ഗൺമാൻ മര്‍ദനക്കേസ് അട്ടിമറി: എം.ആർ അജിത് കുമാറിന്റെ സസ്പെൻഷൻ ഉത്തരവ് പുറത്തിറങ്ങി
എഡിജിപി പ്രതികളെ സഹായിച്ചുവെന്ന് ഉത്തരവിൽ പറയുന്നു
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത് ഉത്തരവിറങ്ങി. ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി നൽകിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. അജിത്കുമാർ നടത്തിയ ഇടപെടൽ നിയമപരമല്ലെന്നാണ് കണ്ടെത്തൽ. ഇരകൾക്ക് അനീതി വരുത്താനും കുറ്റാരോപിതർക്ക് നിയമനടപടികളിൽ നിന്ന് സംരക്ഷണം ലഭിക്കാനും ഇടയാക്കിയെന്നാണ് കണ്ടെത്തൽ.
സംഭവത്തിൽ എം.ആർ അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ആഭ്യന്തരവകുപ്പ് കണ്ടെത്തി. കേസ് ഡയറി തിരുത്താനും റഫർ റിപ്പോർട്ട് തയ്യാറാക്കാനും ഉദ്യോഗസ്ഥർക്ക് മേൽ അജിത്കുമാർ ഇടപെടൽ നടത്തിയെന്ന അന്വേഷണറിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവദിവസം താൻ വയനാട് ചൂരൽമലയിലെ രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായിരുന്നെന്ന അദ്ദേഹത്തിന്‍റെ വിശദീകരണം തള്ളിക്കൊണ്ടാണ് നടപടി.
ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടും ആഭ്യന്തര സെക്രട്ടറിയുടെ ശിപാർശയും പരിശോധിച്ച ശേഷം മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും കർശനമായ നടപടി സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ മാസം 31-ന് ഫയർഫോഴ്സ് മേധാവി വിരമിക്കുന്ന ഒഴിവിലേക്ക് ഡിജിപി പദവിയിലേക്ക് പരിഗണിക്കപ്പെടേണ്ടിയിരുന്ന സീനിയർ ഉദ്യോഗസ്ഥനാണ് അജിത്കുമാർ. ഇതിനിടെയാണ് കനത്ത തിരിച്ചടിയായി സസ്പെൻഷൻ നടപടി തേടിയെത്തിയിരിക്കുന്നത്.