'മത നേതാക്കളോ രാഷ്ട്രീയ നേതാക്കളോ ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല'; നിമിഷപ്രിയ കേസിൽ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ ശബ്ദ സന്ദേശം പുറത്ത്
ആക്ഷൻ കൗൺസിൽ വൈസ് ചെയർപേഴ്‌സൻ ദീപ ജോസഫ് ആണ് ശബ്ദസന്ദേശം പുറത്തുവിട്ടത്.
ന്യൂഡൽഹി: നിമിഷപ്രിയ കേസിൽ കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്തയുടേതെന്ന് അവകാശപ്പെടുന്ന ശബ്ദസന്ദേശം പുറത്ത്. തലാലിന്റെ കൊലപാതകത്തിനുള്ള ന്യായമായ ശിക്ഷ, വധശിക്ഷ നടപ്പാക്കണം. തങ്ങൾക്ക് നീതി നിഷേധിക്കരുത്, ഉടൻ നീതി നടപ്പാക്കണം. മത നേതാക്കളോ രാഷ്ട്രീയ നേതാക്കളോ തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു. ആക്ഷൻ കൗൺസിൽ വൈസ് ചെയർപേഴ്‌സൻ ദീപ ജോസഫ് ആണ് ശബ്ദസന്ദേശം പുറത്തുവിട്ടത്.
നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം നടത്തിയ ഇടപെടലിനെ കുറിച്ച് അറിയില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും പറഞ്ഞിരുന്നു. കേന്ദ്ര സർക്കാർ എല്ലാ സഹായവും ചെയ്യുന്നുണ്ട്. അഭിഭാഷകനെ നൽകിയിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ഇന്നലെയായിരുന്നു നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നത്. ഇത് പിന്നീട് മാറ്റിവെക്കുകയായിരുന്നു. കാന്തപുരം യെമനിലെ സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമർ വഴി നടത്തിയ ചർച്ചകളിലാണ് വധശിക്ഷ മാറ്റിവെക്കാൻ കാരണമെന്നായിരുന്നു റിപ്പോർട്ടുകൾ.