യോഗി ആദിത്യനാഥിന്‍റെ ജീവിതം വെള്ളിത്തിരയിൽ; മലയാളമുൾപ്പെടെ അഞ്ച് ഭാഷകളിൽ റിലീസ്, ചിത്രവുമായി ബന്ധമില്ലെന്ന് യുപി സര്‍ക്കാര്‍
കഴിഞ്ഞ ആഴ്ച ചിത്രത്തിന്‍റെ ടീസര്‍ റിലീസ് ചെയ്തിരുന്നു
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ജീവിതം പ്രമേയമാക്കി ഒരുക്കിയ 'അജയ്: ദ അൺടോൾഡ് സ്റ്റോറി ഓഫ് എ യോഗി' ഉടൻ തിയറ്ററുകളിലെത്തും. 2017-ൽ ശാന്തനു ഗുപ്ത എഴുതിയ 'ദി മോങ്ക് ഹു ബികേം ചീഫ് മിനിസ്റ്റർ' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ചിത്രത്തിന്‍റെ ടീസര്‍ റിലീസ് ചെയ്തിരുന്നു.
ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയാകുന്ന ഉത്തരാഖണ്ഡിൽ നിന്നുള്ള ഒരു ആൺകുട്ടിയുടെ യാത്രയാണ് ചിത്രം പറയുന്നത്. അജയ് സിംഗ് ബിഷ്ട് എന്നാണ് യോഗി ആദിത്യനാഥിന്‍റെ യഥാര്‍ഥ പേര്. ഈ പേരിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നടൻ അനന്ത് ജോഷിയാണ് ആദിത്യനാഥിന്‍റെ വേഷത്തിലെത്തുന്നത്. 49 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറിൽ നടനും ബിജെപി മുൻ എംപിയുമായ പരേഷ് റാവലാണ് നരേഷൻ നൽകിയിരിക്കുന്നത്.
"യോഗി ആദിത്യനാഥിന്‍റെ ജീവിതയാത്രയെക്കുറിച്ചാണ് സിനിമ, അദ്ദേഹം മുഖ്യമന്ത്രിയാകുന്നതുവരെ. 2017 ൽ ഞാൻ "ദി മോങ്ക് ഹു ബികം മുഖ്യമന്ത്രി" എന്ന പുസ്തകം എഴുതി, ആ വർഷം ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായപ്പോൾ വലിയ പ്രതികരണമാണ് ലഭിച്ചത്, ആളുകൾ അദ്ദേഹത്തെക്കുറിച്ച് വായിക്കാൻ ആഗ്രഹിച്ചു." ശാന്തനു ഗുപ്ത ദി പ്രിന്‍റിനോട് പറഞ്ഞു. ബ്ലൂംസ്ബറി പ്രസിദ്ധീകരിച്ച പുസ്തകം 2017 ആഗസ്ത് 25നാണ് വിപണിയിലെത്തിയത്.
" നിരവധി പുസ്തകോത്സവ പരിപാടികളിൽ, എന്‍റെ പുസ്തകത്തെക്കുറിച്ച് സംസാരിക്കാൻ എന്നെ ക്ഷണിച്ചു. ഒരിക്കൽ നോയിഡയിൽ അത്തരമൊരു പരിപാടിയിൽ പങ്കെടുത്തപ്പോൾ, ബോളിവുഡ് സംവിധായകൻ മധുർ ഭണ്ഡാർക്കറെ കണ്ടുമുട്ടി, ഈ പുസ്തകത്തെ ആസ്പദമാക്കി ഒരു സിനിമ നിർമിക്കുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. അതിനുശേഷം, ഞാൻ അതിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി." അദ്ദേഹം വ്യക്തമാക്കി. എന്നിരുന്നാലും, 2002 ൽ യോഗി ആദിത്യനാഥ് യുപിയിൽ മുഖ്യമന്ത്രിയാകുന്നതിന് വളരെ മുമ്പ് സ്ഥാപിച്ച വിവാദ സംഘടനയായ ഹിന്ദു യുവ വാഹിനിയെക്കുറിച്ച് സിനിമയിൽ പരാമർശമില്ലെന്നാണ് വിവരം. എന്നാൽ ഗുപ്തയുടെ പുസ്തകത്തിൽ ഈ സംഘടനയെക്കുറിച്ച് പരാമര്‍ശമുണ്ട്. മുഖ്യമന്ത്രിയായതിനുശേഷം ആദിത്യനാഥ് ആ സംഘടനയിൽ നിന്ന് അകന്നു. അതുകൊണ്ടാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വിവാദ ഭാഗം ഒഴിവാക്കിയതെന്ന് യുപി സർക്കാർ വൃത്തങ്ങൾ പറയുന്നു.
യുപി സർക്കാരിന് ഈ സിനിമയുമായി യാതൊരു ബന്ധവുമില്ലെന്ന് ഇൻഫർമേഷൻ & പിആർ ഡയറക്ടർ ശിശിർ സിംഗ് പറഞ്ഞു. "ഇതുമായി ബന്ധപ്പെട്ട ഒരു അനുമതിയും ഞങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. ഇത് ശാന്തനു ഗുപ്തയുടെ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് മാത്രമേ ഞങ്ങൾ കേട്ടിട്ടുള്ളൂ," അദ്ദേഹം ദി പ്രിന്‍റിനോട് വ്യക്തമാക്കി. ഉത്തർപ്രദേശ് (പ്രത്യേകിച്ച് ലഖ്‌നൗവിലും ഗോരഖ്പൂരിലും), ഉത്തരാഖണ്ഡ് (ഗർവാൾ മേഖല), മുംബൈ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഉത്തരാഖണ്ഡിൽ വേരുകളുള്ള താരമാണ് അനന്ത് ജോഷി. "അദ്ദേഹം ഒരു പഹാഡിയാണ്, അതിനാൽ ഇത് അദ്ദേഹത്തെ കഥാപാത്രത്തിലേക്ക് കടക്കാൻ സഹായിച്ചു. എന്നിരുന്നാലും, യോഗി യുടെ ഭാഷയും വ്യക്തിത്വവും മനസ്സിലാക്കാൻ അദ്ദേഹം ശരിക്കും കഠിനാധ്വാനം ചെയ്തു. ഉത്തരാഖണ്ഡ് ബന്ധം അദ്ദേഹത്തെ സഹായിച്ചു," ചിത്രത്തിന്‍റെ സഹ എഴുത്തുകാരനായ പ്രിയങ്ക് ദുബെ പറഞ്ഞു.
രവീന്ദ്ര ഗൗതമാണ് ചിത്രത്തിന്‍റെ സംവിധാനം. റിതു മേനഗിയാണ് നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നു. ഭോജ്‌പുരി താരവും ബിജെപി നേതാവുമായ ദിനേഷ് ലാൽ യാദവ് , പവൻ മൽഹോത്ര, രാജേഷ് ഖട്ടർ, അജയ് മെങ്കി, ഗരിമ വിക്രാന്ത് സിംഗ്, സർവാർ അഹൂജ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിർജിൻ ഭാസ്‌കർ എന്ന പരമ്പരയിലെ ടൈറ്റിൽ റോളിലൂടെ ശ്രദ്ധ നേടിയ താരമാണ് അനന്ത് ജോഷി.അഡൽറ്റ് വെബ് സീരീസായ ഗാന്ധി ബാത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കാതൽ, 12th ഫെയിൽ തുടങ്ങിയ സിനിമകളിലും വേഷമിട്ടിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം പ്രദര്‍ശനത്തിനെത്തും. റിലീസ് തിയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും ഈ വർഷം രണ്ടാം പകുതിയിൽ തിയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.