സിപിഎം മുസ്‌ലിം ശത്രുത പ്രചരിപ്പിക്കുന്നത് തീവ്ര ഹിന്ദുത്വത്തിലേക്ക് പോകുന്ന അണികളെ പിടിച്ചുനിർത്താൻ: വി.ടി അബ്ദുല്ലക്കോയ തങ്ങൾ

രണ്ട് ഘട്ടത്തിൽ നടന്ന പിണറായി ഭരണത്തിൽ സാമുദായിക അകൽച്ച വർധിച്ചു എന്നത് മാത്രമാണ് നേട്ടമെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീർ വി.ടി അബ്ദുല്ലക്കോയ തങ്ങൾ പറഞ്ഞു.

Update: 2025-07-17 17:20 GMT
Advertising

കോഴിക്കോട്: തീവ്ര ഹിന്ദുത്വത്തിലേക്ക് പോകുന്ന സ്വന്തം അണികളെ പിടിച്ചുനിർത്താനാണ് സിപിഎം മുസ്‌ലിം ശത്രുത പ്രചരിപ്പിക്കുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീർ വി.ടി അബ്ദുല്ലക്കോയ തങ്ങൾ പറഞ്ഞു. ഇസ്‌ലാമിനോട് ആദർശപരമായി ഏറ്റുമുട്ടാൻ കഴിവില്ലാത്ത കാരണത്താലാണ് പാശ്ചാത്യൻ മുതലാളിത്തം എടുത്തുപയറ്റുന്ന ഇസ്‌ലാമോഫോബിയ തന്നെ സെക്കുലറിസം പറയുന്ന സിപിഎമ്മും എടുത്തുപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ടൗൺ ഹാളിൽ സംഘടിപ്പിച്ച വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം കുടുംബത്തിലെ ഒരു സ്ത്രീയുമായി ബന്ധപ്പെട്ട പ്രശ്‌നം കുടുംബക്കാർ ചേർന്ന് പരിഹരിക്കുമ്പോൾ അതിനെ താലിബാനിസം എന്നാണ് സിപിഎം വിളിക്കുന്നത്. സൂംബ ഡാൻസിനെതിരെ ആശങ്ക പറഞ്ഞവരെയും തീവ്രവാദമെന്ന ചാപ്പയടിക്കാനാണിവർ ശ്രമിച്ചത്. സാമുദായിക ഏറ്റുമുട്ടലുണ്ടായ 1944 കാലഘട്ടത്തിൽ പോലും ഇറക്കിയ ജമാഅത്ത് സർക്കുലറിൽ ഏത് മതവിഭാഗത്തിൽപ്പെട്ട നിര പരാധിയേയും രക്ഷിക്കണമെന്നാണ് എഴുതിയിട്ടുള്ളത്. മനുഷ്യ ജീവന്റെ മഹത്വം ഇസ്‌ലാം പറയുന്നതിനാലാണ് ഇസ്‌ലാമിക പ്രസ്ഥാനം ഇങ്ങനെ പറഞ്ഞത്. പാർട്ടിയിലെ എതിരഭിപ്രായം പറയുന്നവരെ 51 വെട്ട് വെട്ടുന്നവർക്കും, ക്ലാസ് റൂമിൽ വെച്ച് അധ്യാപകനെ കൊല്ലുന്നവർക്കും ഇത് മനസ്സിലാവില്ല. വിചാരധാരയും മറ്റും ഉപയോഗിച്ച് ഇസ്‌ലാം ശത്രുത ഇതിലേറെ കൂടിയ അളവിൽ മറ്റൊരു കൂട്ടർ പ്രചരിപ്പിച്ചിട്ടും ഫലമുണ്ടായിട്ടില്ല. രണ്ട് ഘട്ടത്തിൽ നടന്ന പിണറായി ഭരണത്തിൽ സാമുദായിക അകൽച്ച വർധിച്ചു എന്നത് മാത്രമാണ് നേട്ടമെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനത്തിൽ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. സിറ്റി പ്രസിഡന്റ് ശിഹാബുദ്ദീൻ ഇബ്‌നു ഹംസ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി മേഖലാ നാസിം പി.പി അബ്ദുറഹ്‌മാൻ പെരിങ്ങാടി സമാപന പ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി സിറ്റി ജനറൽ സെക്രട്ടറി അഷ്‌ക്കറലി സ്വാഗതവും പ്രോഗ്രാം കൺവീനർ നൗഷാദ് മേപ്പാടി നന്ദിയും പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News