്പട്ടത്ത് നടന്ന സിപിഎം യോഗത്തിലാണ് പ്രസംഗം.
മലപ്പട്ടത്ത് ഇന്നലെ സിപിഎം നടത്തിയ പ്രതിഷേധ യോഗത്തിലായിരുന്നു ഭീഷണി പ്രസംഗം. ''സനീഷിനോട് സ്‌നേഹത്തോടെ പറയാനുളളത് ഗാന്ധിസ്തൂപം ഉണ്ടാക്കാന്‍ ഇനി മെനക്കെടേണ്ട എന്നാണ്. അഡുവാപ്പുറത്തെ നിന്‍റെ വീടിന്‍റെ മുന്നിലായിക്കോട്ടെ നിന്‍റെ അടുക്കളയിലായിക്കോട്ടെ ഗാന്ധിസ്തൂപം ഉണ്ടാക്കാന്‍ നീ മെനക്കെടേണ്ട. നല്ലതുപോലെ ആലോചിച്ചോ'' എന്നാണ് ഗോപിനാഥ് പറഞ്ഞത്.
അതേസമയം സ്തൂപം ഉണ്ടാക്കാൻ മെ നക്കെടേണ്ടെന്ന ഗോപിനാഥിന്‍റെ ഭീഷണിക്ക് മറുപടിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. ''ഗാന്ധി സ്തൂപം ഉണ്ടാക്കാൻ നീ മിനക്കെടണ്ട”. പറയുന്നത് ബിജെപി നേതാവല്ല ആർഎസ്എസിന്‍റെ തന്നെ മറ്റൊരു രൂപമായ സിപിഎമ്മിന്‍റെ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ ആണ്… നാണമില്ലേടോ സംഘി....ഒരു കാര്യം ഓർത്തോളു അവിടെ ഗാന്ധിസ്തൂപം ഉയർന്നിരിക്കും'' എന്നായിരുന്നു രാഹുലിന്‍റെ മറുപടി.
മലപ്പട്ടം അഡുവാപ്പുറത്ത് കഴിഞ്ഞയാഴ്ച തകർക്കപ്പെട്ട കോൺഗ്രസിന്‍റെ ഗാന്ധിസ്തൂപം പുനർനിർമാണത്തിനിടെയാണ് കഴിഞ്ഞ ദിവസം വീണ്ടും തകർക്കപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് മലപ്പട്ടത്ത് കോൺഗ്രസ് -സിപിഎം സംഘർഷമുണ്ടായിരുന്നു. സ്തൂപം തകർത്തത് സിപിഎമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.