പിഎസ്‌സി അംഗങ്ങളുടെ എണ്ണം കുറക്കുന്നത് പരിഗണനയിൽ ഇല്ല: മുഖ്യമന്ത്രി

നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ മറുപടി

Update: 2026-10-26 05:40 GMT

തിരുവനന്തപുരം: പിഎസ്സി അംഗങ്ങളുടെ നിയമനത്തിൽ മാറ്റങ്ങൾ വരുത്തില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ മറുപടി. അംഗങ്ങളുടെ എണ്ണം കുറക്കുന്നതും ശമ്പളവും ആനുകൂല്യങ്ങളും കുറയ്ക്കുന്നത് ആലോചനയിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

പിഎസ്സി അംഗങ്ങളായി വരുന്നവർക്ക് നിശ്ചിത വിദ്യാഭ്യാസ യോഗ്യത ഏർപ്പെടുത്തുമെന്നും അംഗങ്ങളുടെ എണ്ണം കുറക്കണമെന്നും പൊതുഭരണവകുപ്പിന് അഭിപ്രായമുണ്ടായിരുന്നു. എന്നാൽ മാറ്റം വരുത്തില്ലെന്ന മറുപടിയാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്നത്.

അതേസമയം, പിഎസ്സിക്കെതിരെ നിരന്തരം പരാതികൾ ലഭിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഡിജിപിക്ക് മാത്രം 180 പരാതികൾ ലഭിച്ചെന്നും ക്രമക്കേടുകളിൽ വിശദമായ അന്വേഷണം നടന്നുവരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertising
Advertising

അതേസമയം, പിഎസ്‍സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ഗവർണർ നൽകിയ ശിപാർശയ്ക്ക് പിന്നാലെ പിഎസ്സി അടിയന്തര യോഗം ചേരും. ഗവർണറുടെ നീക്കത്തിൽ സ്വീകരിക്കേണ്ട നിലപാടും ഹൈക്കോടതി നിർദേശങ്ങളും ചർച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്.

പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഗവർണർ രാജേന്ദ്ര ആർലേക്കര്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ശിപാർശയെ നിയമപരമായി എങ്ങനെ നേരിടണമെന്ന് യോഗം ചർച്ച ചെയ്യും. ഇതിന് പുറമേ പരീക്ഷ തട്ടിപ്പിൽ മുതിർന്ന പിഎസ്‌സി അംഗങ്ങളായ ഡോ.എസ്. ശ്രീകുമാർ, എസ്.എ സെയിഫ് എന്നിവരോട് ഇന്ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്ന് എസ്ഐടി മേധാവി അജിതാ ബീഗം ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കുന്ന കാര്യത്തിലും ഇന്ന് അന്തിമ തീരുമാനമെടുക്കും.

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - Web Desk

contributor

Similar News