വഖഫ് ഭൂമി പിടിച്ചെടുക്കാൻ ഗൂഢ നീക്കമെന്ന് സാദിഖലി തങ്ങൾ; ബില്ലിനെ മുസ്‍ലിം ലീഗ് നിയമപരമായി നേരിടുമെന്ന് കുഞ്ഞാലിക്കുട്ടി

വഖഫ് ബിൽ മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന വിഷയം അല്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി

Update: 2025-04-02 06:34 GMT
Editor : Lissy P | By : Web Desk
Advertising

മലപ്പുറം: വഖഫ് ഭേദഗതിയെ നിയമപരമായി നേരിടുമെന്ന് മുസ്‍ലിം ലീഗ്. വഖഫ് ഭൂമി പിടിച്ചടക്കാനുള്ള ഗൂഢനീക്കമാണിതെന്നും കെട്ടിച്ചമയ്ക്കപ്പെട്ട നിയമമാണ് ബിജെപി പാർലമെന്റിൽ കൊണ്ടുവന്നതെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നടത്തുന്ന ശ്രമങ്ങൾ തിരിച്ചറിയണമെന്നും വഖഫ് ബിൽ മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന വിഷയം അല്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

ഭാവിയിൽ മറ്റു ന്യൂനപക്ഷങ്ങളുടെ ഭൂമിയും കേന്ദ്രം ഇതുപോലെ പിടിച്ചെടുക്കും.വിശ്വാസത്തിലുള്ള ഇടപെടലാണ് വഖഫ് ഭേദഗതിയിലൂടെ നടക്കുന്നത്.ചില ആളുകൾ ദുരുദ്ദേശ്യത്തോടെ വാർത്തകൾ പ്രചരിപ്പിക്കുന്നു. മുനമ്പം വിഷയം പരിഹരിക്കേണ്ടത് സംസ്ഥാന സർക്കാറാണെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വഖഫ് ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. എട്ട് മണിക്കൂറാണ് ബില്ലിൽ ചർച്ച നടക്കുക.ബില്ലിനെതിരെ സഭയിൽ ഒറ്റക്കെട്ടായി പ്രതിഷേധമുയർത്താനാണ് ഇൻഡ്യ സഖ്യത്തിന്റെ തീരുമാനം.

വഖഫ് ഭേദഗതി ബില്ലിനെതിരെ മുസ്‍ലിം സംഘടനകൾ രംഗത്തെത്തിയിരുന്നു. വഖഫ് സ്വത്ത് കൈയ്യേറാൻ അവസരമൊരുക്കുന്ന നിയമനിർമാണത്തിൽ നിന്ന് കേന്ദ്രം പിന്തിരിയണമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടു . വഖഫ് ബില്ലിനെതിരെ മതേതര കക്ഷികൾ ഒന്നിക്കണമെന്ന് കെഎൻഎം നേതാവ് ഹുസൈൻ മടവൂർ പ്രതികരിച്ചു. ഫാഷിസ്റ്റ് നീക്കങ്ങൾക്കെതിരെ ജനാധിപത്യ ചെറുത്തുനിൽപ്പ് രൂപപ്പെടുത്തണമെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബുറഹ്മാൻ പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News