മത- രാഷ്ട്രീയ പരിപാടികളിൽ ലഹരി വിരുദ്ധ സന്ദേശം നൽകണം, എല്ലാവരെയും ക്യാമ്പയിന്റെ ഭാ​ഗമാക്കും: മുഖ്യമന്ത്രി

സൺഡേ ക്ലാസുകൾ, മദ്രസാ ക്ലാസുകൾ, ഇതര ധാർമിക വിദ്യാഭ്യാസ ക്ലാസുകൾ എന്നിവയിലെല്ലാം ലഹരിവിരുദ്ധ ക്ലാസുകൾ ഉൾപ്പെടുത്തണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്.

Update: 2025-04-16 13:02 GMT
Advertising

തിരുവനന്തപുരം: എല്ലാ രാഷ്ട്രീയപാർട്ടികളെയും മതവിഭാ​ഗങ്ങളെയും ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമാക്കാൻ സർക്കാർ തീരുമാനം. ഏതെങ്കിലും മതമോ ജാതിയോ പാർട്ടിയോ ലഹരിയെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അതിനാൽ ഓരോ വിഭാ​ഗത്തിനും ലഭ്യമാകുന്ന അവസരങ്ങളിലെല്ലാം ലഹരിവിരുദ്ധ ജാ​ഗ്രത പുലർത്താൻ അഭ്യർഥിക്കണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലഹരിവിരുദ്ധ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ഇന്ന് രണ്ട് യോഗങ്ങളാണ് നടന്നത്.

വിവിധ മതവിഭാ​ഗങ്ങളിൽപ്പെട്ടവർ ഒത്തുകൂടുന്ന അവസരങ്ങളിൽ ലഹരി വിരുദ്ധ സന്ദേശം നൽകണം. ചില മതസാമുദായിക നേതാക്കൾ ഇപ്പോൾ തന്നെ ചില പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. നോ റ്റു ഡ്ര​ഗ്സ് പരിപാടികളിലെല്ലാം പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കാൻ സാമുദായിക സംഘടനകളുടേയും രാഷ്ട്രീയപാർട്ടികളുടേയും സഹകരണം അഭ്യർഥിച്ചു. യുവജന- മഹിളാ- വിദ്യാർഥി വിഭാ​ഗങ്ങളുള്ള സംഘടനകൾ അവരുടെ യോ​ഗം വിളിച്ച് ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കാനാവശ്യമായ നിർദേശങ്ങൾ നൽകണം. രാഷ്ട്രീയപാർട്ടികളും ഇത്തരത്തിൽ പ്രവർത്തനം ആസൂത്രണം ചെയ്യണം- മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സൺഡേ ക്ലാസുകൾ, മദ്രസാ ക്ലാസുകൾ, ഇതര ധാർമിക വിദ്യാഭ്യാസ ക്ലാസുകൾ എന്നിവയിലെല്ലാം ലഹരിവിരുദ്ധ ക്ലാസുകൾ ഉൾപ്പെടുത്തണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന രൂപരേഖയുമായി ബന്ധപ്പെട്ട് മതസാമുദായിക സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും വിശദമായ അഭിപ്രായങ്ങൾ ഒരാഴ്ചയ്ക്കകം നൽകണം. നിർദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിക്കണം.

ഒരാളെയും ലഹരിക്ക് വിട്ടുകൊടുക്കില്ലെന്ന പൊതുബോധത്തോടെയുള്ള ഇടപെടലുകൾ ഉറപ്പുവരുത്തണമെന്നാണ് ഇരു യോ​ഗങ്ങളും ഏകകണ്ഠമായി തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. ഈ മാസവും അടുത്തമാസവും ക്യാമ്പയിന് വ്യാപക ഒരുക്കങ്ങൾ നടത്തുകയും ജൂണിൽ വിപുലമായ ക്യാമ്പയിൻ നടത്തുകയും ചെയ്യും. വിദ്യാർഥികളിലും യുവജനങ്ങളിലും ഊന്നിയായിരിക്കും ക്യാമ്പയിൻ. ലഹരിക്കെതിരായ പോരാട്ടം വിട്ടുവീഴ്ചയില്ലാതെ തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഏപ്രിൽ എട്ട് മുതൽ 14 വരെ ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാ​ഗമായി 927 കേസുകൾ രജിസ്റ്റർ ചെയ്തു. 994 പേരെ അറസ്റ്റ് ചെയ്തു. 248.93 ​ഗ്രാം എംഡിഎംഎയും 77.12 കിലോ കഞ്ചാവും പിടിച്ചെടുത്തു. ഇക്കാലയളവിൽ ലഹരിയുമായി ബന്ധപ്പെട്ട 288 സോഴ്സ് റിപ്പോർട്ടുകൾ ജില്ലാ പൊലീസ് മേധാവിമാർക്ക് കൈമാറി. ഇതിന്റെയടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News