പി.കെ ശ്രീമതിയുടെ വിലക്കിനെ എം.വി ഗോവിന്ദന്‍ ന്യായീകരിച്ചതിൽ സിപിഎമ്മിൽ അതൃപ്തി; ഒറ്റക്കെടുത്ത തീരുമാനമെന്ന് ഒരു വിഭാഗം നേതാക്കൾ
വിലക്ക് വിവാദമായപ്പോഴാണ് മുഖ്യമന്ത്രിയെ പിന്തുണച്ച് സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയത്
തിരുവനന്തപുരം: പികെ ശ്രീമതിക്ക് വിലക്കേർപ്പെടുത്തിയതിനെ ന്യായീകരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണത്തിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തി. വിലക്കിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ഒറ്റക്കെടുത്ത തീരുമാനമെന്ന് നേതാക്കൾ പറഞ്ഞു.
യോഗത്തിൽ മുഖ്യമന്ത്രി വിലക്ക് അറിയച്ചത് അപ്രതീക്ഷിതമായാണ്. നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ശ്രീമതി യോഗത്തിനെത്തിയതെന്നും നേതാക്കൾ പറയുന്നു. മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ യോഗത്തിൽ ആരും എതിർത്തില്ല. വിലക്ക് വിവാദമായപ്പോഴാണ് മുഖ്യമന്ത്രിയെ പിന്തുണച്ച് സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയത്.
അതേസമയം, പി.കെ ശ്രീമതിയെ സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയ പിണറായി വിജയന്‍റെ ഇടപെടലും സി പി എമ്മിൻ്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ ചർച്ചയാകുന്നുണ്ട്. കേരളത്തിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗമെന്ന നിലയിൽ പി കെ ശ്രീമതിക്ക് സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കാൻ കഴിയും.
സംഘടനയിലെ പ്രധാന കേന്ദ്രങ്ങളായ ജനറൽ സെക്രട്ടറിയും, സംസ്ഥാന സെക്രട്ടറിയും പറയാത്ത വിലക്ക് പിബി അംഗമായ പിണറായി വിജയൻ എന്തിനു പറഞ്ഞു എന്നുള്ള ചോദ്യമാണ് ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നത്. പ്രായപരിധിയിൽ ഇളവ് നൽകിയത് ഡല്‍ഹിയില്‍ പ്രവർത്തിക്കാൻ വേണ്ടിയാണെന്ന വാദം ഉയർത്തിയാണ് ഒരു വിഭാഗം നേതാക്കൾ ഇതിനെ പ്രതിരോധിക്കുന്നത്.