ഗർഭിണിയായ മുസ്‌ലിം യുവതിക്ക് ഡോക്ടർ ചികിത്സ നിഷേധിച്ചെന്ന വാർത്ത; യുപിയിൽ രണ്ട് മാധ്യമപ്രവർത്തകർക്കെതിരെ കേസ്
ജൗൻപൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെയായിരുന്നു ഷമ പർവീൻ എന്ന യുവതിയുടെ പരാതി.
ലഖ്നൗ: ഗർഭിണിയായ മുസ്‌ലിം യുവതിക്ക് വനിതാ ഡോക്ടർ ചികിത്സ നിഷേധിച്ചെന്ന വാർത്ത നൽകിയ രണ്ട് മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത് യുപി പൊലീസ്. ആശുപത്രി അധികൃതർ ആരോപണം നിഷേധിച്ചതോടെയാണ് പൊലീസ് നടപടി. മാധ്യമപ്രവർത്തകരായ മായങ്ക് ശ്രീവാസ്തവ, മുഹമ്മദ് ഉസ്മാൻ എന്നിവർക്കെതിരെയാണ് കോട്വാലി പൊലീസ് കേസെടുത്തത്.
ജൗൻപൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെയായിരുന്നു ഷമ പർവീൻ എന്ന യുവതിയുടെ പരാതി. ഷമയുടെ പ്രതികരണമുൾപ്പെടുത്തി മാധ്യമപ്രവർത്തകർ വാർത്ത നൽകി. ഇതിനെതിരെ ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. മഹേന്ദ്ര ഗുപ്തയാണ് പൊലീസിൽ പരാതി നൽകിയത്. മാധ്യമപ്രവർത്തകർ ലേബർ റൂമിൽ അതിക്രമിച്ചുകടന്ന് വീഡിയോ പകർത്തിയെന്നും ഇത് ആശുപത്രി ഉപകരണങ്ങൾക്ക് കേടുപാട് ഉണ്ടാവാൻ കാരണമായെന്നുമാണ് സൂപ്രണ്ടിന്റെ പരാതി.
കഴിഞ്ഞയാഴ്ചയാണ് ഷമ പർവീന്റെ വീഡിയോ പുറത്തുവന്നത്. ആശുപത്രിയിൽ പ്രസവത്തിനെത്തിയ തനിക്ക് ഡ്യൂട്ടി ഡോക്ടർ മതത്തിന്റെ പേരിൽ ചികിത്സ നിഷേധിച്ചെന്നായിരുന്നു യുവതിയുടെ പരാതി. ഞാൻ മുസ്‌ലിം രോഗികളെ ചികിത്സിക്കില്ല, നിങ്ങളുടെ പ്രസവം നോക്കില്ല എന്ന് വനിതാ ഡോക്ടർ പറഞ്ഞെന്നായിരുന്നു ഷമയുടെ ആരോപണം. ഓപ്പറേഷൻ തിയേറ്ററിലേക്ക് തന്നെ കൊണ്ടുവരരുതെന്ന് ഡോക്ടർ നഴ്സുമാരോട് പറഞ്ഞെന്നും ഷമ ആരോപിച്ചിരുന്നു. ഭർത്താവ് മുഹമ്മദ് നവാസും ആരോപണം ആവർത്തിച്ചിരുന്നു.
എന്നാൽ ദമ്പതികളുടെ ആരോപണം നിഷേധിച്ച മഹേന്ദ്ര ഗുപ്ത, സെപ്തംബർ 30നാണ് യുവതി സ്ത്രീകൾക്കായുള്ള ജില്ലാ ആശുപത്രിയിൽ പ്രസവത്തിനായി എത്തിയതെന്നും ഡ്യൂട്ടി ഡോക്ടർ അവരെ പരിശോധിച്ചെന്നും പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
'മതത്തിന്റെ അടിസ്ഥാനത്തിൽ താൻ അത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്ന് ഡോക്ടറും അറിയിച്ചു. വിഷയത്തിൽ അന്വേഷണം നടത്തിയിട്ടുണ്ട്, ഉന്നത അധികാരികളെ അറിയിച്ചിട്ടുമുണ്ട്'- അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും നാണംകെട്ട സംഭവമാണിതെന്നും പ്രതികരിച്ചു.
'സംസ്ഥാനത്തുടനീളമുള്ള വർഗീയ സംഘർഷത്തിന്റെ ഫലമാണിത്. പ്രസവവേദന അനുഭവിക്കുന്ന ഒരു സ്ത്രീയും ചികിത്സ നിഷേധിക്കപ്പെട്ടതായി കള്ളം പറയില്ല'- മാധ്യമപ്രവർത്തകർക്കെതിരായ പൊലീസ് നടപടിയെ അപലപിച്ച സമാജ്‌വാദി പാർട്ടി എംഎൽഎ രാഗിണി സോങ്കർ പറഞ്ഞു. വിഷയത്തിൽ ജില്ലാ മജിസ്‌ട്രേറ്റിനെ കാണുമെന്നും ആവശ്യമെങ്കിൽ നിയമസഭയിൽ വിഷയം ഉന്നയിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതാവ് വികേഷ് ഉപാധ്യായ വിക്കിയും സംഭവത്തെ അപലപിച്ചു. 'സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സേവിക്കുമെന്ന് പ്രതിജ്ഞയെടുത്ത ഒരു ഡോക്ടർ മതപരമായ കാരണങ്ങളാൽ ചികിത്സ നിരസിച്ചത് അങ്ങേയറ്റം ലജ്ജാകരമാണ്. അത്തരം സാഹചര്യങ്ങളിൽ ഇരയ്ക്ക് ജാതിയോ മതമോ ഇല്ല. ഡോക്ടർക്കെതിരെ കർശന നടപടി സ്വീകരിക്കണം'- അദ്ദേഹം പറഞ്ഞു.
അതേസമയം, സമൂഹത്തെ ശിഥിലമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രതിപക്ഷ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ബിജെപി വക്താവ് അവ്‌നിഷ് ത്യാഗി പറഞ്ഞു.
വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ, വിഷയം ശ്രദ്ധയിൽപ്പെട്ട ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ ഡോക്ടറിൽ നിന്ന് വിശദീകരണം തേടിയിരുന്നു. ഇത്തരം സമീപനങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ല. ഒരു ഡോക്ടറും രോഗികളെ അവരുടെ മതത്തിന്റെ പേരിൽ അവഗണിക്കൻ പാടില്ല- എന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിക്കുകയും ചെയ്തിരുന്നു.