അഭിഭാഷകയെ മര്‍ദിച്ച കേസ്: പ്രതി അഡ്വ. ബെയ്‌ലിൻ ദാസിന് ജാമ്യമില്ല
വിധി കേട്ട് കണ്ണുനിറഞ്ഞെന്ന് അഭിഭാഷകയായ ശ്യാമിലി മീഡിയവണിനോട്
തിരുവനന്തപുരം: വഞ്ചിയൂരിൽ യുവഅഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിൽ പ്രതി അഡ്വ. ബെയ്‌ലിൻ ദാസിന് ജാമ്യമില്ല.ബെയ്‌ലിൻ ദാസിനെ റിമാന്‍ഡ് ചെയ്തു. പരാതിക്കാരി ശ്യാമിലി തന്നെ മർദിച്ചുവെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും കോടതി അത് പരിഗണിച്ചില്ല.
പ്രതിക്ക് കുടുംബമുണ്ടെന്നും മൂന്ന് കുട്ടികളുണ്ടെന്നും സമൂഹത്തിൽ മാന്യതയുള്ള വ്യക്തിയാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു. എന്നാല്‍ പ്രതി നിയമപരിജ്ഞാനം ഉള്ളയാളാണെന്നും തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.സാക്ഷികളെയും ഇരയെയും സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം.
അതേസമയം,വിധി കേട്ട് കണ്ണുനിറഞ്ഞെന്ന് അഭിഭാഷകയായ ശ്യാമിലി മീഡിയവണിനോട് പറഞ്ഞു. വാര്‍ത്ത അറിഞ്ഞത് മീഡിയവണിലൂടെയെന്നും ശ്യാമിലി പറഞ്ഞു.കോടതിയുടെ തീരുമാനം എന്തായാലും അത് അംഗീകരിക്കുമെന്നും ശ്യാമിലി അറിയിച്ചു.