'നടന്ന കാര്യങ്ങൾ മാത്രമാണ് എമ്പുരാൻ സിനിമയിൽ ഉള്ളത്'; നടി ഷീല
മോഹൻലാൽ ചിത്രമായ എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് ഷീലയുടെ പ്രതികരണം
കൊച്ചി: നടന്ന കാര്യങ്ങൾ മാത്രമാണ് എമ്പുരാൻ സിനിമയിൽ ഉള്ളതെന്ന് നടി ഷീല. എമ്പുരാൻ നല്ല സിനിമയാണ്. ഇത്തരം സിനിമ വന്നതിൽ അഭിമാനിക്കണമെന്നും ഷീല പറഞ്ഞു.
"നടന്ന കാര്യങ്ങൾ വെച്ച് എത്ര ചിത്രങ്ങൾ എടുക്കുന്നു. ആ ഗർഭിണിക്ക് സംഭവിച്ചതെല്ലാം നടന്ന കാര്യങ്ങൾ അല്ലേ. മലയാളത്തിൽ ഇത്രയും വലിയ ഒരു ചിത്രം വന്നത് തന്നെ അഭിമാനിക്കേണ്ട കാര്യമാണ്. വ്യക്തിപരമായി എനിക്ക് ചിത്രം വളരെ ഇഷ്ടപ്പെട്ടു," ഷീല വ്യക്തമാക്കി.
മോഹൻലാൽ ചിത്രമായ എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് ഷീലയുടെ പ്രതികരണം. സിനിമക്കെതിരെ സംഘ്പരിവാർ ഗ്രൂപ്പുകൾ വ്യാപക പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു. സംവിധായകൻ പൃത്വിരാജിനെതിരെയും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാലിനെതിരെയുമായിരുന്നു അസഭ്യവർഷം ഉൾപ്പടെയുള്ള പ്രതിഷേധങ്ങൾ. ബിജെപി നേതാക്കളും പരസ്യഭീഷണിയുമായി രംഗത്ത് വന്നിരുന്നു.
വിവാദങ്ങൾ തുടരുന്നതിനിടെ എമ്പുരാൻ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളിലെത്തിയിരുന്നു. സംഘപരിവാർ ആക്രമണങ്ങൾക്കും 24 വെട്ടിനു ശേഷമാണ് എമ്പുരാൻ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളിലേക്ക് എത്തിയത്. ഇന്നലെ രാത്രി മുതലാണ് കേരളത്തിൽ ചിത്രത്തിന്‍റെ പുതിയ പതിപ്പ് പ്രദർശിപ്പിച്ചു തുടങ്ങിയത്. ആദ്യപ്രദർശനം തിരുവനന്തപുരം ആർടെക് മാളിലെ തിയറ്ററിൽ നടന്നു.
അതേസമയം, ചില ഭാഗങ്ങൾ വെട്ടിമാറ്റിയിട്ടും ചിത്രത്തിൽ ദേശവിരുദ്ധതയുണ്ടെന്ന് ആർഎസ്എസ് മുഖപത്രം ഓർഗനൈസർ ആരോപിച്ചു. മുരളി ഗോപി-പൃഥ്വിരാജ് ബന്ധത്തെപ്പറ്റി അന്വേഷിക്കണമെന്നും ഓർഗനൈസർ വ്യക്തമാക്കി. അതേസമയം സെൻസർ ബോർഡ് ഭരണകൂട താല്‍പര്യങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്നും പ്രദർശനാനുമതി കിട്ടിയ ശേഷം സിനിമയ്ക്കെതിരെ പ്രകോപനം ഉണ്ടാക്കുന്നതിൽ രാഷ്ട്രീയമുണ്ടെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പറഞ്ഞു. ബിജെപിയോടുള്ള പ്രതിഷേധമായി എമ്പുരാൻ എല്ലാവരും കാണണമെന്നും ഗുജറാത്തിൽ എന്ത് സംഭവിച്ചു എന്ന് സിനിമയിൽ പറയുന്നുണ്ടെന്നും ദീപാ ദാസ് മുൻഷി പ്രതികരിച്ചു.