Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയിൽ അംഗമാകണമെന്ന സിപിഎം നിലപാട് എൽഡിഎഫിൽ ചർച്ച ചെയ്യണമെന്ന ആവശ്യത്തിൽ സിപിഐ. പദ്ധതിയുടെ പേരിൽ സമഗ്ര ശിക്ഷാ അഭിയാൻ ഫണ്ട് കൂടി തടഞ്ഞുവെക്കുന്ന കേന്ദ്ര നിലപാടിനെ ചോദ്യം ചെയ്യാതിരിക്കുന്നത് ശരിയല്ല എന്ന വാദമാണ് സിപിഐ മുന്നോട്ടുവെക്കുന്നത്.
എസ്എസ്എ ഫണ്ട് കൂടി തടഞ്ഞുവെക്കുന്ന കേന്ദ്ര നിലപാടിനെതിരെ തമിഴ്നാട്, ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങൾ സ്വീകരിക്കുന്ന സമീപനത്തിലേക്ക് കേരളവും എത്തിച്ചേരണമെന്നാണ് സിപിഐയുടെ ആവശ്യം.
2022ൽ രാജ്യത്തെ 14500 സ്കൂളുകളുടെ നവീകരണ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പിഎംശ്രീ പദ്ധതി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് കേരളത്തിലെ തെരഞ്ഞെടുക്കപ്പെടുന്ന 251 സ്കൂളുകൾക്ക് ഓരോ കോടി രൂപ വീതം കിട്ടും. പദ്ധതി നടപ്പാക്കുന്ന സ്കൂളുകൾക്ക് മുന്നിൽ പിഎംശ്രീ എന്ന ബോർഡും, പ്രധാനമന്ത്രിയുടെ ചിത്രവും വെക്കണമെന്ന നിബന്ധന കേന്ദ്രം മുന്നോട്ട് വച്ചു. കേരളം, തമിഴ്നാട്, ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങൾ ഇതിൽ ആദ്യം എതിർപ്പ് രേഖപ്പെടുത്തി.
പദ്ധതിയിൽ ഭാഗമാകാഞ്ഞതോടെ സമഗ്ര ശിക്ഷ അഭിയാൻ വഴി കേരളത്തിൽ ചെലവഴിക്കേണ്ട 750 കോടിയോളം രൂപ കേന്ദ്രം തടഞ്ഞു. ഈ പണം കിട്ടണമെങ്കിൽ പിഎംശ്രീ പദ്ധതിയിൽ അംഗമാകേണ്ടി വരുമെന്ന നിലപാട് കേന്ദ്രം സ്വീകരിച്ചതോടെയാണ് സിപിഎം വഴങ്ങാൻ തീരുമാനിച്ചത്. എന്നാൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന നിലപാടിലാണ് സിപിഐ.
സമഗ്ര ശിക്ഷാ അഭിയാൻ വഴി കിട്ടേണ്ട തുക കേരളത്തിന് അവകാശപ്പെട്ടതാണ്. അതും പിഎംശ്രീ പദ്ധതിയുമായി കൂട്ടിക്കുഴച്ച് സംസ്ഥാനത്തിന്റെ ആനുകൂല്യങ്ങൾ ഇല്ലാതാക്കുന്ന കേന്ദ്ര നിലപാടിനെ രാഷ്ട്രീയമായി ചോദ്യം ചെയ്യണമെന്നാണ് സിപിഐ നേതാക്കൾ പറയുന്നത്. മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പിഎം ശ്രീ പദ്ധതിയിൽ പങ്കാളിയാവുന്നതിനെതിരെ കടുത്ത എതിർപ്പ് രേഖപ്പെടുത്തി. ഇതോടെയാണ് കൂടുതൽ ചർച്ചയ്ക്ക് വിഷയം മാറ്റിവച്ചത്. മന്ത്രിസഭയിൽ എതിർപ്പ് രേഖപ്പെടുത്തിയ മന്ത്രിമാർക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്ത് വന്നിട്ടുണ്ടെങ്കിലും സിപിഐ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകില്ല.
പരമാവധി ഒരു വർഷം കൂടി മാത്രമേ പദ്ധതി ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് അത്രയും കാലത്തിനു വേണ്ടി മോദിക്ക് വഴങ്ങി കൊടുക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഐ. മന്ത്രിസഭാ യോഗത്തിൽ ഭിന്നാഭിപ്രായം ഉയർന്ന പശ്ചാത്തലത്തിൽ എൽഡിഎഫിൽ നയപരമായ തീരുമാനം ഉണ്ടാകട്ടെ എന്ന നിലപാടിലേക്ക് കൂടി സിപിഐ എത്തിച്ചേർന്നിട്ടുണ്ട്. എന്നാൽ സർക്കാരിന്റെ വാർഷിക പരിപാടികൾ അടുത്താഴ്ച ആരംഭിക്കുന്നതുകൊണ്ട് എൽഡിഎഫ് യോഗം എന്ന് ചേരുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.