ബംഗാൾ അക്രമം: പിന്നിൽ തൃണമൂൽ - ബിജെപിയെന്ന് ബംഗാൾ സിപിഎം; ആരോപണത്തിൽ നിന്ന് ബിജെപിയെ ഒഴിവാക്കി കേരള സിപിഎം

കാസയുടെയും സംഘ്പരിവാർ സംഘടനകളുടെയും അതേവാദം തന്നെയാണ് സിപിഎം സൈബർ ഹാൻഡിലുകളും പ്രചരിപ്പിക്കുന്നത്

Update: 2025-04-16 12:16 GMT
Advertising

കോഴിക്കോട്: വഖഫ് ഭേദഗതി നിയമത്തിനെതിരെ മുർഷിദാബാദിൽ നടന്ന പ്രതിഷേധസമരങ്ങൾക്ക് നേരെ അക്രമമുണ്ടാവുകയും മൂന്ന് പേർ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ പ്രതിരോധത്തിലായ ബിജെപിയെ സംരക്ഷിച്ച് കേരളത്തിലെ സിപിഎം നേതാക്കളും സൈബർ പ്രചാരകരും. ബിജെപിയെ കുറ്റപ്പെടാതിരിക്കുന്ന കേരള സി.പി.എം മുസ്‍ലിം സംഘടനകളെ പ്രതിസ്ഥാനത്ത്. നിർത്തുന്നുമുണ്ട്. ജമാഅത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐയുമാണ് അക്രമങ്ങൾക്ക് പിന്നിൽ എന്നാണ് കേരളത്തിലെ സി.പി.എം പ്രചാരണം. എന്നാൽ സി.പി.എമ്മിൻ്റെ ബംഗാൾ ഘടകം ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചിട്ടുമില്ല.

സമാധാനപരമായി നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായതിനും മൂന്ന് പേരുടെ മരണത്തിനിടയാക്കിയതും ബിജെപിയുടെയും തൃണമൂൽ കോൺഗ്രസിന്റെയും ഇടപെടലാണെന്ന് ബംഗാൾ ഘടകം സിപിഎം വിശദീകരിക്കുന്നത്. അക്രമം അഴിച്ചുവിട്ടത് ബിജെപിയടക്കമുള്ളവരാണെന്ന് ബംഗാൾ നേതാക്കൾ വാർത്താസമ്മേളനത്തിലടക്കം പറഞ്ഞതിനെയാണ് കേരളത്തിൽ സിപിഎം നേതാവടക്കം മറച്ചുപിടിക്കാൻ ശ്രമിക്കുന്നത്. വഖഫ് ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത മുസ്‍ലിം സംഘടനകളെ ലക്ഷ്യം വെച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളാണ് സൈബർ ഹാൻഡിലുകൾ പ്രചരിപ്പിക്കുന്നത്. മോദി സർക്കാർ നടപ്പാക്കിയ വഖഫ് ഭേദഗതിക്കെതിരെ നടന്ന സമരത്തിൽ പങ്കെടുത്ത ജമാഅത്തെ ഇസ്‍ലാമി മുർഷിദാബാദിലെ മുസ്‍ലിംകൾക്കിടയിലെ സിപിഎം സ്വാധീനം തകർക്കാൻ ശ്രമിക്കുകയാണെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.ടി കുഞ്ഞിക്കണ്ണൻ പറയുന്നത്.

 

എന്നാൽ പശ്ചിമ ബംഗാൾ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം പറയുന്നതിങ്ങനെയാണ്: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസും ബിജെപിയുമാണ്. കേന്ദ്രത്തിലും സംസ്ഥാനത്തും ഭരിക്കുന്ന പാർട്ടികൾ കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. ഇത് മുർഷിദാബാദിൽ അശാന്തി തീർക്കുന്നു. വഖഫ് നിയമം കൊണ്ടുവന്ന് വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് സംഘർഷമുണ്ടാക്കാനാണ് ബിജെപിയും തൃണമൂലും പദ്ധതിയിടുന്നത്. ഒരു കൂട്ടർ കലാപത്തെ അനുകൂലിക്കുന്നു, മറ്റൊരു കൂട്ടർ കലാപത്തെ എതിർക്കുന്നു. മുർഷിദാബാദിൽ ബിജെപി-തൃണമൂൽ കൂട്ടുകെട്ട് കലാപം നടത്തുന്നു, കലാപം നിയന്ത്രിക്കാൻ ഇടതുമുന്നണിയും കോൺഗ്രസ് പോരാടുകയാണെന്നും മുഹമ്മദ് സലിം പറഞ്ഞു.

മുർഷിദാബാദ് ജില്ലയിലെ വർഗീയ സംഘർഷങ്ങൾ തടയാൻ പ്രശ്നബാധിത പ്രദേശങ്ങളിൽ ഉടൻ സൈന്യത്തെ വിന്യസിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ജാമിർ മൊല്ല ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരും തൃണമൂൽ കോൺഗ്രസും രാജ്യം ഭരിക്കുന്ന പാർട്ടിയായ ബിജെപിയും അക്രമത്തിന്റെ പ്രത്യക്ഷ കക്ഷികളാണെന്നും അക്രമം തടയുന്നതിൽ സംസ്ഥാന പൊലീസും ഭരണ സംവിധാനങ്ങളും പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഈ വാദങ്ങളൊക്കെ മറച്ചുപിടിച്ചാണ് സംഘ്പരിവാർ പ്രൊഫൈലുകൾ ഉയർത്തിയ വാദങ്ങളുമായി സിപിഎം സംസ്ഥാന കമ്മിറ്റിയംഗമടക്കം രംഗത്തെത്തിയിരിക്കുന്നത്.

 

വഖഫ് ബില്ലിനെതിരെ മുസ്‍ലിം സംഘടനകൾ നടത്തുന്ന പ്രക്ഷോഭം സാമുദായികധ്രൂവീകരണം സൃഷ്ടിക്കുകയാണെന്നാണ് കുഞ്ഞിക്കണ്ണൻ പറയുന്നത്. സമാനമായ വാദങ്ങളുമായി സൈബർ പ്രചാരകരും സജീവമാണ്. കാസയുടെയും സംഘ്പരിവാർ സംഘടനകളുടെയും അതേവാദം തന്നെയാണ് സിപിഎം സൈബർ ഹാൻഡിലുകളും പ്രചരിപ്പിക്കുന്നത്.

 

അതേസമയം, പശ്ചിമ ബംഗാളിൽ ജമാഅത്തെ ഇസ്‍ലാമിയും സിപിഎമ്മും വഖഫ് ബിൽ വിരുദ്ധ സമരത്തിൽ ഒരുമിച്ച് പങ്കാളികളാകുന്നതിൻ്റെ ചിത്രങ്ങൾ പുറത്തുവിട്ടാണ് ജമാഅത്തെ ഇസ്‌ലാമി നേതൃത്വം ഇതിനോട് പ്രതികരിച്ചത്. 

ബംഗാളിലെ മുർഷിദാബാദിലുണ്ടായ സംഘർഷത്തിൽ ബിജെപിയെ കുറ്റപ്പെടുത്താൻ കേരളത്തിലെ സിപിഎം ഭയക്കുന്നുവെന്ന് ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ പറഞ്ഞു. പശ്ചിമ ബംഗാളിൽ നടക്കുന്ന വഖഫ് സംരക്ഷണ പ്രക്ഷോഭത്തിൽ ജമാഅത്തും സിപിഎമ്മും ഒരുമിച്ചാണ് അണിനിരക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പശ്ചിമ ബംഗാളിൽ നടക്കുന്ന വഖഫ് സംരക്ഷണ പ്രക്ഷോഭത്തിൽ ജമാഅത്തും സി.പി.എമ്മും ഒരുമിച്ചാണ് അണിനിരക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം മുസ്‌ലിം പേഴ്സണൽ ബോർഡ് മെമ്പർ മൗലാനാ അബൂതാലിബ് റഹ്‌മാനി, സിപിഐ (എം) സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം, ജമാഅത്തെ ഇസ്‌ലാമി വെസ്റ്റ് ബംഗാൾ അമീർ ഡോ. മശീഉർ റഹ്‌മാർ, എസ്ഐഒ സംസ്ഥാന പ്രസിഡന്റ് ഇമ്രാൻ ഹുസൈൻ എന്നിവർ വഖഫ് ഭേദഗതി നിയമത്തിനെതിരെ സംയുക്ത പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന ചിത്രവും പങ്കുവെച്ചു.

 

എന്നാൽ മുർഷിദാബാദിൽ നടന്ന വർഗീയ സംഘർഷത്തിന് പിന്നിൽ കേന്ദ്ര ഏജൻസികളിലെ ചില വിഭാഗങ്ങളും അതിർത്തി സുരക്ഷാ സേനയും (ബിഎസ്എഫ്) രണ്ടോ മൂന്നോ രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള ഗൂഢാലോചനയാണെന്നാണ് തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ് ആരോപിക്കുന്നത് . ചില അക്രമികൾ ജില്ലയിൽ പ്രവേശിച്ച് കുഴപ്പങ്ങൾ സൃഷ്ടിച്ചുവെന്നും അവർക്ക് തിരികെ പോകാൻ സുരക്ഷിതമായ വഴി നൽകിയെന്നും അദ്ദേഹം പറഞ്ഞു. ബംഗാൾ സിപിഎമ്മിന് പിന്നാലെ മമതയുടെ പാർട്ടി നേതാവും പ്രതികൾ ബിജെപിയെന്ന് ആവർത്തിക്കുമ്പോഴാണ് കേരളത്തിലെ സിപിഎം മുസ്‍ലിം സംഘടനകളെ ലക്ഷ്യം വെച്ച് രംഗത്തെത്തിയിരിക്കുന്നത്.

പശ്ചിമ ബംഗാളിലെ മുർഷിദാബാദിലുണ്ടായ സംഘർഷങ്ങൾക്ക് പിന്നിൽ ബിജെപി നേതാക്കൾക്കുള്ള പങ്ക് കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാഫിയും പ്രസ്താവനയിൽ പറഞ്ഞു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News